Thursday, August 12, 2010

കുംഭകോണങ്ങളുടെ സംരക്ഷകര്‍

കോമണ്‍‌വെല്‍ത്ത് ഗെയിംസ് കുംഭകോണം സംബന്ധിച്ച് ഈ ഘട്ടത്തില്‍ ഒരു അന്വേഷണവും നടത്തില്ല എന്ന യുപിഎ ഗവമെന്റിന്റെ നിലപാട് ജനങ്ങളോട് ഉത്തരവാദിത്തമുള്ള ഒരു ഭരണസംവിധാനത്തിനും നിരക്കുന്നതല്ല. പതിനായിരക്കണക്കിന് കോടി രൂപ ഉള്‍പ്പെട്ട ഈ കുംഭകോണത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നതുമുതല്‍ സംയുക്തപാര്‍ലമെന്ററി സമിതിയുടെ അന്വേഷണം വേണം എന്നതുവരെയുള്ള നിരവധി ആവശ്യങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. യുപിഎയിലെ ചില ഘടകകക്ഷികള്‍ മുതല്‍ യുപിഎയെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന കക്ഷികള്‍വരെ, അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യത്തെ പിന്തുണച്ചിട്ടുണ്ട്. നൂറുകണക്കിന് കോടികള്‍ ഒഴുകിച്ചെന്നത് ലണ്ടന്‍ ആസ്ഥാനമായുള്ളതെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു വ്യാജകമ്പനിയുടെ മേല്‍വിലാസത്തിലാണെന്നതിനാല്‍ ബ്രിട്ടീഷ് ഭരണം ലണ്ടനില്‍ അന്വേഷണം ഏര്‍പ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. കോമണ്‍‌വെല്‍ത്ത് ഗെയിംസ് സംഘാടകസമിതിയുടെ ജോയിന്റ് ഡയറക്ടര്‍, ധനകാര്യമേധാവി എന്നിവരെ സസ്പെന്‍ഡ് ചെയ്യേണ്ടിവന്നതില്‍നിന്നുതന്നെ ആരോപണങ്ങളില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നത് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

ഇത്രയൊക്കെയായിട്ടും ഇപ്പോള്‍ ഒരുവിധ അന്വേഷണവുമില്ല എന്ന കടുംപിടിത്തത്തില്‍ നില്‍ക്കുകയാണ് യുപിഎ ഗവമെന്റ്. അന്വേഷിച്ചാല്‍, ബലിയാടുകളാക്കപ്പെട്ടവര്‍ക്കപ്പുറത്തുള്ള രാഷ്ട്രീയനേതാക്കള്‍ പ്രതികളാവുമെന്നതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം വേണമെന്ന ആവശ്യം നിരാകരിക്കുന്നത് എന്നത് പകല്‍പോലെ വ്യക്തമാണ്.

അന്വേഷണത്തിനുവേണ്ടി പ്രതിപക്ഷം ആവര്‍ത്തിച്ച് ആവശ്യമുന്നയിച്ചപ്പോള്‍ സ്പോര്‍ട്സ് വകുപ്പുമന്ത്രി എം എസ് ഗില്‍ പറഞ്ഞത്, ഇപ്പോള്‍ ഗെയിംസ് നടത്തിപ്പില്‍ മാത്രമാണ് ശ്രദ്ധയെന്നും അന്വേഷണത്തെക്കുറിച്ച് ആലോചിക്കേണ്ട സമയമിതല്ലെന്നുമാണ്. അന്താരാഷ്ട്രതലത്തില്‍ രാജ്യത്തിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കും കോമണ്‍‌വെല്‍ത്ത് ഗെയിംസ് എന്നും അദ്ദേഹം പറഞ്ഞു.

