ലോട്ടറി: നടപടിക്ക് അധികാരം കേന്ദ്രത്തിന് - ഹൈക്കോടതി
കേന്ദ്ര ലോട്ടറി നിയമത്തിലെ വ്യവസ്ഥകള്‍ അന്യസംസ്ഥാന ലോട്ടറി ലംഘിച്ചാല്‍ നടപടിയെടുക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. വ്യവസ്ഥകള്‍ ലംഘിക്കുന്നത് ചൂണ്ടിക്കാട്ടി സംസ്ഥാനത്തിന് കേന്ദ്രത്തെ സമീപിക്കാം. എന്നാല്‍ ശിക്ഷാനടപടിയെടുക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ല. കേരളത്തില്‍ സിക്കിം, ഭൂട്ടാന്‍ സര്‍ക്കാരുകളുടെ ലോട്ടറിവില്‍പ്പനയ്ക്ക് മുന്‍കൂര്‍ നികുതി സ്വീകരിക്കാന്‍ വാണിജ്യ നികുതി വകുപ്പ് വിസമ്മതിക്കുന്നുവെന്ന് പരാതിപ്പെട്ട് പ്രൊമോട്ടര്‍മാരായ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോന്റെ ഉത്തരവ്.
മുന്‍കൂര്‍ നികുതി സ്വീകരിക്കാന്‍ വിസമ്മതിച്ച സര്‍ക്കാര്‍ നടപടി കേന്ദ്ര ലോട്ടറിനിയമത്തിലെ വ്യവസ്ഥകള്‍ക്കുവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മേഘയുടെ ഹര്‍ജി. രണ്ടു ലോട്ടറികളുടെയും പ്രൊമോട്ടര്‍ എന്ന നിലയില്‍ മേഘയ്ക്ക് മുന്‍കൂര്‍ നികുതി അടയ്ക്കാനും നികുതി സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലേക്ക് ലോട്ടറി കൊണ്ടുവരാനും വില്‍പ്പന നടത്താനും അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. വര്‍ഷത്തില്‍ ആറു ബംബര്‍ നറുക്കെടുപ്പും ആഴ്ചയില്‍ ഒരു സാധാരണ നറുക്കെടുപ്പും എന്ന വ്യവസ്ഥ പാലിച്ചാല്‍ സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെ മുന്‍കൂര്‍ നികുതി സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കൂടുതല്‍ നറുക്കെടുപ്പുകള്‍ കേന്ദ്ര ലോട്ടറിനിയമത്തിന് വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതോടെ ആഴ്ചയില്‍ ഒന്നിലേറെ നറുക്കെടുപ്പ് നടത്തിയാല്‍ നികുതി സ്വീകരിക്കില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിന് കോടതിയുടെ അംഗീകാരമായി. മുമ്പ് ഇത്തരത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നെങ്കിലും കോടതികള്‍ അത് ശരി വച്ചിരുന്നില്ല.
സംസ്ഥാനത്തെ നിയമവിരുദ്ധ ലോട്ടറികള്‍ക്കും ഒറ്റനമ്പര്‍ ലോട്ടറികള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മറ്റൊരു കേസ് പരിഗണിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും തിങ്കളാഴ്ച ഉത്തരവിട്ടു. നറുക്കെടുപ്പ് വ്യവസ്ഥകളില്‍ വീഴ്ചവരുത്തിയാല്‍ സംസ്ഥാന സര്‍ക്കാരിന് ലോട്ടറി നടത്തിപ്പുകാര്‍ക്കെതിരെ നടപടിക്കായി കേന്ദ്രസര്‍ക്കാരിനെ സമീപിക്കാം. നറുക്കെടുപ്പ് വ്യവസ്ഥകള്‍ സംസ്ഥാനസര്‍ക്കാര്‍ ലോട്ടറിക്കും ബാധകമാണ്. വിവിധ പേരുകളും സ്കീമുകളും കണക്കിലെടുക്കാതെയാവണം ഈ വ്യവസ്ഥ നടപ്പാക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. നറുക്കെടുപ്പിന്റെ വിശദാംശങ്ങള്‍ മാസംതോറും മുന്‍കൂറായി സര്‍ക്കാരിന് നല്‍കണമെന്നും നിര്‍ദേശമുണ്ട്. കേരളത്തില്‍ ഏതെല്ലാം ലോട്ടറികള്‍ നടത്തണമെന്ന കാര്യം തീരുമാനിക്കേണ്ടത് സിക്കിം, ഭൂട്ടാന്‍ സര്‍ക്കാരുകളാണെന്നും കോടതി പറഞ്ഞു. നറുക്കെടുപ്പുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്, സാധാരണക്കാര്‍ ചൂഷണംചെയ്യപ്പെടുന്നതും ചൂതാട്ടമായി മാറുന്നതും ഒഴിവാക്കാനാണെന്ന് കോടതി പറഞ്ഞു. ഓരോ ദിവസവും നറുക്കെടുപ്പ് നടത്തിയാല്‍ പാവപ്പെട്ടവര്‍ ദിവസവരുമാനം മുഴുവനായോ ഭാഗികമായോ ലോട്ടറി വാങ്ങാന്‍ വിനിയോഗിക്കും. അതിനാല്‍ കേന്ദ്ര ലോട്ടറിനിയമത്തിലെ നറുക്കെടുപ്പുകള്‍ സംബന്ധിച്ച വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കപ്പെടേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ലോട്ടറിയിലും ഈ വ്യവസ്ഥ പാലിച്ച് മറ്റുസംസ്ഥാനങ്ങള്‍ക്ക് മാതൃകയാവണമെന്ന് കോടതി പറഞ്ഞു.
