കോമണ്‍വെല്‍ത്ത് ഗെയിംസ്: വിദേശയാത്രയ്ക്ക് തുലച്ചത് 45 കോടി
കോമണ്‍വെല്‍ത്ത് ഗെയിംസിന്റെപേരില്‍ നടത്തിയ വിദേശയാത്രകള്‍ ഇതുവരെ പൊടിച്ചത് 45 കോടി രൂപ. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതാക്കളടക്കം ഇരുനൂറോളം പേരാണ് വിദേശയാത്ര സംഘടിപ്പിച്ചത്. കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടകസമിതിക്കുപുറമെ കായികമന്ത്രാലയം, ഡല്‍ഹി സര്‍ക്കാര്‍, മുനിസിപ്പല്‍ കോര്‍പറേഷന്‍ ഓഫ് ഡല്‍ഹി, ന്യൂഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍, ഡല്‍ഹി ഡെവലപ്മെന്റ് അതോറിറ്റി എന്നിവയെ പ്രതിനിധാനംചെയ്താണ് വിദേശയാത്ര സംഘടിപ്പിച്ചത്. കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസ് നടന്ന മെല്‍ബണ്‍, ഒളിമ്പിക്സ് നടന്ന ബീജിങ്, 2012 ഒളിമ്പിക്സ് നടക്കുന്ന ലണ്ടന്‍ എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര. ഇതില്‍ 33 കോടി രൂപയും ചെലവിട്ടത് അമ്പതുപേരെ 2006ല്‍ മെല്‍ബണില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സമാപനച്ചടങ്ങിന്റെ നിരീക്ഷകരായി അയച്ചതിനാണ്.
ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, അന്നത്തെ ടൂറിസംമന്ത്രി എ എസ് ലവ്ലി, ഗതാഗതമന്ത്രി ഹാറൂ യൂസഫ്, കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്ലര്‍, ബിജെപി നേതാവ് വിജയ് ഗോയല്‍, ചേതന്‍ ചൌഹാന്‍, അകാലിദള്‍ നേതാവ് എസ് എസ് ധിന്‍സ, ഡല്‍ഹി മുന്‍ ചീഫ് സെക്രട്ടറി എസ് രഘുനാഥന്‍, ഡല്‍ഹി ടൂറിസം മുന്‍ സിഎംഡി സനത് കൌള്‍ തുടങ്ങിയവരാണ് ഉല്ലാസയാത്ര നടത്തിയ പ്രമുഖര്‍.
മുപ്പതോളം മുതിര്‍ന്ന ഉദ്യോഗസ്ഥരും എന്‍ജിനിയര്‍മാരും 2008 ഒളിമ്പിക്സിനുശേഷം ബീജിങ്ങിലേക്ക് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ ചെലവില്‍ പറന്നിരുന്നു. ഡല്‍ഹി ട്രാഫിക് പൊലീസില്‍ ജോയിന്റ് കമീഷണറായിരുന്ന എസ് എന്‍ ശ്രീവാസ്തവ ബീജിങ്ങിലേക്ക് പോയത് ഒളിമ്പിക്സുമായി ബന്ധപ്പെട്ട് അവിടെ സജ്ജീകരിച്ച ട്രാഫിക് ക്രമീകരണങ്ങള്‍ കാണാനാണ്. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ പ്രവര്‍ത്തനങ്ങളുമായി ഒരുതരത്തിലും ബന്ധപ്പെട്ടിട്ടില്ലാത്ത ശ്രീവാസ്തവ ഇപ്പോള്‍ ഡല്‍ഹി സായുധ പൊലീസിലാണ് പ്രവര്‍ത്തിക്കുന്നത്. ഡല്‍ഹി സര്‍ക്കാര്‍, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍, കോമണ്‍വെല്‍ത്ത് സംഘാടകസമിതി എന്നിവരാണ് വിവിധ ഘട്ടങ്ങളില്‍ ഉല്ലാസയാത്രക്ക് പണം മുടക്കിയത്. അഴിമതി പുറത്തുവന്നതിനെ തുടര്‍ന്ന് പുറത്താക്കപ്പെട്ട ഗെയിംസ് സംഘാടകസമിതി ജോയിന്റ് ഡയറക്ടര്‍ ജനറല്‍ ടി എസ് ദര്‍ബാരി അടക്കമുള്ള പ്രമുഖരും ഓസ്ട്രേലിയയിലേക്ക് പറന്നു. മെല്‍ബണില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് ആരംഭിക്കുന്നതിന് ആറുമാസം മുമ്പുതന്നെ ഇന്ത്യയില്‍നിന്ന് പത്തംഗസംഘം അവിടെ എത്തിയിരുന്നു. ഗെയിംസിന്റെ മുന്നൊരുക്കങ്ങള്‍ നേരിട്ട് വിലയിരുത്താനെന്ന പേരിലായിരുന്നു ഇത്. കോടികള്‍ ചെലവിട്ട് നടത്തിയ ഈ യാത്രകളൊന്നും കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നടത്തിപ്പിന് നയാപൈസയുടെ പ്രയോജനം ചെയ്തില്ലെന്ന് സംഘാടകര്‍തന്നെ സമ്മതിക്കുന്നു.
