Monday, August 23, 2010

'ആളൊഴിഞ്ഞിട്ടു വേണ്ടേ റേഷന്‍കട പൂട്ടാന്‍'

യുഡിഎഫ് ഭരണകാലത്ത് നഷ്ടപ്പെട്ട റേഷന്‍കടകളുടെ പ്രതാപം എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടെടുത്തതിന്റെ ഗുണം അനുഭവിക്കുന്നതിന്റെ സന്തോഷമുണ്ട് ഗ്രാമ, നഗര വ്യത്യാസമില്ലാതെ സാധാരണ ജനങ്ങള്‍ക്ക്. അഞ്ചു വര്‍ഷംമുമ്പ് നാട്ടിന്‍പുറങ്ങളിലെ റേഷന്‍കടയില്‍ പോയാല്‍ ഒന്നും കിട്ടാത്ത അവസ്ഥയായിരുന്നു. ഇപ്പോള്‍, നല്ല കുത്തരിയും ഗോതമ്പും പഞ്ചസാരയുമെല്ലാം ആവശ്യത്തിന് കിട്ടും. മുമ്പത്തെയത്ര കാശും വേണ്ട. സാധനങ്ങള്‍ വാങ്ങാന്‍ ആളെത്താതെ പൂട്ടുന്ന അവസ്ഥയിലേക്ക് നീങ്ങിയ റേഷന്‍കടകളില്‍ ഇപ്പോള്‍ തിരക്കോടുതിരക്കാണ്. തിരക്കുമൂലം യഥാസമയം കട പൂട്ടാന്‍ പറ്റുന്നില്ലെന്നാണ് ഉടമകള്‍ പറയുന്നത്. മാസം ഒരുടണ്‍ അരി വില്‍ക്കാതിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 60-70 ടണ്ണാണ് വില്‍പ്പന. ഇത് പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്താനും സഹായിച്ചു.

"മുപ്പത് ഉറുപ്പികയുമായി കടയില്‍ പോയാല്‍ ഒരാഴ്ചയ്ക്കുള്ള അരിയും പഞ്ചസാരയും മണ്ണെണ്ണയും വാങ്ങി വീട്ടില്‍ പോകാം. ദിവസവും പച്ചമീന്‍ കൂട്ടി കഞ്ഞികുടിക്കാന്‍ പറ്റിയത് ഈസര്‍ക്കാര്‍ വന്നശേഷമാണ്''- കുണ്ടംകുഴിയിലെ നാരായണന്റെ വാക്കുകള്‍ സംസ്ഥാനത്തെ ആയിരക്കണക്കിന് പാവപ്പെട്ട മനുഷ്യരുടേതുകൂടിയാണ്.

രണ്ടു രൂപയ്ക്ക് അരി കിട്ടിത്തുടങ്ങിയത് ദരിദ്ര കുടുംബങ്ങള്‍ക്ക് കുറച്ചൊന്നുമല്ല അനുഗ്രഹമായത്. മാസം 20 കിലോയോളം അരി രണ്ട് രൂപയ്ക്ക് കിട്ടും. ആറ് കിലോ ഗോതമ്പും. നാലംഗങ്ങളുള്ള കുടുംബത്തിന് ഇത് ധാരാളം. രണ്ടോ മൂന്നോ കിലോ അരിയാണ് ചിലര്‍ക്ക് പുറത്തുനിന്ന് വാങ്ങേണ്ടിവരിക. അന്നപൂര്‍ണ കാര്‍ഡുടമകള്‍ക്ക് 10 കിലോ അരി സൌജന്യമായുണ്ട്. അന്ത്യോദയ അന്നയോജന കാര്‍ഡ് ഉടമകള്‍ക്ക് 35 കിലോ അരിയും, ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് 19 കിലോ അരിയും ആറു കിലോ ഗോതമ്പും കിലോഗ്രാമിന് രണ്ടു രൂപ നിരക്കില്‍ കിട്ടും. എപിഎല്‍ വിഭാഗത്തിന് അഞ്ചു കിലോ അരി 8.90 രൂപയ്ക്ക് ലഭിക്കും. ഓണക്കാലത്ത് ഇത് 12 കിലോയാക്കി ഉയര്‍ത്തി. ബിപിഎല്ലുകാര്‍ക്ക് ഒരംഗത്തിന് 400 ഗ്രാം പഞ്ചസാര 13.50 രൂപയ്ക്ക് നല്‍കും. മറ്റുള്ളവര്‍ക്കും അര കിലോ പഞ്ചാസാരയുണ്ട് ഇതേ വിലയ്ക്ക്.

എപിഎല്‍ കാര്‍ഡുടമകളായ കര്‍ഷകത്തൊഴിലാളികള്‍ക്കും ബീഡിത്തൊഴിലാളികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും രണ്ട് രൂപയ്ക്ക് അരി കൊടുക്കാന്‍ തുടങ്ങിയതോടെ പട്ടിണി പൂര്‍ണമായും നാട്ടില്‍നിന്ന് തുടച്ചുനീക്കപ്പെടുകയാണ്. പണമില്ലാത്തതിനാല്‍ അരി വാങ്ങാന്‍ പറ്റാത്ത ആരും കേരളത്തില്‍ ഉണ്ടാവരുതെന്ന ലക്ഷ്യത്തോടെയാണ് കേരളത്തിലെ 35 ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ടു രൂപയ്ക്ക് അരി നല്‍കുന്നത്. വിശേഷ ദിവസങ്ങളില്‍ പ്രത്യേക ചന്തകളിലൂടെ കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ കിട്ടുന്നതും വലിയ ആശ്വാസമാണ്. പുറത്തുള്ളതിന്റെ പകുതി വിലപോലുമില്ലാതെയാണ് സര്‍ക്കാര്‍ചന്തകളില്‍ സാധനങ്ങള്‍ കിട്ടുന്നത്. വിവിധ ക്ഷേമപെന്‍ഷന്‍ വാങ്ങി വീട്ടില്‍ കഴിയുന്ന വൃദ്ധജനങ്ങള്‍ക്കും കുടുംബം പുലര്‍ത്താന്‍ കഴിയുന്ന അവസ്ഥയുണ്ടാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍. മാസത്തില്‍ 300 രൂപ പെന്‍ഷന്‍ കിട്ടും. 50 രൂപയുണ്ടെങ്കില്‍ മാസത്തേക്കുള്ള അരികിട്ടും. ബാക്കി പണം മറ്റ് ആവശ്യങ്ങള്‍ക്കും വിനിയോഗിക്കാം. നാലുവര്‍ഷംമുമ്പ് 110 രൂപയുണ്ടായിരുന്ന പെന്‍ഷന്‍ 300 ആക്കിയതോടെ അവശവിഭാഗങ്ങള്‍ക്കെല്ലാം സര്‍ക്കാര്‍ താങ്ങായി.

