Monday, August 9, 2010

കാണം വില്‍ക്കാതെ ഓണമുണ്ണാന്‍...

വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടികളായി: സി ദിവാകരന്‍

ഓണക്കാലത്ത് അവശ്യ ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയതായി ഭക്ഷ്യ- സിവില്‍ സപ്ലൈസ് മന്ത്രി സി ദിവാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓണചന്തകള്‍ ആരംഭിക്കും. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ ഓണം മെട്രോ പീപ്പിള്‍സ് ബസാറുകള്‍ ആരംഭിക്കും. ജില്ലാ ആസ്ഥാനങ്ങളായ കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, പാലക്കാട്, മലപ്പുറം, തലശ്ശേരി, കണ്ണൂര്‍, കാസര്‍കോഡ്, കല്‍പ്പറ്റ, തൃപ്പുണിത്തുറ, കരുനാഗപ്പള്ളി എന്നീ സ്ഥലങ്ങളില്‍ ഓണം ടൗണ്‍ ബസാറുകള്‍ ആരംഭിക്കും. സംസ്ഥാനത്തെ എല്ലാ അസംബ്ലി മണ്ഡലങ്ങളിലും പ്രത്യേകം ഓണം മാര്‍ക്കറ്റുകള്‍ ആരംഭിക്കും. ഓണം ഫെയറുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആകര്‍ഷകമായ സൗജന്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതായും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

900 രൂപയുടെ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു കിലോ പഞ്ചസാരയോ 500 എം എല്‍ വെളിച്ചണ്ണയോ, 250 ഗ്രാം ശബരി തേയിലയോ സൗജന്യമായി ലഭിക്കും. 500 രൂപയില്‍ കൂടുതല്‍ നോണ്‍ മാവേലി സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കും ഈ സൗജന്യങ്ങള്‍ ലഭിക്കും. 625 രൂപ വിലയുള്ള 16 ഇനം നിത്യോപയോഗ സാധനങ്ങളടങ്ങിയ ഓണം കിറ്റ് 450 രൂപയ്ക്ക് ഓണം ഫെയറുകളിലൂടെ നല്‍കും. സംസ്ഥാനത്തെ 20 ലക്ഷം ബി പി എല്‍ കുടുംബങ്ങള്‍ക്ക് 80 രൂപ വിലയുള്ള ഓണക്കിറ്റുകള്‍ സൗജന്യമായി നല്‍കും. ഇതിന്റെ വിതരണം ഈ മാസം ഒമ്പതിന് ആരംഭിക്കും. സപ്ലെകോയുടെ ഔട്ട്‌ലെറ്റിലൂടെയാണ് ഇതിന്റെ വിതരണം നടത്തുന്നത്. സംസ്ഥാനത്തെ എല്ലാ ആദിവാസി കുടുംബങ്ങള്‍ക്കും 12 കിലോഗ്രാം അരിവീതം സൗജന്യമായി നല്‍കും. ഉച്ചഭക്ഷണ പദ്ധതിയിലുള്‍പ്പെട്ട എല്ലാ വിദ്യാര്‍ഥികള്‍ക്കും മൂന്ന് കിലോ അരി വീതം സൗജന്യമായി നല്‍കും. സംസ്ഥാനത്തെ അഞ്ചര ലക്ഷം എ എ വൈ കാര്‍ഡ് ഉടമകള്‍ക്ക് 35 കിലോ അരിയും ബി പി എല്‍ കുടുംബങ്ങള്‍ക്ക് നിലവില്‍ ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ തുടര്‍ന്നും ലഭ്യമാകുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