(വിജേഷ് ചൂടല്‍)
കൂലിയില്ലാതെ തൊഴിലാളികള്‍
ഗെയിംസിന്റെമറവില്‍ സംഘാടകര്‍ കോടികള്‍ കൊയ്യുമ്പോള്‍ സ്റ്റേഡിയങ്ങളും മറ്റും പടുത്തുയര്‍ത്തുന്ന തൊഴിലാളികള്‍ ദുരിതക്കയത്തില്‍. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ലക്ഷ്മിയെന്ന തൊഴിലാളി കഴിഞ്ഞ ദിവസം നഗരഹൃദയമായ കൊണാട്പ്ളേസില്‍ പട്ടാപ്പകല്‍ പ്രസവത്തിനിടെ വൈദ്യസഹായം കിട്ടാതെ മരിച്ചു. മൃതദേഹം കോര്‍പറേഷന്‍ വണ്ടിയില്‍ പൊലീസ് പൊതുശ്മശാനത്തിലേക്ക് കൊണ്ടുപോയി. ലക്ഷ്മി പ്രസവിച്ച പെണ്‍കുഞ്ഞ് ഇപ്പോള്‍ ലജ്പത്നഗറിലെ അനാഥാലയത്തിലാണ്. ബിഹാറില്‍നിന്നുള്ള ലക്ഷ്മിയുടെ ദീനമായ അന്ത്യം കോമണ്‍വെല്‍ത്ത് നിര്‍മാണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതങ്ങളുടെ നേര്‍കാഴ്ചയാണ്.
അഞ്ചുലക്ഷത്തിലേറെ തൊഴിലാളികള്‍ ഗെയിംസുമായി ബന്ധപ്പെട്ട നിര്‍മാണജോലിക്ക് ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. ബിഹാര്‍, മധ്യപ്രദേശ്, യുപി, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍നിന്നാണ് ഏറെയും. തുച്ഛമായ കൂലിക്ക് ജോലിയെടുക്കുന്ന ഇവര്‍ക്ക് അടിസ്ഥാനസൌകര്യംപോലും സര്‍ക്കാര്‍ ഒരുക്കിയിട്ടില്ല. ഗെയിംസ് തൊഴിലാളികള്‍ക്ക് കരാറുകാര്‍ നല്‍കുന്നത് 80-85 രൂപയാണ്. സ്ത്രീ തൊഴിലാളികള്‍ക്ക് ഇതിലും കുറവാണ്. കുറഞ്ഞത് 12 മണിക്കൂര്‍ പണിയെടുക്കുകയും വേണം. കൂലി മാസകണക്കിലാണ് നല്‍കുക. ആദ്യത്തെ കൂലി 45 ദിവസത്തിന് ശേഷം മാത്രമേ നല്‍കൂ. മാത്രമല്ല ഒരുമാസത്തെ കൂലി സെക്യൂരിറ്റിയെന്ന പേരില്‍ കരാറുകാര്‍ പിടിച്ചുവയ്ക്കും.
