Saturday, August 14, 2010

ഉള്‍നാടന്‍ മത്സ്യമേഖലയ്ക്ക് നിയമപരിരക്ഷ

2010 ലെ ഏകീകൃത ഉള്‍നാടന്‍ ഫിഷറീസും അക്വാകള്‍ച്ചറും ബില്‍ കഴിഞ്ഞ സമ്മേളനത്തില്‍ കേരള നിയമസഭ പാസ്സാക്കി ഗവര്‍ണ്ണറുടെ അനുമതിക്ക് അയച്ചിരിക്കുകയാണ്. കേരള ഉള്‍നാടന്‍ ഫിഷറീസ് ബില്ലിന് ചട്ടങ്ങളുണ്ടാക്കി ഉടനെതന്നെ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കും. ഏറെ പ്രതീക്ഷയോടെയാണ് കേരളത്തിലെ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ ഈ നിയമത്തെ ഉറ്റുനോക്കുന്നത്. നിലവില്‍ സംസ്ഥാനത്തെ ഉള്‍നാടന്‍ മത്സ്യമേഖലയില്‍ രണ്ടു നിയമങ്ങളാണ് പ്രാബല്യത്തില്‍ ഇരുന്നത്. മലബാര്‍ മേഖലയില്‍ 1927 ലെ ഇന്ത്യന്‍ ഫിഷറീസ് (മദ്രാസ് അമെന്റ്‌മെന്റ)് ആക്ടും തിരു-കൊച്ചി മേഖലയില്‍ 1950 ലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ ഫിഷറീസ് ആക്ടും. വളരെ പഴക്കമുള്ളതും കാലഹരണപ്പെട്ടതുമായ ഈ നിയമങ്ങള്‍ നമ്മുടെ സംസ്ഥാനത്ത് ഉള്‍നാടന്‍ മത്സ്യമേഖലയിലും അക്വാകള്‍ച്ചര്‍ രംഗത്തും ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ ഉള്‍കൊള്ളുന്നതിന് പര്യാപ്തമായിരുന്നില്ല. മലബാറിലും തിരു-കൊച്ചി മേഖലയിലും ഒരേ കാര്യത്തിന് വ്യത്യസ്ത നിയമങ്ങള്‍ നിലവിലിരുന്നതുകൊണ്ടുള്ള സാമൂഹിക പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. ഉദാഹരണമായി ഊന്നിചീനവലകളുടെ പിന്‍തുടര്‍ച്ചാവകാശം സംബന്ധിച്ച് മലബാര്‍ മേഖലയിലെ നിയമ വ്യവസ്ഥകളല്ല തിരു-കൊച്ചി മേഖലയില്‍ നിലനിന്നിരുന്നത്. മലബാര്‍ മേഖലയില്‍ ഊന്നിവലയുടെ അവകാശം പിതാവിന്റെ മരണശേഷം മത്സ്യബന്ധനം മുഖ്യതൊഴിലായിട്ടുള്ള ആണ്‍മക്കള്‍ക്കും പെണ്‍മക്കളുടെ ഭര്‍ത്താക്കന്മാര്‍ക്കുമാണ് നല്കിയിരുന്നത്. പെണ്‍മക്കള്‍ക്ക് ഊന്നിവലയില്‍ അവകാശമുണ്ടായിരുന്നില്ല. മലബാറില്‍ ഒരാള്‍ക്ക് പരമാവധി കൈവശം വെയ്ക്കാവുന്നത് നാല് ഊന്നിവലകള്‍ ആണ്. എന്നാല്‍ തിരുകൊച്ചിയില്‍ അങ്ങനെയൊരു നിയന്ത്രണമില്ല. ഈ നിയമങ്ങള്‍ മാറ്റിയെഴുതി സംസ്ഥാനത്തിന് പൊതുവെ ബാധകമായ ഏകീകൃതമായ ഒരു ഉള്‍നാടന്‍ നിയമം കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ വര്‍ഷങ്ങളായി തുടര്‍ന്നു വരികയായിരുന്നു. അത് ഫലപ്രാപ്തിയില്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ ചാരിതാര്‍ത്ഥ്യമുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം മത്സ്യമേഖലയില്‍ കേരള നിയമസഭ പാസ്സാക്കുന്ന നാലാമത്തെ നിയമമാണിത്.

