Sunday, August 29, 2010

ബെല്ലാരി രാഷ്ട്രീയം, ബെല്ലാരിക്കൊള്ള

ഇരുമ്പയിരിന്റെ നാട്ടിലെ ഖനിക്കൊള്ള

ബെല്ലാരിയിലേക്കുള്ള യാത്രക്കിടെ ചെലെക്കര ഗ്രാമത്തില്‍ ദ്രവിച്ചനിലയില്‍ ഒരു ചെറിയ ബോര്‍ഡ് കാണാം. ജില്ലയുടെ പ്രത്യേകത വിളിച്ചോതുന്ന ബോര്‍ഡില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.

'സമൃദ്ധമായ ഇരുമ്പയിരിന്റെ നാട്ടിലേക്ക് സ്വാഗതം. ഇരുമ്പയിര് അമൂല്യമാണ്. അമിത ചൂഷണം അരുത്'.

എന്നാല്‍, ഖനികളാല്‍ സമൃദ്ധമായ ബെല്ലാരി കുറെക്കാലമായി വിവാദ ഭൂമിയാണ്. കര്‍ണാടകത്തിലെ ബിജെപി മന്ത്രിമാരും വന്‍കിട വ്യവസായികളുമായ റെഡ്ഡി സഹോദരന്മാരാണ് വിവാദ നായകര്‍. അനധികൃത ഖനനത്തിലൂടെ ശതകോടികള്‍ കൊയ്യുന്ന റവന്യൂമന്ത്രി കരുണാകരറെഡ്ഡി, ടൂറിസം മന്ത്രി ജനാര്‍ദന റെഡ്ഡി, ഇളയസഹോദരനും എംഎല്‍എയുമായ സോമശേഖര റെഡ്ഡി എന്നിവരെ പിന്തുണയ്ക്കുകയാണ് യെദ്യൂരപ്പ സര്‍ക്കാരും ബിജെപി നേതൃത്വവും. ഇവരെ തൊടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ധൈര്യമില്ല.

കര്‍ണാടകത്തിലെ സന്ദൂര്‍, ഹൊസ്പേട്ട്, ബെല്ലാരി, കുഡ്ഗി എന്നിവിടങ്ങളിലാണ് പ്രധാനമായും ഇരുമ്പയിര്, മാംഗനീസ്, റെഡ് ഓക്സൈഡ്, ചെമ്പ്, സ്വര്‍ണം എന്നിവയുടെ ഭൂരിഭാഗം ഖനിയും പ്രവര്‍ത്തിക്കുന്നത്. വര്‍ഷം ശരാശരി 2.75 മുതല്‍ 5.01 ദശലക്ഷംടണ്‍ ഇരുമ്പയിരും 0.13 മുതല്‍ 1.76 ദശലക്ഷം ടണ്‍ മാംഗനീസും ഇവിടെനിന്ന് ഖനനം ചെയ്യുന്നുവെന്നാണ് സര്‍ക്കാര്‍ കണക്ക്. എന്നാല്‍, കഴിഞ്ഞ നാലരവര്‍ഷമായി അനുവദനീയമായതിന്റെ നാലിരട്ടിയാണ് അനധികൃതമായി കുഴിച്ചെടുക്കുന്നത്. റെഡ്ഡി സഹോദരന്മാരുടെ ഉടമസ്ഥതയിലുള്ള ഒബല്ലാപുമരം, അനന്തപുര്‍ മൈനിങ് കമ്പനികളാണ് പ്രധാന ചൂഷകര്‍.

