Friday, August 13, 2010

തൊഴുത്തു മാറ്റി കെട്ടിയിട്ടെന്തു കാര്യം?

ഇടതുകാലിലെ മന്ത് വലതുകാലിലേയ്ക്കു മാറ്റുകയെന്ന നാട്ടുമൊഴിയെ ഓര്‍മിപ്പിക്കുന്നതാണ്, ജസ്റ്റിസ് ദിനകരനെ കര്‍ണാടക ഹൈക്കോടതിയില്‍നിന്ന് സിക്കിം ഹൈക്കോടതിയിലേക്കു മാറ്റിയ നടപടി. ദിനകരനെച്ചൊല്ലി ഉയര്‍ന്ന വിവാദങ്ങള്‍ക്ക് ഒരുവിധത്തിലും പരിഹാരമാവുന്നതല്ല, സുപ്രിം കോടതി കൊളീജിയത്തിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും ഈ നടപടി. ദിനകരനെ സ്ഥലംമാറ്റിയതുകൊണ്ട് പ്രശ്‌നം അവസാനിക്കുന്നില്ലെന്നു മാത്രമല്ല പുതിയ സ്ഥലത്ത് പ്രശ്‌നം ഉടലെടുക്കുകയും ചെയ്യും എന്നതാണ് വസ്തുത. ജസ്റ്റിസ് ദിനകരനെതിരെ സിക്കിമില്‍ ഉയര്‍ന്നിരിക്കുന്ന പ്രതിഷേധം ഇതിന് അടിവരയിടുന്നതാണ്.

കര്‍ണാടക ഹൈക്കോടതി ജഡ്ജിയായിരിക്കെ അഴിമതി, അനധികൃത സ്വത്തു സമ്പാദനം, ഭൂമി കൈയേറ്റം, ആദിവാസി ഭൂമി കൈവശം വയ്ക്കല്‍, പദവി ദുരുപയോഗം തുടങ്ങി ഒട്ടേറെ ആരോപണങ്ങളാണ് ജസ്റ്റിസ് ദിനകരനെതിരെ ഉയര്‍ന്നിട്ടുള്ളത്. തിരുവള്ളുവര്‍ ജില്ലാ കലക്ടര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇക്കാര്യങ്ങള്‍ ശരിയാണെന്നു കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് സുപ്രിം കോടതിയിലേക്കുള്ള ജസ്റ്റിസ് ദിനകരന്റെ സ്ഥാനക്കയറ്റം, സുപ്രിം കോടതി കൊളീജിയം മരവിപ്പിച്ചു. ചീഫ് ജസ്റ്റിസിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കര്‍ണാടക ഹൈക്കോടതിയില്‍ ജഡ്ജിമാരും അഭിഭാഷകരും അദ്ദേഹത്തിനെതിരെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. കലക്ടറുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുടെയും മറ്റ് ആരോപണങ്ങളുടെയും പശ്ചാത്തലത്തില്‍ രാജ്യസഭയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ദിനകരനെ കുറ്റവിചാരണ ചെയ്യാന്‍ നോട്ടീസ് നല്‍കുകയും അത് അംഗീകരിക്കപ്പെടുകയും ചെയ്തു. ദിനകരനെതിരായ ആരോപണങ്ങള്‍ പരിശോധിക്കാന്‍ രാജ്യസഭാ ചെയര്‍മാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചിരിക്കുകയാണ്. ഈ സമിതിയുടെ തീരുമാനത്തിന് അനുസരിച്ച് ദിനകരനെതിരായ കുറ്റങ്ങള്‍ ചുമത്തപ്പെടുകയും ഇംപീച്ച്‌മെന്റ് പ്രമേയം വോട്ടിംഗിനു വരികയും ചെയ്യും. കുറ്റവിചാരണാ നോട്ടീസ് സഭ അംഗീകരിച്ചതിനെത്തുടര്‍ന്ന് ജുഡീഷ്യല്‍ നടപടികളില്‍നിന്ന് മാറിനില്‍ക്കുകയായിരുന്നു ജസ്റ്റിസ് ദിനകരന്‍. എന്നാല്‍ കര്‍ണാടക ഹൈക്കോടതിയിലെ ഭരണപരമായ കാര്യങ്ങള്‍ അദ്ദേഹം തുടര്‍ന്നു നടത്തുകയും ചെയ്തു. ഇതിനെതിരെയും പരാതികള്‍ ഉയര്‍ന്നപ്പോള്‍ ജസ്റ്റിസ് ദിനകരനോട് അവധിയില്‍ പോവാന്‍ സുപ്രിം കോടതി കൊളീജിയം നിര്‍ദേശിച്ചു. ഇത്തരമൊരു നിര്‍ദേശം നല്‍കാനുള്ള അധികാരം കൊളീജിയത്തിന് ഇല്ലെന്നു ചൂണ്ടിക്കാട്ടി, ഇതു തള്ളുകയായിരുന്നു ജസ്റ്റിസ് ദിനകരന്‍. ഇതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ സിക്കിമിലേയ്ക്കു സ്ഥലംമാറ്റാന്‍ കൊളീജിയം ശുപാര്‍ശ നല്‍കിയത്. തുടക്കത്തില്‍ ഈ ശുപാര്‍ശ അംഗീകരിക്കാന്‍ വിസമ്മതിച്ച കേന്ദ്ര സര്‍ക്കാര്‍ പിന്നീട് ഇതു സ്വീകരിക്കുകയായിരുന്നു.

