ആണവബില്‍: രാജ്യസഭ സ്തംഭിച്ചു
ആണവബാധ്യതാബില്ലിന് ബിജെപിയുടെ പിന്തുണ ഉറപ്പാക്കാന്‍ സൊറാബുദീന്‍ കേസില്‍നിന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ സിബിഐ ഒഴിവാക്കിയ പ്രശ്നത്തില്‍ വ്യാഴാഴ്ച രാജ്യസഭ സ്തംഭിച്ചു. ആണവബാധ്യത ബില്ലിലെ വ്യവസ്ഥകള്‍ രാജ്യതാല്‍പ്പര്യത്തിന് എതിരാണെന്നും ബില്‍ തള്ളിക്കളയണമെന്നും ഇടതുപാര്‍ടി നേതാക്കള്‍ യോഗം ചേര്‍ന്ന് ആവശ്യപ്പെട്ടു. രാജ്യസഭയില്‍ ശൂന്യവേളയിലാണ് എന്‍ഡിഎ ഇതര പ്രതിപക്ഷ അംഗങ്ങള്‍ മോഡി വിഷയം ഉന്നയിച്ച് നടുത്തളത്തിലിറങ്ങിയത്. മോഡിയെ ഒഴിവാക്കിയത് എന്തടിസ്ഥാനത്തിലാണെന്ന് വിശദീകരിക്കണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. എല്‍ജെപിയുടെ രാംവിലാസ് പാസ്വാനാണ് വിഷയം ഉന്നയിച്ചത്. പ്രതിഷേധവുമായി ബിജെപി അംഗങ്ങള്‍ രംഗത്തുവന്നതോടെ സഭാനടപടി തടസ്സപ്പെട്ടു. പാസ്വാനെ സംസാരിക്കാന്‍ അനുവദിക്കരുതെന്നായിരുന്നു ബിജെപിയുടെ ആവശ്യം. ബഹളത്തെതുടര്‍ന്ന് രണ്ടുമണിവരെ സഭ നിര്‍ത്തി. വീണ്ടും ചേര്‍ന്നപ്പോഴും സമാനമായ രംഗം ആവര്‍ത്തിച്ചതോടെ സഭ നിര്‍ത്തി.
ആണവദുരന്തമുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കുന്നതിനുള്ള ബാധ്യതയില്‍നിന്ന് വിദേശ റിയാക്ടര്‍ കമ്പനികളെ ഒഴിവാക്കുന്നതാണ് പാര്‍ലമെന്ററി സ്റാന്‍ഡിങ് കമ്മിറ്റി ബില്ലിന് നിര്‍ദേശിച്ച ഭേദഗതികളെന്ന് ഇടതുപക്ഷ പാര്‍ടികളുടെ യോഗത്തിന് ശേഷം സിപിഐ എം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബില്ലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള പാര്‍ടികള്‍ അപകടം തിരിച്ചറിഞ്ഞ് നിലപാട് തിരുത്തണമെന്ന് കാരാട്ട് ആവശ്യപ്പെട്ടു. വിദേശ റിയാക്ടര്‍ വിതരണക്കമ്പനികളെ ബാധ്യതയില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കുന്നുവെന്ന് മാത്രമല്ല, ആണവദുരന്തത്തിന് ഇരയാകുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പുവരുത്തുന്നതിന് ബില്ലിലെ ദേഭഗതികള്‍ പര്യാപ്തവുമല്ല. ബില്ലിലെ 17-ാം വകുപ്പില്‍ പറയുന്ന രണ്ട് ഉപവകുപ്പുകളെ ബന്ധപ്പെടുത്തി ആന്‍ഡ് (ഒപ്പം) എന്ന വാക്ക് കൂട്ടിചേര്‍ത്താണ് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി അമേരിക്കന്‍ കമ്പനികളെ ബാധ്യതയില്‍നിന്ന് ഒഴിവാക്കുന്നത്. ആണവറിയാക്ടറുകള്‍ നടത്തുന്ന കമ്പനികളുടെ ബാധ്യതയല്ല മുഖ്യപ്രശ്നം. ഇന്ത്യയില്‍ നിലവില്‍ പൊതുമേഖലാ കമ്പനികളാണ് റിയാക്ടറുകളുടെ നടത്തിപ്പുകാര്‍. അതുകൊണ്ടു തന്നെ എന്തുസംഭവിച്ചാലും കേന്ദ്രസര്‍ക്കാരിനു