നിയമവിരുദ്ധ ലോട്ടറികള്‍ക്കും ഒറ്റനമ്പര്‍ ലോട്ടറികള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍നായര്‍, കെ സുരേന്ദ്രമോഹന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്. ഒറ്റനമ്പര്‍ ലോട്ടറികള്‍ വ്യാപകമാണെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തരവകുപ്പ് സെക്രട്ടറിക്കും ലോട്ടറിവകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. കേന്ദ്ര ലോട്ടറിനിയമത്തിന് വിരുദ്ധമായാണ് സിക്കിം, ഭൂട്ടാന്‍ ലോട്ടറികള്‍ നറുക്കെടുപ്പ് നടത്തുന്നതെന്ന് ആരോപിച്ച് പത്രപ്രവര്‍ത്തകനായ സുല്‍ഫിക്കര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ ഉത്തരവ്. ഈ ലോട്ടറികളുടെ നടത്തിപ്പ് കേന്ദ്ര ലോട്ടറി നിയമപ്രകാരമാണോ എന്നതിനെക്കുറിച്ച് ബന്ധപ്പെട്ട സര്‍ക്കാരുകളില്‍നിന്ന് വിശദാംശങ്ങള്‍ ശേഖരിച്ച് കോടതിയെ അറിയിക്കാന്‍ കഴിയുമോ എന്ന് വ്യക്തമാക്കാന്‍ കോടതി സിബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
(പി പി താജുദ്ദീന്‍)
ലോട്ടറി: സര്‍ക്കാര്‍ നിലപാട് കോടതി ശരിവച്ചു- മന്ത്രി ഐസക്ക്
ലോട്ടറിയുടെ കാര്യത്തില്‍ കേരള സര്‍ക്കാരിന്റെ നിലപാട് ഹൈക്കോടതി ശരിവച്ചിരിക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ലോട്ടറിവില്‍പ്പനയില്‍ നിയമലംഘനം ഉണ്ടായാല്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കണമെന്നാണ് ഇപ്പോഴത്തെ നിയമം. ഇനിയെങ്കിലും ദുഷ്ടലാക്കോടെയുള്ള അപവാദപ്രചാരണം അവസാനിപ്പിക്കണം. ചെക്ക്പോസ്റ്റുകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ എത്തിയ മന്ത്രി വാളയാറില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഏതു പേരിലായാലും ആഴ്ചയില്‍ ഒരു നറുക്കെടുപ്പുമാത്രമേ നടത്താവു എന്ന ഹൈക്കോടതി നിര്‍ദേശം സ്വാഗതാര്‍ഹമാണ്. ഹൈക്കോടതിവിധി വിശദമായി പഠിച്ചശേഷം ഭാവി നടപടികള്‍ രണ്ടു ദിവസത്തിനകം തീരുമാനിക്കും. കോടതിവിധി പ്രകാരം അന്യസംസ്ഥാനങ്ങള്‍ക്കും ഒരു ലോട്ടറിയെ കേരളത്തില്‍ വില്‍ക്കാനാവൂ. ഏതു ലോട്ടറി വേണമെന്ന് അതത് സംസ്ഥാനങ്ങള്‍ തീരുമാനിക്കണം. ജനങ്ങളെ ലോട്ടറിയുടെ അടിമകളാക്കുന്ന രീതി അവസാനിപ്പിക്കണം. ലോട്ടറിമാഫിയകളെ സഹായിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. സിക്കിംലോട്ടറിയുടെ കേരളത്തിലെ പ്രൊമോട്ടര്‍ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ് ആണെന്ന് കേന്ദ്രം അറിയിച്ചതിനാലാണ് അവര്‍ക്ക് നികുതി ചുമത്തുന്നത്.