ഭൌമവകുപ്പ് 1969ല്‍ നടത്തിയ സര്‍വേയില്‍ 100 കോടി ടണ്‍ ഇരുമ്പയിര് ശേഖരമാണ് ഇവിടെ കണ്ടെത്തിയത്. തുടര്‍ന്ന് 224.29 ഹെക്ടറില്‍ ഖനനം നടത്താന്‍ അനുമതി നല്‍കി. ഇതുപ്രകാരം ടപാല്‍ തിമ്മണ്ണറെഡ്ഡി എന്നയാളാണ് ഖനി ആരംഭിച്ചത്. ആന്ധ്രഅതിര്‍ത്തിയിലെ റായ്ദുര്‍ഗ, മലപ്പനഗുഡി പ്രദേശങ്ങളോട് ചേര്‍ന്നുള്ള സ്ഥലത്തായിരുന്നു ആദ്യം ഖനനം. തുടര്‍ന്ന് കര്‍ണാടകത്തിലെ തുമിട്ടി, വിട്ലാപുര, ബെല്ലാരി, സന്ദൂര്‍ എന്നിവിടങ്ങളിലും ഖനി ആരംഭിച്ചു. നടത്തിപ്പില്‍ ക്രമക്കേട് കണ്ടതിനെത്തുടര്‍ന്ന് 1971ല്‍ ഖനി പ്രവര്‍ത്തനം നിര്‍ത്താന്‍ അന്നത്തെ റായ്ദുര്‍ഗ തഹസില്‍ദാര്‍ ഉത്തരവിട്ടു. പിന്നീട് 1972ല്‍ ബെല്ലാരി താലൂക്കിലെ വണഹള്ളി വില്ലേജില്‍ 224.29 ഹെക്ടര്‍ സ്ഥലത്ത് 10 വര്‍ഷം ഖനനം നടത്താന്‍ ഇണ്ണയ്യറെഡ്ഡി എന്നയാള്‍ക്ക് അനുമതി നല്‍കി. ഖനനം നടക്കവെ സര്‍ക്കാര്‍ അനുമതിയില്ലാതെ 1987ല്‍ ഈ ലൈസന്‍സ് ബ്ളാക്ക് ഗോള്‍ഡ് (അയ ഓര്‍) മൈന്‍സ് ആന്‍ഡ് മിനറല്‍സ് എന്ന സ്ഥാപനത്തിന് മറിച്ചുനല്‍കി. റെഡ്ഡി സഹോദരങ്ങളുടെ ബിനാമി പേരില്‍ പ്രവര്‍ത്തിച്ച സ്ഥാപനമാണ് ലൈസന്‍സ് സ്വന്തമാക്കിയത്.

1999ല്‍ നിലവില്‍ വന്ന ഒബല്ലാപുമരം മൈനിങ് കമ്പനിയും അനന്തപുര്‍ മൈനിങ് കമ്പനിയും ഖനനകേന്ദ്രം ക്രമേണ ബെല്ലാരിയിലേക്ക് നീക്കി. ഇതിനുശേഷമാണ് സംരക്ഷിത വനമേഖലയിലടക്കം റെഡ്ഡി സഹോദരന്മാര്‍ വന്‍തോതില്‍ഖനനം ആരംഭിച്ചത്.
ബെല്ലാരി ജില്ലയിലെ 61,445 ഹെക്ടര്‍ സംരക്ഷിത വനമേഖലയില്‍ 2013.52 ഹെക്ടര്‍ റെഡ്ഡി സഹോദരങ്ങള്‍ കൈയേറി ഖനനം തുടങ്ങി. വനംവകുപ്പ് 1896ല്‍ അളന്നു തിട്ടപ്പെടുത്തിയ അതിര്‍ത്തിരേഖകള്‍തകര്‍ത്താണ് ഇവര്‍ ഭൂമി സ്വന്തമാക്കിയത്. വിവാദമായപ്പോള്‍ സര്‍വേ ഓഫ് ഇന്ത്യയും വനംവകുപ്പും സംയുക്തമായി വീണ്ടും സര്‍വേ നടത്തി. പടിഞ്ഞാറു ഭാഗത്ത് 732 മീറ്ററും തെക്കുഭാഗത്ത് 287 മീറ്ററും വനം കൈയേറിയതായി കണ്ടെത്തി. 2009 ഏപ്രില്‍ 28ന് ആന്ധ്ര വനംവകുപ്പ് നടത്തിയ അന്വേഷണത്തിലും കൈയേറ്റം വ്യക്തമായി. സുപ്രീംകോടതി നിയോഗിച്ച സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റിയും ബെല്ലാരി, സന്ദൂര്‍ മേഖലകളില്‍ അനധികൃത ഖനനം കണ്ടെത്തിയിരുന്നു. ഇതിലൂടെ സംസ്ഥാനത്തിന് 23,000 കോടിയുടെ നഷ്ടമുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രി യെദ്യൂരപ്പ ഇക്കാര്യം നിയമസഭയില്‍ സമ്മതിച്ചുവെങ്കിലും നഷ്ടം 15,000 കോടിയാണെന്നാണ് അദ്ദേഹത്തിന്റെ വാദം.

