Monday, August 30, 2010

ദേശീയ പണിമുടക്കിന് രാജ്യം ഒരുങ്ങുന്നു

സെപ്തംബര്‍ ഏഴിന് നടത്തുന്ന അഖിലേന്ത്യാ പണിമുടക്ക് ചരിത്രസംഭവമാക്കാന്‍ തൊഴിലാളികള്‍ സജീവമായി രംഗത്ത്. ഓഹരി വില്‍പ്പന തടയുക, തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി നടത്തുന്ന പണിമുടക്ക് വിജയിപ്പിക്കാന്‍ രാജ്യമെങ്ങും ട്രേഡ്യൂണിയനുകള്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. ഐഎന്‍ടിയുസി, എഐടിയുസി, സിഐടിയു ഉള്‍പ്പെടെ ഒമ്പത് കേന്ദ്ര ട്രേഡ് യൂണിയനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ബിഎംഎസ് പണിമുടക്കില്‍ പങ്കെടുക്കില്ല. എന്നാല്‍, മുദ്രാവാക്യങ്ങളെ പൂര്‍ണമായും പിന്തുണയ്ക്കുന്നതായി ബിഎംഎസ് വ്യക്തമാക്കി.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് പ്രമുഖ ട്രേഡ് യൂണിയനുകള്‍ സംയുക്തമായി കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ പണിമുടക്കുന്നതെന്ന് സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭന്‍ പറഞ്ഞു. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം തടയുക, ലാഭകരമായ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവില്‍പ്പന തടയുക, സാമ്പത്തിക പ്രതിസന്ധിയില്‍ തൊഴില്‍ നഷ്ടപ്പെട്ടവരുടെ തൊഴില്‍ സംരക്ഷിക്കുക, അസംഘടിതമേഖലയിലെ തൊഴിലാളികളുടെ സംരക്ഷണത്തിന് ദേശീയ നിധി രൂപീകരിക്കുക, തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

ജൂലൈ 15ന് ന്യൂഡല്‍ഹിയില്‍ നടന്ന ദേശീയ കണ്‍വന്‍ഷനുശേഷം ഭൂരിപക്ഷം സംസ്ഥാനങ്ങളിലും സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും സംയുക്ത ട്രേഡ് യൂണിയന്‍ കണ്‍വന്‍ഷന്‍ നടന്നു. ഐഎന്‍ടിയുസി പ്രസിഡന്റ്് എന്‍ സഞ്ജീവറെഡ്ഡി ആന്ധ്രപ്രദേശിലും സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭന്‍ കര്‍ണാടകത്തിലും സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍സെന്‍ പശ്ചിമബംഗാളിലും ഹരിയാനയിലും നടന്ന കണ്‍വന്‍ഷനിലും പങ്കെടുത്തു. പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ് കവന്‍ഷനില്‍ ഒഴിച്ച് എല്ലാ സംസ്ഥാന കണ്‍വന്‍ഷനിലും ഐഎന്‍ടിയുസി പങ്കെടുത്തു. വിവിധ മേഖലയില്‍പ്പെട്ട ജീവനക്കാര്‍ പണിമുടക്ക് വിജയിപ്പിക്കാന്‍ പ്രത്യേക കണ്‍വന്‍ഷനുകളും യോഗങ്ങളും നടത്തുന്നു. പെട്രോളിയം മേഖലയിലെ ജീവനക്കാരുടെ കണ്‍വന്‍ഷന്‍ ന്യൂഡല്‍ഹിയില്‍ ചേര്‍ന്നു. പൊതുമേഖലാ എണ്ണക്കമ്പനികളുടെ പ്രവര്‍ത്തനം നിശ്ചലമാക്കാനാണ് തീരുമാനം. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും ന്യൂഡല്‍ഹിയില്‍ കണ്‍വന്‍ഷന്‍ ചേര്‍ന്ന് പണിമുടക്കില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. എല്ലാ സംസ്ഥാനങ്ങളിലും ജീവനക്കാരുടെ കണ്‍വന്‍ഷന്‍ നടക്കുകയാണ്. ബാങ്ക്, ഇന്‍ഷുറന്‍സ്, പ്രതിരോധ, ടെലികോം മേഖലയിലെ ജീവനക്കാരും പ്രത്യേകം യോഗം ചേര്‍ന്ന് പണിമുടക്കില്‍ അണിചേരാന്‍ തീരുമാനിച്ചു. ബിഎസ്എന്‍എല്‍ ജീവനക്കാരും കല്‍ക്കരി മേഖലയിലെ ജീവനക്കാരും ഓഹരിവില്‍പ്പനക്കെതിരെ നടത്തുന്ന പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ പണിമുടക്കില്‍ പങ്കെടുക്കും. കേന്ദ്ര പൊതുമേഖലാ ട്രേഡ് യൂണിയനുകളുടെ കോര്‍കമ്മിറ്റി ചേര്‍ന്ന് പണിമുടക്കില്‍ അണിചേരാന്‍ തീരുമാനിച്ചു. തുറമുഖത്തൊഴിലാളികളും എയര്‍പോര്‍ട്ട് ജീവനക്കാരും ട്രാന്‍സ്പോര്‍ട്ട് ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കും.

