Tuesday, August 24, 2010

ചാനല്‍, വണ്ടിച്ചെക്ക്, തീവ്രവാദം

ചാനല്‍, വണ്ടിച്ചെക്ക്, തീവ്രവാദം - ഫോക്കസ് ഇല്ലാത്ത ലീഗ് മന്നന്‍

ഈ അഭിമുഖത്തില്‍ മുനീര്‍ എങ്ങനെ പ്രതികരിക്കുമെന്ന് എനിക്ക് സംശയമുണ്ട്. മുനീര്‍ മനസ്സിലുള്ള കാര്യങ്ങള്‍ അതുപോലെ പ്രതിഫലിപ്പിക്കുമോ?

അടിസ്ഥാനപരമായി രാഷ്ട്രീയക്കാരനാണ് ഞാന്‍. എന്റെ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ ചട്ടക്കൂടില്‍ നിന്നുകൊണ്ടാണ് സംസാരിക്കുക. സത്യസന്ധമായി കാര്യങ്ങള്‍ തുറന്നു പറയാന്‍ സൌകര്യമുള്ള ഒരു പ്രസ്ഥാനത്തിലാണ് ഞാനെന്ന് ഉറച്ചുവിശ്വസിക്കുന്നു.

അതിനുള്ള സ്വാതന്ത്ര്യം മുനീറിനുണ്ട്. ഒരുപക്ഷേ മുസ്ലിം ലീഗില്‍ എന്നല്ല, കേരളത്തിലെ ഒരു പാര്‍ടിയിലും ഇത്രയേറെ സ്വാതന്ത്ര്യം അനുഭവിക്കുന്ന നേതാക്കളുണ്ടാവില്ല.

അതെന്താണ് ബ്രിട്ടാസ് അങ്ങനെ പറഞ്ഞത് എന്നറിയില്ല.

മുസ്ലിം ലീഗിലെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കള്‍ക്കെതിരെ ശക്തമായ പ്രതിപാദനം ഒളിഞ്ഞും തെളിഞ്ഞും നടത്താന്‍ കഴിവുള്ള നേതാവാണ് മുനീര്‍.

അങ്ങനെ ചെയ്തിട്ടില്ലല്ലോ. അതൊക്കെ ദുര്‍വ്യാഖ്യാനങ്ങളാണ്.

പക്ഷേ അങ്ങനെ ഒരു പെര്‍സപ്ഷന്‍ ഉണ്ട്. മുനീറിന്റെ പ്രധാന മുദ്രകളിലൊന്ന് സിഎച്ചിന്റെ മകനെന്നതാണ്. ഇപ്പോഴും സാധാരണ മുസ്ലിങ്ങള്‍ താങ്കളെ കാണുന്നത് സിഎച്ചിന്റെ മകനായാണ്. അത് മുനീറിന് ഒരു അഡ്വാന്റേജ് ആണ്. പക്ഷേ മുനീര്‍ സിഎച്ചിലേക്ക് ഉയരുന്നില്ല, ആ ഉത്തരവാദിത്തം കാണിക്കുന്നില്ല, ബാപ്പയോട് അനീതി കാണിക്കുന്നു എന്നൊക്കെയാണ് ലീഗിലെ പ്രവര്‍ത്തകര്‍ പറയുന്നത്.

ബാപ്പ ഒരു സൂര്യനായി അവിടെ നില്‍ക്കണമെന്ന് ഞാനാഗ്രഹിക്കുന്നു. അതിന്റെ പാര്‍ശ്വങ്ങളില്‍ ഒരു നക്ഷത്രമായെങ്കിലും നില്‍ക്കുകയാണ് എന്റെ ലക്ഷ്യം. അളവുകോല്‍ പ്രധാനപ്രശ്നമാണ്. മറ്റുള്ളവര്‍ക്കൊന്നും ഈ താരതമ്യമില്ല. എന്റെ അളവുകോല്‍ വളരെ ഉയരെയാണ്.

ബാപ്പ വളരെ ഉയരത്തില്‍ പോയതിന്റെ വിഷമം. അത് വലിയ ബാധ്യതയും ഉത്തരവാദിത്തവുമാണ്.

അത് വലിയ ഉത്തരവാദിത്തമാണ്. രാജീവ് ഗാന്ധിയെ ഇന്ദിരാഗാന്ധിയുടെ അളവുകോലിലാണ് കാണുക. ഇന്ദിരയെ നെഹ്റുവിന്റെ അളവുകോലിലും. അതിന്റെ അന്തരം വലുതാണ്.