എ പി എല്‍ വിഭാഗത്തിലെ പട്ടികജാതി, പട്ടികവര്‍ഗ, മത്സ്യത്തൊഴിലാളി, ആശ്രയ കുടുംബങ്ങള്‍, കര്‍ഷക തൊഴിലാളികള്‍, കയര്‍, കശുഅണ്ടി, കൈത്തറി, തഴപ്പായ, ബീഡി, പരമ്പ്, ഈറ്റ, ഖാദി, തോട്ടം, മണ്‍പാത്ര നിര്‍മാണം തുടങ്ങിയ മേഖലകളിലെ മുഴുവന്‍ കൂലിവേലക്കാര്‍ക്കും ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ 50 ദിവസമെങ്കിലും പണിയെടുത്തിട്ടുള്ള എല്ലാ തൊഴിലാളികള്‍ക്കും 15 കിലോ അരിയും രണ്ട് കിലോ ഗോതമ്പും രണ്ട് രൂപ നിരക്കില്‍ ലഭിക്കും. എ പി എല്‍ കുടുംബങ്ങള്‍ക്ക് 8.90 രൂപ നിരക്കില്‍ അരിയും 6.70 രൂപ നിരക്കില്‍ ഗോതമ്പും ഉള്‍പ്പടെ 15 കിലോഗ്രാം ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കും. ബി പി എല്‍, എ എ വൈ കുടംബത്തിലെ ഓരോ അംഗങ്ങള്‍ക്കും 400 ഗ്രാം പഞ്ചസാര കിലോ ഗ്രാമിന് 13. 50 രൂപ നിരക്കില്‍ ലഭിക്കും. ഇതിന് പുറമേ ഓണം സ്‌പെഷ്യലായി 500 ഗ്രാം പഞ്ചസാര കിലോഗ്രാമിന് 13.50 രൂപ നിരക്കില്‍ വിതരണം ചെയ്യും. ഇതിനായി 3700 മെട്രിക് ടണ്‍ പഞ്ചസാര അധികമായി അനുവദിച്ചിട്ടുണ്ട്. സപ്ലെകോയുടെ ആട്ട മാവ് കിലോ ഗ്രാമിന് 12 രൂപ നിരക്കില്‍ എല്ലാ വിഭാഗം കാര്‍ഡ് ഉടമകള്‍ക്കും രണ്ട് കിലോഗ്രാം വീതം ലഭ്യമാക്കും. അളവ് തൂക്കത്തിലെ തട്ടിപ്പ്, മായം ചേര്‍ക്കല്‍ എന്നിവ തടയുന്നതിന് ലീഗല്‍ മെട്രോളജി വകുപ്പിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കും. സിവില്‍ സപ്ലൈസ് ഡയറക്ടര്‍, ഭക്ഷ്യ വകുപ്പ് സെക്രട്ടറി, എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം റെയ്ഡുകള്‍ നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മലയോര പ്രദേശങ്ങളിലും ആദിവാസിമേഖലകളിലും സൗജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്യുന്നതിനായി പ്രത്യേക ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. പൊതുവിതരണ സമ്പ്രദായത്തിലെ അഴിമതി തടയുന്നതിന്റെ ഭാഗമായി പഞ്ചായത്ത് തലത്തില്‍ ഭക്ഷ്യോപദേശക വിജിലന്‍സ് കമ്മിറ്റികള്‍ രൂപീകരിച്ചു. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കും. ഓണക്കാലത്ത് എല്‍ പി ജി സിലിണ്ടറുകളുടെ ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. അന്യസംസ്ഥാനങ്ങളില്‍ നിന്നും ലോറികളില്‍ കൊണ്ടുവരുന്ന പാലിന്റെ ഗുണ നിലവാരം ഉറപ്പ് വരുത്തുന്നതിനായി സംസ്ഥാനത്തെ എല്ലാ ചെക്ക് പോസ്റ്റുകളിലും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയതായും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പതിമൂവായിരത്തോളം സഹകരണ വിപണന ചന്തകള്‍ തുടങ്ങും: മന്ത്രി

സംസ്ഥാനത്ത് ഓണം-റംസാന്‍ ഉത്സവകാലത്ത് 13000-ത്തോളം സഹകരണ വിപണന ചന്തകള്‍ തുടങ്ങുമെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. സഹകരണ ഓണം വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം നീര്‍ക്കുന്നത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഒക്‌ടോബര്‍ രണ്ട് വരെയുള്ള കാലയളവിലാണ് ഇത്തരം വിപണന കേന്ദ്രങ്ങള്‍ തുടങ്ങുന്നത്. ഓണക്കാലത്ത് 5000 വിപണന കേന്ദ്രങ്ങളും റംസാന്‍ കാലത്ത് 2500 -ഉം അവശ്യാസാധന വിതരണമേളകള്‍ക്കായി 5000 ചന്തകളും നിയോജകമണ്ഡലങ്ങളിലായി 340 കേന്ദ്രങ്ങളുമാണ് തുറക്കുന്നത്.