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 14 നാണ് 10 കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ആദ്യമായി ഒരു വേദിയില്‍ ഒന്നിക്കുന്നത്. ഒക്ടോബര്‍ 28ന് പ്രതിഷേധദിനമായി ആചരിച്ചു. ഡിസംബര്‍ 16ന് കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ ധര്‍ണയും ഈ വര്‍ഷം മാര്‍ച്ച് അഞ്ചിന് ജയില്‍ നിറയ്ക്കല്‍ സമരവും നടത്തി. സര്‍ക്കാര്‍ വിലക്കയറ്റം വര്‍ധിപ്പിക്കുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധന ഉള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ടു പോകുന്നതില്‍ പ്രതിഷേധിച്ചാണ് ദേശീയ പണിമുടക്ക്.
(വി ബി പരമേശ്വരന്‍)

deshabhimani 30082010

2 comments:

  1. സെപ്തംബര്‍ ഏഴിന് നടത്തുന്ന അഖിലേന്ത്യാ പണിമുടക്ക് ചരിത്രസംഭവമാക്കാന്‍ തൊഴിലാളികള്‍ സജീവമായി രംഗത്ത്. ഓഹരി വില്‍പ്പന തടയുക, തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി നടത്തുന്ന പണിമുടക്ക് വിജയിപ്പിക്കാന്‍ രാജ്യമെങ്ങും ട്രേഡ്യൂണിയനുകള്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. ഐഎന്‍ടിയുസി, എഐടിയുസി, സിഐടിയു ഉള്‍പ്പെടെ ഒമ്പത് കേന്ദ്ര ട്രേഡ് യൂണിയനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ബിഎംഎസ് പണിമുടക്കില്‍ പങ്കെടുക്കില്ല. എന്നാല്‍, മുദ്രാവാക്യങ്ങളെ പൂര്‍ണമായും പിന്തുണയ്ക്കുന്നതായി ബിഎംഎസ് വ്യക്തമാക്കി.

    സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് പ്രമുഖ ട്രേഡ് യൂണിയനുകള്‍ സംയുക്തമായി കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ പണിമുടക്കുന്നതെന്ന് സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭന്‍ പറഞ്ഞു. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം തടയുക, ലാഭകരമായ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവില്‍പ്പന തടയുക, സാമ്പത്തിക പ്രതിസന്ധിയില്‍ തൊഴില്‍ നഷ്ടപ്പെട്ടവരുടെ തൊഴില്‍ സംരക്ഷിക്കുക, അസംഘടിതമേഖലയിലെ തൊഴിലാളികളുടെ സംരക്ഷണത്തിന് ദേശീയ നിധി രൂപീകരിക്കുക, തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

    ReplyDelete
  2. സെപ്തംബർ ഏഴിലെ ദേശീയ പണിമുടക്കിന് അഭിവാദ്യങ്ങൾ

    ReplyDelete