Sunday, August 22, 2010

വേട്ടയുടെ മുറിവുണങ്ങാതെ കന്ദമലിലെ കുട്ടികള്‍

'എന്റെ വീട് അവര്‍ കത്തിച്ചു. അപ്പൂപ്പനെയും അച്ഛനെയും തല്ലിയോടിച്ചു. ഞങ്ങള്‍ ഹിന്ദുക്കളാണ്. അച്ഛന്‍ അവര്‍ക്കെതിരെ പത്രത്തിലൊക്കെ എഴുതിയതുകൊണ്ടാണ് ഞങ്ങളെ ആക്രമിച്ചത്. തൊട്ടടുത്ത പള്ളി പൊളിക്കാന്‍ വന്നവരെ അച്ഛനും കൂട്ടുകാരും തടഞ്ഞിരുന്നു. എന്റെ അച്ഛന് അവരെയെല്ലാം അറിയാം. വലുതാകുമ്പോള്‍ ഞാനൊരു കലക്ടറാകും. അവരെയെല്ലാം ജയിലില്‍ അടയ്ക്കും..'-

ഈ വാക്കുകള്‍ ഒരു ആറുവയസ്സുകാരിയുടേതാണ്. കന്ദമലില്‍ ജീവിതം തകര്‍ന്നുപോയ ആയിരക്കണക്കിന് ക്രൈസ്തവര്‍ക്കിടയില്‍ നൂറുകണക്കിന് ഹിന്ദുക്കളുമുണ്ടെന്ന ഓര്‍മപ്പെടുത്തല്‍.

ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനെന്നപേരില്‍ സംഘപരിവാര്‍ വീശുന്ന വാള്‍ത്തലയ്ക്ക് ജാതിഭേദമില്ലെന്ന വെളിപ്പെടുത്തലാണ് ഈ കുഞ്ഞുവാക്കുകള്‍. ഫിരിഞ്ജിയയിലെ സരസ്വതി ശിശുമന്ദിറിലെ ഒന്നാംക്ളാസുകാരി രണ്ടുവര്‍ഷം മുമ്പ് വീണുടഞ്ഞ കുഞ്ഞുമനസ്സുകളില്‍ ഒന്നുമാത്രമെന്നറിയുക. ഒറീസയിലെ കന്ദമലില്‍ സംഘപരിവാറിന്റെ ക്രൈസ്തവവേട്ട രണ്ടാണ്ട് പിന്നിടുമ്പോഴും ഈ കുഞ്ഞുങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയിട്ടില്ല. കന്ദമലില്‍ വിസ്മരിക്കപ്പെട്ട കുട്ടികളുടെ ജീവിതത്തെക്കുറിച്ച് സെന്റര്‍ ഫോര്‍ ചൈല്‍ഡ് റൈറ്റ്സ് തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ജീവിതം വഴിമുട്ടിയ കുരുന്നുകളുടെ ആത്മവര്‍ണനയുള്ളത്. അക്ഷരങ്ങളില്‍ പിച്ചവയ്ക്കുംമുമ്പേ പഠനം വഴിമുട്ടിപ്പോയ നൂറുകണക്കിന് കുഞ്ഞുങ്ങള്‍. വര്‍ഷങ്ങള്‍ ഉറക്കമിളച്ച് പഠിച്ചതൊക്കെയും പരീക്ഷാക്കടലാസിലേക്ക് പകര്‍ത്താനാകുംമുമ്പ് വീടും വിദ്യാലയവും കണ്‍മുന്നില്‍ കത്തിയെരിയുന്നത് കാണേണ്ടിവന്നവര്‍. മുട്ടിപ്പായി പ്രാര്‍ഥിച്ച് വേദനകളുടെ കെട്ടഴിക്കാന്‍ ക്രൂശിതന്റെ തിരുരൂപം പോലും അവര്‍ക്ക് തുണയായി ബാക്കിയുണ്ടായില്ല.
കന്ദമലില്‍ 1,772 സ്കൂളുകളിലായി 1.46 ലക്ഷം വിദ്യാര്‍ഥികളാണ് ഉണ്ടായിരുന്നത്. പതിനായിരത്തിലേറെ കുട്ടികള്‍ക്ക് പഠനം വഴിമുട്ടിയെന്നാണ് സന്നദ്ധസംഘടനകള്‍ നല്‍കുന്ന കണക്ക്. കുറെ കുട്ടികള്‍ മിഷണറി സ്കൂളുകളിലേക്ക് മാറി. സാമ്പത്തികമായി അല്‍പ്പം ഭേദപ്പെട്ടവര്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ അവരെ മറ്റ് സംസ്ഥാനങ്ങളിലെ റസിഡന്‍ഷ്യല്‍ സ്കൂളുകളിലാക്കി. പെട്ടെന്നുള്ള ഈ മാറ്റം പഠനത്തെ കാര്യമായി ബാധിച്ചു. വീടുകള്‍ നഷ്ടമായ നാല്‍പ്പതിനായിരത്തോളംപേരെ 40 സ്കൂളുകളിലായാണ് പാര്‍പ്പിച്ചത്. സിആര്‍പിഎഫിന് താവളമൊരുക്കിയതും സ്കൂള്‍ കെട്ടിടങ്ങളില്‍ തന്നെ. ഇവിടങ്ങളിലെല്ലാം അധ്യയനം മുടങ്ങി. ആകുട്ടികള്‍ പലരും കുടുംബം പുലര്‍ത്താനായി മറ്റ് സംസ്ഥാനങ്ങളിലേക്ക് ജോലിതേടിപ്പോയി. ഇവര്‍ എന്ത് ജോലിയാണ് ചെയ്യുന്നതെന്നോ എവിടെയാണെന്നോ തങ്ങള്‍ക്ക് അറയില്ലെന്നും വല്ലപ്പോഴും കുറച്ചു പണം എത്താറുണ്ടെന്നും മാതാപിതാക്കള്‍ പറയുന്നു.

