Saturday, August 7, 2010

കോണ്‍ഗ്രസ് വെട്ടില്‍

സോണിയ ഗാന്ധിയോ മന്‍മോഹന്‍സിങ്ങോ ആവശ്യപ്പെട്ടാല്‍ കോമണ്‍‌വെല്‍ത്ത് ഗെയിംസ് സംഘാടകസമിതി അധ്യക്ഷസ്ഥാനം രാജിവയ്ക്കാമെന്ന് സുരേഷ് കല്‍മാഡി. അഴിമതിയില്‍ മുങ്ങിത്താണ സമിതിയുടെ അധ്യക്ഷസ്ഥാനം കല്‍മാഡി ഒഴിയണമെന്ന ആവശ്യം ശക്തമായിരിക്കെ അദ്ദേഹത്തിന്റെ ഈ പ്രസ്താവന കോണ്‍ഗ്രസിനെ വെട്ടിലാക്കി. അഴിമതിയുടെ പേരില്‍ ഉദ്യോഗസ്ഥരില്‍ പലരുടെയും തലകള്‍ ഉരുളുമ്പോഴും കല്‍മാഡിയെ തൊടാന്‍ കോണ്‍ഗ്രസ് ഭയക്കുന്നത് എന്തുകൊണ്ടെന്ന ചോദ്യം ഉയരുന്നു. കോണ്‍ഗ്രസ് നേതൃത്വം അറിഞ്ഞുകൊണ്ടാണ് കല്‍മാഡിയുടെ നേതൃത്വത്തില്‍ പകല്‍ക്കൊള്ള നടക്കുന്നത്.

സോണിയ ഗാന്ധിയോ മന്‍മോഹന്‍സിങ്ങോ ആവശ്യപ്പെട്ടാല്‍ രാജിവയ്ക്കാമെന്ന് ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കല്‍മാഡി പറഞ്ഞത്. അഴിമതി ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കില്ലെന്നും കല്‍മാഡി വ്യക്തമാക്കി. കല്‍മാഡിയുടെ പ്രസ്താവനയോട് പ്രതികരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. പാര്‍ലമെന്റില്‍ നടത്തുന്ന പതിവുവാര്‍ത്താസമ്മേളനം വെള്ളിയാഴ്ച കോണ്‍ഗ്രസ് റദ്ദാക്കി.

സോണിയയും മന്‍മോഹന്‍സിങ്ങുമായി അടുത്ത ബന്ധമുണ്ടെന്ന ധൈര്യത്തിലാണ് ഇവരാരെങ്കിലും ആവശ്യപ്പെട്ടാല്‍ രാജിവയ്ക്കാമെന്ന് കല്‍മാഡി പറഞ്ഞത്. കോണ്‍ഗ്രസ് എസ് നേതാവായിരുന്ന കല്‍മാഡിയെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവന്നത് സോണിയയാണ്. 2003ല്‍ പാര്‍ലമെന്ററിപാര്‍ടി ട്രഷററാക്കി. മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് പ്രചാരണസമിതി അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റായി തുടരാന്‍ സഹായിക്കുകയുംചെയ്തു.

കോണ്‍ഗ്രസിന് ഫണ്ടെത്തിക്കുന്നതില്‍ പ്രമുഖനായാണ് കല്‍മാഡി അറിയപ്പെടുന്നത്. പുറത്താക്കിയാല്‍ പലതും വിളിച്ചുപറയുമെന്ന മുന്നറിയിപ്പും കല്‍മാഡിയുടെ വാക്കുകളിലുണ്ട്. സര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും പ്രതിച്ഛായ സംരക്ഷിക്കാന്‍ കല്‍മാഡിയെ പുറത്താക്കണമെന്ന അഭിപ്രായം കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തില്‍ ശക്തമായുണ്ടെങ്കിലും നേതൃത്വത്തെ ഭയന്ന് പരസ്യപ്രതികരണത്തിന് ആരും തയ്യാറായിട്ടില്ല.

