Wednesday, August 18, 2010

വിജയം കണ്ടത് പൊലീസിന്റെ ആസൂത്രണപാടവം

കൃത്യമായ ആസൂത്രണത്തിന്റെയും കരുതലോടെയുള്ള നീക്കത്തിന്റെയും ഫലമായി യാതൊരു അനിഷ്ടസംഭവങ്ങള്‍ക്കും ഇടകൊടുക്കാതെ 'ഓപ്പറേഷന്‍ അന്‍വാര്‍ശേരി' ലക്ഷ്യം കണ്ടു. തിരുവനന്തപുരം റേഞ്ച് ഐ ജി എ ഹേമചന്ദ്രനായിരുന്നു ഓപ്പറേഷന്റെ മുഴുവന്‍ ചുമതലയും. ജില്ലയിലെ പൊലീസിനെ മുഴുവന്‍ അന്‍വാര്‍ശേരിയില്‍ കേന്ദ്രീകരിച്ച് ശനിയാഴ്ച മുതല്‍ ആരംഭിച്ച നീക്കങ്ങളാണ് ഇന്നലെ ഫലപ്രാപ്തിയിലെത്തിയത്.

ശനിയാഴ്ച ജില്ലാ പൊലീസ് സൂപ്രണ്ട് ഹര്‍ഷിതാ അട്ടല്ലൂരിയുടെ നേതൃത്വത്തില്‍ പൊലീസ് അന്‍വാര്‍ശേരിയിലെത്തിയതുമുതല്‍ നടത്തിയ കൃത്യമായ നീക്കങ്ങള്‍ പൊലീസിന്റെ ജോലി എളുപ്പത്തിലാക്കി. അന്‍വാര്‍ശേരിക്കുള്ളില്‍ അകപ്പെട്ടവര്‍ ഓരോരുത്തരായി അവിടം വിട്ടപ്പോള്‍ പുതുതായി ഒരാള്‍പോലും അകത്തുകടക്കാതിരിക്കാന്‍ പൊലീസ് ജാഗ്രത പുലര്‍ത്തി. പലപ്പോഴും അറസ്റ്റ് ഉണ്ടാകുമെന്ന തോന്നല്‍ ഉളവാക്കിയെങ്കിലും തന്ത്രങ്ങളുടെ ഭാഗമായി, പ്രതിരോധത്തിന്റെ എല്ലാ പഴുതുകളും അടച്ചാണ് പൊലീസ് മുന്നേറിയത്. അന്‍വാര്‍ശേരിയിലേയ്ക്ക് വന്ന വാഹനങ്ങള്‍ എല്ലാം അരിച്ചുപെറുക്കി പരിശോധിച്ചു. ഊടുവഴികള്‍ പോലും നിരീക്ഷണത്തിലായിരുന്നു. കുറ്റിയില്‍മുക്കില്‍ നിന്ന് അന്‍വാര്‍ശേരിയിലേയ്ക്കുള്ള വഴിയിലേയ്‌ക്കെത്തുന്ന ഓരോ വ്യക്തിയും നിരീക്ഷണവലയത്തിനുള്ളിലായിരുന്നു.

കോടതിയില്‍ കീഴടങ്ങുമെന്ന് മദനി ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിരുന്നെങ്കിലും അതുണ്ടാകാനിടയില്ലെന്ന കാര്യം വ്യക്തമായിരുന്നു. പത്രസമ്മേളനവും പ്രാര്‍ഥനയും കഴിഞ്ഞ് മദനി പുറപ്പെടാനൊരുങ്ങുമ്പോള്‍ എസ് പിയുടെ നേതൃത്വത്തില്‍ സായുധപൊലീസ് സംഘം അന്‍വാര്‍ശേരിയ്ക്കുള്ളില്‍ പ്രവേശിച്ചു. ഡിവൈ എസ് പിമാരും സി ഐമാരും ഉള്‍പ്പെടെയുള്ള പൊലീസ്, ബംഗളൂരു ജോയിന്റ് പൊലീസ് കമ്മിഷണര്‍ അലോക്കുമാറിനും സുരക്ഷാവലയം തീര്‍ത്തിരുന്നു. വാഹനത്തിന്റെ ഡ്രൈവറെയും വാഹനത്തിനുള്ളവരെയും പുറത്താക്കിയ ശേഷം നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. കരുനാഗപ്പള്ളി കോടതിയില്‍ മദനി കീഴടങ്ങുമെന്ന് പ്രചരിച്ചിരുന്നതിനാല്‍ പി ഡി പി അണികളില്‍ ഭൂരിഭാഗവും അവിടെയായിരുന്നു. കരുനാഗപ്പള്ളിയിലും കനത്ത പൊലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്.