ഭീതിയുടെ നിഴലില്‍ ബെല്ലാരി

മീറ്ററുകളോളം ഉയരത്തിലുള്ള കമ്പിവേലികള്‍, അത്യാധുനിക ആയുധങ്ങളുമായി ഖനനമേഖലയ്ക്ക് കാവല്‍നില്‍ക്കുന്ന ഗണ്‍മാന്‍മാര്‍, വഴിതെറ്റിയെങ്ങാനും ഈ മേഖലയുടെ പരിസരത്ത് ചെന്നുപെട്ടാല്‍ മണിക്കൂറുകളോളം ഭേദ്യംചെയ്യല്‍, സമാന്തര സൈനിക വിഭാഗത്തെപ്പോലെ എസ്കോര്‍ട്ട് പോകുന്നവര്‍, എതിര്‍ക്കുന്നവരെ അടിച്ചൊതുക്കല്‍- ബെല്ലാരിയില്‍ എത്തുന്നവര്‍ക്ക് കാണാന്‍ കഴിയുന്ന കാഴ്ചകളാണിവ. ഖനനം സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷിച്ചാല്‍ അതിവേഗം അകന്നുമാറുകയാണ് നാട്ടുകാര്‍. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഇവിടെ നടന്ന സംഭവങ്ങള്‍ ബെല്ലാരി നിവാസികളെ അത്രയേറെ ഭയപ്പെടുത്തുന്നു.

2006 വരെ 196 കമ്പനിക്കാണ് ഇരുമ്പയിര് കുഴിച്ചെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. രണ്ടു വര്‍ഷത്തിനിടെ പുതുതായി 17 കമ്പനി കൂടി വന്നു. ഇതില്‍ ആന്ധ്രയിലെ അനന്തപുര്‍ ആസ്ഥാനമായ കമ്പനികള്‍ക്കും ലൈസന്‍സ് ലഭിച്ചു. ഇങ്ങനെ അനുമതി ലഭിച്ചതില്‍ മൂന്നെണ്ണം റെഡ്ഡി സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ളവയാണ്. നിയമം കാറ്റില്‍പ്പറത്തിയാണ് ഇവയ്ക്കെല്ലാം അനുമതി ലഭ്യമാക്കിയത്. ബെല്ലാരിയിലെ സംരക്ഷിത വനമേഖലയിലെ നൂറുകണക്കിന് ഹെക്ടറില്‍ ഒബല്ലാപുരം മൈനിങ് കമ്പനിയാണ് ഖനനം നടത്തുന്നത്. ചട്ടം മറികടന്ന് ഇവയുടെ ലീസ് പുതുക്കി നല്‍കിയത് 19 വര്‍ഷത്തേക്കാണ്. സാധാരണഗതിയില്‍ 10 വര്‍ഷത്തേക്കാണ് ലീസ് പുതുക്കിനല്‍കുക.