മുനീറിന് വേറൊരു ഗുണം കിട്ടിയത് സിഎച്ചിന്റെ മകനായതുകൊണ്ടും സാധാരണ മുസ്ലിങ്ങള്‍ മുനീറിനെ ഇഷ്ടപ്പെടുന്നതുകൊണ്ടും ലീഗില്‍ വേണമെങ്കില്‍ ഒരു തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കാമെന്നതാണ്. അത് മുനീര്‍ ഇടയ്ക്ക് ഉപയോഗിക്കുന്നുണ്ട്. അടുത്തകാലത്ത് ജമാ അത്തെ ഇസ്ലാമിയുമായി ലീഗ് നടത്തിയ ചര്‍ച്ച, എല്ലാ മുസ്ലിം സംഘടനകളെയും ലീഗിന്റെ ചക്രവാളത്തിലേക്ക് കൊണ്ടുവരാനുള്ളതായിരുന്നു. അതിനെ നിര്‍വീര്യമാക്കാന്‍ മുനീര്‍ രംഗത്തുവന്നു.

അല്ല. തീവ്രവാദപ്രസ്ഥാന ങ്ങളും അവയ്ക്ക് പ്രചോദനം നല്‍കുന്ന പ്രത്യയശാസ്ത്രങ്ങളും വളരെ മുമ്പേ എതിര്‍ക്കപ്പെട്ടിട്ടുണ്ട്്. 1993ല്‍ ഞാന്‍ എഴുതിയ ഫാസിസവും സംഘപരിവാറും എന്ന പുസ്തകത്തില്‍ ഒരധ്യായം തീവ്രവാദത്തെക്കുറിച്ചാണ്. അന്ന് എന്‍ഡിഎഫ് രംഗത്തു വന്നിട്ടില്ല. വൈമ, കൈമ എന്ന പേരിലൊക്കെ ആയിരുന്നു അന്ന് പ്രവര്‍ത്തനം. ഈ ഭവിഷ്യത്തിനെക്കുറിച്ച് യൂത്ത് ലീഗ് പ്രസിഡന്റ് എന്ന നിലയില്‍ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയില്‍ ഉന്നയിച്ചിരുന്നു. എന്‍ഡിഎഫ് ലീഗില്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നുണ്ടെന്ന് ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അത് സൂക്ഷിക്കേണ്ട പ്രസ്ഥാനമാണെന്നും ഇരട്ട അംഗത്വം അനുവദിക്കരുതെന്നും 1994ല്‍ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.

എന്തുകൊണ്ട് മുനീറിന്റെ ആത്മാര്‍ഥതയും ആവേശവും ലീഗ് പങ്കുവെച്ചില്ല. ആ കാലഘട്ട ത്തില്‍ എന്നു പറയുമ്പോള്‍ പിന്നീട് അതില്‍ ചീല വീഴ്ചകള്‍ വന്നു എന്നല്ലേ

അല്ല. ലീഗ് അതുസംബന്ധിച്ച പ്രമേയം അംഗീകരിച്ചു. അന്ന് പലരും ഇതിനെക്കുറിച്ച് ആലോചിച്ചിരുന്നേയില്ല. ഞങ്ങള്‍ താഴേത്തട്ടില്‍ അത് തിരിച്ചറിഞ്ഞു എന്നു മാത്രം. ലീഗിന് ആ പ്രശ്നത്തില്‍ കാലിടറിയിട്ടില്ല.

ജമാ അത്തെ ഇസ്ലാമിയുമായി ലീഗ് പതിനഞ്ച് തവണ ചര്‍ച്ച ചെയ്തുവെന്നാണ് അവരുടെ അമീര്‍ ആരിഫലി പറഞ്ഞത്. അന്ന് രാഷ്ട്രീയവും ചര്‍ച്ച ചെയ്തിരുന്നു. ചര്‍ച്ചയുടെ വാര്‍ത്ത പുറത്തുവന്നപ്പോള്‍ കുഞ്ഞാലിക്കുട്ടി പരസ്യമായി പറഞ്ഞു, ആ വാര്‍ത്ത ആര് ചോര്‍ത്തിയെന്ന് അന്വേഷിക്കുമെന്ന്. എന്തായാലും ജമാ അത്തെ ഇസ്ളാമി ചോര്‍ത്തില്ലല്ലോ.