അവധിയില്‍ പോവാന്‍ വിസമ്മതിച്ച ജസ്റ്റിസ് ദിനകരനോടുള്ള അതൃപ്തി സൂചിപ്പിച്ചുകൊണ്ടുതന്നെയാണ് അദ്ദേഹത്തെ സിക്കിമിലേയ്ക്കു സ്ഥലംമാറ്റാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തത്. കുറവു കേസുകളുള്ള, രാജ്യത്തെ താരതമ്യേന ചെറിയ ഹൈക്കോടതികളിലൊന്നാണ് സിക്കിമിലേത്. ഇതായിരിക്കണം കൊളീജിയം പരിഗണിച്ചിട്ടുണ്ടാവുക. എന്നാല്‍ രാജ്യത്തെ മറ്റ് ഹൈക്കോടതികളിലേതിനേക്കാള്‍ ഒരു വിധത്തിലും കുറഞ്ഞ നീതിനിര്‍വഹണമല്ല സിക്കിം ഹൈക്കോടതി നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ അന്തസ്സ് മറ്റേതെങ്കിലും ഹൈക്കോടതിയേക്കാള്‍ പിന്നിലുമല്ല. അതുകൊണ്ടുതന്നെ, സിക്കിമിലെ നിയമനിര്‍വഹണ വ്യവസ്ഥയെ അവഹേളിക്കുന്നതാണ് സുപ്രിം കോടതി കൊളീജിയത്തിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും നടപടിയെന്ന, അവിടത്തെ അഭിഭാഷക സംഘടനകളുടെ വാദം കേള്‍ക്കാതിരിക്കാനാവില്ല. കര്‍ണാടക ഹൈക്കോടതിയില്‍ ജോലി ചെയ്യാന്‍ യോഗ്യനല്ലാത്ത ഒരാള്‍ ഒരു ന്യായത്തിന്റെ പേരിലും, സിക്കിമിലെയെന്നല്ല, രാജ്യത്തെ ഒരു കോടതിയിലും ജോലി ചെയ്യാന്‍ യോഗ്യനല്ല തന്നെ.