സംരക്ഷിത വനമേഖലകളില്‍പോലും റെഡ്ഡി സഹോദരങ്ങളുടെ അനധികൃത ഖനനം വ്യാപിച്ചപ്പോള്‍ നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും പരാതി നല്‍കി. പ്രതിഷേധം വ്യാപകമായതോടെ മാധ്യമങ്ങളും രംഗത്തുവന്നു. കാര്‍വാര്‍, ബെല്ലെക്കരെ തുറമുഖങ്ങള്‍ വഴി വന്‍തോതില്‍ ഇരുമ്പയിര് കടത്തുന്നതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. തുടര്‍ന്ന് ലോകായുക്ത അന്വേഷണം ആരംഭിച്ചു. പ്രതിദിനം ആയിരത്തിലേറെ ലോറികളില്‍ ഇരുമ്പയിര് വ്യാജപാസ് ഉപയോഗിച്ച് കടത്തുന്നതായി അന്വേഷകസംഘം കണ്ടെത്തി. കാര്‍വാര്‍ തുറമുഖം വഴി മൂന്നുമാസത്തിനിടെ അനധികൃതമായി 2000 കോടി രൂപയുടെ ഇരുമ്പയിര് കടത്തിയതായി ലോകായുക്ത കണ്ടെത്തി. കസ്റംസ് നികുതി അടയ്ക്കാതെയായിരുന്നു കടത്ത്. പിടിച്ചെടുത്ത പെര്‍മിറ്റുകള്‍ വ്യാജമാണെന്നും തെളിഞ്ഞു. തുടര്‍ന്ന് സമഗ്ര അന്വേഷണം വേണമെന്ന് ലോകായുക്ത സര്‍ക്കാരിനോട് നിര്‍ദേശിച്ചു. റെഡ്ഡി സഹോദരങ്ങളുടെ സമ്മര്‍ദത്തിന് വഴങ്ങി ഇതും ചുവപ്പുനാടയില്‍ കുരുങ്ങി. ഇതിനെത്തുടര്‍ന്നാണ് ലോകായുക്ത ജസ്റിസ് എന്‍ സന്തോഷ് ഹെഗ്ഡെ രാജിവച്ചത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ ലോകായുക്ത റെയ്ഡില്‍ പിടികൂടിയ എട്ടുലക്ഷം മെട്രിക് ടണ്‍ ഇരുമ്പയിരില്‍ അഞ്ചുലക്ഷം മെട്രിക് ടണ്‍ തുറമുഖത്തുനിന്ന് കാണാതായി. എന്നാല്‍, അഴിമതി കണ്ടെത്തിയ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. അഴിമതിക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പല തവണ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ ഇതെല്ലാം അവഗണിച്ചു. സിബിഐ അന്വേഷണം നടത്തണമെന്ന ആവശ്യവും നിരസിച്ചാണ് കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാര്‍ കൊള്ളയ്ക്ക് കൂട്ടു നില്‍ക്കുന്നത്.