ചോര്‍ത്തിക്കൂടേ. അവര്‍ക്കേ അതിന്റെ ആവശ്യമുള്ളൂ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

വാര്‍ത്ത വന്നപ്പോള്‍ ജമാ അത്തെ ഇസ്ലാമിയുമായി അത്തരമൊരു ഇടപാട് പാടില്ലെന്ന് മുനീറും അനുയായികളും പറഞ്ഞുവല്ലോ?

ഞാനങ്ങനെ പറയണമെങ്കില്‍ ആ ചര്‍ച്ചയില്‍ എന്തായിരിക്കും ഉണ്ടായത്. ഞങ്ങളന്ന് ചര്‍ച്ച ചെയ്തത് വഖഫ് ബോഡുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. അക്കൂട്ടത്തില്‍ അവര്‍ തന്നെ പറഞ്ഞു, ഞങ്ങള്‍ രാഷ്ട്രീയ പ്രസ്ഥാനമാണെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും. അതില്‍ സഹകരിക്കാന്‍ എങ്ങനെ സാധിക്കുമെന്ന് ചോദിച്ചു. അത് സാധിക്കില്ലെന്ന് പറഞ്ഞാണ് പിരിഞ്ഞത്. അവരുടെപ്രത്യയശാസ്ത്രം മതരാഷ്ട്രവാദമാണ്. മതേതരത്വത്തില്‍ വിശ്വസിക്കുന്ന ഒരു പ്രസ്ഥാനത്തിന് മതരാഷ്ട്രവാദം ഉന്നയിക്കുന്നവരുമായി സഖ്യം സാധ്യമല്ല.

ജമാ അത്തെ പ്രശ്നത്തില്‍ മുനീറിനു തന്നെ അറിയാം നേതൃത്വത്തില്‍ രണ്ടഭിപ്രായമുണ്ട്. ഇത്തരം സംഘടനകളുമായി ഒരു നീക്കുപോക്കും പാടില്ലെന്ന് മുനീറും കൂട്ടരും വാദിക്കുമ്പോള്‍ കുഞ്ഞാലിക്കുട്ടിയടക്കമുള്ളവര്‍ ഇത്തരം സംഘടനകളുമായി സഹകരിച്ച് ലീഗിന് അപ്രമാദിത്വം ഉണ്ടാവണമെന്ന് വാദിക്കുന്നു. ഇങ്ങനെ ഭിന്നാഭിപ്രായം ലീഗിലുണ്ടെന്ന് വിശ്വസിക്കുന്നവരുണ്ട്.

ചിലയാളുകള്‍ സംസാരിക്കുമ്പോള്‍ ഊന്നലുകളുടെ മാറ്റമുണ്ടാവാം. നയപരമായി നോക്കുമ്പോള്‍ മാറ്റമില്ല.

മനസ്സിലുള്ളത് പറയാനുള്ള ബുദ്ധിമുട്ട് മുനീറിനുണ്ടെന്ന് മനസ്സിലാക്കാം.

അങ്ങനെയൊന്നുമില്ല. എസ്ഡിപിഐക്കെതിരെയുള്ള നിലപാട് ലീഗ് പ്രവര്‍ത്തകസമിതിയിലെ എല്ലാവരും ഒരുമിച്ചിരുന്ന് പാസാക്കിയ പ്രമേയത്തെ അടിസ്ഥാനമാക്കിയാണ്. കമ്മിറ്റിക്കകത്ത് എല്ലാവരുടെയും അഭിപ്രായം പരിഗണിച്ച് ഒരു നിഗമനത്തിലെത്തിയാല്‍ ലീഗ് അതിനൊപ്പം നില്‍ക്കും. എല്ലാ നേതാക്കളും അതിനൊപ്പം നില്‍ക്കും. തീരുമാനം മറിച്ചയാല്‍ മുനീറിനും അതിനൊപ്പമേ നില്‍ക്കാനാവൂ.

ട്രെന്‍ഡ് മനസ്സിലാക്കാന്‍ കഴിവുള്ള നേതാവാണ് കുഞ്ഞാലിക്കുട്ടി. കുഞ്ഞാലിക്കുട്ടിയുടെ നീക്കത്തെ അട്ടിമറിച്ചതില്‍ വിജയശ്രീലാളിതനാണ് മുനീറിപ്പോള്‍. അതിന്റെ ചാരിതാര്‍ഥ്യം മുനീറിനുണ്ട്.