ഗെയിംസ് വിജയിപ്പിക്കുകയാണ് മുഖ്യപരിഗണനയെന്നും ഉത്തരവാദിത്തത്തില്‍നിന്ന് ഒളിച്ചോടില്ലെന്നും കല്‍മാഡി അഭിമുഖത്തില്‍ പറഞ്ഞു. നേതാക്കള്‍ക്കും ഒളിമ്പിക് അസോസിയേഷനും താന്‍ തുടരുന്നതില്‍ താല്‍പ്പര്യമില്ലെങ്കില്‍ രാജിവയ്ക്കാം.

ലണ്ടനിലെ ക്യൂന്‍സ് ബാറ്റണ്‍ റിലേയില്‍ എഎം ഫിലിംസിനെ ചുമതല ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകമീഷന്‍ അയച്ച കത്ത് വ്യാജമാണോ എന്ന് തനിക്കറിയില്ല. സംഘാടകസമിതി ജോയിന്റ് ഡയറക്ടര്‍ ജനറല്‍ ദര്‍ബാരിയാണ് തന്നെ കത്ത് കാണിച്ചതെന്നും കല്‍മാഡി പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്താക്കപ്പെട്ട ദര്‍ബാരിയെ കല്‍മാഡി പുകഴ്ത്തി.
(എം പ്രശാന്ത്)

ലോക്സഭയില്‍ രൂക്ഷവിമര്‍ശം

കോമണ്‍‌വെല്‍ത്ത് ഗെയിംസ് അഴിമതിക്കെതിരെ ലോക്സഭയില്‍ പ്രതിപക്ഷം രൂക്ഷവിമര്‍ശമുയര്‍ത്തി. ഇതേക്കുറിച്ച് സഭയില്‍ ചര്‍ച്ച നടത്തണമെന്നും സര്‍ക്കാര്‍ പ്രസ്താവന നടത്തണമെന്നും പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു. വെട്ടിപ്പിനെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു. പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ നഗരവികസന മന്ത്രി ജയ്പാല്‍ റെഡ്ഡിയെ എന്‍ഡിഎ അംഗങ്ങള്‍ അനുവദിച്ചില്ല. സഭയില്‍ നടക്കുന്ന ചര്‍ച്ചയ്ക്ക് മാത്രം മന്ത്രി മറുപടി പറഞ്ഞാല്‍ മതിയെന്നായിരുന്നു എന്‍ഡിഎയുടെ സമീപനം. ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ നടന്ന ചൂടേറിയ വാഗ്വാദങ്ങളെത്തുടര്‍ന്ന് സ്പീക്കര്‍ സഭ നിര്‍ത്തിവച്ചു. കോമണ്‍‌വെല്‍ത്ത് ഗെയിംസിനെക്കുറിച്ച് അടുത്താഴ്ച ചര്‍ച്ച നടത്താന്‍ നിശ്ചയിച്ചിട്ടുണ്ടെന്നും സ്പീക്കര്‍ അറിയിച്ചു.

വെള്ളിയാഴ്ച ചോദ്യോത്തരവേളയില്‍ത്തന്നെ പ്രതിപക്ഷം സര്‍ക്കാരിനെതിരെ തിരിഞ്ഞിരുന്നു. ഗെയിംസ്വേദികളിലെ ആരോഗ്യസംവിധാനങ്ങളെക്കുറിച്ചുള്ള കോണ്‍ഗ്രസിലെ ജെ പി അഗര്‍വാളിന്റെ ചോദ്യത്തിന് മന്ത്രി ഗുലാംനബി ആസാദ് ഉത്തരം പറയാന്‍ എഴുന്നേറ്റപ്പോള്‍ ഗെയിംസിന്റെതന്നെ ആരോഗ്യസ്ഥിതി മോശമാണെന്ന് പ്രതിപക്ഷ അംഗങ്ങള്‍ വിളിച്ചു പറഞ്ഞു. രോഷാകുലനായ മന്ത്രി സ്റേഡിയം പണിതിട്ടുണ്ടോ ഇല്ലയോ എന്നത് തന്റെ മന്ത്രാലയ വിഷയമല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി.

