Monday, August 16, 2010

ഓണത്തിന് 576 കോടി ക്ഷേമപെന്‍ഷന്‍

ഓണം പ്രമാണിച്ച് ക്ഷേമപെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കാന്‍ സര്‍ക്കാര്‍ 576 കോടി അനുവദിച്ചതായി ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. വിവിധ പെന്‍ഷനുകള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ്, ഉത്സവബത്ത, ഓണച്ചന്ത തുടങ്ങിയവയ്ക്കായി ഈ മാസത്തെ അധികച്ചെലവ് 2,500 കോടിയാണ്. ഇത്രയേറെ ബാധ്യതയുണ്ടായിട്ടും ഓണക്കാലത്ത് സര്‍ക്കാര്‍ വായ്പയെടുക്കാത്ത അവസ്ഥ രണ്ടു പതിറ്റാണ്ടിനുള്ളില്‍ ആദ്യ അനുഭവമാണെന്നും ധനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഓണക്കാലത്ത് 2500 കോടി രൂപയുടെ അധികബാധ്യത ഏറ്റെടുക്കാന്‍ സാധിച്ചത് റവന്യൂ വരുമാനത്തിലെ വര്‍ധനമൂലമാണ്. നാലുമാസമായി റവന്യൂ വരുമാനത്തില്‍ 30 ശതമാനം വര്‍ധനയുണ്ട്. വരുംമാസങ്ങളില്‍ ഇത് 35 ശതമാനമായി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഓണക്കാലത്ത് കര്‍ഷകത്തൊഴിലാളികള്‍ക്കായി 251 കോടി നീക്കിവച്ചു. പെന്‍ഷന്‍ ആനുകൂല്യത്തിന് 211 കോടിയും കര്‍ഷകത്തൊഴിലാളികളുടെ വിരമിക്കല്‍ ആനുകൂല്യത്തിലെ കുടിശ്ശിക തീര്‍ക്കാന്‍ 409 കോടിയും നല്‍കി. വികലാംഗ പെന്‍ഷന് 58 കോടിയും അഗതികള്‍ക്ക് 143 കോടിയും പ്രായാധിക്യമുള്ളവര്‍ക്ക് 71 കോടിയുമാണ് ചെലവാക്കുന്നത്. അടഞ്ഞുകിടക്കുന്ന ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് ആനുകൂല്യം നല്‍കാന്‍ 50 കോടിയും അനുവദിച്ചു.

സിവില്‍ സപ്ളൈസ് കോര്‍പറേഷനും കണ്‍സ്യൂമര്‍ ഫെഡും ആരംഭിച്ച ഓണച്ചന്തകള്‍ റമദാന്‍വരെ തുടരും. വിദ്യാര്‍ഥികള്‍ക്ക് അഞ്ചു കിലോ അരി സൌജന്യമായി വിതരണംചെയ്യും. അങ്കണവാടി ജീവനക്കാര്‍, പാചകത്തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കു നല്‍കുന്ന ഉത്സവബത്തയായ 500 രൂപ ഇക്കുറി ആശ വര്‍ക്കേഴ്സിനും അനുവദിച്ചിട്ടുണ്ട്. വരുംമാസങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 8,000 കോടി വേണ്ടിവരും. റോഡിലെ കുഴി അടയ്ക്കുന്ന പണി നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ട്. ചില റോഡുകള്‍ തുലാവര്‍ഷം കഴിഞ്ഞേ നന്നാക്കാനാവൂവെന്നും ധനമന്ത്രി പറഞ്ഞു.

ദേശാഭിമാനി 16082010

1 comment:

  1. ഓണം പ്രമാണിച്ച് ക്ഷേമപെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കാന്‍ സര്‍ക്കാര്‍ 576 കോടി അനുവദിച്ചതായി ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. വിവിധ പെന്‍ഷനുകള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ്, ഉത്സവബത്ത, ഓണച്ചന്ത തുടങ്ങിയവയ്ക്കായി ഈ മാസത്തെ അധികച്ചെലവ് 2,500 കോടിയാണ്. ഇത്രയേറെ ബാധ്യതയുണ്ടായിട്ടും ഓണക്കാലത്ത് സര്‍ക്കാര്‍ വായ്പയെടുക്കാത്ത അവസ്ഥ രണ്ടു പതിറ്റാണ്ടിനുള്ളില്‍ ആദ്യ അനുഭവമാണെന്നും ധനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

    ReplyDelete