അന്യസംസ്ഥാനലോട്ടറിക്കാര്‍ നടത്തുന്ന നിയമലംഘനം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ഈ പരാതി സിക്കിം സംസ്ഥാനത്തിന് അയച്ച് പോസ്റ്റ്മാന്റെ ജോലി നിര്‍വഹിച്ചതല്ലാതെ കേന്ദ്രം ഒരു നടപടിയും സ്വീകരിച്ചില്ല. ലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനമാര്‍ഗമായ കേരള ഭാഗ്യക്കുറി നിരോധിക്കണമെന്ന് സര്‍ക്കാരിന് ആഗ്രഹമില്ല. എന്നാല്‍, വേറൊരു വഴിയുമില്ലാത്തതിനാലാണ് അത്തരമൊരു നിര്‍ദേശം. കേരളത്തിലെ ലോട്ടറിസംഘടനകളും ഏജന്റുമാരും കര്‍ശന നിലപാടെടുക്കണം. അന്യസംസ്ഥാനലോട്ടറി വില്‍ക്കില്ലെന്ന് തീരുമാനിക്കണം. ലോട്ടറിപ്രശ്നത്തില്‍ ചിലരുടെ പ്രചാരണം ഏറ്റെടുത്തതുപോലെയാണ് മാധ്യമങ്ങള്‍ വാര്‍ത്ത കൊടുക്കുന്നത്. പെയ്ഡ്ന്യൂസിനു സമാനമായ വാര്‍ത്ത നിര്‍മിക്കല്‍ ഇവിടെയും നടക്കുന്നു. രാജാവിനേക്കാള്‍ വലിയ രാജഭക്തി മാധ്യമപ്രവര്‍ത്തകര്‍ കാണിക്കരുത്. - മന്ത്രി പറഞ്ഞു. വാണിജ്യനികുതി ഡെപ്യൂട്ടി കമീഷണര്‍ സോമനാഥ്, വാളയാര്‍ ചെക്ക്പോസ്റ്റിലെ അസിസ്റ്റന്റ് കമീഷണര്‍ സജീവന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
അന്യസംസ്ഥാന ലോട്ടറി നിരോധിക്കുന്നത് വിവേചനം: ഉമ്മന്‍ചാണ്ടി
അന്യസംസ്ഥാന ലോട്ടറി നിരോധിക്കുന്നത് വിവേചനമാകുമെന്നതിനാലാണ് കേന്ദ്രസര്‍ക്കാര്‍ അത്തരമൊരു നിയമനിര്‍മാണത്തിന് അനുമതി നല്‍കാത്തതെന്ന് ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അന്യസംസ്ഥാന ലോട്ടറികള്‍ നിരോധിച്ചാല്‍ കോടതിയില്‍ നിലനില്‍ക്കില്ലെന്നാണ് കേന്ദ്രനിലപാട്. ഭരണപക്ഷത്തും പ്രതിപക്ഷത്തും ഇരിക്കുമ്പോഴും ഇത് സംബന്ധിച്ച് വിഷയം താന്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. അന്യസംസ്ഥാന ലോട്ടറികള്‍ നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നത് വസ്തുതയാണ്. എന്നാല്‍, നിലവിലുള്ള വകുപ്പ് പ്രകാരം നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. തോമസ് ഐസക് എന്തിനും കേന്ദ്രസര്‍ക്കാരിനെ കുറ്റം പറയുകയാണ്. അന്യസംസ്ഥാന ലോട്ടറിയുടെപേരില്‍ സംസ്ഥാന ലോട്ടറി നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നു. സംസ്ഥാന ലോട്ടറിക്കെതിരെ യുഡിഎഫ് ആക്ഷേപം ഉന്നയിച്ചിട്ടില്ല. സംസ്ഥാന ലോട്ടറിയുടെ നറുക്കെടുപ്പ് നടത്തുന്നത് പൊതുജനങ്ങളുടെ മുന്നില്‍വച്ച് സുതാര്യതയോടെയാണ്. സിക്കിം ഭൂട്ടാന്‍ ലോട്ടറികള്‍ക്ക് ഇതു ബാധകമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
അന്യസംസ്ഥാന ലോട്ടറികളുടെ കാര്യത്തില്‍ ഇത് ബാധകമാക്കാന്‍ ഇവിടെയുള്ള സര്‍ക്കാരിന് എങ്ങനെ കഴിയുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്ന് ഉമ്മന്‍ചാണ്ടി ഒഴിഞ്ഞുമാറി.
deshabhimani 31082010
കേന്ദ്ര ലോട്ടറി നിയമത്തിലെ വ്യവസ്ഥകള്‍ അന്യസംസ്ഥാന ലോട്ടറി ലംഘിച്ചാല്‍ നടപടിയെടുക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. വ്യവസ്ഥകള്‍ ലംഘിക്കുന്നത് ചൂണ്ടിക്കാട്ടി സംസ്ഥാനത്തിന് കേന്ദ്രത്തെ സമീപിക്കാം. എന്നാല്‍ ശിക്ഷാനടപടിയെടുക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ല. കേരളത്തില്‍ സിക്കിം, ഭൂട്ടാന്‍ സര്‍ക്കാരുകളുടെ ലോട്ടറിവില്‍പ്പനയ്ക്ക് മുന്‍കൂര്‍ നികുതി സ്വീകരിക്കാന്‍ വാണിജ്യ നികുതി വകുപ്പ് വിസമ്മതിക്കുന്നുവെന്ന് പരാതിപ്പെട്ട് പ്രൊമോട്ടര്‍മാരായ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോന്റെ ഉത്തരവ്.
ReplyDeleteസാന്റിയാഗൊമാരുഡെ വിഡുപണിക്കാരായ് സിപീഏം മാരി.
ReplyDelete