തന്നെയാണ് ഉത്തരവാദിത്തം. ബില്‍ എന്തിന് കൊണ്ടുവരുന്നു എന്നതാണ് പ്രധാനപ്രശ്നം. നിയമനടപടികള്‍ നേരിടുന്നതില്‍നിന്ന് വിതരണ- നടത്തിപ്പു കമ്പനികളെ ഒഴിവാക്കുന്ന വ്യവസ്ഥകള്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി പരിഗണിച്ചിട്ടില്ല. നരേന്ദ്രമോഡിയെ സൊറാബുദീന്‍ കേസില്‍നിന്ന് ഒഴിവാക്കാനുള്ള സിബിഐ തീരുമാനവും ആണവബാധ്യതാ ബില്ലിനെ പിന്തുണയ്ക്കാനുള്ള ബിജെപി തീരുമാനവും ഒരേ സമയംതന്നെ സംഭവിച്ചതില്‍ ദുരൂഹതയുണ്ടെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. രാഷ്ട്രീയത്തില്‍ ഇത്തരം കുതിരക്കച്ചവടങ്ങള്‍ നടക്കുന്നത് രാജ്യതാല്‍പ്പര്യങ്ങള്‍ക്ക് ദോഷമാണെന്ന് യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഭേദഗതി യുഎസ് കമ്പനികളുടെ രക്ഷ ഉറപ്പാക്കാന്‍: ഇടതുപക്ഷം
ആണവദുരന്തമുണ്ടായാല്‍ ആണവറിയാക്ടറുകള്‍ വിതരണംചെയ്യുന്ന അമേരിക്കന്‍ കമ്പനികള്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കുന്ന തരത്തിലാണ് ശാസ്ത്ര- സാങ്കേതിക പാര്‍ലമെന്ററി സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയുടെ ശുപാര്‍ശകളെന്ന് ഇടതുപക്ഷ പാര്‍ടികള്‍ കുറ്റപ്പെടുത്തി. കമ്മിറ്റി നിര്‍ദേശിച്ച ഭേദഗതികള്‍ അംഗീകരിച്ചാല്‍ അമേരിക്കന്‍ കമ്പനികള്‍ ബാധ്യതയില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കപ്പെടും. ആണവബാധ്യതാ ബില്ലിനെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുന്നതാണ് ശുപാര്‍ശകള്‍. അമേരിക്കന്‍ ആണവകമ്പനികളുടെ താല്‍പ്പര്യങ്ങള്‍ പൂര്‍ണമായി സംരക്ഷിച്ചുള്ളതാണ് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയുടെ ഭേദഗതികളെന്ന് ഇടതുപക്ഷ പാര്‍ടികളുടെ യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സിപിഐ എം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.
ആണവദുരന്തത്തിന് ഇരയാകുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പുവരുത്തുന്നതിലും ദേഭഗതികള്‍ പരാജയമാണ്. ആണവബാധ്യതാ ബില്ലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള പാര്‍ടികള്‍ പോരായ്മകള്‍ തിരിച്ചറിഞ്ഞ് നിലപാട് തിരുത്തണമെന്ന് കാരാട്ട് ആവശ്യപ്പെട്ടു. ആണവറിയാക്ടറുകള്‍ നടത്തുന്ന കമ്പനികളുടെ ബാധ്യതയല്ല മുഖ്യപ്രശ്നം. ഇന്ത്യയില്‍ നിലവില്‍ പൊതുമേഖലാ കമ്പനികളാണ് റിയാക്ടറുകളുടെ നടത്തിപ്പുകാര്‍. അതുകൊണ്ടുതന്നെ എന്തുസംഭവിച്ചാലും കേന്ദ്രസര്‍ക്കാരിനു തന്നെയാണ് ഉത്തരവാദിത്തം. ബില്‍ എന്തിന് കൊണ്ടുവരുന്നു എന്നതാണ് പ്രധാനപ്രശ്നം. ആണവവിതരണക്കമ്പനികളെ ബാധ്യതയില്‍നിന്ന് ഒഴിവാക്കി നിയമം കൊണ്ടുവരണമെന്ന അമേരിക്കന്‍ ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് ബാധ്യതാ ബില്‍ തയ്യാറാക്കിയത്. അമേരിക്കയില്‍ നിന്ന് റിയാക്ടറുകള്‍ വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അതിനുവേണ്ടി നിയമനിര്‍മാണം കൊണ്ടുവരുമെന്നും അറിയിച്ച് മുന്‍ വിദേശസെക്രട്ടറി ശിവ്ശങ്കര്‍ മേനോന്‍ അയച്ച കത്ത് ഇതിന് തെളിവാണ്. ബില്ലിലെ 17-ാം വകുപ്പില്‍ പറയുന്ന ഒന്നും രണ്ടും ഉപവകുപ്പുകളെ ബന്ധപ്പെടുത്തി ആന്‍ഡ് (ഒപ്പം) എന്നു കൂട്ടിചേര്‍ത്താണ് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി അമേരിക്കന്‍ കമ്പനികളെ ബാധ്യതയില്‍നിന്ന് ഒഴിവാക്കുന്നത്. നടത്തിപ്പു കമ്പനിക്ക് വിദേശ വിതരണ കമ്പനിയില്‍നിന്ന് ബാധ്യത തിരിച്ചുപിടിക്കുന്നതിനുള്ള വ്യവസ്ഥകളാണ് വകുപ്പ് 17 ല്‍ ഉള്ളത്. ബാധ്യത ഈടാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന കരാറില്‍ വിതരണ കമ്പനിയും നടത്തിപ്പുകാരും ഏര്‍പ്പെടണമെന്ന് ആദ്യ ഉപവകുപ്പ് പറയുന്നു. വിതരണക്കമ്പനിയുടെ ഭാഗത്തുനിന്നുള്ള കടുത്ത അനാസ്ഥ, ആരുടെയെങ്കിലും ബോധപൂര്‍വമായ പ്രവൃത്തി എന്നീ കാരണങ്ങളാല്‍ ദുരന്തം സംഭവിച്ചാല്‍ ബാധ്യത തിരിച്ചുപിടിക്കാമെന്ന് മറ്റ് രണ്ട് ഉപവകുപ്പുകളില്‍ പറയുന്നു. വിതരണക്കമ്പനിയുടെ ഭാഗത്തുനിന്ന് കടുത്ത അനാസ്ഥ ഉണ്ടായാല്‍പോലും നടത്തിപ്പ്-വിതരണകമ്പനികള്‍ തമ്മില്‍ കരാര്‍ ഉണ്ടെങ്കില്‍മാത്രം വിതരണക്കമ്പനി നഷ്ടപരിഹാരം നല്‍കിയാല്‍ മതി എന്നാണ് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയുടെ ഭേദഗതി. ചുരുക്കത്തില്‍ കരാറുണ്ടെങ്കില്‍ മാത്രമേ വിതരണക്കമ്പനിക്ക് ബാധ്യത വരൂ. ഒരു വിതരണക്കമ്പനിയും ഇത്തരമൊരു കരാറില്‍ ഏര്‍പ്പെടില്ലെന്ന് തീര്‍ച്ചയാണ്.
ബില്ലിലെ ബാധ്യതാപരിധിയും അപര്യാപ്തമാണ്. ദുരന്തം സംഭവിച്ചാല്‍ സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട പരമാവധി ബാധ്യത 2122.40 കോടി മാത്രമാണ്. ഭോപാല്‍ ദുരന്തത്തിലെ നഷ്ടപരിഹാരത്തേക്കാള്‍ കുറവാണിത്. മാത്രമല്ല, അന്താരാഷ്ട്ര ആണവബാധ്യതാ ചട്ടങ്ങളൊന്നും ബാധ്യതയ്ക്ക് പരമാവധി പരിധി നിശ്ചയിച്ചിട്ടില്ല. അമേരിക്ക, സ്വീഡന്‍ എന്നീ രാജ്യങ്ങള്‍ 2122.40 കോടി നടത്തിപ്പുകമ്പനിയുടെ ബാധ്യതയായാണ് നിശ്ചയിച്ചിട്ടുള്ളത്. മൊത്തം ബാധ്യതയല്ല. അമേരിക്കയില്‍ നടത്തിപ്പുകമ്പനിയുടെ ബാധ്യത 54000 കോടി രൂപയാണ്. ജപ്പാന്‍, റഷ്യ, ജര്‍മനി എന്നീ രാജ്യങ്ങളില്‍ മൊത്തം