ശതകോടീശ്വരന്മാരായത് ബിജെപി തണലില്‍

രാഷ്ട്രീയത്തില്‍ ചുരുങ്ങിയ വര്‍ഷത്തെ പരിചയം മാത്രമുള്ള കര്‍ണാടക റവന്യൂമന്ത്രി കരുണാകരറെഡ്ഡിയും ടൂറിസംമന്ത്രി ജനാര്‍ദനറെഡ്ഡിയും നേതൃനിരയിലേക്കുയര്‍ന്നത് ബിജെപി കേന്ദ്രനേതൃത്വവുമായുള്ള അടുത്ത ബന്ധത്തില്‍. രാഷ്ട്രീയസ്വാധീനവും അധികാരവും ഉപയോഗിച്ച് ഇവര്‍ നേടിയ ആസ്തി 1600 കോടി കവിയും. രാഷ്ട്രീയപ്രവര്‍ത്തനത്തേക്കാള്‍ വ്യവസായത്തോടാണ് റെഡ്ഡിമാര്‍ക്ക് എക്കാലത്തും താല്‍പ്പര്യം. ബെല്ലാരിയിലെ പൊലീസ് കോണ്‍സ്റബളിന്റെ മക്കളായ റെഡ്ഡി സഹോദരന്മാര്‍ ശതകോടീശ്വരന്മാരായി വളര്‍ന്നത് കേവലം 12 വര്‍ഷംകൊണ്ട്. ബെല്ലാരിയില്‍ സ്വകാര്യ പണമിടപാട് സ്ഥാപനം നടത്തിയാണ് ബിസിനസ് രംഗത്തേക്ക് വന്നത്. 200 കോടിയോളം രൂപയുടെ ക്രമക്കേട് നടത്തിയശേഷം 1998ല്‍ സ്ഥാപനം പൂട്ടി. ആന്ധ്ര-കര്‍ണാടക അതിര്‍ത്തിയായ സന്ദൂരിലും വണഹള്ളിയിലും ഇണ്ണയ്യറെഡ്ഡി നടത്തിയിരുന്ന ലൈസന്‍സ് ബിനാമി പേരില്‍ സ്വന്തമാക്കിയ റെഡ്ഡിമാര്‍ പതിയെ ഖനന വ്യവസായത്തിലേക്ക് മാറി.

1999ലെ ലോക്സഭാ തെരഞ്ഞെടുപ്പോടെയാണ് റെഡ്ഡിമാര്‍ രാഷ്ട്രീയത്തില്‍ ശ്രദ്ധേയരായത്. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്കെതിരെ ബെല്ലാരിയില്‍ മത്സരിച്ച സുഷമാ സ്വരാജിനു വേണ്ടി രംഗത്തുവന്ന ഇവര്‍ വന്‍തോതില്‍ പണമൊഴുക്കി. ഈ തെരഞ്ഞെടുപ്പോടെ റെഡ്ഡിമാര്‍ സുഷമാ സ്വരാജിന്റെ അടുത്ത അനുയായികളായി. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച റെഡ്ഡി സഹോദരങ്ങളില്‍ രണ്ടുപേര്‍ എംഎല്‍എമാരായി. ഒരാള്‍ എംഎല്‍സിയും. ഇതോടെയാണ് ഇവര്‍ കര്‍ണാടക രാഷ്ട്രീയത്തില്‍ ശക്തരായത്.

കോണ്‍ഗ്രസിനും ഈ പാപത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. എസ് എം കൃഷ്ണയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരും ഇതിന്റെ തുടര്‍ച്ചയായ ധരംസിങ് സര്‍ക്കാരും അനധികൃത ഖനനത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് കൈക്കൊണ്ടത്. 2005ല്‍ ഗുല്‍ബര്‍ഗ ഫോറസ്റ് കണ്‍സര്‍വേറ്റര്‍ പുനതി ശ്രീധര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഖനനത്തിന്റെ മറവില്‍ വന്‍തോതില്‍ സര്‍ക്കാര്‍ വനഭൂമി കൈയേറിയിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഈ റിപ്പോര്‍ട്ട് അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അവഗണിച്ചു. സന്ദൂര്‍ മേഖലയില്‍ അതിര്‍ത്തിരേഖ കടന്ന് ഖനനം നടത്തിയ ഒബല്ലാപുരം കമ്പനിയുടെ നടപടി തടയാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തയ്യാറായില്ല. ബെല്ലാരിയിലും പരിസരങ്ങളിലും പ്രവര്‍ത്തിക്കുന്ന പതിനേഴിലേറെ കമ്പനികള്‍ക്ക് പട്ടയം അനുവദിക്കുകയും ചെയ്തു. കോണ്‍ഗ്രസ് എംഎല്‍എ അനില്‍ലാഡും സഹോദരനും രാജ്യസഭാംഗവുമായ സന്തോഷ് ലാഡും ഖനനവിവാദത്തില്‍ അന്വേഷണം നേരിടുന്നവരാണ്. കെപിസിസി പ്രസിഡന്റ് ആര്‍ വി ദേശ്പാണ്ഡെയുടെ മകനും അനധികൃത ഖനനത്തില്‍ ആരോപണനിഴലിലാണ്.