സംസ്ഥാനത്ത് 45 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് ഇതിന്റെ ഗുണംലഭിക്കും. ഓണക്കാലത്ത് ജില്ലയില്‍ 391 വിപണനകേന്ദ്രങ്ങളാണ് ഇപ്പോള്‍ തുടങ്ങുന്നത്. 31 ഓളം ഇനങ്ങള്‍ കുറഞ്ഞവിലക്ക് ഓണക്കാലത്ത് ഈ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കും. മൂന്ന് അംഗങ്ങളുള്ള കുടുംബത്തിന് അഞ്ചുകിലോ അരിയും അഞ്ച് അംഗങ്ങളുള്ള കുടുംബത്തിന് ഏഴ് കിലോ അരിയും ലഭിക്കും.

ഭരണഘടനക്കുള്ളില്‍ നിന്നുകൊണ്ട് ജനങ്ങള്‍ക്ക് എല്ലാ സഹായങ്ങളും എത്തിക്കാന്‍ കഴിയുമെന്നതിന് ഉദാഹരണമാണ് ഇത്തരം വിപണന കേന്ദ്രങ്ങള്‍.

ഈ സര്‍ക്കാര്‍ ഒരു കുടുംബത്തിന്റെയും കണ്ണുനീര്‍ വീഴാന്‍ ഇടയാക്കിയിട്ടില്ലെന്നും, അങ്ങനെയുള്ളവര്‍ക്ക് സഹായഹസ്തം കൊടുക്കുന്ന സര്‍ക്കാരാണിതെന്നും മന്ത്രി പറഞ്ഞു. പൊതു വിപണിയില്‍ 26 രൂപ വിലയുള്ള അരിക്ക് 14 രൂപയും 36 രൂപ വിലയുള്ള പഞ്ചസാരക്ക് 20 രൂപയും 65 രൂപ വിലയുള്ള വെളിച്ചെണ്ണയ്ക്ക് 55 രൂപയുമാണ് വില.

പൊതുവിപണിയില്‍ 32 ഓണച്ചന്തയില്‍ 16 രൂപ

പൊതുവിപണിയില്‍ അരിവില കുതിക്കുമ്പോള്‍ കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയാന്‍ സര്‍ക്കാര്‍ സംവിധാനം ശക്തമാക്കി. സപ്ളൈകോ ഓണം ഫെയറും കണ്‍സ്യൂമര്‍ ഫെഡിന്റെ വിലക്കയറ്റ വിരുദ്ധ സഹകരണ ഓണം വിപണിയും വിലക്കയറ്റ ഭീഷണിയില്‍നിന്ന് ജനങ്ങള്‍ക്ക് ആശ്വാസമേകുന്നു. രണ്ട് കിലോ അരിയുള്‍പ്പെട്ട സൌജന്യ ഓണക്കിറ്റ് 20 ലക്ഷം കുടുംബങ്ങള്‍ക്ക് പട്ടിണിയില്ലാതെ ഓണം സമ്മാനിക്കും. വിദ്യാര്‍ഥികള്‍ക്ക് സൌജന്യമായി അഞ്ച് കിലോ അരി കൂടിയാകുമ്പോള്‍ പാവപ്പെട്ടവര്‍ക്ക് ഇത് സമൃദ്ധിയുടെ ഓണം.

ഓണമെത്തിയതോടെ പൊതുവിപണിയില്‍ തോന്നുംപടിയാണ് അരിയുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില. തിരുവനന്തപുരം നഗരത്തില്‍ 26 മുതല്‍ 32 രൂപ വരെയാണ് ഒരു കിലോ അരിയുടെ വില. പ്രമുഖ ബ്രാന്‍ഡ് കമ്പനിയുടെ അരിക്കും പാക്കറ്റ് അരിക്കും കിലോക്ക് 30 രൂപയിലധികം നല്‍കണം. വെള്ളിയാഴ്ച തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ ഒരു കിലോ ജയ അരിക്ക് 26-30 രൂപയും പാലക്കാടന്‍ മട്ടയ്ക്ക് 30-32 രൂപയുമാണ് വില. മലബാറില്‍ ഒരു കിലോ ജയക്ക് 24 രൂപയും കുറുവ, മട്ട എന്നിവക്ക് 22 രൂപയുമാണ്. പച്ചരിയുടെ വില 19 മുതല്‍ 24 വരെയാണ്.