അഴിമതിഗ്രസ്തമായ ഗെയിംസ് നടത്തിപ്പ് രാഷ്ട്രത്തിന്റെ പ്രതിച്ഛായ തകര്‍ക്കുകയാണ് ചെയ്യുന്നതെന്ന് മാധ്യമങ്ങള്‍ ശ്രദ്ധിക്കുന്ന ആര്‍ക്കും അറിയാം. അത്ലറ്റുകളുടെയും മറ്റും ഹൃദയവികാരത്തെ മുറിവേല്‍പ്പിക്കുന്നതാണ്, ഗെയിംസിന്റെ മറപറ്റിയുള്ള ഈ മഹാകുംഭകോണം. നാട്ടുകാരുടെ പണമാണ് അതിഭീകരമായി കൊള്ളയടിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതൊക്കെ യശസ്സുയര്‍ത്തുന്ന കാര്യങ്ങളാണോ?

കഴിഞ്ഞദിവസം ലണ്ടനില്‍നിന്നുള്ള ഡെയ്ലി ടെലിഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്തത് കോമണ്‍‌വെല്‍ത്ത് ഗെയിംസിനെ പ്രാരംഭത്തില്‍തന്നെ അഴിമതി നശിപ്പിച്ചുവെന്നാണ്. ഒളിമ്പിക്സിന് ആതിഥേയത്വമരുളാമെന്ന് ഇന്ത്യക്ക് മോഹിക്കാനുള്ള അവകാശംപോലും ഈ കുംഭകോണത്തിലൂടെ ഇന്ത്യാഗവമെന്റ് അടിയറവച്ചു എന്നാണ് മറ്റൊരു വിദേശപത്രം പറയുന്നത്. അപ്പോള്‍, ഗില്‍ പറയുന്നതല്ല സത്യം എന്നുവരുന്നു. കോമണ്‍‌വെല്‍ത്ത് ഗെയിംസിന്റെ നടത്തിപ്പ് ഇന്ത്യക്ക് യശസ്സുനേടിത്തരുമെന്നതല്ല, മറിച്ച് അഴിമതിയില്‍ മുങ്ങിക്കുളിച്ചുകൊണ്ടുള്ള അതിന്റെ നടത്തിപ്പ് ഇന്ത്യയുടെ യശസ്സുകെടുത്തും എന്നതാണ് യാഥാര്‍ഥ്യം.

പാര്‍ലമെന്റില്‍ അന്വേഷണ ആവശ്യം ഉയര്‍ന്നപ്പോള്‍, വിവരാവകാശകമീഷന് പരാതിയെഴുതിക്കൊടുത്ത്, വിവരം തേടിക്കൊള്ളാനാണ് പാര്‍ലമെന്റിനോട് ഉത്തരം പറയാന്‍ ബാധ്യസ്ഥനായ മന്ത്രി ഗില്‍ പറഞ്ഞത്. സഭയെയും ജനാധിപത്യത്തെയും ഒരുപോലെ അധിക്ഷേപിക്കുന്നതായി ആ പരാമര്‍ശം. അന്വേഷണം ഒഴിവാക്കാനും അതിനുള്ള ശ്രമത്തില്‍ ഇത്തരമൊരു ധാര്‍ഷ്ട്യം പ്രകടിപ്പിക്കാനും മന്ത്രി തയ്യാറാവുന്നത് ഒളിക്കാന്‍ ഏറെയുണ്ട് എന്നതുകൊണ്ടാണ്.

കായികരംഗത്തെ കൊള്ളയടിക്കാനുള്ള ഒന്നാംതരം മേഖലയായാണ് യുപിഎ കാണുന്നത് എന്നുതോന്നുന്നു. രാജ്യത്തെ ഞെട്ടിച്ച ഐപിഎല്‍ കുംഭകോണത്തിന്റെ ചൂടടങ്ങിക്കഴിഞ്ഞിട്ടില്ല; അപ്പോഴിതാ കായികരംഗത്തുതന്നെ അടുത്ത കുംഭകോണം നടക്കുന്നു. മറ്റുരംഗങ്ങളിലും സ്ഥിതി ഇതുതന്നെ. സ്പെക്ട്രം കുംഭകോണം, മുദ്രപ്പത്രകുംഭകോണം എന്നിങ്ങനെ, അഴിമതികളില്ലാത്ത ദിവസം ഇല്ലെന്നായിരിക്കുന്നു.