പരാതി നല്‍കുന്നവരെ കായികമായി നേരിടുകയാണ് ഖനി മാഫിയ. പരിസ്ഥിതിസന്തുലനം തകര്‍ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയ പരിസ്ഥിതി പ്രവര്‍ത്തകനെ നഗരമധ്യത്തിലിട്ട് ക്രൂരമായി മര്‍ദിച്ചാണ് റെഡ്ഡി സഹോദരങ്ങള്‍ കണക്കുതീര്‍ത്തത്. ഖനനം നടക്കുന്ന മേഖലകളില്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് റിപ്പോര്‍ട്ട് നല്‍കിയ ബെല്ലാരി കോര്‍പറേഷന്‍ ജീവനക്കാരായ രണ്ടുപേരെ കഴിഞ്ഞ ഒന്നര വര്‍ഷത്തിലേറെയായി കാണാനില്ല. പൊലീസ് കേസ് രജിസ്റര്‍ ചെയ്തെങ്കിലും അന്വേഷണം എങ്ങുമെത്തിയതുമില്ല.

അന്വേഷണം പ്രഹസനം; ജൈവവൈവിധ്യം തകരുന്നു

2003 മുതലാണ് ബെല്ലാരിയില്‍ അനധികൃതഖനനം വ്യാപകമായത്. കോണ്‍ഗ്രസ്, ബിജെപി അനുഭാവികളും പ്രവര്‍ത്തകരുമായ ഖനി ഉടമകളുടെ നേതൃത്വത്തിലായിരുന്നു ചൂഷണം. അനധികൃതഖനനവുമായി ബന്ധപ്പെട്ട് ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ 237ലേറെ കേസുണ്ട്. എന്നാല്‍, ഇതിലൊന്നും നടപടിയായില്ലെന്നുമാത്രമല്ല, പല കേസിന്റെയും അന്വേഷണം പാതിവഴിയില്‍ അവസാനിച്ചു.

റെഡ്ഡി സഹോദരന്മാരുടെ ഉടമസ്ഥതയിലുള്ള ഒബല്ലാപുരം മൈനിങ് കമ്പനിയുടെ അനധികൃതഖനനത്തിനെതിരെ ആന്ധ്രയിലും കേസെടുത്തിരുന്നു. പരിസ്ഥിതിക്കും ജൈവവൈവിധ്യത്തിനും വന്‍ഭീഷണിയാണെന്ന വിദഗ്ധ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആന്ധ്രസര്‍ക്കാര്‍ ഖനനം വിലക്കി. എന്നാല്‍, ഹൈക്കോടതി ഇത് സ്റേചെയ്യുകയും ഖനനം തുടരാന്‍ അവസരമൊരുക്കുകയും ചെയ്തു. ഇതിനെതിരെ ആന്ധ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഹര്‍ജി ഫയലില്‍ സ്വീകരിച്ചപ്പോള്‍ത്തന്നെ ഹൈക്കോടതി വിധി സ്റേചെയ്ത് സുപ്രീംകോടതി അനധികൃതഖനനം തടഞ്ഞു. പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉന്നതാധികാരസമിതിയെയും നിയോഗിച്ചു.