കേരളത്തിന്റെ ഉള്‍നാടന്‍ മേഖലയില്‍ മീന്‍ പിടിച്ച് ഉപജീവനം നടത്തുന്ന മൂന്ന് ലക്ഷത്തോളം വരുന്ന ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ അസംഘടിതരായ ഒരു ജന വിഭാഗമാണ്. ഏറ്റവും വിഷമകരമായ ജീവിത സാഹചര്യങ്ങളിലാണ് അവര്‍ കഴിഞ്ഞു കൂടുന്നത്. അവരുടെ ഉപജീവന സുരക്ഷ ഉറപ്പാക്കുന്നതിനും പരമ്പരാഗതമായുള്ള അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നിയമം കൊണ്ടുവന്നത്. ഉള്‍നാടന്‍ മേഖലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ തൊഴിലിടങ്ങള്‍ സംരക്ഷിക്കാനും ഈ നിയമ നിര്‍മ്മാണം ലക്ഷ്യം വെയ്ക്കുന്നു.
ആഗോളവല്‍ക്കരണത്തിന്റെ ഈ കാലഘട്ടത്തില്‍ മനുഷ്യന്റെ അതിരുവിട്ട ഇടപെടല്‍ മൂലം കായലുകള്‍ ഉള്‍പ്പെടെയുള്ള ഉള്‍നാടന്‍ ജലാശയങ്ങളുടെ ലോലമായ പാരിസ്ഥിതിക അവസ്ഥ വന്‍ ഭീഷണിയെ നേരിടുകയാണ്. കേരളത്തിന്റെ സമുദ്ര മത്സ്യസമ്പത്തിന് അതിന്റെ വളര്‍ച്ചയിലും നിലനില്പിലും കായലുകളുമായുള്ള ജൈവബന്ധം ഇവിടുത്തെ സവിശേഷ ഭൂപ്രകൃതിയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. വാണിജ്യ പ്രാധാന്യമുള്ള ചെമ്മീനുകളും ഞണ്ടുകളും വിവിധയിനം മത്സ്യങ്ങളും നഴ്‌സറികളായും പ്രജനന കേന്ദ്രങ്ങളായും ഉപയോഗിക്കുന്നത് കണ്ടലുകള്‍ വളര്‍ന്നു നില്ക്കുന്ന തണ്ണീര്‍ത്തടങ്ങളേയും കായലുകളെയുമാണ്. അതുകൊണ്ടുതന്നെ ഉള്‍നാടന്‍ കായല്‍ പരിസ്ഥിതിയുടെ സംരക്ഷണം കേരളത്തിന്റെ മത്സ്യമേഖലയുടെ തന്നെ മൊത്തം സംരക്ഷണവുമായി ബന്ധപ്പെട്ടതാണ്. ഈ വസ്തുത കണത്തിലെടുത്ത് ഉള്‍നാടന്‍ മത്സ്യബന്ധന മേഖലയുടെ സംരക്ഷണം, വികസനം, പരിപാലനം എന്നിവയ്ക്ക് ഈ ബില്ലില്‍ ആവശ്യമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉള്‍നാടന്‍ മേഖലയിലെ തണ്ണീര്‍ത്തടങ്ങള്‍, കായലുകള്‍, തടാകങ്ങള്‍, നദീമുഖങ്ങള്‍ തുടങ്ങിയ പൊതുജല ശേഖരങ്ങളിലെ മത്സ്യബന്ധനം വിഭവശേഷിയുമായി ബന്ധപ്പെടുത്തി ക്രമീകരിക്കുന്നതിനും