അഴിമതി നടത്താനും നടത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കാനുമുള്ള സംവിധാനമായി യുപിഎ ഭരണം അധഃപതിച്ചിരിക്കുന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം. കോമണ്‍‌വെല്‍ത്ത് ഗെയിംസിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഗെയിംസിന്റെ സംഘാടകസമിതി ചെയര്‍മാനായ സുരേഷ് കല്‍മാഡിയെ രക്ഷിച്ച് അഴിമതിക്ക് മറയിടാനാണ് ഇപ്പോള്‍ യുപിഎ ഭരണം വ്യഗ്രതകാട്ടുന്നത്.

ഈ പ്രശ്നവുമായി ബന്ധപ്പെട്ട് കല്‍മാഡി പറഞ്ഞതെല്ലാം പച്ചക്കള്ളമായിരുന്നുവെന്ന് തെളിഞ്ഞുകഴിഞ്ഞു. ലണ്ടനിലെ എ എം ഫിലിംസ് എന്ന കടലാസ് സംഘടനയ്ക്ക് നാലരലക്ഷം പൌണ്ട് നല്‍കിയത് താനറിഞ്ഞിരുന്നില്ല എന്നാണ് കല്‍മാഡി ആദ്യം പറഞ്ഞത്. എന്നാല്‍, ഇതുസംബന്ധിച്ച് കല്‍മാഡിതന്നെ നിര്‍ദേശം നല്‍കിയതിന്റെ രേഖകള്‍ പുറത്തുവന്നു.

കുംഭകോണം പുറത്തുവന്നതിനുശേഷം നടത്തിയ ആദ്യപത്രസമ്മേളനത്തില്‍ കല്‍മാഡി പറഞ്ഞത്, എ എം ഫിലിംസ് എന്ന സ്ഥാപനത്തെക്കുറിച്ച് താന്‍ കേട്ടിട്ടുപോലുമില്ല എന്നായിരുന്നു. എന്നാല്‍, ആ സ്ഥാപനത്തിന് മാസംതോറും 14,000 പൌണ്ട് വേറെ കൊടുക്കാന്‍ അതിനുമുമ്പുതന്നെ കല്‍മാഡി നിര്‍ദേശം നല്‍കിയിരുന്നതിന്റെ രേഖകള്‍ പുറത്തുവന്നു.

സംഘാടകസമിതി ചെയര്‍മാന്‍ എന്ന നിലയ്ക്ക് ധനകാര്യസംബന്ധമായ ഒരു തീരുമാനവും താന്‍ എടുത്തിട്ടില്ല എന്ന് പിന്നീട് പറഞ്ഞു. അതും പൊളിഞ്ഞു. എഎം ഫിലിംസിന് പണം കൊടുത്തതിന്റെ രേഖകള്‍ പുറത്തുവന്നപ്പോള്‍, ബ്രിട്ടീഷ് ഹൈകമീഷന്‍ ആ സ്ഥാപനത്തെ ശുപാര്‍ശചെയ്തിരുന്നുവെന്ന് കാണിക്കുന്ന ഒരു ഇ-മെയില്‍ അദ്ദേഹം ഉയര്‍ത്തിക്കാണിച്ചു. അത് വ്യാജമായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു.

ടെലിവിഷന്‍ ഉപകരണങ്ങള്‍ വാങ്ങാനാണ് പണം നല്‍കിയതെന്ന് ഒരു ഘട്ടത്തില്‍ പറഞ്ഞു. എന്നാല്‍, ക്വീന്‍സ് ബാറ്റന്‍ റിലേയുമായി ബന്ധപ്പെട്ട മറ്റുചില കാര്യങ്ങള്‍ക്കാണിത് എന്ന് എഎം ഫിലിംസ് പറഞ്ഞു.