പൊതുവിപണിയില്‍ വില കുതിക്കുമ്പോള്‍ പകുതി വിലയ്ക്കാണ് കണ്‍സ്യൂമര്‍ ഫെഡ് വിപണിയില്‍ അരി നല്‍കുന്നത്. തെക്കന്‍ ജില്ലകളില്‍ ജയ അരിക്കും വടക്കന്‍ ജില്ലകളില്‍ കുറുവയ്ക്കും കിലോക്ക് 16 രൂപയാണ്. മട്ട ത്രിവേണി ബ്രാന്‍ഡിന് ഉള്‍പ്പെടെ കിലോയ്ക്ക് 16 ഉം പച്ചരിക്ക് 14 മാണ് വില. പൊതു മാര്‍ക്കറ്റില്‍ 30 രൂപയുള്ള പഞ്ചസാര ഒരു കിലോയ്ക്ക് 20 രൂപയാണ് വിലക്കയറ്റ വിരുദ്ധ സഹകരണ വിപണിയില്‍. കോര്‍പറേഷന്‍ പ്രദേശത്ത് ഓണം മെട്രോ പീപ്പിള്‍ ബസാര്‍, ജില്ലാ ആസ്ഥാനങ്ങളിലും മറ്റും ഓണം ടൌണ്‍ പീപ്പിള്‍ ബസാര്‍, ഓണം മാര്‍ക്കറ്റുകള്‍, മിനി ഓണം മാര്‍ക്കറ്റുകള്‍ എന്നിവയാണ് സപ്ളൈകോ തുറക്കുന്നത്. ഓണം ഫെയറില്‍നിന്ന് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആകര്‍ഷകമായ ഓഫറുകളുമുണ്ട്. 20 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്കാണ് സൌജന്യ കിറ്റ് നല്‍കുന്നത്. പൊതുവിപണിയില്‍ 450 രൂപ വില വരുന്നവയാണ് കിറ്റ്. 625 രൂപ വിലയുള്ള സ്പെഷ്യല്‍ ഓണക്കിറ്റ് 450 രൂപയ്ക്ക് എല്ലാ ഓണച്ചന്തകള്‍ വഴിയും വില്‍ക്കുന്നുണ്ട്. ഒരു കിലോ പഞ്ചസാരയോ, അര ലിറ്റര്‍ ശബരി വെളിച്ചെണ്ണയോ, 250 ഗ്രാം ശബരി തേയിലയോ ഈ കിറ്റിനൊപ്പം സൌജന്യമായി നല്‍കും. ഓണം ഫെയറുകളില്‍ പൊതുമാര്‍ക്കറ്റില്‍ 80 രൂപ വിലയുള്ള ഒരു കിലോ ചെറുപയറിന് 28 രൂപയും 82 രൂപ വിലയുള്ള തൊലി കളഞ്ഞ ഉഴുന്ന് പരിപ്പിന് 36 രൂപയുമാണ് വില. മറ്റ് സാധനങ്ങളുടെ വിലയും ബ്രാക്കറ്റില്‍ പൊതുവിപണിയിലെ വിലയും: ഉഴുന്ന് പിളര്‍ന്നത്-31(76), കടല-20(36), വന്‍പയര്‍ 26.50(54), തുവര പരിപ്പ്-34(76), പീസ് പരിപ്പ്-18(24), മുളക്-45(64), മല്ലി-37(50), ജീരകം-96(200), കടുക്-22(50), ഉലുവ-28(60). പുഴുക്കലരിക്കും പച്ചരിക്കും 12.70.

സപ്ലൈകോ: ഓണക്കാലത്തെ വില്‍പ്പന ലക്ഷ്യം 275 കോടി

ഓണക്കാലത്ത് വിലക്കയറ്റത്തെ നേരിടാന്‍ വിപുലമായ ആസൂത്രണം പൂര്‍ത്തിയായതായി സപ്ലൈകോ അറിയിച്ചു. കാര്യക്ഷമമായ മാര്‍ക്കറ്റിടപെടല്‍ പദ്ധതിയിലൂടെ കഴിഞ്ഞമാസം സപ്ലൈകോ നേടിയത് 204 കോടി രൂപയുടെ വിറ്റുവരവാണ്. ഈ ഓണക്കാലത്തെ വില്‍പ്പനയിലൂടെ ലക്ഷ്യമിടുന്നത് 275 കോടി രൂപയുടെ വില്‍പ്പനയാണ്. ഇതിനായി എല്ലാ വില്‍പ്പനശാലകളിലും ആവശ്യത്തിന് സ്റ്റോക്കെത്തിച്ചിട്ടുണ്ട്.