മത്സ്യബന്ധന യാനങ്ങള്‍ക്കും വലകള്‍ക്കും രജിസ്‌ട്രേഷനും ലൈസന്‍സും നിര്‍ബന്ധമാക്കി കുത്തഴിഞ്ഞു കിടക്കുന്ന ഉള്‍നാടന്‍ മത്സ്യബന്ധനമേഖല ചിട്ടപ്പെടുത്തുന്നതിനും ക്രമീകരിക്കുന്നതിനും നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതുവഴി പരമ്പരാഗത തൊഴിലിടങ്ങളില്‍ യഥാര്‍ത്ഥ മത്സ്യത്തൊഴിലാളികളല്ലാത്തവരുടെ കടന്നുകയറ്റം തടയാനും ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളുടെ തൊഴിലെടുക്കാനുള്ള അവകാശം സംരക്ഷിക്കുന്നതിനും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. ഉള്‍നാടന്‍ മത്സ്യമേഖലയില്‍ മത്സ്യബന്ധനോപകരണങ്ങളുടെ ലൈസന്‍സ് യഥാര്‍ത്ഥ മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു.

ഉള്‍നാടന്‍ മേഖലയില്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ഉള്‍നാടന്‍ മത്സ്യങ്ങളുടെ പ്രജനനവും വളര്‍ച്ചയും തടസ്സം കൂടാതെ നടക്കണം. കേരളത്തിന്റെ തനതു മത്സ്യങ്ങളായ കരിമീനും, മഞ്ഞക്കൂരിയും, വരാലും, മുഷിയും, ആറ്റുവാളയും മറ്റും വംശനാശ ഭീഷണിയുടെ പിടിയിലാണ്. ഐക്യരാഷ്ട്രസഭക്ക് കീഴിലുള്ള പ്രകൃതി സംരക്ഷണ സംഘടനയായ ഐ യു സി എന്‍ ന്റെ റെഡ് ഡാറ്റ് ലിസ്റ്റ് പ്രകാരം ഇന്ത്യയിലെ 64 മത്സ്യയിനങ്ങള്‍ വംശനാശ ഭീഷണിയിലാണ്. ഈ അവസ്ഥ നമ്മുടെ ഭക്ഷ്യസുരക്ഷയ്ക്കും പ്രോട്ടീന്‍ സുരക്ഷയ്ക്കും ഒട്ടും ഭൂഷണമല്ല. സര്‍വ്വോപരി മത്സ്യത്തൊഴിലാളികളുടെ ഉപജീവന സുരക്ഷയ്ക്ക് അത് വെല്ലുവിളി ഉയര്‍ത്തുന്നു. മത്സ്യങ്ങളുടെ ജനിതക വൈവിധ്യം നഷ്ടമാവുന്നത് ഇന്നത്തെ രീതിയില്‍ തുടര്‍ന്നാല്‍ നമ്മുടെ തദ്ദേശീയ മത്സ്യയിനങ്ങളുടെ 25 ശതമാനം 2025 ആകുമ്പോഴേക്കും അപ്രത്യക്ഷമാകുമെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഈ സാഹചര്യം ഒഴിവാക്കാനുള്ള ഏറ്റവും പ്രായോഗികമായ മാര്‍ഗ്ഗം ഏറ്റവും അനുയോജ്യമായ ഇടങ്ങളില്‍ സംരക്ഷിത മത്സ്യസങ്കേതങ്ങള്‍ സ്ഥാപിക്കുകയാണ്.

