Friday, August 27, 2010

കോര്‍പറേറ്റുകള്‍ക്ക് വന്‍ സൌജന്യം

കോര്‍പറേറ്റുകള്‍ക്ക് വന്‍ സൌജന്യം അനുവദിക്കുന്ന പ്രത്യക്ഷ നികുതിചട്ടത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ആദായനികുതി പരിധി രണ്ട് ലക്ഷമാക്കി ഉയര്‍ത്താനും തീരുമാനിച്ചു. കോര്‍പറേറ്റ് നികുതിയിന്‍മേലുള്ള സെസുകളും സര്‍ചാര്‍ജുകളും ഒഴിവാക്കിയാണ് കോര്‍പ്പറേറ്റുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വന്‍ ആനുകൂല്യം പ്രഖ്യാപിച്ചത്. നിലവിലുള്ള 30 ശതമാനം കോര്‍പറേറ്റ് നികുതി മാത്രമാണ് ഇനി ഈടാക്കുക. ബുക്ക്പ്രോഫിറ്റിനുള്ള കുറഞ്ഞ ബദല്‍നികുതി 18 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി ഉയര്‍ത്തും. ആസ്തി കണക്കിലെടുത്ത് നികുതി ഏര്‍പ്പെടുത്തുന്നതിന് പകരമാണ് അവരുടെ ലാഭത്തില്‍ മാത്രം നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. കോര്‍പ്പറേറ്റുകളെ സഹായിക്കാനുള്ള കേന്ദ്രനീക്കമാണ് ഇതിലൂടെ മറനീക്കിയത്. പുതിയ പ്രത്യക്ഷനികുതി ചട്ടം ബില്ലായി തിങ്കളാഴ്ച ലോക്സഭയില്‍ അവതരിപ്പിക്കും. സൂക്ഷ്മ പരിശോധനയ്ക്കായി പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടും. അടുത്ത ഏപ്രില്‍ ഒന്നുമുതലായിരിക്കും ചട്ടം നിലവില്‍ വരിക. ആദായനികുതി പരിധി നിലവിലുള്ള 1.6 ലക്ഷത്തില്‍നിന്ന് രണ്ട് ലക്ഷമായാണ് ഉയര്‍ത്തുന്നത്. രണ്ട് ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ വരുമാനമുള്ളവര്‍ 10 ശതമാനം ആദായനികുതി നല്‍കണം. അഞ്ച് ലക്ഷം മുതല്‍ 10 ലക്ഷം വരുമാനമുള്ളവര്‍ 20 ശതമാനവും അതിന് മുകളിലുള്ളവര്‍ 30 ശതമാനവും ആദായനികുതി നല്‍കേണ്ടിവരും. പെന്‍ഷന്‍കാരുടെ ആദായനികുതി പരിധി രണ്ടര ലക്ഷമായിരിക്കും. ഒന്നരലക്ഷം രൂപവരെയുള്ള ഭവനവായ്പയും ആദായനികുതി ഇളവുകള്‍ക്ക് പരിഗണിക്കും. മുതിര്‍ന്ന പൌരന്മാര്‍ക്കും വനിതകള്‍ക്കും കൂടുതല്‍ ആദായനികുതി ഇളവ് നല്‍കുമെന്ന സൂചനയും ഉണ്ട്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന് ശേഷം ധനമന്ത്രി പ്രണബ് മുഖര്‍ജി തന്നെ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചതാണ് ഇക്കാര്യം.

