Tuesday, August 17, 2010

നിരാശാജനകം

ഇന്ത്യയിലെ 120 കോടി ജനങ്ങളില്‍ മഹാഭൂരിപക്ഷം ഇന്നു നേരിടുന്ന ഏറ്റവും രൂക്ഷമായ പ്രശ്‌നം വിലക്കയറ്റമാണ്. അതിസമ്പന്നരായ ഒരു ചെറു ന്യൂനപക്ഷത്തിനു മാത്രമാണ് വിലക്കയറ്റം ഒരു പ്രശ്‌നമായി അനുഭവപ്പെടാത്തത്. പാവപ്പെട്ടവര്‍ മാത്രമല്ല, ഇടത്തരക്കാരും ഭക്ഷ്യ ധാന്യങ്ങളും പച്ചക്കറികളും ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം എരിപൊരികൊള്ളുകയാണ്. നിത്യജീവിതം ദുരിതപൂര്‍ണമാക്കുന്ന വിലക്കയറ്റത്തിനെതിരെ ജനങ്ങള്‍ ദേശവ്യാപകമായി പ്രക്ഷോഭം നടത്തിവരികയുമാണ്. ദേശീയ ഹര്‍ത്താല്‍ ഉള്‍പ്പെടെ കഴിഞ്ഞ ഒരു മാസത്തിനകം നടന്ന പ്രക്ഷോഭങ്ങള്‍ ജനങ്ങളുടെ തീവ്രവികാരം പ്രതിഫലിപ്പിക്കുന്നതായിരുന്നു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ തുടക്കദിനങ്ങള്‍ പൂര്‍ണമായി സ്തംഭിച്ചതും വിലക്കയറ്റ പ്രശ്‌നത്തിലായിരുന്നു. ഏറ്റവും പ്രതിഷേധാര്‍ഹമായത് വിലക്കയറ്റത്തോട് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്ന നിസ്സംഗത നിറഞ്ഞ സമീപനമാണ്. രാജ്യവ്യാപകമായി ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളെയും പ്രക്ഷോഭങ്ങളെയും കേന്ദ്രഭരണകൂടം പാടേ അവഗണിക്കുന്നതിനു തുനിഞ്ഞുവെന്നു മാത്രമല്ല പാര്‍ലമെന്റിന്റെ ഉപരിസഭയിലും അധോസഭയിലും ഉയര്‍ന്ന പ്രതിഷേധത്തെ ഒഴിവാക്കുവാന്‍ പാടുപെടുകയും ചെയ്തു. അത് സാധ്യമല്ലെന്ന് ഉറപ്പായപ്പോഴാണ് ഒരാഴ്ചക്കാലം രാജ്യസഭയും ലോക്‌സഭയും സ്തംഭിച്ചതിനുശേഷം, വിലക്കയറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന നിലപാട് സ്വീകരിക്കുവാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. ചര്‍ച്ചകള്‍ക്കൊടുവില്‍ സര്‍ക്കാര്‍ തീര്‍ത്തും പ്രതിക്കൂട്ടില്‍ തന്നെയായിരുന്നൂ. എന്നാല്‍ വിതണ്ഡവാദങ്ങള്‍ ഉന്നയിച്ച് തടിരക്ഷിക്കുവാനുള്ള ശ്രമമാണ് ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി നടത്തിയത്.

ഈ ജനവിരുദ്ധ നിലപാടില്‍ നിന്ന് പിന്നോക്കം പോകാന്‍ ഒരുക്കമല്ലെന്ന സന്ദേശമാണ് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും നല്‍കിയത്. സ്വതന്ത്ര ഭാരതത്തിന് ആറര പതിറ്റാണ്ട് പ്രായമാകാന്‍ പോകുമ്പോഴും മഹാഭൂരിപക്ഷം ഭാരതീയര്‍ കടുത്ത ദാരിദ്ര്യത്തില്‍ കഴിഞ്ഞുകൂടുന്നു. ഭക്ഷണമില്ലാത്തവരും പാര്‍പ്പിടമില്ലാത്തവരും കുടിവെള്ളം പോലും കിട്ടാക്കനിയായവരും തൊഴില്‍രഹിതരും ഇപ്പോഴും നിര്‍ണായക നിലയില്‍ ഇന്ത്യയില്‍ കഴിഞ്ഞുകൂടുന്നു. അവരെയാകെ കണ്ടില്ലെന്നു നടിക്കുകയും അവരെ പരിപൂര്‍ണമായി അവഗണിക്കുകയും ചെയ്യുന്ന കേന്ദ്ര ഭരണാധികാരികള്‍ സ്വാതന്ത്ര്യദിന പ്രസംഗങ്ങളില്‍ പോലും അവരെ പരിഗണിക്കുവാന്‍ സന്നദ്ധമല്ലെന്നതാണ് മന്‍മോഹന്‍സിംഗിന്റെ പ്രസംഗം തെളിയിക്കുന്നത്.