വേമ്പനാട്ട് കായലും, അഷ്ടമുടിക്കായലും, ശാസ്താംകോട്ട കായലും ദേശാടന പക്ഷികളുടെ സംരക്ഷണവുമായി ബന്ധപ്പെടുത്തി റംസാര്‍ സൈറ്റുകളായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ മത്സ്യസമ്പത്തിന്റെ വളര്‍ച്ചക്ക് സംരക്ഷണം ആവശ്യമാണെന്ന് കാണുന്ന കണ്ടല്‍ക്കാടുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ സംരക്ഷിത മത്സ്യസങ്കേതങ്ങള്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. ഉള്‍നാടന്‍ കായല്‍ പരിസ്ഥിതിയുടെ സംരക്ഷണത്തിനും മത്സ്യ ജൈവവൈവിധ്യ സംരക്ഷണത്തിനും ബില്ലിലെ വ്യവസ്ഥകള്‍ കൂടുതല്‍ കരുത്ത് പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്യം നിന്ന് പോവുന്ന തദ്ദേശീയ മത്സ്യസമ്പത്ത് ഏതൊക്കെയാണെന്ന് ജനശ്രദ്ധയില്‍ കൊണ്ടുവരാനും അവ ഭാവി തലമുറയ്ക്കായി സംരക്ഷിക്കാനും ഈ നിയമം വഴിയൊരുക്കും. കായലുകളിലും മറ്റും മീന്‍ പിടിച്ച് ഉപജീവനം നടത്തുന്ന പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ഉപജീവന സുരക്ഷ ഉറപ്പാക്കുന്ന ദീര്‍ഘ വീക്ഷണത്തോടുകൂടിയ വ്യവസ്ഥകളാണ് ഈ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സംരക്ഷിത മത്സ്യസങ്കേതങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് വിവിധ തുറകളില്‍ പ്രാവീണ്യം തെളിയിച്ച പരിസ്ഥിതി ശാസ്ത്രജ്ഞന്മാര്‍ അടങ്ങുന്ന വിദഗ്ദ സമിതിയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഈ വിദഗ്ദ സമിതി മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള തദ്ദേശവാസികളുടെ അഭിപ്രായം കണക്കിലെടുത്ത് ഒരു ഉള്‍നാടന്‍ മത്സ്യപരിപാലന പദ്ധതിയ്ക്ക് രൂപം നല്കുന്നതും ആ പദ്ധതി ഫിഷറീസ് വകുപ്പിലെ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ നടപ്പാക്കുന്നതുമാണ്. മത്സ്യസമ്പത്തിന്റെ സംരക്ഷണം ലക്ഷ്യം വെയ്ക്കുന്ന മത്സ്യസങ്കേതത്തില്‍ മത്സ്യബന്ധനം അനുവദിക്കുകയില്ല. വിവിധയിനം മത്സ്യങ്ങളുടെ പ്രജനനവും വളര്‍ച്ചയും ഉറപ്പു വരുത്തുന്നതിനും അവയുടെ ഫിഷറിയിലേക്കുള്ള റിക്രൂട്ട്‌മെന്റ് ത്വരിതപ്പെടുത്തുന്നതിനുമാണ് ഇങ്ങനെയൊരു വ്യവസ്ഥ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സര്‍ക്കാരിന്റെ ഉദ്ദേശ്യ ശുദ്ധി ബോധ്യപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ ഈ വ്യവസ്ഥയെ പിന്തുണയ്ക്കുമെന്നാണ് ഞാന്‍ കരുതുന്നത്.

