Thursday, August 19, 2010

കോണ്‍ഗ്രസ് - ബിജെപി ഒത്തുകളി

വിദേശകമ്പനികളെ ബാധ്യതയില്‍ നിന്ന് ഒഴിവാക്കാന്‍ ശുപാര്‍ശ

ഇന്ത്യക്ക് റിയാക്ടറുകളും മറ്റുപകരണങ്ങളും നല്‍കുന്ന വിദേശകമ്പനികളെ ആണവദുരന്തബാധ്യതയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കുന്ന ബില്ലിന് ശുപാര്‍ശചെയ്യുന്ന റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍. ആണവദുരന്തമുണ്ടാകുന്നപക്ഷം നഷ്ടപരിഹാരം നല്‍കുന്നതിന് ഉപയോക്താക്കളില്‍നിന്ന് പണം ഈടാക്കുന്നതിനും ശുപാര്‍ശയുളള റിപ്പോര്‍ട്ടാണ് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ബുധനാഴ്ച ഇരുസഭയിലും സമര്‍പ്പിച്ചത്. ഇടതുപക്ഷ അംഗങ്ങളുടെ വിയോജനക്കുറിപ്പോടെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ആണവനിലയങ്ങളുടെ നടത്തിപ്പുകാരുടെ ബാധ്യത 500 കോടിയില്‍ നിന്ന് 1500 കോടിയായി ഉയര്‍ത്താനും കോണ്‍ഗ്രസ് നേതാവായ ടി സുബിരാമിറെഡ്ഡി നേതൃത്വംനല്‍കിയ സമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്. വിദേശ ആണവകമ്പനികളെ ബാധ്യതയില്‍നിന്ന് ഒഴിവാക്കരുതെന്ന ഇടതുപക്ഷത്തിന്റെ ആവശ്യം പൂര്‍ണമായും നിരാകരിക്കുന്നതാണ് റിപ്പോര്‍ട്ട്. ഗുണനിലവാരമില്ലാത്ത ഉപകരണം നല്‍കുകയോ തെറ്റായ രൂപമാതൃകയുടെ ഭാഗമായോ അപകടമുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കാന്‍ ആണവനിലയ നടത്തിപ്പുകാരും വിതരണക്കാരും കരാര്‍ ഉണ്ടാക്കിയാലേ വിതരണക്കാര്‍ക്കെതിരെ കേസെടുക്കാനാകൂ. ഇത്തരം കരാറിന് വിതരണക്കാര്‍ സമ്മതിച്ചില്ലെങ്കില്‍ അവരെ നിയമത്തിന്റെമുമ്പില്‍ കൊണ്ടുവരാന്‍ കഴിയില്ലെന്നര്‍ഥം. നടത്തിപ്പുകാര്‍ അവരുടെ താല്‍പ്പര്യം സംരക്ഷിക്കുന്ന വകുപ്പുകള്‍ വിതരണക്കാരുമായുള്ള കരാറില്‍ ഉറപ്പ് വരുത്തണമെന്നും 17(ബി) വകുപ്പ് അടിവരയിടുന്നു. അതിന് തയ്യാറാകാത്തപക്ഷം നഷ്ടപരിഹാരം വിതരണക്കാരില്‍നിന്ന് ഈടാക്കാന്‍ കഴിയില്ല. സര്‍ക്കാരിന്റെ ബാധ്യത കുറയ്ക്കാന്‍ അമേരിക്കന്‍ മാതൃകയില്‍ ബാധ്യതാനിധി രൂപീകരിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. ആണവവൈദ്യുതി വിതരണംചെയ്യുമ്പോള്‍ അതില്‍നിന്ന് ഒരു നിശ്ചിത തുക ഈടാക്കിയാണ് ഈ നിധി രൂപീകരിക്കേണ്ടത്. ഒരു യൂണിറ്റ് വൈദ്യുതിയില്‍നിന്ന് നാല് പൈസ വീതം ഈടാക്കിയാല്‍ വര്‍ഷം 100 കോടി രൂപയുടെ നിധിയുണ്ടാക്കാം. അതായത് ഉപയോക്താക്കളില്‍നിന്നുതന്നെ നഷ്ടപരിഹാരത്തിനുള്ള തുകയും കണ്ടെത്താനാകും. നിലവില്‍ ആണവനിലയ നടത്തിപ്പുകാര്‍ നല്‍കേണ്ട ബാധ്യത 1,500 കോടി രൂപയാണ്. ഇതില്‍ കുറവുവരുത്താന്‍ അധികാരമില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. മൊത്തം ബാധ്യത 2,100 കോടി രൂപയെന്നതില്‍ സമിതി മാറ്റം വരുത്തിയിട്ടില്ല.