നാടിനും പരിസ്ഥിതിക്കും ആപല്‍ക്കരമായ ഖനനം പൂര്‍ണമായി തടയാനാണ് സമിതി സുപ്രീംകോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചത്. ഒബല്ലാപുരം മൈനിങ് കമ്പനിയുടെ നിയമവിരുദ്ധപ്രവര്‍ത്തനങ്ങളും റിപ്പോര്‍ട്ടില്‍ അക്കമിട്ടുനിരത്തിയിരുന്നു. പാട്ടക്കരാറില്‍ പറയുന്നതിനേക്കാള്‍ കൂടുതല്‍ സ്ഥലത്ത് കമ്പനി ഖനനം നടത്തുന്നുണ്ടെന്നും സംരക്ഷിതവനമേഖല വ്യാപകമായി കൈയേറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ബിഐഒപിയുടേതുള്‍പ്പെടെ ഈ മേഖലയിലെ മറ്റ് മൈനിങ് കമ്പനികളുടെ പാട്ടഭൂമി ഒബല്ലാപുരം കൈവശപ്പെടുത്തിയിട്ടുണ്ട്. അനിയന്ത്രിത ഖനനംമൂലം കര്‍ണാടകത്തെയും ആന്ധ്രപ്രദേശിനെയും വേര്‍തിരിക്കുന്ന അതിര്‍ത്തിരേഖപോലും അപ്രത്യക്ഷമായതായും സമിതി കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് ഖനനപ്രവര്‍ത്തനം നിരോധിച്ച് സര്‍വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ സമഗ്രസര്‍വേയ്ക്കും അതിര്‍ത്തിനിര്‍ണയത്തിനും ശുപാര്‍ശചെയ്തത്. തര്‍ക്കമുള്ള സ്ഥലത്തെ ഖനനം വിലക്കിയ സുപ്രീംകോടതി രണ്ടുമാസത്തിനകം സര്‍വേ പൂര്‍ത്തിയാക്കി ആന്ധ്ര- കര്‍ണാടക അതിര്‍ത്തി കൃത്യമായി രേഖപ്പെടുത്താന്‍ സര്‍വേ ഓഫ് ഇന്ത്യയോട് നിര്‍ദേശിച്ചു. അതിര്‍ത്തിയില്‍നിന്ന് 150 മീറ്റര്‍ വിട്ടുമാത്രമേ ഖനനം പാടുള്ളൂ. സര്‍വേ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടാല്‍ ഖനനം നിര്‍ത്തണം. എന്നാല്‍, ഈ വ്യവസ്ഥയൊന്നും ഇവിടെ ഇന്നും പാലിക്കുന്നില്ല.

അനധികൃതഖനനത്തിനെതിരെ ലോകായുക്ത അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നടപടിയെടുക്കാത്തതും വിമര്‍ശത്തിനിടയാക്കി. ഖനി ഉടമകളായ മന്ത്രി സഹോദരങ്ങളുടെ സമ്മര്‍ദമാണ് നടപടിയെടുക്കാത്തതിനുപിന്നിലെന്നാണ് ആരോപണം. മാര്‍ച്ചില്‍ ലോകായുക്ത നിര്‍ദേശപ്രകാരം ഗോകുല്‍ തുറമുഖത്ത് നടത്തിയ റെയ്ഡില്‍ എട്ടുലക്ഷം മെട്രിക് ട ഇരുമ്പയിര് കണ്ടെത്തി. മതിയായ പെര്‍മിറ്റില്ലാതെ സൂക്ഷിച്ച ഇരുമ്പയിര് വനം അധികൃതര്‍ കണ്ടുകെട്ടി 10 ഖനനകമ്പനിക്കെതിരെ കേസെടുത്തു. ഇരുമ്പയിര് വിട്ടുകിട്ടുന്നതിന് 10 കമ്പനിക്കും ഹൈക്കോടതിയില്‍നിന്ന് അനുകൂലവിധിയുണ്ടായില്ല. എന്നിട്ടും അനധികൃതഖനനത്തിനെതിരെ നടപടിയെടുക്കാനോ ഖനികള്‍ ദേശസാല്‍ക്കരിക്കാനോ ആവശ്യമായ നടപടി സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. സംഭവത്തെപ്പറ്റി സിബിഐ അന്വേഷണം നടത്തണമെന്ന ആവശ്യമുയര്‍ന്നിട്ടും ഖനി, വനംവകുപ്പ് എന്നിവയുടെ ചുമതലയുള്ള മുഖ്യമന്ത്രി യെദ്യൂരപ്പ മുഖംതിരിക്കുകയാണ്. ഭരണരാഷ്ട്രീയ- ഖനിമാഫിയ കൂട്ടുകെട്ടും പൊലീസിലെയും വനംവകുപ്പിലെയും മൈനിങ് ആന്‍ഡ് ജിയോളജിവകുപ്പിലെയും ചില ഉദ്യോഗസ്ഥരുടെ അനധികൃത ഇടപെടലും ഹരിതമനോഹരമായ ബെല്ലാരി ഭൂമികയെയും അതിന്റെ ജൈവവൈവിധ്യത്തെയും ഇല്ലാതാക്കുകയാണ്.