വിദേശ വിപണിയിലെ വര്‍ധിച്ചു വരുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് ചെങ്കണിയാന്‍, ആറ്റുണ്ട, ലോച്ചുകള്‍ തുടങ്ങിയ തദ്ദേശീയ മത്സ്യയിനങ്ങളെ യാതൊരു തത്വദീക്ഷയുമില്ലാതെ പുഴകളില്‍ നിന്ന് ശേഖരിച്ച് കയറ്റുമതി ചെയ്യുന്നുണ്ട്. ശുദ്ധജല മത്സ്യങ്ങളായ ഇവ പ്രധാനമായും പശ്ചിമഘട്ട മേഖലകളിലെ ബന്ദടുക്ക, ചാലക്കുടി, ഇരിട്ടി എന്നീ പുഴകളിലാണ് കണ്ടു വരുന്നത്. ഈ പുഴകളില്‍ സുലഭമായിരുന്ന ഈ മത്സ്യങ്ങളെ അശാസ്ത്രീയമായ രീതിയില്‍ ചൂണ്ടയും വലയും ഉപയോഗിച്ച് പിടികൂടുമ്പോള്‍ ഇവയുടെ കുഞ്ഞുങ്ങള്‍ വളര്‍ച്ചയെത്താതെ പാടെ നശിച്ചു പോകുകയാണ് ചെയ്യുന്നത്. ഇതിന്റെ ഫലമായി ഈയിനം മത്സ്യങ്ങളുടെ ലഭ്യത കുറയുകയും അവ വംശനാശ ഭീഷണിയിലേക്ക് നീങ്ങുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പുതിയ നിയമത്തില്‍ തദ്ദേശയിനങ്ങളില്‍പ്പെട്ട അലങ്കാര മത്സ്യങ്ങളെ പ്രത്യേകിച്ചും വംശനാശഭീഷണി നേരിടുന്ന മത്സ്യയിനങ്ങളെ പിടിക്കുന്നതും, പ്രജനനം നടത്തുന്നതും, വിപണനം ചെയ്യുന്നതും നിയന്ത്രണ വിധേയമാക്കിയത്. മേല്‍ നടപടികളിലൂടെ മത്സ്യത്തൊഴിലാളികളുടെ മീന്‍പിടുത്തം നിയന്ത്രിക്കുകയല്ല മറിച്ച് മത്സ്യസമ്പത്തിന്റെ സംരക്ഷണം ഉറപ്പു വരുത്തുകയും അതുവഴി മത്സ്യത്തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കുകയുമാണ് ചെയ്യുന്നത്.

ലോകമെമ്പാടും മത്സ്യോല്പാദന രംഗത്ത് അക്വാകള്‍ച്ചര്‍ മേഖല ഒരു കുതിച്ചു ചാട്ടത്തിന് കാതോര്‍ക്കുകയാണ്. ലോകത്ത് ആകെ ഉല്പാദിപ്പിക്കുന്നത് 132 ദശലക്ഷം ടണ്‍ മത്സ്യമാണ്. ഇതില്‍ 42 ദശലക്ഷം ടണ്‍ മത്സ്യം ഉള്‍നാടന്‍ മേഖലയില്‍ നിന്നാണ്. അക്വാകള്‍ച്ചര്‍ വഴിയുള്ള മത്സ്യോല്പാദനത്തില്‍ ലോകത്ത് രണ്ടാം സ്ഥാനം അലങ്കരിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ മൊത്തം ഉല്പാദനമായ 6.4 ദശലക്ഷം ടണ്ണില്‍ 3.4 ദശലക്ഷം ടണ്‍ ഉള്‍നാടന്‍ മേഖലയുടെ സംഭാവനയാണ്. എന്നാല്‍ ഉള്‍നാടന്‍ മത്സ്യോല്പാദന രംഗത്ത് കേരളത്തിന്റെ പ്രകടനം ഒട്ടും തന്നെ ആശാവഹമല്ല. കേരളത്തിന്റെ ഉള്‍നാടന്‍ മത്സ്യോല്‍പാദനം നിലവിലുള്ള 0.75 ലക്ഷം ടണ്ണില്‍ നിന്ന് 2 ലക്ഷം ടണ്‍ ആയി ഉയര്‍ത്തുകയാണ് ലക്ഷ്യം. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ മത്സ്യോല്പാദനത്തില്‍ 1.26 ലക്ഷം ടണ്ണിന്റെ വര്‍ദ്ധനവ് നേടാനും കഴിഞ്ഞു. ഉള്‍നാടന്‍ മത്സ്യമേഖലയ്ക്ക് സമഗ്രമായ ഒരു നിയമത്തിന്റെ പിന്‍ബലം കൊടുക്കാന്‍ ഈ നിയമത്തിലെ വ്യവസ്ഥകള്‍ പര്യാപ്തമാണ്. അതോടൊപ്പം തന്നെ അക്വാകള്‍ച്ചറിന്റെ ദോഷവശങ്ങള്‍ ഇല്ലാതാക്കാന്‍ ആവശ്യമായ നിയന്ത്രണങ്ങളും മുന്‍കരുതലുകളും ഈ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അക്വാകള്‍ച്ചര്‍ പരിസ്ഥിതി സൗഹൃദമാക്കാനുള്ള ജാഗ്രതയും ഈ നിയമത്തിന്റെ പ്രത്യേകതയാണ്. അക്വാകള്‍ച്ചറിന് ഉപയോഗിക്കുന്ന മത്സ്യവിത്തിന്റെ ഗുണമേന്മ ഉറപ്പു വരുത്തുന്നതിന് സീഡ് സര്‍ട്ടിഫിക്കേഷന്‍ സംവിധാനം പ്രാബല്യത്തില്‍ വരും. അതിലേക്ക് മത്സ്യമേഖലയിലെ അക്വാകള്‍ച്ചര്‍ വിദഗ്ദരും ശാസ്ത്രജ്ഞന്മാരുമടങ്ങുന്ന ഒരു ഫിഷ് സീഡ് കമ്മിറ്റിയെ നിയോഗിക്കാനും വ്യവസ്ഥ ചെയ്തിട്ടുണ്ട്. അക്വാകള്‍ച്ചര്‍ രംഗത്ത് രോഗബാധയുള്ളതും ഗുണമേന്മ കുറഞ്ഞതുമായ മത്സ്യവിത്ത് വന്‍തോതില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഇവിടെ കൊണ്ടുവന്ന് വില്പന നടത്തുന്ന മാഫിയകളെ ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ നിയന്ത്രിക്കാന്‍ കഴിയും സര്‍ട്ടിഫൈ ചെയ്യാത്ത മത്സ്യവിത്ത് കൈവശം വെയ്ക്കുന്നതും വിപണനം ചെയ്യുന്നതും ഈ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ചെമ്മീന്‍ കെട്ടുകള്‍ക്കും മത്സ്യവിത്തുല്പാദന കേന്ദ്രങ്ങള്‍ക്കും മത്സ്യകൃഷി ഫാമുകള്‍ക്കും രജിസ്‌ട്രേഷനും ലൈസന്‍സും നിര്‍ബന്ധമാണ്.

വിദേശീയമായ മത്സ്യങ്ങളെ വളര്‍ത്തുന്നത് നമ്മുടെ ഉള്‍നാടന്‍ ജലാശയങ്ങളിലെ മത്സ്യജൈവവൈവിധ്യം തകര്‍ക്കുന്ന പ്രധാനഘടകമാണ്. വിദേശത്തു നിന്നും അനധികൃതമായി ഇവിടെ കൊണ്ടുവന്ന ആഫ്രിക്കന്‍ മുഷി, പിരാന തുടങ്ങിയ മത്സ്യങ്ങള്‍ നമ്മുടെ ഉള്‍നാടന്‍ ജലാശയങ്ങളില്‍ കടന്നു കയറുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്. ഉള്‍നാടന്‍ ജലാശയങ്ങളിലെ തദ്ദേശയിനം മത്സ്യങ്ങളെ ഇല്ലാതാക്കിയാണ് ഈ വിദേശയിനങ്ങള്‍ വ്യാപിക്കുന്നത് വേണ്ടത്ര പഠന വിധേയമാക്കിയിട്ടില്ലെങ്കിലും ഇതുമൂലംനേരിടേണ്ടി വരുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഗുരുതരമാണ്. അത്തരം വിദേശ മത്സ്യയിനങ്ങളുടെ വിത്തുല്പാദനവും കൃഷിയും തടയുന്നതിന് നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ആഗോളവല്ക്കരണത്തിന്റേയും തുറന്ന കമ്പോള വ്യവസ്ഥയുടേയും ഈ കാലഘട്ടത്തില്‍ കായല്‍ കയ്യേറ്റവും കായല്‍ മലിനീകരണവും ഉള്‍നാടന്‍ മേഖലയിലെ ജല ആവാസ വ്യവസ്ഥ നേരിടുന്ന മുഖ്യവെല്ലുവിളികളാണ്. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിലൂടെ മാത്രമെ നമ്മുടെ ഉള്‍നാടന്‍ മത്സ്യമേഖലയ്ക്ക് സുസ്ഥിരത കൈവരിക്കാന്‍ കഴിയുകയുള്ളൂ. എന്നാല്‍ ഇത് യാഥാര്‍ത്ഥ്യമാക്കുന്നതിന് ഫിഷറീസ് വകുപ്പിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റേയും റവന്യു വകുപ്പിന്റേയും ജലവിഭവ വകുപ്പിന്റെയും സഹകരണം ആവശ്യമാണ്. ഇത് സാധിതപ്രായമാക്കുന്നതിനാണ് ഫിഷറീസ് വകുപ്പ് മന്ത്രി ചെയര്‍മാനായിട്ടുള്ള സംസ്ഥാനതല ഉള്‍നാടന്‍ ഫിഷറീസ് മാനേജ്‌മെന്റ് ഉപദേശക സമിതി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ബന്ധപ്പെട്ട വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ പ്രതിനിധികള്‍ അടങ്ങിയ സംസ്ഥാനതല ഉപദേശക സമിതിയില്‍ നിയമസഭാ സാമാജികര്‍ക്കും മത്സ്യമേഖലയിലെ ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ക്കും കര്‍ഷകര്‍ക്കും പ്രാതിനിധ്യമുണ്ട്. മത്സ്യമേഖലയിലെ വിദഗ്ദന്മാര്‍ക്കും ശാസ്ത്രജ്ഞന്മാര്‍ക്കും പങ്കാളിത്തം നല്കിയിട്ടുണ്ട്. ജില്ലാതലത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ അത്തരം സമിതികള്‍ നിലവില്‍ വരും. അങ്ങനെ വിവിധ വകുപ്പുകളുമായുള്ള ചര്‍ച്ചകളിലൂടെയും ട്രേഡ് യൂണിയന്‍ പ്രതിനിധികളും മത്സ്യമേഖലയിലെ ശാസ്ത്രജ്ഞന്മാരുമായുള്ള കൂടിയാലോചനകളിലൂടെയും ഉള്‍നാടന്‍ മത്സ്യമേഖലയില്‍ ഉയര്‍ന്നു വരുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഏകീകൃത നിയമം ഫലപ്രദമായി നടപ്പിലാക്കുന്നതിനും കഴിയുമെന്നാണ് പ്രതീക്ഷ. അധികാര വികേന്ദ്രീകരണത്തെ തുടര്‍ന്ന് ഉള്‍നാടന്‍ ജലാശയങ്ങളുടെ ഗണ്യമായ ഒരു ഭാഗം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അവരുടെ അധികാരപരിധിയിലുള്ള ജലശേഖരങ്ങളില്‍ ഈ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ചു തന്നെ ഉള്‍നാടന്‍ മത്സ്യബന്ധന പരിപാലന നടപടികള്‍ സ്വീകരിക്കുന്നതിന് കഴിയും
.