വരുന്ന റംസാന്‍ സീസണ്‍കൂടി കണക്കിലെടുത്ത് കൂടുതല്‍ സ്റ്റോക്കെത്തിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

ഈ ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തൊട്ടാകെ 145 ഓളം പ്രത്യേക ചന്തകള്‍ ഉള്‍പ്പെടെ 1300 ഓളം ഓണം വില്‍പ്പനശാലകള്‍ ഉണ്ടാകും. തിരുവനന്തപുരത്തിനു പുറമെ തൃശൂര്‍, എറണാകുളം, കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളിലാണ് ഓണം മെട്രോപീപ്പിള്‍സ് ബസാറുകള്‍ സംഘടിപ്പിക്കുന്നത്. പീപ്പിള്‍സ് ബസാറുകള്‍ 11 ന് ആരംഭിക്കും. മറ്റു ജില്ലാതല ഓണച്ചന്തകളും 11 മുതല്‍ ആരംഭിക്കും. താലൂക്ക് തലത്തില്‍ തുടങ്ങാനുദ്ദേശിക്കുന്ന ഓണച്ചന്തകള്‍ 18നാണ് ആരംഭിക്കുക.

ഓണത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് ഒരു കിലോ പഞ്ചസാര അഥവാ അരലിറ്റര്‍ ശബരി വെളിച്ചെണ്ണ അഥവാ 250 ഗ്രാം ശബരി തേയില ഓണസമ്മാനമായി ലഭിക്കുന്ന പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്. ഇതനുസരിച്ച് എല്ലാ വില്‍പ്പനശാലകളില്‍ നിന്നും ഒരു ബില്ലില്‍ 900 രൂപയുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്കും പ്രത്യേകം ഓണം ബസാറുകളില്‍ നോണ്‍ മാവേലി/ശബരി കൗണ്ടറുകളില്‍ നിന്നും ഒരു ബില്ലില്‍ 500 രൂപയുടെ സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്കുമാണ് ഓണസമ്മാനമായി ഒരു കിലോ പഞ്ചസാരയോ അര ലിറ്റര്‍ ശബരി വെളിച്ചെണ്ണയോ 250 ഗ്രാം ശബരി തേയിലയോ ലഭിക്കുക.

ഓണക്കാലത്ത് വളരെ ആവശ്യമുള്ള സാധനങ്ങള്‍ ഉള്‍പ്പെടുന്ന 625 രൂപ വിലവരുന്ന സ്‌പെഷല്‍ ഓണക്കിറ്റുകള്‍ 450 രൂപയ്ക്ക് എല്ലാ മെട്രോ പീപ്പിള്‍സ് ബസാര്‍ വഴിയും ടൗണ്‍ പീപ്പിള്‍സ് ബസാര്‍ വഴിയും മറ്റു ഓണം വില്‍പ്പനശാലകള്‍ വഴിയും ലഭിക്കും. ഈ സ്‌പെഷല്‍ കിറ്റിനോടൊപ്പവും ഒരു കിലോ പഞ്ചസാരയോ അര ലിറ്റര്‍ ശബരി വെളിച്ചെണ്ണയോ 250 ഗ്രാം ശബരി തേയിലയോ സമ്മാനമായി ലഭിക്കും. തിരഞ്ഞെടുക്കപ്പെട്ട വില്‍പ്പന ശാലകളിലൂടെയും ഓണം ഫെയര്‍/മാര്‍ക്കറ്റുകളിലൂടെയും പച്ചക്കറികളും വിതരണം ചെയ്യാനുള്ള നടപടികളുമെടുത്തിട്ടുണ്ട്.

ഓണം: അര കിലോ പഞ്ചസാര 13.50 രൂപയ്ക്ക്

ഓണം പ്രമാണിച്ച് എ പി എല്‍/ബി പി എല്‍ വ്യത്യാസം ഇല്ലാതെ എല്ലാ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും അര കിലോ പഞ്ചസാര വീതം കിലോയ്ക്ക് 13.50 രൂപ നിരക്കില്‍ ലഭിക്കുമെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു. ഓണം സ്‌പെഷല്‍ പഞ്ചസാര ഓഗസ്റ്റ് 31 വരെ റേഷന്‍ കടകളില്‍ നിന്നും വാങ്ങാം.