അടിമപ്പണിക്ക് തുല്യമാണ് തൊഴിലാളികളുടെ അവസ്ഥയെന്ന് സിഐടിയു ജനറല്‍സെക്രട്ടറി തപന്‍സെന്‍ പറഞ്ഞു. അടിസ്ഥാനസൌകര്യം പോലുമില്ലാതെ തീര്‍ത്തും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് തൊഴിലാളികള്‍ കഴിയുന്നതെന്നും തപന്‍സെന്‍ പറഞ്ഞു. വൃത്തിഹീനമായ അന്തരീക്ഷം തൊഴിലാളികളെ രോഗികളാക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഒരുവര്‍ഷം മുമ്പ് തൊഴിലാളി ക്യാമ്പുകളില്‍ മസ്തിഷ്കജ്വരം പടര്‍ന്നുപിടിച്ച് നിരവധി പേര്‍ മരിച്ചിരുന്നു. എന്നാല്‍, സംഘാടകര്‍ മരണം മൂടിവയ്ക്കുകയായിരുന്നു. ഒരുവര്‍ഷത്തിനിടെ ഇരുനൂറോളം തൊഴിലാളികള്‍ രോഗബാധിതരായും അപകടങ്ങളിലും മരിച്ചതായാണ് ട്രേഡ് യൂണിയനുകളുടെ കണക്ക്. ഔദ്യോഗിക കണക്ക് പ്രകാരം മരണം 58 മാത്രമാണ്. ബിഹാറില്‍നിന്നും മറ്റും കുടുംബമായാണ് തൊഴിലാളികള്‍ പണിക്ക് വന്നത്. പിഞ്ചുകുഞ്ഞുങ്ങളെ അരികില്‍ ഉറക്കിക്കിടത്തി പണിയെടുക്കുന്ന സ്ത്രീകള്‍ ധാരാളം. പണിസ്ഥലത്തെ പൊടിയും ചൂടുമെല്ലാം അടിച്ചാണ് കുഞ്ഞുങ്ങളുടെ ജീവിതം. തൊഴിലാളി ക്യാമ്പുകളില്‍ അങ്കണവാടികളോ മറ്റു സൌകര്യങ്ങളോ ഏര്‍പ്പെടുത്തണമെന്ന ആവശ്യവും അധികാരികള്‍ അവഗണിക്കുകയാണ്.
(എം പ്രശാന്ത്)
ദേശാഭിമാനി 08082010
കോമണ്‍വെല്‍ത്ത് ഗെയിംസിന്റെപേരില്‍ നടത്തിയ വിദേശയാത്രകള്‍ ഇതുവരെ പൊടിച്ചത് 45 കോടി രൂപ. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതാക്കളടക്കം ഇരുനൂറോളം പേരാണ് വിദേശയാത്ര സംഘടിപ്പിച്ചത്. കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടകസമിതിക്കുപുറമെ കായികമന്ത്രാലയം, ഡല്‍ഹി സര്‍ക്കാര്‍, മുനിസിപ്പല്‍ കോര്‍പറേഷന്‍ ഓഫ് ഡല്‍ഹി, ന്യൂഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍, ഡല്‍ഹി ഡെവലപ്മെന്റ് അതോറിറ്റി എന്നിവയെ പ്രതിനിധാനംചെയ്താണ് വിദേശയാത്ര സംഘടിപ്പിച്ചത്. കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസ് നടന്ന മെല്‍ബണ്‍, ഒളിമ്പിക്സ് നടന്ന ബീജിങ്, 2012 ഒളിമ്പിക്സ് നടക്കുന്ന ലണ്ടന്‍ എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര. ഇതില്‍ 33 കോടി രൂപയും ചെലവിട്ടത് അമ്പതുപേരെ 2006ല്‍ മെല്‍ബണില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സമാപനച്ചടങ്ങിന്റെ നിരീക്ഷകരായി അയച്ചതിനാണ്.
ReplyDelete