ജുഡീഷ്യറിയെ നിയന്ത്രിക്കുന്നതില്‍ അതിനു തന്നെയും മറ്റ് ഭരണഘടനാ സംവിധാനങ്ങള്‍ക്കുമുള്ള സംവിധാനങ്ങളുടെ അപര്യാപ്തത ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതാണ് ജസ്റ്റിസ് ദിനകരനെ ചുറ്റിപ്പറ്റി ഉയര്‍ന്ന വിവാദങ്ങള്‍. ജഡ്ജിമാരുടെ നിയമനം, സ്ഥലംമാറ്റം തുടങ്ങിയ കാര്യങ്ങളിലേ സുപ്രിം കോടതി കൊളീജിയത്തിന് അധികാരമുള്ളൂ. 1968ലെ ജഡ്ജസ് എന്‍ക്വയറി ആക്ട് അനുസരിച്ച് ഹൈക്കോടതി, സുപ്രിം കോടതി ജഡ്ജിമാരെ കുറ്റവിചാരണ ചെയ്യുന്നതിനുള്ള അധികാരം പാര്‍ലമെന്റിനാണ്. നിയമപരവും അതിലുപരി വിലുപമായ രാഷ്ട്രീയ പ്രക്രിയകളിലൂടെ കടന്നുപോവണം അതിന്. ജുഡീഷ്യല്‍ സംവിധാനത്തെ കുറ്റമറ്റതും സുതാര്യവുമാക്കുന്നതിന് സമഗ്രമായ നിയമ പരിഷ്‌കാരം വേണമെന്ന ആവശ്യത്തിന്റെ പ്രസക്തി ഇവിടെയാണ്. ഇത്തരമൊരു നിയമം ഉടന്‍ കൊണ്ടുവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഏറെ നാളായി പറയുന്നു. അതിനുള്ള നടപടികള്‍ വേഗത്തിലാക്കേണ്ടതിന്റെ ആവശ്യകത ഉറപ്പിക്കുന്നതാണ്, ദിനകരന്‍ വിവാദം.

ജനയുഗം മുഖപ്രസംഗം 13082010

2 comments:

  1. ഇടതുകാലിലെ മന്ത് വലതുകാലിലേയ്ക്കു മാറ്റുകയെന്ന നാട്ടുമൊഴിയെ ഓര്‍മിപ്പിക്കുന്നതാണ്, ജസ്റ്റിസ് ദിനകരനെ കര്‍ണാടക ഹൈക്കോടതിയില്‍നിന്ന് സിക്കിം ഹൈക്കോടതിയിലേക്കു മാറ്റിയ നടപടി. ദിനകരനെച്ചൊല്ലി ഉയര്‍ന്ന വിവാദങ്ങള്‍ക്ക് ഒരുവിധത്തിലും പരിഹാരമാവുന്നതല്ല, സുപ്രിം കോടതി കൊളീജിയത്തിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും ഈ നടപടി. ദിനകരനെ സ്ഥലംമാറ്റിയതുകൊണ്ട് പ്രശ്‌നം അവസാനിക്കുന്നില്ലെന്നു മാത്രമല്ല പുതിയ സ്ഥലത്ത് പ്രശ്‌നം ഉടലെടുക്കുകയും ചെയ്യും എന്നതാണ് വസ്തുത. ജസ്റ്റിസ് ദിനകരനെതിരെ സിക്കിമില്‍ ഉയര്‍ന്നിരിക്കുന്ന പ്രതിഷേധം ഇതിന് അടിവരയിടുന്നതാണ്

    ReplyDelete
  2. ഇത്‌ വളരെ അപലപനീയമാണ്‌.രാജ്യത്തെ ചെറിയ സ്റ്റേറ്റും വലിയ സ്റ്റേറ്റും രാജ്യത്തിന്റെ നിയമാധികാരപരിധിയില്‍ തുല്യമാണ്‌.മന്തിനല്ല മന്ത്‌ വഹിക്കുന്ന വ്യവസ്ഥകള്‍ക്കാണ്‌ ചികിത്സ വേണ്ടത്‌.

    ReplyDelete