ശൂന്യവേളയില്‍ ഗുരുദാസ്ദാസ് ഗുപ്തയാണ് ഗെയിംസിന്റെ പേരില്‍ നടക്കുന്ന ധൂര്‍ത്തും കൊള്ളയും സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. വന്‍ അഴിമതിക്കും ക്രമക്കേടിനും പൂര്‍ണ ഉത്തരവാദി കേന്ദ്രസര്‍ക്കാരാണെന്ന് അദ്ദേഹം ആരോപിച്ചു. ഭക്ഷ്യവസ്തുക്കള്‍ വിതരണംചെയ്യാന്‍ പണമില്ലെന്നുപറയുന്ന സര്‍ക്കാരാണ് കോടികള്‍ വിഴുങ്ങാന്‍ കൂട്ടുനില്‍ക്കുന്നതെന്ന് സിപിഐ എം നേതാവ് ബസുദേവ് ആചാര്യ ആരോപിച്ചു. ദരിദ്രര്‍ ഏറെയുള്ള രാജ്യത്ത് ഒരു ലക്ഷം കോടി രൂപ ചെലവഴിച്ച് ഗെയിംസ് നടത്തുന്നവര്‍ക്ക് രാജ്യത്തിന്റെ യശസ്സിനെക്കുറിച്ച് പറയാന്‍ അധികാരമില്ലെന്ന് മുലായം സിങ് പറഞ്ഞു.

കല്‍മാഡിയെ ദൂരദര്‍ശനും കൈയൊഴിയുന്നു

സ്പോണ്‍സര്‍ഷിപ്പ്-പരസ്യ വരുമാനങ്ങള്‍ വഴിമുട്ടിയ കോമണ്‍‌വെല്‍ത്ത് ഗെയിംസ് സംഘാടക സമിതി പ്രസാര്‍ഭാരതിയുമായും ഇടയുന്നു. ഗെയിംസിന്റെ ഔദ്യോഗിക സംപ്രേഷണാവകാശമുള്ള ദൂരദര്‍ശന്‍ പരസ്യത്തിനായി 75,000 സെക്കന്‍ഡ് സൌജന്യമായി അനുവദിക്കണമെന്ന സംഘാടകസമിതിയുടെ ആവശ്യം പ്രസാര്‍ഭാരതി തള്ളി. ഗെയിംസിന്റെ സംപ്രേഷണത്തിലൂടെ ലഭിക്കുന്ന വരുമാനത്തില്‍ നിശ്ചിത വിഹിതം നല്‍കണമെന്ന ആവശ്യത്തോടും പ്രസാര്‍ഭാരതി യോജിക്കുന്നില്ല.

ദൂരദര്‍ശന്റെ പരസ്യസമയത്തില്‍ 75,000 സെക്കന്‍ഡ് ഗെയിംസ് സംഘാടകസമിതിക്ക് നല്‍കണമെന്നാണ് സുരേഷ് കല്‍മാഡി ആവശ്യപ്പെട്ടത്. സംപ്രേഷണാവകാശം ദൂരദര്‍ശനും ഓള്‍ ഇന്ത്യ റേഡിയോക്കും നല്‍കിയതിന് പ്രതിഫലമായാണ് ഈ ആവശ്യം ഉന്നയിച്ചത്. പ്രസാര്‍ഭാരതി ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ബി എസ് ലല്ലിക്ക് കഴിഞ്ഞദിവസം ഈ ആവശ്യം ഉന്നയിച്ച് കല്‍മാഡി കത്തെഴുതിയിരുന്നു. സ്പോണ്‍സര്‍മാരുമായുള്ള ഉടമ്പടി പ്രകാരം നിശ്ചിത പരസ്യസമയം അവര്‍ക്ക് അനുവദിക്കേണ്ടതുണ്ടെന്നും ഇക്കാര്യം നേരത്തെ ദൂരദര്‍ശന്‍ ഡയറക്ടര്‍ ജനറല്‍ അരുണ ശര്‍മ സമ്മതിച്ചതാണെന്നും കല്‍മാഡി വാദിച്ചു. ദൂരദര്‍ശനും ആകാശവാണിക്കും ദേശീയ തലത്തിലുള്ള സംപ്രേഷണം സൌജന്യമായാണ് നല്‍കിയതെന്നും ഓസ്ട്രേലിയയിലെ നെറ്റ്വര്‍ക്ക് ടെന്‍ 150 കോടി രൂപ ഫീസും 13.5 കോടി രൂപയുടെ സൌജന്യ പരസ്യസമയവും നല്‍കുന്നുണ്ടെന്നും കല്‍മാഡിയും സംഘവും വാദിക്കുന്നുണ്ടെങ്കിലും ദൂരദര്‍ശന്‍ ചെവിക്കൊള്ളാന്‍ തയ്യാറല്ല.