അട്ടിമറിച്ചതല്ല. അത് ഒരു ചര്‍ച്ചക്ക് വിധേയമാക്കാനായി. അതില്‍ അട്ടിമറിയുടെ പ്രശ്നമുദിക്കുന്നില്ല. കുഞ്ഞാലിക്കുട്ടി സാഹിബടക്കം ജമാ അത്തെക്ക് അനുകൂലമായല്ല അന്ന് സംസാരിച്ചത്. ജമാ അത്തെ ഒരിക്കലും ലീഗിനെ പിന്തുണച്ചിട്ടില്ല. അവര്‍ എപ്പോഴും ഇടതുപക്ഷം ചേര്‍ന്നാണ് പോയത്.

നേതാക്കളുടെ ഊന്നലുകളില്‍ മാറ്റമുണ്ടാവും. ലീഗുപോലെ കെട്ടുറപ്പുള്ള പാര്‍ടിയുടെ നയങ്ങള്‍ ഈ ഊന്നലുകളിലെ മാറ്റങ്ങളില്‍ വെളിപ്പെടുന്നുണ്ട്. ഊന്നലുകളിലൂടെയാണ് പലപ്പോഴും നാം രാഷ്ട്രീയം വായിച്ചെടുക്കുന്നത്.

ബ്രിട്ടാസ് നല്ല മാധ്യമപ്രവര്‍ത്തകനാണെന്ന് ഇതില്‍നിന്ന് വ്യക്തമാവുന്നുണ്ട്. ഞാന്‍ ഉദ്ദേശിക്കുന്ന ഊന്നല്‍ വേറെയാണ്. പാര്‍ടിയുടെ നയം വിശദീകരിക്കുമ്പോള്‍ നമ്മളുപയോഗിക്കുന്ന ഭാഷ വ്യത്യസ്തമാണ്. ചിലര്‍ മൃദുവും ചിലര്‍ കഠിനവുമായ പദാവലികള്‍ ഉപയോഗിക്കും.

കെട്ടുറപ്പ് ഒരു പാര്‍ടിയുടെ ഗുണമാവണമെന്നില്ല, ചിലപ്പോള്‍ ദോഷവുമാവാം. വളരെ സൂക്ഷിച്ചാണ് താങ്കള്‍ സംസാരിക്കുന്നത്. മുനീറിനെപ്പോലുള്ളവര്‍ ലീഗിലുണ്ടായിരുന്നില്ലെങ്കില്‍ എന്താവുമായിരുന്നു ലീഗിന്റെ സ്ഥിതി എന്ന് ശരാശരി മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ അമ്പരന്നുപോവുന്നുണ്ട്.

അത്തരമൊരു സ്ഥിതിയില്ല. വര്‍ഷങ്ങളായി ലീഗ് എടുത്ത നിലപാട് തീവ്രവാദത്തിനെതിരാണ്. ശിഹാബ് തങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ തീവ്രവാദത്തിനെതിരെ എഴുതിയിട്ടുണ്ട്. എന്റേതായ സംഭാവനയും ലീഗിന്റെ നയരൂപീകരണത്തിലുണ്ടായിട്ടുണ്ട്. വ്യക്തികളല്ല പ്രശ്നം.

ജമാ അത്തെ ഇസ്ലാമിയുമായുള്ള ഇന്ററാക്ഷനില്‍ വഴിത്തിരിവായത് മുനീറിന്റെ നിലപാടാണ്.

ആ പ്രസ്ഥാനം രൂപപ്പെട്ടതുമുതലുള്ള കാര്യങ്ങള്‍ പഠിക്കണം. മതേതര മുഖമണിഞ്ഞ് തീവ്രവാദപ്രസ്ഥാനങ്ങള്‍ക്ക് വളരാനുള്ള ആശയം സൌജന്യമായി വിതരണം ചെയ്യുന്ന പ്രസ്ഥാനമാണത്.

എന്നു പറയുമ്പോള്‍ പോലും മുനീറിനൊരു കാപട്യമുണ്ടെന്നാണ് അവര്‍ പറയുന്നത്. ഒരു പ്രത്യേക ഘട്ടംവരെ അവരുടെ ലാളനക്ക് മുനീര്‍ വിധേയനായി.