ജൂണ്‍, ജൂലൈ മാസങ്ങളിലെ ബി പി എല്‍/എ എ വൈ കാര്‍ഡ് ഉടമകള്‍ക്കുള്ള സാധാരണ പഞ്ചസാര വിതരണവും ഓഗസ്റ്റ് നടത്തും. കിലോയ്ക്ക് 13.50 രൂപാ നിരക്കില്‍ ആളൊന്നിന് 400 ഗ്രാം പഞ്ചസാര വീതമാണ് വിതരണം നടത്തുക.

കേര വെളിച്ചെണ്ണയ്ക്ക് ഓണത്തിന് വിലയിളവ്

ഓണക്കാലത്ത് കേര വെളിച്ചെണ്ണയ്ക്ക് ഒരു ലിറ്ററിന് മൂന്നു രൂപയുടെ ഇളവ് അനുവദിച്ചു. ഇന്നു മുതല്‍ 31 വരെ ഈ ആനുകൂല്യം ലഭ്യമായിരിക്കുമെന്ന് കേരഫെഡ് അറിയിച്ചു.

ഹാന്‍ടെക്‌സ് ഓണം റിബേറ്റ് വില്‍പന ആരംഭിച്ചു

തിരുവനന്തപുരം: ഓണം പ്രമാണിച്ച് കൈത്തറി വസ്ത്രങ്ങള്‍ക്ക് (കേന്ദ്രസര്‍ക്കാര്‍ റിബേറ്റ് നിഷേധിച്ചെങ്കിലും)സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ശതമാനം റിബേറ്റ് വില്‍പന ആരംഭിച്ചു.
ഉപഭോക്താവിന്റെ മാറിയ അഭിരുചിക്കനുസൃതമായ വിവിധ തരം കസവുമുണ്ടുകള്‍, സെറ്റുമുണ്ടുകള്‍, കളര്‍ സാരികള്‍, കാസര്‍ഗോഡ് സാരികള്‍, ബെഡ്ഷീറ്റുകള്‍, സ്‌കൂള്‍ കുട്ടികള്‍ക്കാവശ്യമായ യൂണിഫോം തുണിത്തരങ്ങള്‍ തുടങ്ങിയവ സംസ്ഥാനത്തെ 130ല്‍പരം ഹാന്‍ടെക്‌സ് ഡിപ്പോകള്‍ വഴിയും എക്‌സിബിഷന്‍ സ്റ്റാളുകള്‍ വഴിയുമാണ് റിബേറ്റ് വില്‍പന നടത്തുന്നത്.

ഈ മാസം 22 വരെയാണ് ഈ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നത്. സ്വാതന്ത്ര്യദിനം ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും രാവിലെ ഒന്‍പതുമുതല്‍ രാത്രി എട്ടുവരെ ഡിപ്പോകള്‍ തുറന്നു പ്രവര്‍ത്തിക്കും.

ദേശാഭിമാനി, ജനയുഗം വാര്‍ത്തകള്‍

1 comment:

  1. ഓണക്കാലത്ത് അവശ്യ ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയതായി ഭക്ഷ്യ- സിവില്‍ സപ്ലൈസ് മന്ത്രി സി ദിവാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓണചന്തകള്‍ ആരംഭിക്കും. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ ഓണം മെട്രോ പീപ്പിള്‍സ് ബസാറുകള്‍ ആരംഭിക്കും. ജില്ലാ ആസ്ഥാനങ്ങളായ കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, പാലക്കാട്, മലപ്പുറം, തലശ്ശേരി, കണ്ണൂര്‍, കാസര്‍കോഡ്, കല്‍പ്പറ്റ, തൃപ്പുണിത്തുറ, കരുനാഗപ്പള്ളി എന്നീ സ്ഥലങ്ങളില്‍ ഓണം ടൗണ്‍ ബസാറുകള്‍ ആരംഭിക്കും. സംസ്ഥാനത്തെ എല്ലാ അസംബ്ലി മണ്ഡലങ്ങളിലും പ്രത്യേകം ഓണം മാര്‍ക്കറ്റുകള്‍ ആരംഭിക്കും. ഓണം ഫെയറുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആകര്‍ഷകമായ സൗജന്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതായും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

    ReplyDelete