ഗെയിംസിന്റെ സംപ്രേഷണത്തിലൂടെ 200 കോടി രൂപയുടെ പരസ്യവരുമാനമാണ് ദൂരദര്‍ശന്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ഗെയിംസിന്റെ മാര്‍ക്കറ്റിങ് തികഞ്ഞ പരാജയമായത് ഇതിന് തിരിച്ചടിയാകുമെന്ന് പ്രസാര്‍ഭാരതി അധികൃതര്‍ കരുതുന്നു. ഈ സാഹചര്യത്തിലാണ് സംഘാടകസമിതിക്ക് സൌജന്യസമയം അനുവദിക്കണമെന്ന ആവശ്യം തള്ളിയത്. ഗെയിംസിന്റെ മാര്‍ക്കറ്റിങ് നിലവാരമില്ലാത്തതാണെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. 960 കോടി രൂപയാണ് സ്പോണ്‍സര്‍ഷിപ്പിലൂടെ ലക്ഷ്യമിട്ടതെങ്കിലും 405 കോടി രൂപയാണ് ഇതുവരെ കണ്ടെത്താനായത്.

കായികമേഖലയുമായി ബന്ധപ്പെട്ട സ്പോണ്‍സറിങ്ങില്‍ മുന്നില്‍ നില്‍ക്കുന്ന പല കമ്പനികളും ഗെയിംസിനോട് അകലം പാലിക്കുകയാണ്. എല്‍ ജി ഇലക്ട്രോണിക്സും ഗോദ്റേജും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ സഹകരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഗെയിംസിന് എത്ര താരങ്ങള്‍ എത്തുമെന്നോ എത്ര ടിക്കറ്റ് വില്‍ക്കുമെന്നോ പോലും സംഘാടകസമിതി അറിയിച്ചിട്ടില്ലെന്നും പിന്നെങ്ങനെയാണ് പരസ്യ സാധ്യത വിലയിരുത്തുന്നതെന്നുമാണ് എല്‍ ജി ഇലക്ട്രോണിക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വില്‍പ്പനവിഭാഗം തലവന്‍ അമിതാഭ് തിവാരി ചോദിക്കുന്നത്. പ്രത്യേക പ്രയോജനമൊന്നും ലഭിക്കാത്തതിനാല്‍ ഗെയിംസുമായി സഹകരിക്കുന്നില്ലെന്ന് ഗോദ്റേജ് ഗ്രൂപ്പ് ചെയര്‍മാന്‍ ആദി ഗോദ്റെജും വ്യക്തമാക്കി. ഗെയിംസിന്റെ ഔദ്യോഗിക പാനീയമായ കൊക്കക്കോള മാത്രമാണ് കല്‍മാഡിക്കൊപ്പം ഉറച്ചുനല്‍ക്കുമെന്ന് പ്രഖ്യാപിച്ചത്.
(വിജേഷ് ചൂടല്‍)

വേദി മോടിപിടിപ്പിക്കാനുള്ള 165 കോടി വെള്ളത്തിലായി

കോമണ്‍‌വെല്‍ത്ത് ഗെയിംസ് വേദി മോടിപിടിപ്പിക്കാന്‍ ചെടികളും ചട്ടികളും വാങ്ങാന്‍ ഡല്‍ഹി സര്‍ക്കാര്‍ ചെലവിട്ട 165 കോടി രൂപ വെള്ളത്തിലായി. ഗെയിംസ് വേദികളിലും സ്റേഡിയങ്ങളിലും ചെടിച്ചട്ടികള്‍ വെക്കുന്നത് സുരക്ഷാകാരണങ്ങളാല്‍ പൊലീസ് വിലക്കിയതോടെ ഷീലാ ദീക്ഷിത് സര്‍ക്കാര്‍ വെട്ടിലായി. ചെടിച്ചട്ടികള്‍ റോഡുകളിലും ഫ്ളൈഓവറുകളിലും നിരത്താനാണ് ഒടുവിലത്തെ തീരുമാനം.

