Wednesday, August 18, 2010

ഒഴിവായത് മറ്റൊരു 'ശിവഗിരി'

സര്‍ക്കാരിന്റെ സമയോചിത ഇടപെടല്‍: ഒഴിവായത് മറ്റൊരു 'ശിവഗിരി'

കേരള സര്‍ക്കാരിന്റെയും പൊലീസിന്റെയും മികവില്‍ ഒഴിഞ്ഞുപോയത് ആവര്‍ത്തിക്കുമായിരുന്ന മറ്റൊരു 'ശിവഗിരി'. പക്വതയാര്‍ന്ന സമീപനം സ്വീകരിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ ക്രമസമാധാനം വഷളാക്കാതെ മഅ്ദനിയുടെ അറസ്റുപ്രശ്നം പരിഹരിച്ചു. കത്തിപ്പടരാവുന്നതും പാളിപ്പോകാവുന്നതുമായ പ്രശ്നമാണ് കഴിഞ്ഞദിവസങ്ങളില്‍ സംസ്ഥാനം അഭിമുഖീകരിച്ചത്. കോടതിവിധി നടപ്പാക്കാന്‍ മുന്‍പിന്‍ നോക്കാതെ ഇറങ്ങിപ്പുറപ്പെട്ടിരുന്നെങ്കില്‍ യുഡിഎഫ് ഭരണകാലത്ത് വര്‍ക്കല ശിവഗിരിമഠം ചോരയില്‍ കുതിര്‍ന്നതിനേക്കാള്‍, അമര്‍ന്നതിനേക്കാള്‍ വലിയ ദുരന്തമായേനെ. യത്തീംഖാനയില്‍ പൊലീസ് കയറിയാല്‍ ചെറുത്തുനില്‍പ്പും ബലപ്രയോഗവും തുടര്‍ന്ന് അനിഷ്ടസംഭവങ്ങളും ഉണ്ടായേനെ.

കര്‍ണാടകത്തെ സഹായിക്കാന്‍ കേരള പൊലീസ് വിമുഖത കാട്ടിയെന്ന ആക്ഷേപം എല്‍ഡിഎഫിനെതിരായ കുറ്റപത്രമാക്കാന്‍ കര്‍ണാടക ആഭ്യന്തരമന്ത്രി ഇറങ്ങിയപ്പോള്‍ രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ യുഡിഎഫ് നേതാക്കളും കൂടെ കൂടി. പക്ഷേ ഇവരുടെ വാദമുഖങ്ങള്‍ക്ക് പ്രഹരമായി, എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രകടിപ്പിച്ച പക്വത. മഅ്ദനിയെ അറസ്റുചെയ്യാന്‍ കര്‍ണാടക പൊലീസ് കേരളത്തിലെത്തിയ ഉടന്‍ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചുചേര്‍ത്ത് ക്രമസമാധാനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍സമീപനം കോടിയേരി വ്യക്തമാക്കിയിരുന്നു. ജനങ്ങളില്‍ ഒരു വിഭാഗം വികാരത്തിനടിപ്പെടാന്‍ ഇടവരരുതെന്ന നിര്‍ബന്ധം സര്‍ക്കാരിനുണ്ടെന്ന് കോടിയേരി വ്യക്തമാക്കി. ആ നയത്തിന്റെ ഫലമാണ് അനിഷ്ടസംഭവങ്ങളില്ലാതെയുള്ള മഅ്ദനിയുടെ അറസ്റ്. കഴിഞ്ഞ

യുഡിഎഫ് ഭരണകാലത്ത് ഹൈക്കോടതിവിധി നടപ്പാക്കുന്നതിന് ശിവഗിരിമഠത്തില്‍ കയറാന്‍ പൊലീസിന് മുഖ്യമന്ത്രി എ കെ ആന്റണി അനുമതി നല്‍കിയപ്പോള്‍, ശിവഗിരി ചോരക്കളമായി. സന്ന്യാസിമാരും പൊലീസുമടക്കം 139 പേര്‍ ആശുപത്രിയിലായി. ശ്രീനാരായണഗുരു പ്രതിമയുടെ തല പോയി. എന്നാല്‍, സാമുദായിക-വര്‍ഗീയ ചേരിതിരിവുണ്ടാകാവുന്ന പ്രശ്നങ്ങള്‍ ശാന്തമായി പരിഹരിച്ച പാരമ്പര്യമാണ് എല്‍ഡിഎഫ് സര്‍ക്കാരിനുള്ളത്. വൈക്കം ടിവി പുരം സെമിത്തേരിപ്രശ്നം, അരുവിപ്പുറം കലഹം തുടങ്ങിയതെല്ലാം നായനാര്‍ സര്‍ക്കാര്‍ രമ്യമായി പരിഹരിച്ചിട്ടുണ്ട്. ആ ഭരണശൈലി വി എസ് സര്‍ക്കാര്‍ പിന്തുടര്‍ന്നു. അതുകൊണ്ടാണ് കേരളസര്‍ക്കാര്‍ വിവേകപൂര്‍വം പെരുമാറിയെന്ന് മഅ്ദനി പറഞ്ഞത്.