ബാധ്യതയ്ക്ക് പരിധിയില്ല. മറിച്ച്, പുതിയ ബില്ലിലെ വ്യവസ്ഥപ്രകാരം ഇന്ത്യയിലെ മൊത്തം ബാധ്യത 2122.40 കോടി രൂപ മാത്രമായി പരിമിതപ്പെടും. നിയമനടപടികള്‍ നേരിടുന്നതില്‍നിന്ന് വിതരണ- നടത്തിപ്പു കമ്പനികളെ ഒഴിവാക്കുന്ന വ്യവസ്ഥകള്‍ സ്റാന്‍ഡിങ്കമ്മിറ്റി പരിഗണിച്ചിട്ടേയില്ല. മാത്രമല്ല വൈദ്യുതിക്ക് അധികതീരുവ ഈടാക്കി ബാധ്യതാനിധി രൂപീകരിക്കാനുള്ള തെറ്റായ നിര്‍ദേശവും മുന്നോട്ടുവയ്ക്കുന്നു. വിതരണക്കമ്പനികളെ പൂര്‍ണമായി സംരക്ഷിക്കുന്ന അനുബന്ധ നഷ്ടപരിഹാരച്ചട്ടത്തില്‍ (സിഎസ്സി) ഇന്ത്യയെ ഉള്‍പ്പെടുത്താനുള്ള നീക്കത്തിന്റെകൂടി ഭാഗമായാണ് ബാധ്യതാബില്‍. സിഎസ്സിയുടെ ഭാഗമാകാമെന്ന് 2008 ല്‍ തന്നെ ഇന്ത്യ അമേരിക്കയ്ക്ക് ഉറപ്പുനല്‍കിയിരുന്നു. അമേരിക്കയല്ലാതെ ആണവറിയാക്ടറുകള്‍ കാര്യമായുള്ള മറ്റൊരു രാജ്യംപോലും സിഎസ്സിയുടെ ഭാഗമായിട്ടില്ല- കാരാട്ട് പറഞ്ഞു. എ ബി ബര്‍ദന്‍, ഡി രാജ, ദേവബ്രത ബിശ്വാസ്, അബനി റോയ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വീണ്ടും പ്രതിസന്ധി; മന്ത്രിസഭായോഗം മാറ്റി
ആണവബാധ്യതാബില്‍ പാസാക്കാനുള്ള യുപിഎ സര്‍ക്കാരിന്റെ നീക്കം വീണ്ടും പ്രതിസന്ധിയില്‍. ബില്ലിനെ കൂടുതല്‍ ദുര്‍ബലമാക്കുന്ന ചില വകുപ്പുകള്‍ പിന്‍വലിക്കണമെന്ന് മുഖ്യപ്രതിപക്ഷമായ ബിജെപി ആവശ്യപ്പെട്ടതാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയത്. ബിജെപിയുടെ പെട്ടെന്നുള്ള ചാഞ്ചാട്ടത്തെ തുടര്‍ന്ന് വ്യാഴാഴ്ച ചേരാനിരുന്ന കേന്ദ്ര മന്ത്രിസഭാ യോഗം മാറ്റിവച്ചു. ശാസ്ത്രസാങ്കേതിക മന്ത്രാലയ സ്റാന്‍ഡിങ് കമ്മിറ്റി ഭേദഗതികളോടെ അവതരിപ്പിച്ച ആണവബാധ്യതാ ബില്‍ പരിഗണിക്കാനായിരുന്നു പ്രധാനമായും മന്ത്രിസഭാ യോഗം വിളിച്ചത്. എന്നാല്‍, യോഗം വെള്ളിയാഴ്ചത്തേക്ക് മാറ്റിയതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. അതേസമയം, ബില്ലില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ പാര്‍ലമെന്റില്‍ എതിര്‍ക്കുമെന്ന് പറയാന്‍ ബിജെപി തയ്യാറായിട്ടില്ല. മോഡിയെ രക്ഷിക്കാനാണ് ബിജെപി സര്‍ക്കാരിനെ സഹായിക്കുന്നതെന്ന ആക്ഷേപം ഉയര്‍ന്നതും ബില്ലിലെ അപകടകരമായ വ്യവസ്ഥകള്‍ക്കെതിരെ ഇടതുപക്ഷം ശക്തമായി പ്രതികരിച്ചതുമാണ് അവസാനം ചില എതിര്‍പ്പുകള്‍ക്ക് ബിജെപിയെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു. ശാസ്ത്ര സാങ്കേതിക സഹമന്ത്രി പൃഥ്വിരാജ് ചവാനെ കണ്ട് അരു ജെയ്റ്റ്ലിയാണ് ഈ ആവശ്യം മുന്നോട്ടുവച്ചത്.
(വി ബി പരമേശ്വരന്‍)
ദേശാഭിമാനി 20082010
No comments:
Post a Comment