സപ്ളൈകോ ഓണവില്‍പ്പന 470 കോടി

പീപ്പിള്‍സ് ബസാര്‍, ഓണം മാര്‍ക്കറ്റ്, മിനിഫെയര്‍ എന്നിവ ഉള്‍പ്പെടെ 3100ഓളം വിപണനമേള വഴിയാണ് റെക്കോഡ് നേട്ടം കൈവരിച്ചത്. പയറുവര്‍ഗങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഉള്‍പ്പെടെ 13 ഇനം അവശ്യവസ്തുക്കള്‍ 50 ശതമാനം വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്കു നല്‍കി. പൊതുവിപണിയില്‍ കിലോയ്ക്ക് 30 രൂപയുള്ള പുഴുക്കലരിയും പച്ചരിയും 12.70ന് യഥേഷ്ടം നല്‍കി. 170 കോടിയുടെ ആനൂകൂല്യമാണ് ഉപഭോക്താക്കള്‍ക്കു നല്‍കിയത്. 20 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ്വഴി 4000 മെട്രിക് ട അരി, 1000 മെട്രിക് ട പഞ്ചസാര, 400 മെട്രിക് ട മുളക്, 200 മെട്രിക് ട തേയില, 200 മെട്രിക് ട കറിപൌഡര്‍ എന്നിവ സൌജന്യമായി നല്‍കി. 25 ലക്ഷം സ്കൂള്‍കുട്ടികള്‍ക്കായി 14,000 മെട്രിക് ട അരി നല്‍കി. നെല്ലുസംഭരണപദ്ധതിയിലൂടെ 30,000 മെട്രിക്ട കുത്തരി 8.90 രൂപയ്ക്ക്വിതരണംചെയ്തു. ഓണംപ്രമാണിച്ച് 11,500 ട പഞ്ചസാരയും ഓണംമാര്‍ക്കറ്റിലൂടെ 7000 ട പഞ്ചസാരയും വിറ്റഴിച്ചു. രണ്ടുകോടി ഉപഭോക്താക്കള്‍ സേവനം പ്രയോജനപ്പെടുത്തി. റമദാനിലും മാര്‍ക്കറ്റില്‍ ഇടപെടാനുള്ള ഒരുക്കം സപ്ളൈകോ പൂര്‍ത്തിയാക്കി. 26 മുതല്‍ തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളില്‍ റമദാന്‍ പീപ്പിള്‍സ് ബസാര്‍ തുറക്കും. മറ്റു സ്ഥലങ്ങളില്‍ റമദാന്‍ മാര്‍ക്കറ്റ് സെപ്തംബര്‍ അഞ്ചിനു തുടങ്ങും. 26നുശേഷം സപ്ളൈകോ വില്‍പ്പനകേന്ദ്രങ്ങളില്‍ ഓണക്കാലത്തെ നിരക്കില്‍ സാധനങ്ങള്‍ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ദേശാഭിമാനി 23082010

1 comment:

  1. യുഡിഎഫ് ഭരണകാലത്ത് നഷ്ടപ്പെട്ട റേഷന്‍കടകളുടെ പ്രതാപം എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടെടുത്തതിന്റെ ഗുണം അനുഭവിക്കുന്നതിന്റെ സന്തോഷമുണ്ട് ഗ്രാമ, നഗര വ്യത്യാസമില്ലാതെ സാധാരണ ജനങ്ങള്‍ക്ക്. അഞ്ചു വര്‍ഷംമുമ്പ് നാട്ടിന്‍പുറങ്ങളിലെ റേഷന്‍കടയില്‍ പോയാല്‍ ഒന്നും കിട്ടാത്ത അവസ്ഥയായിരുന്നു. ഇപ്പോള്‍, നല്ല കുത്തരിയും ഗോതമ്പും പഞ്ചസാരയുമെല്ലാം ആവശ്യത്തിന് കിട്ടും. മുമ്പത്തെയത്ര കാശും വേണ്ട. സാധനങ്ങള്‍ വാങ്ങാന്‍ ആളെത്താതെ പൂട്ടുന്ന അവസ്ഥയിലേക്ക് നീങ്ങിയ റേഷന്‍കടകളില്‍ ഇപ്പോള്‍ തിരക്കോടുതിരക്കാണ്. തിരക്കുമൂലം യഥാസമയം കട പൂട്ടാന്‍ പറ്റുന്നില്ലെന്നാണ് ഉടമകള്‍ പറയുന്നത്. മാസം ഒരുടണ്‍ അരി വില്‍ക്കാതിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 60-70 ടണ്ണാണ് വില്‍പ്പന. ഇത് പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്താനും സഹായിച്ചു.

    ReplyDelete