അങ്ങനെ പറയാന്‍ പറ്റില്ല. ഒരു കാലഘട്ടം വരെ അവരുടെ മാധ്യമങ്ങളില്‍ എഴുതാറുണ്ടായിരുന്നു. പരിപാടികളില്‍ പങ്കെടുക്കാറുണ്ടായിരുന്നു. പക്ഷേ കാലക്രമത്തില്‍ അവരെ അടുത്തറിഞ്ഞപ്പോള്‍ ആ ആശയമാണ് ഈ രാജ്യത്തെ ഏറ്റവും വലിയ അപകടമെന്ന് തിരിച്ചറിഞ്ഞു. അവരുടെ ആശയം ആദ്യം മനസ്സിലാക്കുന്നതില്‍ അപാകതയുണ്ടായിരുന്നു. വേണ്ടത്ര ദൂരത്തില്‍ ജമാ അത്തെ ഇസ്ളാമിയെ നിര്‍ത്തിയാണ് പ്രവര്‍ത്തിച്ചിരുന്നത്. അവരുമായി സഹകരണം പോലുമുണ്ടായിരുന്നില്ല.

ഇന്ത്യാവിഷന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് മുനീര്‍ അന്നത്തെ ജമാഅത്തെ അമീര്‍ സിദ്ദീഖ് ഹസ്സന്റെ സഹായം തേടിയിരുന്നു. കോഴിക്കോട്ട് മര്‍ക്കസ് ഹാളില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ജമാ അത്തെയുടെയും മുജാഹിദ് ഹുസൈന്‍ വിഭാഗത്തിന്റെയും പ്രതിനിധികള്‍ പങ്കെടുത്തു. ഗള്‍ഫിലെ ജമാ അത്തെയുടെ സംഘടനയായ ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ നിരവധി പരിപാടിപാടികളില്‍ പങ്കെടുത്ത് അവരുടെ പ്രവര്‍ത്തനങ്ങളെ ശ്ളാഘിച്ചിരുന്നു. അതൊക്കെ തെറ്റായിരുന്നു എന്നാണോ. മാത്രമല്ല ഒ അബ്ദുറഹിമാന്റെ പുസ്തകം പ്രകാശനം ചെയ്തത് മുനീറായിരുന്നു.

അവരുടെ ആശയത്തെ ഒരു ഘട്ടത്തിലും ഞാന്‍ ശ്ളാഘിച്ചിട്ടില്ല. ഇന്ത്യാ വിഷന്‍ രൂപീകരണത്തിന്റെ ഭാഗമായി എല്ലാ സംഘടനകളെയും ക്ഷണിച്ചിട്ടുണ്ട്. അതില്‍ ജമാ അത്തെ ഇസ്ലാമിയും പങ്കെടുത്തിട്ടുണ്ടാവാം. എസ്എന്‍ഡിപിയും എന്‍എസ്എസ്സും ഉണ്ടായിരുന്നു. ജമാ അത്തെ ഇസ്ലാമിയുമായി ഗൂഢാലോചന നടത്തി ഒരു ചാനല്‍ തുടങ്ങുക എന്ന ആശയവും എനിക്കില്ലായിരുന്നു. ഒ അബ്ദുറഹിമാന്റെ പുസ്തകം പ്രകാശനം ചെയ്തത് ഞാനല്ല. ആ പരിപാടിയില്‍ പങ്കെടുത്തിട്ടില്ല.

മങ്കട തെരഞ്ഞെടുപ്പില്‍ മുനീര്‍ പിന്തുണ ആവശ്യപ്പെട്ടപ്പോള്‍ ജമാ അത്തെ നിരസിച്ചിരുന്നു. അതാണോ ഇപ്പോഴത്തെ ഈര്‍ഷ്യക്ക് കാരണം.

അല്ല.

ഇ കെ സുന്നി വിഭാഗത്തിലും മുജാഹിദുകളിലും ഇപ്പോഴുള്ള ജമാ അത്തെ വിരുദ്ധ വികാരം ചൂഷണം ചെയ്യുക. പിന്നെ ഒരു പൊതു മതേതര സ്വഭാവം എടുക്കുക. ഇത് രണ്ടുംകൂടി ചേരുമ്പോള്‍ ഉണ്ടാവുന്ന കെമിസ്ട്രിയില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ എളുപ്പം ജയിക്കുകയാണോ ലക്ഷ്യം.