നഷ്ടപരിഹാരത്തിന് അപേക്ഷിക്കാനുള്ള കാലാവധി 10 വര്‍ഷമെന്നത് 20 വര്‍ഷമായി ഉയര്‍ത്തണം. നഷ്ടപരിഹാരം നിശ്ചയിക്കുന്ന ഓഫീസര്‍ ജോയിന്റ് സെക്രട്ടറി തലത്തിലുള്ള }ഓഫീസര്‍ എന്നതിന് പകരം അഡീഷണല്‍ സെക്രട്ടറി തലത്തിലുള്ള ഓഫീസറുടേതാണ്. ആണവദുരന്ത ക്ളെയിംസ് കമീഷന്‍ ചെയര്‍പേഴ്സനെയും മറ്റും തെരഞ്ഞെടുക്കുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്താനും സമിതി ശുപാര്‍ശ ചെയ്തു. ആരോഗ്യമന്ത്രാലയം, കൃഷിമന്ത്രാലയം, തൊഴില്‍മന്ത്രാലയം തുടങ്ങിയവയുമായി ചര്‍ച്ചപോലും നടത്താതെയാണ് ബില്ലിന് രൂപം നല്‍കിയതെന്നും അടുത്ത സര്‍ക്കാരെങ്കിലും ഇത്തരമൊരു ചര്‍ച്ച നടത്താന്‍ തയ്യാറാകണമെന്നും റിപ്പോര്‍ട്ട് പറയുന്നു. പ്രതിരോധാവശ്യത്തിന് ഉപയോഗിക്കുന്ന നിലയങ്ങളിലെ അപകടം ബില്ലിന്റെ പരിധിയില്‍ വരുന്നില്ലെന്നതും ന്യൂനതയാണ്.

കോണ്‍ഗ്രസ് - ബിജെപി ഒത്തുകളി; സഭ സ്തംഭിച്ചു

ആണവബാധ്യതാ ബില്ലിനെ പിന്തുണയ്ക്കാനുള്ള ബിജെപി തീരുമാനം സൊഹ്റാബുദ്ദീന്‍ കേസിലെ സിബിഐ അന്വേഷണം നരേന്ദ്ര മോഡിയിലേക്കെത്തില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പിനെത്തുടര്‍ന്നാണെന്ന് വ്യക്തമായി. ആണവ ബാധ്യതാ ബില്ലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം സൊഹ്റാബുദ്ദീന്‍ കേസില്‍ മോഡിയെ ചോദ്യംചെയ്യാനുള്ള നീക്കം ഉപേക്ഷിച്ചതായി സിബിഐ വെളിപ്പെടുത്തി. സിബിഐയെ ഉപകരണമാക്കി ആണവബാധ്യതാ ബില്‍ പാസാക്കാനുള്ള യുപിഎ സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ഇടതുപക്ഷവും എന്‍ഡിഎ ഇതര പ്രതിപക്ഷ പാര്‍ടികളും ഉയര്‍ത്തിയ പ്രതിഷേധത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭയും ബുധനാഴ്ച സ്തംഭിച്ചു. ലോക്സഭയും രാജ്യസഭയും തുടര്‍ച്ചയായി നിര്‍ത്തിവക്കേണ്ടി വന്നു. ആണവബാധ്യതാ ബില്‍ സംബന്ധിച്ച ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് മാത്രമാണ് സര്‍ക്കാരിന് സഭയില്‍ അവതരിപ്പിക്കാനായത്. ബുധനാഴ്ച ലോക്സഭ ചേര്‍ന്നയുടന്‍ ഇടതുപക്ഷവും ആര്‍ജെഡിയും സമാജ്വാദി പാര്‍ടിയും ആണവബാധ്യതാബില്ലില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലുണ്ടാക്കിയ കരാറിനെ പരാമര്‍ശിച്ച് എഴുന്നേറ്റു. സൊഹ്റാബുദ്ദീന്‍ കേസില്‍ മോഡിയെ വെറുതെവിടുകയാണെന്ന പത്രറിപ്പോര്‍ട്ട് ഉയര്‍ത്തിപ്പിടിച്ചാണ് ലാലുപ്രസാദും മുലായവും നടുത്തളത്തിലേക്ക് ഇറങ്ങിയത്. ബിഎസ്പി അംഗങ്ങളാകട്ടെ അനധികൃത ഖനനം നടത്തുന്ന കര്‍ണാടക സര്‍ക്കാരിനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ബഹളം വയ്ക്കുന്നുണ്ടായിരുന്നു. ആദ്യം പകല്‍ 12 വരെയും പിന്നീട് രണ്ടു വരെയും നിര്‍ത്തിവച്ച ലോക്സഭ പിന്നീട് വ്യാഴാഴ്ച ചേരാനായി പിരിഞ്ഞു.

രാജ്യസഭയില്‍ ഇടതുപക്ഷമാണ് പ്രശ്നം ഉയര്‍ത്തിയത്. ആര്‍ജെഡി, എല്‍ജെപി തുടങ്ങിയ കക്ഷികള്‍ പിന്തുണച്ചു. ആദ്യം 15 മിനിറ്റ് നിര്‍ത്തിവച്ച സഭ 12 വരെയും പിന്നീട് ദിവസം മുഴുവനും പിരിഞ്ഞു. കോണ്‍ഗ്രസ്-ബിജെപി ധാരണയുടെ ഭാഗമായി മോഡിയെ വിട്ടയക്കുന്നതില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിന്റെ പ്രധാന കവാടത്തിലെ ഗാന്ധിപ്രതിമയ്ക്കു മുമ്പില്‍ എല്‍ജെപി നേതാവ് രാംവിലാസ് പാസ്വാന്‍ ധര്‍ണ നടത്തി. സൊഹ്റാബുദ്ദീന്‍ കേസില്‍ മോഡിയെ ചോദ്യം ചെയ്യാനാവില്ലെന്ന സിബിഐയുടെ വെളിപ്പെടുത്തല്‍ ആണവബില്ലിന്റെ കാര്യത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുണ്ടാക്കിയ രഹസ്യകരാറിന്റെ ഭാഗമാണെന്ന് സിപിഐ എം ലോക്സഭാ നേതാവ് ബസുദേവ് ആചാര്യ പറഞ്ഞു. അമേരിക്കന്‍ സമ്മര്‍ദവും ഈ ധാരണയ്ക്കു പിന്നിലുണ്ട്. സൊഹ്റാബുദ്ദീന്‍ കേസില്‍ അറസ്റിലായ അമിത് ഷാ ഗുജറാത്തിലെ ആഭ്യന്തരസഹമന്ത്രിയായിരുന്നു. അന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ ചുമതല മോഡിക്കാണ്. അതുകൊണ്ട് മോഡിയറിയാതെ സഹമന്ത്രിമാത്രമായി എന്തെങ്കിലും ചെയ്യുമെന്ന് വിശ്വസിക്കാനാവില്ലെന്നും ബസുദേവ് ആചാര്യ പറഞ്ഞു.

