Monday, August 9, 2010

വിവരങ്ങള്‍ ജനം അറിയട്ടെ

അംഗീകൃത സ്വകാര്യസ്കൂളുകളും വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരുമെന്ന കേന്ദ്ര വിവരാവകാശ കമീഷന്റെ പ്രഖ്യാപനം സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നടക്കുന്ന അനാശാസ്യമായ പല പ്രവണതയ്ക്കും അന്ത്യംകുറിക്കും. ഡല്‍ഹിയിലെ ഒരു സ്വകാര്യ സ്കൂള്‍ അധ്യാപികയുടെ സര്‍വീസ് വിവരങ്ങള്‍ കൈമാറുന്നതിന് സ്കൂള്‍ അധികൃതര്‍ വിസമ്മതിച്ചതിനെതുടര്‍ന്ന് നല്‍കിയ ഹര്‍ജിയിലാണ് കമീഷന്‍ ഈ പ്രഖ്യാപനം നടത്തിയത്.

വിദ്യാഭ്യാസം കച്ചവടമാവുകയും നക്ഷത്രസൌകര്യമുള്ള സ്കൂളുകള്‍ ഉയര്‍ന്നുവരികയും ചെയ്തപ്പോള്‍, ആ രംഗത്ത് നടക്കുന്ന ഒന്നിനെയും ആര്‍ക്കും ചോദ്യംചെയ്യാനാകില്ലെന്ന ധാര്‍ഷ്ട്യത്തിലേക്കാണ് സ്കൂള്‍മുതലാളിമാര്‍ വലിഞ്ഞുകയറിയത്. നാട്ടിലെ തൊഴിലില്ലായ്മ അവര്‍ പരമാവധി ചൂഷണംചെയ്തു. വിദ്യാര്‍ഥികളില്‍നിന്ന് ഉയര്‍ന്ന ഫീസ് വാങ്ങി സ്വന്തം ബാങ്ക് അക്കൌണ്ടുകള്‍ പെരുപ്പിച്ചു. അതേസമയം, അധ്യാപകര്‍ക്ക് നാമമാത്രമായ വേതനമാണ് കൊടുക്കുന്നത്. അഞ്ചും ആറും ആയിരം രൂപ കൊടുക്കുന്നതായി രേഖയില്‍ കാണിച്ച് അതിന്റെ മൂന്നിലൊന്നുമാത്രം യഥാര്‍ഥ ശമ്പളം നല്‍കുന്ന സ്കൂളുകള്‍ കേരളത്തില്‍തന്നെ ഒട്ടേറെയുണ്ട്. സമൂഹ സേവനം ചെയ്യുന്ന മഹാത്മാക്കളെന്ന് പുറമേയ്ക്ക് മേനിപറയുന്നവര്‍പോലും ഈ കെട്ടരീതി തുടരുന്നു. തങ്ങളുടെ മുടക്ക്, സ്വന്തം ബിസിനസ്- അതില്‍ സര്‍ക്കാരിനെന്തു കാര്യമെന്നാണ് അവരുടെ ചോദ്യം.

അത്തരക്കാര്‍ക്ക് ഇനി അധ്യാപകരോ സര്‍ക്കാരോ ആവശ്യപ്പെടുമ്പോള്‍ സ്കൂള്‍ നടത്തിപ്പുസംബന്ധിച്ച വിവരങ്ങള്‍ സമര്‍പ്പിക്കേണ്ടിവരും. സത്യസന്ധമായ വിവരങ്ങള്‍ നല്‍കാന്‍ പലരും തയ്യാറാകുമെന്ന് കരുതാനാകില്ലെങ്കിലും പരിശോധിക്കാന്‍ ഒരു സംവിധാനമുണ്ടെന്ന അവസ്ഥയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. അത്രയെങ്കിലും നല്ലത്. ജനങ്ങളും അറിയട്ടെ, സ്വകാര്യ വിദ്യാഭ്യാസക്കച്ചവടക്കാര്‍ എത്ര വാങ്ങുന്നു, എത്ര കൊടുക്കുന്നു, എന്ത് ചെയ്യുന്നു എന്ന്.

ദേശാഭിമാനി മുഖപ്രസംഗം 10082010

2 comments:

  1. അംഗീകൃത സ്വകാര്യസ്കൂളുകളും വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരുമെന്ന കേന്ദ്ര വിവരാവകാശ കമീഷന്റെ പ്രഖ്യാപനം സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നടക്കുന്ന അനാശാസ്യമായ പല പ്രവണതയ്ക്കും അന്ത്യംകുറിക്കും. ഡല്‍ഹിയിലെ ഒരു സ്വകാര്യ സ്കൂള്‍ അധ്യാപികയുടെ സര്‍വീസ് വിവരങ്ങള്‍ കൈമാറുന്നതിന് സ്കൂള്‍ അധികൃതര്‍ വിസമ്മതിച്ചതിനെതുടര്‍ന്ന് നല്‍കിയ ഹര്‍ജിയിലാണ് കമീഷന്‍ ഈ പ്രഖ്യാപനം നടത്തിയത്.

    ReplyDelete