അത് എളുപ്പം ജയിക്കാവുന്ന കെമിസ്ട്രിയല്ല. ഈയിടെ ഒ അബ്ദുറഹ്മാന്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞത് ജമാ അത്തും എസ്ഡിപിഐയും ഒരുമിച്ചു നിന്നാല്‍ മുനീര്‍ തിരുവനന്തപുരത്തേക്ക് വണ്ടികയറില്ല എന്നാണ്. ഞാന്‍ പറഞ്ഞു, അങ്ങനെ ഒരു സഹകരണത്തിന്റെ ഫലമായി എനിക്ക് തിരുവനന്തപുരത്ത് പോവേണ്ട എന്ന്.

മുനീറിനെപ്പോലെ എല്ലാവരും പറയാത്തതെന്താണ്?

എല്ലാവരും ഒരുപോലെ പറയണമെന്നില്ലല്ലോ.

ഫോക്കസ് ഇല്ലായ്മ മുനീറിനെ വല്ലാതെ ബാധിച്ചുവോ?

എന്റെ ലൈഫിനെ കുറേക്കൂടി സ്മൂത്താക്കാന്‍ ഞാന്‍ ചെയ്യുന്ന കാര്യമാണത്. രാഷ്ട്രീയക്കാരന് അതൊരു ന്യൂനതയാണ്. ക്യാരക്ടറിന്റെ സവിശേഷതയാവാം.

മുനീറിന് അച്ചടക്കമില്ല എന്ന് ലീഗുകാര്‍ പറയുന്നു. ആ പഹയന്‍ രാത്രി ഉറക്കമൊഴിക്കും. രാവിലെ പത്തുമണിക്കേ എഴുന്നേല്‍ക്കൂ. ആളുകള്‍ എട്ടുമണിക്കേ വന്നു കാത്തു നില്‍ക്കും എന്നൊക്കെ.

അത് ശരിയാണ്. വായന മുഴുവന്‍ രാത്രിയാണ്. ഇന്‍സോമ്നിയ എന്ന അസുഖമാണത്. ഉറക്കം പൂര്‍ണമായി നഷ്ടപ്പെടുന്ന അവസ്ഥയാണത്. നാച്ചുറോപ്പതി ചികിത്സക്ക് പോയി എന്റെ ബയോളജിക്കല്‍ ക്ളോക് ശരിയാക്കും. എന്റെ തിരുത്തലുകളില്‍ ഇതും ഉള്‍പ്പെടുത്തും. ഇതൊക്കെയായാലും എന്റെ ടൈംടേബിളില്‍ ഉള്‍പ്പെട്ട എല്ലാം ഞാന്‍ ചെയ്യുന്നുണ്ട്.

ലീഗ് രാഷ്ട്രീയം ഒരു പ്രത്യേകഘട്ടത്തില്‍ മുനീറിന്റെ കൈയിലേക്ക് വന്നു. ഒരു വര്‍ഷത്തിലേറെ മുനീറും കൂട്ടരും അതിനെ നയിച്ചു. നിങ്ങളുടെ കഴിവുകേടു കാരണം കുഞ്ഞാലിക്കുട്ടിയെ തിരിച്ചുവിളിച്ചു.

നേതൃത്വത്തില്‍ ഇപ്പോഴുമുണ്ട്. അഹമ്മദ് സാഹിബ് ഏല്‍പ്പിച്ചത്രയും ചുമതലകള്‍ ഇപ്പോള്‍ കുഞ്ഞാലിക്കുട്ടി സാഹിബും എന്നെ ഏല്‍പ്പിക്കുന്നു.

സംഘടനയെ നയിക്കേണ്ട ചുമതല കിട്ടിയപ്പോള്‍ മുനീറിന് ലീഗിനെ നയിക്കുന്ന ഘട്ടത്തിലേക്ക് വളരാമായിരുന്നു. മനഃപൂര്‍വം അത് വേണ്ട എന്നു പറഞ്ഞതായിരുന്നോ?

പാര്‍ടി നേരത്തെ തന്ന ഉത്തരവാദിത്തങ്ങള്‍ എനിക്കിപ്പോഴും നല്‍കിയിട്ടുണ്ട്, അതേ അളവിലും വലുപ്പത്തിലും.

അതേസമയം കുഞ്ഞാലിക്കുട്ടിയില്‍നിന്ന് എടുത്തുമാറ്റിയ ഉത്തരവാദിത്തം ഒരു വര്‍ഷംകൊണ്ട് തിരിച്ചുനല്‍കുകയും ചെയ്തു.