ആണവബില്ലിനെ പിന്തുണയ്ക്കാന്‍ ബിജെപി തയ്യാറായതുകൊണ്ടാണ് സിബിഐ മോഡിക്ക് ക്ളീന്‍ ചിറ്റ് നല്‍കിയതെന്ന് ലാലുപ്രസാദ് യാദവ് പറഞ്ഞു. സിബിഐയെ ഉപയോഗിച്ചാണ് ബിജെപിയെ കോണ്‍ഗ്രസ് വശത്താക്കിയതെന്ന് സമാജ്വാദി പാര്‍ടി നേതാവ് മുലായംസിങ് യാദവ് പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ അറിവോടെയല്ലാതെ മോഡിക്ക് ക്ളീന്‍ചിറ്റ് നല്‍കാന്‍ സിബിഐക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ സമ്മര്‍ദവും ബിജെപിയുടെ നിലപാടുമാറ്റത്തിന് പ്രേരകമായി. ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ രണ്ടുദിവസം മുമ്പ് ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ബാധ്യതാബില്‍ വിഷയമായിരുന്നു. അതിനിടെ, ആണവബാധ്യതാബില്‍ വ്യാഴാഴ്ച ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗം പരിഗണിക്കും. ശാസ്ത്ര-സാങ്കേതിക മന്ത്രാലയ സ്റാന്‍ഡിങ് കമ്മിറ്റി ബില്ലില്‍ വരുത്തിയ മാറ്റങ്ങള്‍ മന്ത്രിസഭ അംഗീകരിക്കേണ്ടതുണ്ട്. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാലുടന്‍ ബില്‍ ആദ്യം ലോക്സഭയിലും പിന്നീട് രാജ്യസഭയിലും അവതരിപ്പിക്കും. ഈയാഴ്ച തന്നെ ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. തിങ്കളും ചൊവ്വയും പാര്‍ലമെന്റിന് അവധിയാണ്. ആഗസ്ത് 27ന് പിരിയേണ്ട പാര്‍ലമെന്റ് 31 വരെ നീട്ടാനും ആലോചനയുണ്ട്.
(വി ബി പരമേശ്വരന്‍)

ബാധ്യതാപരിധി നിശ്ചയിക്കരുതെന്ന് സിപിഐ എം വിയോജനക്കുറിപ്പ്

ആണവദുരന്തമുണ്ടായാല്‍ നിലയനടത്തിപ്പുകാര്‍ ഏറ്റെടുക്കേണ്ട ബാധ്യതയുടെ പരിധി 1500 കോടിയെന്നത് തീര്‍ത്തും അപര്യാപ്തമാണെന്ന് കാണിച്ച് ആണവബില്‍ പരിഗണിച്ച സ്റാന്‍ഡിങ്കമ്മിറ്റിയില്‍ സിപിഐ എം വിയോജനക്കുറിപ്പ് നല്‍കി. നിലയനടത്തിപ്പുകാരുടെ പരിധി കുറഞ്ഞത് 10,000 കോടിയെങ്കിലുമാക്കണം. നടത്തിപ്പുകാരും സര്‍ക്കാരും ചേര്‍ന്ന് നല്‍കേണ്ട ബാധ്യതയ്ക്ക് പരിധി നിശ്ചയിക്കാനും പാടില്ല. ഈ രണ്ട് ഭേദഗതികളും ബില്ലില്‍ ഉള്‍പ്പെടുത്തണമെന്നും സിപിഐ എം അംഗം സമന്‍ പഥക് സമര്‍പ്പിച്ച വിയോജനക്കുറിപ്പില്‍ വ്യക്തമാക്കി.