പുതിയ നികുതി ചട്ടത്തിലൂടെ നികുതി ഇളവുകള്‍ പരമാവധി ഒഴിവാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ആദായനികുതിക്ക് മൂന്ന് സ്ളാബുകള്‍ തുടരും. എന്നാല്‍, പുതിയ നികുതിചട്ടം നിലവില്‍ വരുന്നതോടെ നികുതി നിരക്കില്‍ വര്‍ഷാവര്‍ഷം മാറ്റേണ്ടി വരില്ലെന്നും മന്ത്രി പറഞ്ഞു. പ്രത്യക്ഷ നികുതി സംവിധാനം ലളിതമാക്കുക, നികുതികൊടുക്കേണ്ടവരുടെ എണ്ണം കൂട്ടുക, ഇളവുകള്‍ കുറയ്ക്കുക എന്നിവയാണ് പ്രത്യക്ഷ നികുതി ചട്ടംകൊണ്ട് ലക്ഷ്യമാക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു. കഴിഞ്ഞ വര്‍ഷം ആഗസ്തിലാണ് പ്രത്യക്ഷ നികുതിചട്ടത്തിന്റെ കരട് ധനമന്ത്രാലയം പ്രസിദ്ധീകരിച്ചത്. ഇതിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നു. പൊതുജനങ്ങളും രാഷ്ട്രീയ പാര്‍ടികളും വ്യവസായികളും ഇതിലെ ചില വ്യവസ്ഥകള്‍ക്കെതിരെ രംഗത്ത് വന്നു. പ്രോവിഡന്റ് ഫണ്ടും പെന്‍ഷനും ഉള്‍പ്പെടെയുള്ള എല്ലാ സമ്പാദ്യപദ്ധതിയും പിന്‍വലിക്കുന്ന ഘട്ടത്തില്‍ നികുതി ചുമത്തുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ ആദ്യ കരടില്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇതിനെതിരെ ട്രേഡ് യൂണിയനുകളും മറ്റും ശക്തമായ വിമര്‍ശനമുയര്‍ത്തിയിരുന്നു. തുടര്‍ന്നാണ് പരിഷ്കരിച്ച കരട് പുറത്തിറക്കിയത്. ആദ്യ കരടില്‍ ആദായനികുതിയുടെ സ്ളാബ് പുറത്തിറക്കിയിരുന്നു. ഇതനുസരിച്ച് 1.6 ലക്ഷം മുതല്‍ 10 ലക്ഷം വരുമാനമുള്ളവര്‍ക്ക് 10 ശതമാനവും 10 ലക്ഷം മുതല്‍ 20 ലക്ഷം വരെയുള്ളവര്‍ക്ക് 20 ശതമാനവും അതിന് മുകളിലുള്ളവര്‍ക്ക് 30 ശതമാനവും ആദായനികുതിയാണ് ഏര്‍പ്പെടുത്തിയിരുന്നത്.
(വി ബി പരമേശ്വരന്‍)

deshabhimani 27082010

1 comment:

  1. കോര്‍പറേറ്റുകള്‍ക്ക് വന്‍ സൌജന്യം അനുവദിക്കുന്ന പ്രത്യക്ഷ നികുതിചട്ടത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ആദായനികുതി പരിധി രണ്ട് ലക്ഷമാക്കി ഉയര്‍ത്താനും തീരുമാനിച്ചു. കോര്‍പറേറ്റ് നികുതിയിന്‍മേലുള്ള സെസുകളും സര്‍ചാര്‍ജുകളും ഒഴിവാക്കിയാണ് കോര്‍പ്പറേറ്റുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വന്‍ ആനുകൂല്യം പ്രഖ്യാപിച്ചത്. നിലവിലുള്ള 30 ശതമാനം കോര്‍പറേറ്റ് നികുതി മാത്രമാണ് ഇനി ഈടാക്കുക. ബുക്ക്പ്രോഫിറ്റിനുള്ള കുറഞ്ഞ ബദല്‍നികുതി 18 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി ഉയര്‍ത്തും. ആസ്തി കണക്കിലെടുത്ത് നികുതി ഏര്‍പ്പെടുത്തുന്നതിന് പകരമാണ് അവരുടെ ലാഭത്തില്‍ മാത്രം നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. കോര്‍പ്പറേറ്റുകളെ സഹായിക്കാനുള്ള കേന്ദ്രനീക്കമാണ് ഇതിലൂടെ മറനീക്കിയത്. പുതിയ പ്രത്യക്ഷനികുതി ചട്ടം ബില്ലായി തിങ്കളാഴ്ച ലോക്സഭയില്‍ അവതരിപ്പിക്കും.

    ReplyDelete