പി.വി.മനോജ് കുമാര്‍ ദേശാഭിമാനി ദിനപത്രത്തില്‍ എഴുതിയ ‘ഇരുമ്പയിരിന്റെ നാട്ടിലെ ഖനിക്കൊള്ള’ എന്ന പരമ്പരയുടെ പൂര്‍ണ്ണരൂപം.

1 comment:

  1. 1999ലെ ലോക്സഭാ തെരഞ്ഞെടുപ്പോടെയാണ് റെഡ്ഡിമാര്‍ രാഷ്ട്രീയത്തില്‍ ശ്രദ്ധേയരായത്. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്കെതിരെ ബെല്ലാരിയില്‍ മത്സരിച്ച സുഷമാ സ്വരാജിനു വേണ്ടി രംഗത്തുവന്ന ഇവര്‍ വന്‍തോതില്‍ പണമൊഴുക്കി. ഈ തെരഞ്ഞെടുപ്പോടെ റെഡ്ഡിമാര്‍ സുഷമാ സ്വരാജിന്റെ അടുത്ത അനുയായികളായി. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച റെഡ്ഡി സഹോദരങ്ങളില്‍ രണ്ടുപേര്‍ എംഎല്‍എമാരായി. ഒരാള്‍ എംഎല്‍സിയും. ഇതോടെയാണ് ഇവര്‍ കര്‍ണാടക രാഷ്ട്രീയത്തില്‍ ശക്തരായത്.

    കോണ്‍ഗ്രസിനും ഈ പാപത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. എസ് എം കൃഷ്ണയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരും ഇതിന്റെ തുടര്‍ച്ചയായ ധരംസിങ് സര്‍ക്കാരും അനധികൃത ഖനനത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് കൈക്കൊണ്ടത്. 2005ല്‍ ഗുല്‍ബര്‍ഗ ഫോറസ്റ് കണ്‍സര്‍വേറ്റര്‍ പുനതി ശ്രീധര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഖനനത്തിന്റെ മറവില്‍ വന്‍തോതില്‍ സര്‍ക്കാര്‍ വനഭൂമി കൈയേറിയിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഈ റിപ്പോര്‍ട്ട് അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അവഗണിച്ചു. സന്ദൂര്‍ മേഖലയില്‍ അതിര്‍ത്തിരേഖ കടന്ന് ഖനനം നടത്തിയ ഒബല്ലാപുരം കമ്പനിയുടെ നടപടി തടയാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തയ്യാറായില്ല. ബെല്ലാരിയിലും പരിസരങ്ങളിലും പ്രവര്‍ത്തിക്കുന്ന പതിനേഴിലേറെ കമ്പനികള്‍ക്ക് പട്ടയം അനുവദിക്കുകയും ചെയ്തു. കോണ്‍ഗ്രസ് എംഎല്‍എ അനില്‍ലാഡും സഹോദരനും രാജ്യസഭാംഗവുമായ സന്തോഷ് ലാഡും ഖനനവിവാദത്തില്‍ അന്വേഷണം നേരിടുന്നവരാണ്. കെപിസിസി പ്രസിഡന്റ് ആര്‍ വി ദേശ്പാണ്ഡെയുടെ മകനും അനധികൃത ഖനനത്തില്‍ ആരോപണനിഴലിലാണ്.

    ReplyDelete