എല്ലാ സ്വാതന്ത്ര്യദിന പ്രഭാഷണങ്ങളിലും ചെങ്കോട്ടയില്‍ നിന്ന് പുതിയ ഇന്ത്യയെക്കുറിച്ച് നമ്മുടെ ഭരണാധികാരികള്‍ വാചാലമാവാറുണ്ട്. ദാരിദ്ര്യവും പട്ടിണിയുമില്ലാത്ത, തൊഴില്‍രാഹിത്യമില്ലാത്ത, സാമ്പത്തികമായി അഗ്രഗണ്യനിലയിലെത്തിയതുമായ ഒരു ഇന്ത്യ സൃഷ്ടിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അവര്‍ വാഗ്ദാനം ചെയ്യാറുമുണ്ട്. സുന്ദരവും മോഹിപ്പിക്കുന്നതുമായ പ്രസംഗമാണ് സാധാരണ നമ്മുടെ പ്രധാനമന്ത്രിമാര്‍ സ്വാതന്ത്ര്യദിനത്തില്‍ നടത്താറുള്ളത്.

മന്‍മോഹന്‍സിംഗും വ്യത്യസ്തനായിരുന്നില്ല. അദ്ദേഹം പുതിയ ഇന്ത്യ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്തു. എല്ലാവര്‍ക്കും മികച്ച വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും ഭക്ഷ്യസുരക്ഷയും ഉറപ്പ് നല്‍കുന്ന പുതിയ ഇന്ത്യ കെട്ടിപ്പടുക്കുമെന്നാണ് മന്‍മോഹന്‍ സിംഗ് പറഞ്ഞത്. ഇതൊക്കെ കേട്ടുപഴകിയ വാഗ്ദാനങ്ങളാണ്. പ്രതീക്ഷയ്ക്ക് തെല്ലും വകയില്ലാത്ത വിധത്തില്‍ ആവര്‍ത്തിക്കപ്പെടുന്ന ഇത്തരം സ്വാതന്ത്ര്യദിന പ്രസംഗങ്ങള്‍ ജനങ്ങളെ തീര്‍ത്തും നിരാശപ്പെടുത്തുന്നു. രാജ്യത്തിലെ 78 ശതമാനം മനുഷ്യര്‍ 20 രൂപയ്ക്ക് താഴെ വരുമാനമുള്ളവരാണെന്ന് കണ്ടെത്തിയത് മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായി ആദ്യ ഊഴം ഇന്ത്യയെ നയിക്കുമ്പോഴാണ്. ആ രൂക്ഷമായ സത്യത്തെ അഭിമുഖീകരിക്കുവാന്‍ സന്നദ്ധനാവാതിരുന്ന പ്രധാനമന്ത്രിയാണ് സ്വാതന്ത്ര്യത്തിന്റെ 64-ാം വാര്‍ഷിക ദിനത്തില്‍ പുതിയ ഇന്ത്യയെ സൃഷ്ടിക്കുന്നതിനെക്കുറിച്ച് വാചാലമായത്. പക്ഷേ വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരം വളരെയേറെയാണെന്നാണ് അനുഭവം തെളിയിക്കുന്നത്.

പ്രതിദിനം 20 രൂപയില്‍ താഴെമാത്രം വരുമാനമുള്ള 78 ശതമാനത്തിലേറെ മനുഷ്യര്‍ ഭക്ഷ്യ വസ്തുക്കളുടെ കുതിച്ചുയരുന്ന വിലയ്ക്ക് മുന്നില്‍ പൊരിയുന്ന വയറുമായി അന്തംവിട്ടു നില്‍ക്കുകയാണ്. സ്വാതന്ത്ര്യത്തിന് 64 വര്‍ഷമാകുമ്പോള്‍ രാജ്യത്തിന്റെ ഭരണാധികാരികളെ ഈ കടുത്ത യാഥാര്‍ഥ്യം ആകുലപ്പെടുത്തേണ്ടതാണ്. കരിഞ്ചന്തയും പൂഴ്ത്തിവെയ്പും ഇല്ലായ്മ ചെയ്യുക, അവധി വ്യാപാരം നിയന്ത്രിക്കുക, പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുക എന്നീ പ്രായോഗിക പരിപാടികളൊന്നും വിലക്കയറ്റം ചെറുക്കാനായി ഭരണാധികാരികള്‍ അവലംബിക്കുന്നില്ല. കുത്തക മുതലാളിമാരോട് അനഭാവപൂര്‍വ്വം പെരുമാറുകയും അവര്‍ക്ക് ലക്ഷക്കണക്കിന് കോടി രൂപയുടെ നികുതി ഇളവ് പ്രഖ്യാപിക്കുകയും ചെയ്യുന്ന ഭരണാധികാരികള്‍ പാവപ്പെട്ട ഭൂരിപക്ഷം മനുഷ്യരെ കണ്ണുതുറന്നു കാണാന്‍ സന്നദ്ധമല്ല.