ഒരു ക്രമക്കേടുമില്ലെന്ന് ഒരു ഘട്ടത്തില്‍ പറഞ്ഞു. എന്നാല്‍, മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുന്നിടത്ത് കാര്യങ്ങള്‍ പിന്നീട് ചെന്നുനിന്നു. ഇതെല്ലാം വ്യക്തമാക്കുന്നത്, എല്ലാ അഴിമതികളുടെയും സിരാകേന്ദ്രമായത് സുരേഷ് കല്‍മാഡിയും അദ്ദേഹത്തിന്റെ ഓഫീസും തന്നെയാണെന്നാണ്. പക്ഷേ, അവിടേക്ക് വെളിച്ചം ചെന്നെത്താതിരിക്കാനുള്ള ശ്രദ്ധയാണ് അന്വേഷണ ആവശ്യം നിരാകരിക്കുന്നതിലൂടെ യുപിഎ ഗവമെന്റ് കാട്ടുന്നത്.

വേണമെങ്കില്‍, കോമണ്‍‌വെല്‍ത്ത് ഗെയിംസ് കഴിഞ്ഞ് അന്വേഷണ കാര്യം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഗില്‍ പറയുന്നുണ്ട്. ഇതിനര്‍ഥം, അതുവരെയുള്ള സമയംകൊണ്ട് അധികാരസ്ഥാനത്തിരുന്ന് അഴിമതിയുടെ തെളിവുകളെല്ലാം സുരേഷ് കല്‍മാഡിയും കൂട്ടരും തേച്ചുമാച്ചുകളയട്ടെ എന്നാണ് എന്നത് ആര്‍ക്കാണറിയാത്തത്.

ദേശാഭിമാനി മുഖപ്രസംഗം 12082010

1 comment:

  1. കോമണ്‍‌വെല്‍ത്ത് ഗെയിംസ് കുംഭകോണം സംബന്ധിച്ച് ഈ ഘട്ടത്തില്‍ ഒരു അന്വേഷണവും നടത്തില്ല എന്ന യുപിഎ ഗവമെന്റിന്റെ നിലപാട് ജനങ്ങളോട് ഉത്തരവാദിത്തമുള്ള ഒരു ഭരണസംവിധാനത്തിനും നിരക്കുന്നതല്ല. പതിനായിരക്കണക്കിന് കോടി രൂപ ഉള്‍പ്പെട്ട ഈ കുംഭകോണത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നതുമുതല്‍ സംയുക്തപാര്‍ലമെന്ററി സമിതിയുടെ അന്വേഷണം വേണം എന്നതുവരെയുള്ള നിരവധി ആവശ്യങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. യുപിഎയിലെ ചില ഘടകകക്ഷികള്‍ മുതല്‍ യുപിഎയെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന കക്ഷികള്‍വരെ, അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യത്തെ പിന്തുണച്ചിട്ടുണ്ട്. നൂറുകണക്കിന് കോടികള്‍ ഒഴുകിച്ചെന്നത് ലണ്ടന്‍ ആസ്ഥാനമായുള്ളതെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു വ്യാജകമ്പനിയുടെ മേല്‍വിലാസത്തിലാണെന്നതിനാല്‍ ബ്രിട്ടീഷ് ഭരണം ലണ്ടനില്‍ അന്വേഷണം ഏര്‍പ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. കോമണ്‍‌വെല്‍ത്ത് ഗെയിംസ് സംഘാടകസമിതിയുടെ ജോയിന്റ് ഡയറക്ടര്‍, ധനകാര്യമേധാവി എന്നിവരെ സസ്പെന്‍ഡ് ചെയ്യേണ്ടിവന്നതില്‍നിന്നുതന്നെ ആരോപണങ്ങളില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നത് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

    ReplyDelete