ഇ അഹമ്മദ് സാഹിബിന് ദേശീയ രാഷ്ട്രീയത്തില്‍ ചില ഉത്തരവാദിത്തങ്ങള്‍ വന്നപ്പോള്‍ പ്രസിഡന്റ് പദവി വീണ്ടും കുഞ്ഞാലിക്കുട്ടി സാഹിബിന് നല്‍കി എന്നതാണ്.

ആ പദവിയിലേക്ക് മുനീറിന് വരാമായിരുന്നു.

എന്തിന്? കൂട്ടുത്തരവാദിത്തമുള്ള നേതൃത്വമാണ് ലീഗിനാവശ്യം. എന്താണ് കുഞ്ഞാലിക്കുട്ടിക്കുള്ള കുറവ്?

എന്താണ് മുനീറിനുള്ള കുറവ്?

ഒരേസമയം ഒന്നിലേറെ പേര്‍ക്ക് ജനറല്‍ സെക്രട്ടറിമാരാവാന്‍ പറ്റില്ലല്ലോ.

ആ കുറവുകൊണ്ടാണല്ലോ കുഞ്ഞാലിക്കുട്ടിയെ ഒരു വര്‍ഷം മാറ്റിയത്.

അതല്ല, തെരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം സ്വയം ഒഴിഞ്ഞതാണ്.

ഒരാള്‍ രാജിവെക്കുന്നതിനും ഒഴിഞ്ഞു നില്‍ക്കുന്നതിനും സാങ്കേതികമായ ഒരുപാട് വിശദീകരണങ്ങള്‍ നല്‍കാം. പക്ഷേ യഥാര്‍ഥത്തില്‍ സംഭവിച്ചത് അതല്ല. കുഞ്ഞാലിക്കുട്ടിയെ മാറ്റി പുതിയ നേതൃത്വത്തെ ചുമതലയേല്‍പ്പിക്കാന്‍ ശിഹാബ് തങ്ങള്‍ ശ്രമിക്കുന്നു. ആ സമയത്ത് പുതിയ നേതൃത്വം എമേര്‍ജ് ചെയ്യുന്നില്ല, അണികള്‍ അസംതൃപ്തരാവുന്നു. സംഘടന നേര്‍വഴിക്കുപോകുന്നില്ല എന്ന തോന്നല്‍ വരുന്നു. അപ്പോള്‍ വീണ്ടും കുഞ്ഞാലിക്കുട്ടിയെ തിരികെ വിളിക്കുന്നു. ശിഹാബ് തങ്ങളെ ഞാന്‍ അഭിമുഖം നടത്തിയപ്പോള്‍ ഇക്കാര്യം ഊന്നിപ്പറഞ്ഞിട്ടുണ്ട്.

പി കെ കുഞ്ഞാലിക്കുട്ടിയുടെ ഡൈനമിസം എല്ലാവര്‍ക്കും ഉണ്ടാവണമെന്നില്ല. തങ്ങള്‍ അത് അംഗീകരിച്ചു. അതിന്റെ കൂടെ നില്‍ക്കാനുള്ള ടീമിനെ തെരഞ്ഞെടുക്കുമ്പോള്‍ അതില്‍ ഞാനുമുണ്ട്.

എന്തുകൊണ്ടാണ് മുനീറുമായുള്ള അഭിമുഖത്തില്‍ എല്ലാവരും കുഞ്ഞാലിക്കുട്ടിയെക്കുറിച്ച് ചോദിക്കുന്നത്? കുഞ്ഞാലിക്കുട്ടിയുമായുള്ള അഭിമുഖങ്ങളിലും മുനീറിനെക്കുറിച്ചാണ് പ്രധാന ചോദ്യങ്ങള്‍

ഞാനും അദ്ദേഹവും തമ്മിലുള്ള ഇക്വേഷനില്‍ യാതൊരു പ്രശ്നവുമില്ല. ഒരു ഘട്ടത്തിലുമുണ്ടായിട്ടില്ല. മാധ്യമപ്രവര്‍ത്തകര്‍ എടുത്തുചോദിക്കുന്നതിനപ്പുറം ഒരു പ്രശ്നവുമില്ല.