നിലവില്‍ നടത്തിപ്പുകാരുടെ പരിധി 1500 കോടിയും മൊത്തം ബാധ്യതയുടെ പരിധി 2100 കോടിയുമാണ്. ആണവദുരന്തങ്ങളുടെ വ്യാപ്തി പരിഗണിച്ചാല്‍ ഈ പരിധി തീര്‍ത്തും അപര്യാപ്തമാണ്. ജര്‍മനി, ജപ്പാന്‍, ഫിന്‍ലന്‍ഡ്് തുടങ്ങിയ രാജ്യങ്ങളില്‍ ബാധ്യതയ്ക്ക് പരിധിയില്ല. അമേരിക്കയില്‍ നിലയനടത്തിപ്പുകാരുടെ ബാധ്യതാപരിധി 54,000 കോടി രൂപയാണ്. ആണവഉപകരണങ്ങള്‍ വിതരണംചെയ്യുന്ന വിദേശകമ്പനികളെ ബാധ്യതയില്‍നിന്ന് സര്‍ക്കാര്‍ പൂര്‍ണമായി മുക്തമാക്കുകയാണ്. വിതരണക്കമ്പനിയും നടത്തിപ്പ് കമ്പനിയും തമ്മിലുള്ള കരാറില്‍ ബാധ്യത തിരിച്ചുപിടിക്കുമെന്ന വ്യവസ്ഥയുണ്ടെങ്കില്‍ മാത്രമേ വിതരണക്കമ്പനി ഏതെങ്കിലും വിധത്തില്‍ ബാധ്യതയുടെ പരിധിയില്‍ വരുന്നുള്ളൂ. വിതരണംചെയ്യുന്ന ഉപകരണത്തില്‍ എന്തെങ്കിലും പാളിച്ചകളുണ്ടെങ്കില്‍ നഷ്ടപരിഹാരത്തുക നല്‍കാന്‍ വിതരണക്കമ്പനി ബാധ്യസ്ഥരാണെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്യണം. ഈ ഭേദഗതികളൊന്നും അംഗീകരിക്കാത്ത പശ്ചാത്തലത്തില്‍ ബാധ്യതാബില്‍ വിദേശ വിതരണക്കമ്പനികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയാണെന്ന് വ്യക്തമാണ്. ആണവദുരന്തവുമായി ബന്ധപ്പെട്ട ഏതൊരു നിയമവും ഇന്ത്യയിലെ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയായിരിക്കണം. എന്നാല്‍, ബില്ലിലെ വ്യവസ്ഥകള്‍ ഇത് ഉറപ്പുവരുത്തുന്നില്ല. ഈ സാഹചര്യത്തില്‍ സ്റാന്‍ഡിങ്കമ്മിറ്റി റിപ്പോര്‍ട്ടിനോട് വിയോജിക്കുന്നതായി സമന്‍ പഥക് കുറിപ്പില്‍ പറഞ്ഞു.

ആണവ ബില്‍: ഈ നഷ്ടപരിഹാരത്തുക അംഗീകരിക്കരുതെന്ന് ഗ്രീന്‍ പീസ്

ആണവബാധ്യതാ ബില്ലില്‍ നഷ്ടപരിഹാരത്തുകയായി 1500 കോടി രൂപ ഉള്‍പ്പെടുത്തിയിരിക്കുന്നത് അംഗീകരിക്കരുതെന്ന് പ്രശസ്ത പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസ് ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികളോട് ആവശ്യപ്പെട്ടു. നഷ്ടപരിഹാരത്തിന് ഒരു പരിധിയും ഏര്‍പ്പെടുത്തരുത്. 1500 കോടി രൂപ നഷ്ടപരിഹാരം അംഗീകരിച്ച് ബിജെപി ബില്ലിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനു പ്രത്യുപകാരമായി നരേന്ദ്ര മോഡിയെ സൊഹ്റാബുദീന്‍ കേസില്‍നിന്ന് സിബിഐ ഒഴിവാക്കുകയാണെന്നും വാര്‍ത്ത വന്നിട്ടുണ്ട്. തുഛമായ തുക അംഗീകരിച്ച് ബില്‍ നിയമമാക്കരുതെന്ന് തുടര്‍ച്ചയായി ആവശ്യപ്പെടുന്നത് ഇടതുപക്ഷം മാത്രമാണ്.

ദേശാഭിമാനി 19082010

1 comment:

  1. ഇന്ത്യക്ക് റിയാക്ടറുകളും മറ്റുപകരണങ്ങളും നല്‍കുന്ന വിദേശകമ്പനികളെ ആണവദുരന്തബാധ്യതയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കുന്ന ബില്ലിന് ശുപാര്‍ശചെയ്യുന്ന റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍. ആണവദുരന്തമുണ്ടാകുന്നപക്ഷം നഷ്ടപരിഹാരം നല്‍കുന്നതിന് ഉപയോക്താക്കളില്‍നിന്ന് പണം ഈടാക്കുന്നതിനും ശുപാര്‍ശയുളള റിപ്പോര്‍ട്ടാണ് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ബുധനാഴ്ച ഇരുസഭയിലും സമര്‍പ്പിച്ചത്. ഇടതുപക്ഷ അംഗങ്ങളുടെ വിയോജനക്കുറിപ്പോടെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

    ReplyDelete