മദനിയെ അറസ്റ്റ് ചെയ്തശേഷം കൊണ്ടുപോകേണ്ട വഴിയുടെ റൂട്ട്മാപ്പ് പോലും പൊലീസ് മുന്‍കൂട്ടി പ്ലാന്‍ ചെയ്തിരുന്നു. പ്രതിഷേധ പ്രകടനമുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളും ദേശീയപാതയുമൊഴിവാക്കി ശാസ്താംകോട്ടയില്‍ നിന്ന് സിനിമാപ്പറമ്പ്, നെടിയവിള, പുത്തൂര്‍, കൊട്ടാരക്കരയിലൂടെ ടൗണില്‍ കയറാതെ എംസി റോഡിലൂടെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോവുകയായിരുന്നു.
ഉച്ചയ്ക്ക് 2.15ഓടെ മദനി സഞ്ചരിച്ചിരുന്ന ട്രാവലര്‍ വാഹനം കൊട്ടാരക്കര കോടതിക്ക് പിന്നിലൂടെ സബ്‌സ്റ്റേഷന്‍ റോഡിലേക്ക് പ്രവേശിച്ചപ്പോള്‍ ബ്രേക്ക് തകരാറിലായി വാഹനം നിര്‍ത്തിയിടേണ്ടിവന്നു. അവിടെവച്ച് കര്‍ണാടക പൊലീസ് ജോയിന്റ് കമ്മിഷണര്‍ അലോക്കുമാര്‍ സഞ്ചരിച്ചിരുന്ന ക്വാളിസ് വാനിലേയ്ക്ക് മദനിയേയും ഭാര്യ സൂഫിയയേയും മാറ്റി.

ഇരുപത് മിനിട്ടോളം യാത്ര തടസ്സപ്പെട്ടതൊഴിച്ചാല്‍ പൊലീസ് ഓപ്പറേഷന്‍ കിറുകൃത്യമായിരുന്നു.

ഐ ജി ഹേമചന്ദ്രന്‍, ഡിവൈ എസ് പിമാരായ രാമചന്ദ്രന്‍, ചന്ദ്രശേഖരന്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് ശാസ്താംകോട്ടയില്‍ നിന്നും മദനിയെ തിരുവനന്തപുരത്തെത്തിച്ചത്.

മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചില്ല

അബ്ദുല്‍ നാസര്‍ മദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിം കോടതി നിരസിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ മൂന്‍കൂര്‍ ജാമ്യാപേക്ഷ കാലഹരണപ്പെട്ടതാകയാല്‍ പരിഗണിക്കാന്‍ നിര്‍വാഹമില്ലെന്ന് ജസ്റ്റിസുമാരായ മാര്‍ക്കണ്ഡേയ കട്ജു, ടി എസ് താക്കൂര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് ഉത്തരവായി.

മദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ രണ്ടുമണിക്കാണ് സുപ്രിം കോടതി പരിഗണിച്ചത്. എന്നാല്‍ കേസ് പരിഗണനയ്ക്കു വന്നപ്പോള്‍തന്നെ മദനിയുടെ അറസ്റ്റ് 1.30 യോടെ നടന്നതായി കര്‍ണാടക സര്‍ക്കാരിന്റെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. തുടര്‍ന്ന് അറസ്റ്റ് നടന്ന സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കാലഹരണപ്പെട്ടതാകയാല്‍ പരിഗണിക്കാന്‍ നിര്‍വാഹമില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി അപേക്ഷ നിരസിക്കുകയായിരുന്നു. അതേസമയം വിചാരണ കോടതിയില്‍ സാധാരണ ജാമ്യാപേക്ഷയോ ഇടക്കാല ജാമ്യാപേക്ഷയോ സമര്‍പ്പിക്കാന്‍ സുപ്രിം കോടതി നിര്‍ദേശിച്ചു. ഈ അപേക്ഷകള്‍ ബന്ധപ്പെട്ട കോടതികളുടെ പരിഗണനയ്ക്ക് എത്തുമ്പോള്‍ വേഗത്തില്‍ തീരുമാനമെടുക്കണമെന്നും മൂമ്പ് മുന്‍കൂര്‍ ജാമ്യാപേക്ഷ നിഷേധിച്ച സെഷന്‍സ് കോടതി ഉത്തരവോ ഹൈക്കോടതി ഉത്തരവോ ഈ ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്നതിനെ സ്വാധീനിക്കരുതെന്നും കോടതി വ്യക്തമാക്കി. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിലെ 41 (ഡി) വകുപ്പ് പ്രകാരമാണ് മദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി നിരസിച്ചത്.

ജനയുഗം 18082010

2 comments:

  1. കൃത്യമായ ആസൂത്രണത്തിന്റെയും കരുതലോടെയുള്ള നീക്കത്തിന്റെയും ഫലമായി യാതൊരു അനിഷ്ടസംഭവങ്ങള്‍ക്കും ഇടകൊടുക്കാതെ 'ഓപ്പറേഷന്‍ അന്‍വാര്‍ശേരി' ലക്ഷ്യം കണ്ടു. തിരുവനന്തപുരം റേഞ്ച് ഐ ജി എ ഹേമചന്ദ്രനായിരുന്നു ഓപ്പറേഷന്റെ മുഴുവന്‍ ചുമതലയും. ജില്ലയിലെ പൊലീസിനെ മുഴുവന്‍ അന്‍വാര്‍ശേരിയില്‍ കേന്ദ്രീകരിച്ച് ശനിയാഴ്ച മുതല്‍ ആരംഭിച്ച നീക്കങ്ങളാണ് ഇന്നലെ ഫലപ്രാപ്തിയിലെത്തിയത്.

    ReplyDelete
  2. സത്യം ചാരകൂമ്പാരത്തിലെ കനലാകുന്നു.

    ReplyDelete