അതുകൊണ്ടാണ് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി രണ്ടാം ഹരിത വിപ്ലവം ഉണ്ടാവുമെന്നും അപ്പോള്‍ ഭക്ഷ്യവസ്തുക്കളുടെ വിലക്കുറയുമെന്നും അരുളിച്ചെയ്തത്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി വിലക്കയറ്റത്താല്‍ ജീവിതം വഴിമുട്ടിയവരാകെ രണ്ടാം ഹരിത വിപ്ലവത്തിന്റെ ഫലം കിട്ടുന്നതുവരെ കാത്തിരിക്കണമെന്ന സന്ദേശം പരോക്ഷമായി നല്‍കുകയാണ് പ്രധാനമന്ത്രി ചെയ്തത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഭക്ഷ്യക്ഷാമം കൊണ്ടാണ് വിലക്കയറ്റം എന്ന തെറ്റായ ധാരണയും സൃഷ്ടിക്കുന്നുണ്ട്. സംഭരണശാലകളില്‍ കെട്ടിക്കിടന്ന് നശിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ കണക്കുകള്‍ പലയാവര്‍ത്തി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും ഒടുവില്‍ സുപ്രിംകോടതി തന്നെ പുഴുത്തുനശിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ പാവങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചത് പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗം നടത്തുന്നതിന് തൊട്ടുമുന്‍പുള്ള ദിനത്തിലാണ്. ഭക്ഷ്യ വസ്തുക്കളടക്കമുള്ള വിലക്കയറ്റത്തെ ത്വരിതപ്പെടുത്തുന്ന ഇന്ധന വില വര്‍ധനവ് പിന്‍വലിക്കാനാവില്ലെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞതോടെ പ്രധാനമന്ത്രിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും തുടര്‍ന്നുവന്നിരുന്ന നയസമീപനങ്ങളില്‍ ഒരു മാററവുമില്ലെന്ന് വ്യക്തമാക്കുവാന്‍ കൂടി അദ്ദേഹത്തിന് കഴിഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ 64-ാം വര്‍ഷത്തിലും, സ്വാതന്ത്ര്യ സമരപോരാളികളും രക്തസാക്ഷികളും സ്വപ്നം കണ്ട, ജനത ആഗ്രഹിക്കുന്ന ഇന്ത്യയെ സൃഷ്ടിക്കുമെന്ന് പ്രതീക്ഷ നല്‍കാത്ത നിരാശാജനകമായ പ്രസംഗമാണ് പ്രധാനമന്ത്രി നടത്തിയത് എന്നത് ഖേദകരം തന്നെ.

ജനയുഗം മുഖപ്രസംഗം 17082010

1 comment:

  1. ഇന്ത്യയിലെ 120 കോടി ജനങ്ങളില്‍ മഹാഭൂരിപക്ഷം ഇന്നു നേരിടുന്ന ഏറ്റവും രൂക്ഷമായ പ്രശ്‌നം വിലക്കയറ്റമാണ്. അതിസമ്പന്നരായ ഒരു ചെറു ന്യൂനപക്ഷത്തിനു മാത്രമാണ് വിലക്കയറ്റം ഒരു പ്രശ്‌നമായി അനുഭവപ്പെടാത്തത്. പാവപ്പെട്ടവര്‍ മാത്രമല്ല, ഇടത്തരക്കാരും ഭക്ഷ്യ ധാന്യങ്ങളും പച്ചക്കറികളും ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം എരിപൊരികൊള്ളുകയാണ്. നിത്യജീവിതം ദുരിതപൂര്‍ണമാക്കുന്ന വിലക്കയറ്റത്തിനെതിരെ ജനങ്ങള്‍ ദേശവ്യാപകമായി പ്രക്ഷോഭം നടത്തിവരികയുമാണ്. ദേശീയ ഹര്‍ത്താല്‍ ഉള്‍പ്പെടെ കഴിഞ്ഞ ഒരു മാസത്തിനകം നടന്ന പ്രക്ഷോഭങ്ങള്‍ ജനങ്ങളുടെ തീവ്രവികാരം പ്രതിഫലിപ്പിക്കുന്നതായിരുന്നു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ തുടക്കദിനങ്ങള്‍ പൂര്‍ണമായി സ്തംഭിച്ചതും വിലക്കയറ്റ പ്രശ്‌നത്തിലായിരുന്നു. ഏറ്റവും പ്രതിഷേധാര്‍ഹമായത് വിലക്കയറ്റത്തോട് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്ന നിസ്സംഗത നിറഞ്ഞ സമീപനമാണ്.

    ReplyDelete