2008 ജൂലൈ 25ന് ബംഗളൂരുവിലുണ്ടായ സ്ഫോടനപരമ്പരയില്‍ രണ്ടുപേര്‍ മരിച്ച കേസിലാണ് മഅ്ദനിയെ കര്‍ണാടക പൊലീസ് പ്രതിചേര്‍ത്തത്. 2008ല്‍ കര്‍ണാടക ക്രൈംബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം നല്‍കിയപ്പോഴും 2009 മെയ് 18ന് അനുബന്ധ കുറ്റപത്രം നല്‍കിയപ്പോഴും മഅ്ദനി പ്രതിയായിരുന്നില്ല. എന്നാല്‍,2010 ജൂണ്‍ 11നാണ് മഅ്ദനിയെ പ്രതിയാക്കിയത്.
(ആര്‍ എസ് ബാബു)

പൊലീസ് വിവേകത്തോടെ പ്രവര്‍ത്തിച്ചു: കോടിയേരി

മഅ്ദനിയുടെ അറസ്റിന്റെ കാര്യത്തില്‍ കേരള പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. അറസ്റ് തീരുമാനിച്ചത് കര്‍ണാടക പൊലീസാണ്. അതിനു സഹായം ചെയ്തതിന് കര്‍ണാടക ഡിജിപി, കേരള ഡിജിപിയോട് നന്ദിയും പറഞ്ഞു. ഇനി തുടര്‍കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് കര്‍ണാടക പൊലീസാണ്. മറ്റൊരു സംസ്ഥാനത്ത് രജിസ്റര്‍ ചെയ്ത കേസില്‍ ഇവിടെ പ്രതിയുണ്ടെങ്കില്‍ പിടികൂടാനുള്ള ബാധ്യത നമുക്കുണ്ട്. എന്നാല്‍,ക്രമസമാധാന പ്രശ്നമുണ്ടാകരുതെന്ന് കേരള പൊലീസിന് നിര്‍ബന്ധമുണ്ടായിരുന്നു. യത്തീംഖാനയില്‍ പോയി മഅ്ദനിയെ പിടികൂടിയാല്‍ ക്രമസമാധാന പ്രശ്നമുണ്ടാകുമായിരുന്നു. പൊലീസ് വിവേകപൂര്‍വം പ്രവര്‍ത്തിച്ച് അതൊഴിവാക്കി. ഈ പ്രശ്നത്തില്‍ കേരള പൊലീസ് മഅ്ദനിക്ക് കൂട്ടുനില്‍ക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. നിയമപരമായാണ് കേരള പൊലീസ് പ്രവര്‍ത്തിച്ചതെന്നും കോടിയേരി വ്യക്തമാക്കി.

മതസൌഹാര്‍ദം തകരരുത്: മഅ്ദനി

"എന്റെ അറസ്റ്റുമൂലം കേരളത്തിലെ മതസൌഹാര്‍ദം തകരരുത്. ഇത് ഹിന്ദു-മുസ്ളിം പ്രശ്നമായി കാണരുത്. ഇതിന്റെപേരില്‍ കേരളത്തിലെ ക്രമസമാധാനത്തിനു കോട്ടംതട്ടരുത്. കര്‍ണാടക പൊലീസും സര്‍ക്കാരും ജീവന്‍ നഷ്ടപ്പെടുത്തിയില്ലെങ്കില്‍ തിരിച്ചുവന്ന് കേരളത്തിലെ ജനങ്ങളെ കാണും''- തിരുവനന്തപുരം വിമാനത്താവളത്തില്‍ അബ്ദുല്‍ നാസര്‍ മഅ്ദനി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. അനാഥാലയവും പള്ളിയും പ്രവര്‍ത്തിക്കുന്ന അന്‍വാര്‍ശേരിയിലേക്ക് പൊലീസ് കയറാതിരിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ കാട്ടിയ ജാഗ്രത പ്രശംസനീയമാണെന്ന് മഅ്ദനി പറഞ്ഞു. അറസ്റ്റിനുമുമ്പ് അന്‍വാര്‍ശേരിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തന്നെ കേസില്‍ കുടുക്കിയതാണെന്ന് സമൂഹത്തിലെ ഭൂരിപക്ഷം പേര്‍ക്കും അറിയാം. അതാണ് വലിയ ആശ്വാസം-മഅ്ദനി പറഞ്ഞു.

deshabhimani 18082010

2 comments:

  1. കേരള സര്‍ക്കാരിന്റെയും പൊലീസിന്റെയും മികവില്‍ ഒഴിഞ്ഞുപോയത് ആവര്‍ത്തിക്കുമായിരുന്ന മറ്റൊരു 'ശിവഗിരി'. പക്വതയാര്‍ന്ന സമീപനം സ്വീകരിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ ക്രമസമാധാനം വഷളാക്കാതെ മഅ്ദനിയുടെ അറസ്റുപ്രശ്നം പരിഹരിച്ചു. കത്തിപ്പടരാവുന്നതും പാളിപ്പോകാവുന്നതുമായ പ്രശ്നമാണ് കഴിഞ്ഞദിവസങ്ങളില്‍ സംസ്ഥാനം അഭിമുഖീകരിച്ചത്. കോടതിവിധി നടപ്പാക്കാന്‍ മുന്‍പിന്‍ നോക്കാതെ ഇറങ്ങിപ്പുറപ്പെട്ടിരുന്നെങ്കില്‍ യുഡിഎഫ് ഭരണകാലത്ത് വര്‍ക്കല ശിവഗിരിമഠം ചോരയില്‍ കുതിര്‍ന്നതിനേക്കാള്‍, അമര്‍ന്നതിനേക്കാള്‍ വലിയ ദുരന്തമായേനെ. യത്തീംഖാനയില്‍ പൊലീസ് കയറിയാല്‍ ചെറുത്തുനില്‍പ്പും ബലപ്രയോഗവും തുടര്‍ന്ന് അനിഷ്ടസംഭവങ്ങളും ഉണ്ടായേനെ.

    ReplyDelete
  2. മദനിയെ തൊട്ടാല്‍ കൊദിയെരിക്കു പൊല്ലുന്നതു എന്തിനു???

    ReplyDelete