നിര്‍മാണപ്രവര്‍ത്തനം പൂര്‍ത്തിയാക്കാതെ നഗരത്തെ വൃത്തികേടാക്കിയെന്ന ആരോപണം നില്‍ക്കുമ്പോഴാണ് കൂടിയാലോചന ഇല്ലാതെ ഇത്രയും പണം ഡല്‍ഹി സര്‍ക്കാര്‍ പൊടിച്ചത്. 43 ലക്ഷം ചെടിച്ചട്ടി 30 കോടി രൂപയ്ക്കാണ് വാങ്ങിയത്. 135 കോടി രൂപ മുടക്കി 50 ലക്ഷം ചെടികളും ഡല്‍ഹി പാര്‍ക്സ് ആന്‍ഡ് ഗാര്‍ഡന്‍സ് സൊസൈറ്റി വാങ്ങിക്കൂട്ടി. ഇതുകൂടാതെ മറ്റ് പല ഏജന്‍സികളും ചെടികള്‍ എത്തിക്കുന്നുണ്ട്. യമുനാതീരത്തെ ഗെയിംസ് വില്ലേജിനു മുന്നിലാണ് ചെടിച്ചട്ടികള്‍ കൂട്ടിയിട്ടിരിക്കുന്നത്. സ്റേഡിയങ്ങളുടെ കവാടങ്ങള്‍ക്ക് സമീപത്തേക്ക് ചെടിച്ചട്ടികള്‍ അടുപ്പിക്കില്ലെന്ന് കഴിഞ്ഞ ദിവസം ഡല്‍ഹി ചീഫ് സെക്രട്ടറിയെ പൊലീസ് കമീഷണര്‍ രേഖാമൂലം അറിയിച്ചു. സ്റേഡിയത്തില്‍ ചെടികള്‍ അനുവദിക്കില്ലെന്ന് സംഘാടകസമിതിയും സുരക്ഷാ ഉദ്യോഗസ്ഥരും നേരത്തെ വ്യക്തമാക്കിയിരുന്നു.

സംഘാടകസമിതിയും പൊലീസുമായി കൂടിയാലോചിക്കാതെ സ്വീകരിച്ച നടപടികളാണ് ഡല്‍ഹി സര്‍ക്കാരിനെ വെട്ടിലാക്കിയത്. വിശാഖപട്ടണം നഗരവികസന അതോറിറ്റിയില്‍നിന്നും ഡെറാഡൂ ഫോറസ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുമാണ് ചെടി വാങ്ങുന്നത്. ബോഗന്‍വില്ല അടക്കമുള്ള ചെടികള്‍ക്ക് രണ്ടായിരം രൂപയോളമാണ് വില. ഡെറാഡൂണില്‍നിന്നുള്ള പുഷ്പസസ്യങ്ങള്‍ക്ക് 35 രൂപ മുതലാണ് നിരക്ക്.

കമീഷണറുടെ കത്തില്‍ ചെടികള്‍ സ്ഥാപിക്കേണ്ട ദൂരപരിധി വ്യക്തമാക്കിയിട്ടില്ലെന്നും കുറച്ച് സ്റേഡിയങ്ങളില്‍നിന്ന് 100 അടി അകലെ വെക്കാനാകുമെന്നാണ് കരുതുന്നതെന്നും ഡല്‍ഹി ചീഫ് സെക്രട്ടറി രാകേഷ് മേത്ത പ്രതികരിച്ചു. ബാക്കി ഫ്ളൈഓവറുകളിലും റോഡുകളിലും നിരത്താനാണ് തീരുമാനം. മത്സരം നടക്കുന്ന സ്റേഡിയങ്ങളില്‍നിന്ന് എട്ട് കിലോമീറ്ററോളം അകലെ മുകര്‍ബ ചൌക്കില്‍വരെ ചെടിച്ചട്ടി സ്ഥാപിക്കും