പൊതുജലാശയങ്ങളായ നദികള്‍, ജലസംഭരണികള്‍, കായലുകള്‍, തടാകങ്ങള്‍ എന്നിവിടങ്ങളില്‍ മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കുന്നതിന് സാമൂഹിക മത്സ്യകൃഷി, കൂടുകളിലെ മത്സ്യകൃഷി തുടങ്ങിയ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരികയാണ്. അത്തരം പ്രവര്‍ത്തനങ്ങളെ നിയമപരമായി സംരക്ഷിക്കുന്ന വ്യവസ്ഥകള്‍ ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിന്റെ തലേ ദിവസമായ ഓഗസ്റ്റ് 14-ന് സംസ്ഥാന സര്‍ക്കാര്‍ സാമൂഹിക മത്സ്യകൃഷി ദിനമായി ആചരിക്കുകയാണ്.
'വെള്ളമുള്ള ഇടങ്ങളിലെല്ലാം മത്സ്യം വളര്‍ത്തുക' എന്നതാണ് ഈ ദിനത്തിന്റെ മഹത് സന്ദേശം. ഇന്നേദിവസം ഒരുകോടി മത്സ്യവിത്ത് വിവിധ ജില്ലകളിലായി നിയമസഭാ സാമാജികരുടെ നേതൃത്വത്തില്‍ പൊതുജലാശയങ്ങളില്‍ നിക്ഷേപിക്കുകയാണ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ മത്സ്യസമൃദ്ധി തിരിച്ചുകൊണ്ടുവരാന്‍ മത്സ്യകേരളം പദ്ധതിയുടെ ഭാഗമായുള്ള ഈ പരിപാടിക്ക് കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അതോടൊപ്പം മത്സ്യത്തൊഴിലാളികളുടെ ഉപജീവന സുരക്ഷയും പൊതുജനങ്ങളുടെ പ്രോട്ടീന്‍ സുരക്ഷയും സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നു.

എസ് ശര്‍മ്മ

1 comment:

  1. മലബാറിലും തിരു-കൊച്ചി മേഖലയിലും ഒരേ കാര്യത്തിന് വ്യത്യസ്ത നിയമങ്ങള്‍ നിലവിലിരുന്നതുകൊണ്ടുള്ള സാമൂഹിക പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. ഉദാഹരണമായി ഊന്നിചീനവലകളുടെ പിന്‍തുടര്‍ച്ചാവകാശം സംബന്ധിച്ച് മലബാര്‍ മേഖലയിലെ നിയമ വ്യവസ്ഥകളല്ല തിരു-കൊച്ചി മേഖലയില്‍ നിലനിന്നിരുന്നത്. മലബാര്‍ മേഖലയില്‍ ഊന്നിവലയുടെ അവകാശം പിതാവിന്റെ മരണശേഷം മത്സ്യബന്ധനം മുഖ്യതൊഴിലായിട്ടുള്ള ആണ്‍മക്കള്‍ക്കും പെണ്‍മക്കളുടെ ഭര്‍ത്താക്കന്മാര്‍ക്കുമാണ് നല്കിയിരുന്നത്. പെണ്‍മക്കള്‍ക്ക് ഊന്നിവലയില്‍ അവകാശമുണ്ടായിരുന്നില്ല. മലബാറില്‍ ഒരാള്‍ക്ക് പരമാവധി കൈവശം വെയ്ക്കാവുന്നത് നാല് ഊന്നിവലകള്‍ ആണ്. എന്നാല്‍ തിരുകൊച്ചിയില്‍ അങ്ങനെയൊരു നിയന്ത്രണമില്ല. ഈ നിയമങ്ങള്‍ മാറ്റിയെഴുതി സംസ്ഥാനത്തിന് പൊതുവെ ബാധകമായ ഏകീകൃതമായ ഒരു ഉള്‍നാടന്‍ നിയമം കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ വര്‍ഷങ്ങളായി തുടര്‍ന്നു വരികയായിരുന്നു. അത് ഫലപ്രാപ്തിയില്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ ചാരിതാര്‍ത്ഥ്യമുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം മത്സ്യമേഖലയില്‍ കേരള നിയമസഭ പാസ്സാക്കുന്ന നാലാമത്തെ നിയമമാണിത്.

    ReplyDelete