2008 ആഗസ്ത് 23ന് രാത്രി വിഎച്ച്പി നേതാവ് സ്വാമി ലക്ഷ്മണാനന്ദ സരസ്വതി മാവോയിസ്റ്റുകളുടെ വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്നാണ് സംഘപരിവാര്‍ കന്ദമലില്‍ അഴിഞ്ഞാടിയത്. 2007 ഡിസംബറില്‍ തുടങ്ങിവച്ച കലാപം പൂര്‍ത്തിയാക്കാന്‍ ആസൂത്രിതമായാണ് അക്രമികള്‍ രംഗത്തിറങ്ങിയത്. അര ലക്ഷത്തിലേറെ പേര്‍ അഭയാര്‍ഥികളായി. നാലുമാസം നീണ്ട തേര്‍വാഴ്ചയ്ക്കിടെ അറുനൂറോളം ഗ്രാമങ്ങള്‍ കൊള്ളയടിക്കപ്പെട്ടു. മുന്നൂറോളം പള്ളികളും 5,600 വീടുകളും ചുട്ടുകരിച്ചു. മൂന്ന് സ്ത്രീകള്‍ കൂട്ടബലാത്സംഗത്തിന് ഇരയായി. അക്രമത്തിന് ഇരയായവരില്‍ 96 ശതമാനവും നിരക്ഷരരായിരുന്നു.
(വിജേഷ് ചൂടല്‍)

deshabhimani 22082010

1 comment:

  1. 'എന്റെ വീട് അവര്‍ കത്തിച്ചു. അപ്പൂപ്പനെയും അച്ഛനെയും തല്ലിയോടിച്ചു. ഞങ്ങള്‍ ഹിന്ദുക്കളാണ്. അച്ഛന്‍ അവര്‍ക്കെതിരെ പത്രത്തിലൊക്കെ എഴുതിയതുകൊണ്ടാണ് ഞങ്ങളെ ആക്രമിച്ചത്. തൊട്ടടുത്ത പള്ളി പൊളിക്കാന്‍ വന്നവരെ അച്ഛനും കൂട്ടുകാരും തടഞ്ഞിരുന്നു. എന്റെ അച്ഛന് അവരെയെല്ലാം അറിയാം. വലുതാകുമ്പോള്‍ ഞാനൊരു കലക്ടറാകും. അവരെയെല്ലാം ജയിലില്‍ അടയ്ക്കും..'-

    ഈ വാക്കുകള്‍ ഒരു ആറുവയസ്സുകാരിയുടേതാണ്. കന്ദമലില്‍ ജീവിതം തകര്‍ന്നുപോയ ആയിരക്കണക്കിന് ക്രൈസ്തവര്‍ക്കിടയില്‍ നൂറുകണക്കിന് ഹിന്ദുക്കളുമുണ്ടെന്ന ഓര്‍മപ്പെടുത്തല്‍.

    ReplyDelete