ക്രമക്കേട് പരിശോധിക്കുമെന്ന് ധനമന്ത്രാലയം

കോമണ്‍‌വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകള്‍ പരിശോധിക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. മാധ്യമങ്ങളിലൂടെ പുറത്തുവന്ന ഇടപാടുകള്‍ മറ്റ് ഏജന്‍സികള്‍ അന്വേഷിക്കുന്നതോടൊപ്പം മന്ത്രാലയവും പരിശോധിക്കുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) ചെയര്‍മാന്‍ എസ് എസ് എന്‍ മൂര്‍ത്തി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഗെയിംസ് അഴിമതി സിബിഐ അന്വേഷണമാകാം: ജയ്പാല്‍ റെഡ്ഡി

കോമണ്‍‌വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട അഴിമതിയും ക്രമക്കേടും സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ തയ്യാറാണെന്ന് നഗരവികസനമന്ത്രി ജയ്പാല്‍ റെഡ്ഡി. പ്രതിപക്ഷം ലോക്സഭയില്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയതോടൊണ് മന്ത്രി ഇത് അറിയിച്ചത്. സംഘാടകസമിതി ബിസിസിഐ പോലുള്ള സംഘടനയാണെന്നും അവരുടെ അഴിമതി സര്‍ക്കാരിന് അന്വേഷിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സിഎജി, സിവിസി, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ എജന്‍സികളെക്കൊണ്ട് അന്വേഷണം നടത്താവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭയില്‍ പ്രതിപക്ഷം മന്ത്രിയെ സംസാരിക്കാന്‍ അനുവദിക്കാത്തതിനാല്‍ പാര്‍ലമെന്റ് മന്ദിരത്തിന് പുറത്താണ് റെഡ്ഡി ഈ പ്രഖ്യാപനം നടത്തിയത്.

ഗെയിംസിനുള്ള മൊത്തം ചെലവ് 11,500 കോടി രൂപയാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതുപോലെ 50,000 കോടിയല്ലെന്നും മന്ത്രി അറിയിച്ചു. പ്രതിപക്ഷം സംസാരിക്കാന്‍ അനുവദിക്കാത്തതിനെയും റെഡ്ഡി വിമര്‍ശിച്ചു.

ദേശാഭിമാനി 07082010

1 comment:

  1. സോണിയ ഗാന്ധിയോ മന്‍മോഹന്‍സിങ്ങോ ആവശ്യപ്പെട്ടാല്‍ കോമണ്‍‌വെല്‍ത്ത് ഗെയിംസ് സംഘാടകസമിതി അധ്യക്ഷസ്ഥാനം രാജിവയ്ക്കാമെന്ന് സുരേഷ് കല്‍മാഡി. അഴിമതിയില്‍ മുങ്ങിത്താണ സമിതിയുടെ അധ്യക്ഷസ്ഥാനം കല്‍മാഡി ഒഴിയണമെന്ന ആവശ്യം ശക്തമായിരിക്കെ അദ്ദേഹത്തിന്റെ ഈ പ്രസ്താവന കോണ്‍ഗ്രസിനെ വെട്ടിലാക്കി. അഴിമതിയുടെ പേരില്‍ ഉദ്യോഗസ്ഥരില്‍ പലരുടെയും തലകള്‍ ഉരുളുമ്പോഴും കല്‍മാഡിയെ തൊടാന്‍ കോണ്‍ഗ്രസ് ഭയക്കുന്നത് എന്തുകൊണ്ടെന്ന ചോദ്യം ഉയരുന്നു. കോണ്‍ഗ്രസ് നേതൃത്വം അറിഞ്ഞുകൊണ്ടാണ് കല്‍മാഡിയുടെ നേതൃത്വത്തില്‍ പകല്‍ക്കൊള്ള നടക്കുന്നത്.

    ReplyDelete