രജീന സംഭവം ഇന്ത്യാ വിഷന്‍ ബ്ളോ അപ് ചെയ്തപ്പോള്‍ കുഞ്ഞാലിക്കുട്ടിയുടെ ഇമേജിനെ ബാധിച്ചു. ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ എന്ന നിലയ്ക്ക് മുനീറിന് ആ ഉത്തരവാദിത്തത്തില്‍ നിന്ന് മാറിനില്‍ക്കാനാവില്ല എന്നു പറയുന്നവരുണ്ട്. ഈ സംഭവം നിങ്ങള്‍ തമ്മിലുള്ള സമവാക്യത്തെ മാറ്റി മറിച്ചില്ലേ?

ഞാന്‍ നേതൃത്വം നല്‍കുന്ന ചാനലില്‍ അത് വന്നതില്‍ അദ്ദേഹത്തിന് പ്രയാസമുണ്ടായിരുന്നു. പിന്നീടദ്ദേഹമത് തിരിച്ചറിഞ്ഞു. തേജോവധത്തിനുള്ള മനഃപൂര്‍വ ശ്രമമായിരുന്നില്ല. സ്പൊണ്‍ടേനിയസായുള്ള ഒരു വാര്‍ത്തയായിരുന്നു. ഗൂഢാലോചനയും അദ്ദേഹത്തെ തകര്‍ക്കുക എന്ന ലക്ഷ്യവുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് മറുപടി പറയാനുള്ള ധാരാളം സ്പേസ് ഇന്ത്യാവിഷന്‍ അദ്ദേഹത്തിന് നല്‍കി. വാര്‍ത്താ ചാനലിന്റെ തലപ്പത്തിരിക്കുന്ന ആള്‍ എന്ന നിലയ്ക്ക് സ്വാഭാവികമായും പാര്‍ടിക്കകത്ത് ധാരാളം പേര്‍ എന്നെ സംശയത്തോടെ നോക്കുന്ന സ്ഥിതിയുണ്ടായിരുന്നു. അതെല്ലാം കാലം മായ്ച്ചുകളഞ്ഞു, കാലം തിരിച്ചറിഞ്ഞു.

അത് സ്പൊണ്‍ടേനിയസ് ആയിരുന്നില്ല, ആലോചിച്ചുറപ്പിച്ച് കൊടുത്തതാണെന്ന് ഇന്ത്യാവിഷന്റെ ഉത്തരവാദപ്പെട്ടവര്‍ പറഞ്ഞിട്ടുണ്ട്. മുനീറിന് അത് കൈകാര്യം ചെയ്തതിനെക്കുറിച്ച് ഖേദമുണ്ടോ?

എന്നെ സംബന്ധിച്ചിടത്തോളം അത് സ്പൊണ്‍ടേനിയസ് ആയ വാര്‍ത്ത ആയിരുന്നു. വാര്‍ത്ത ഉത്ഭവിക്കുന്ന സമയത്ത് അതുമായി ബന്ധപ്പെട്ട എഡിറ്റര്‍ക്കും ഉത്തരവാദിത്തമുണ്ട്. അതങ്ങനെ കൈകാര്യം ചെയ്തതില്‍ ഖേദമുണ്ട്. അത് കുറേക്കൂടി ആലോചനാപൂര്‍വം കൈകാര്യം ചെയ്യേണ്ടിയിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഒരു മാധ്യമത്തെ സംബന്ധിച്ച് അവര്‍ അത് ചെയ്തത് ശരിയാണെന്ന ധാരണയിലായിരിക്കാം നില്‍ക്കുന്നത്. ഒരു രാഷ്ട്രീയക്കാരന്‍, പ്രത്യേകിച്ച് ഈ വ്യക്തിയുടെ സഹപ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് ഇത് കുറേക്കൂടി സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടിയിരുന്നു. പി കെ കുഞ്ഞാലിക്കുട്ടിയെ കണ്ടപ്പോഴും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.

ചാനലിന്റെ ചെയര്‍മാനാണെങ്കിലും ഞാന്‍ സര്‍വസ്വാതന്ത്ര്യവും മറ്റുള്ളവര്‍ക്ക് നല്‍കിയിട്ടുണ്ട് എന്ന് മുനീര്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. പക്ഷേ ചെയര്‍മാന്‍ എന്നുള്ളത് എല്ലാവര്‍ക്കും സ്വാതന്ത്ര്യം നല്‍കാനുള്ള പദവിയല്ല, ചില ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ കൂടിയുള്ളതാണ്. ഈ സമീപനം ഒരു മാധ്യമത്തിന് വേണ്ടതല്ലേ

ഒരു ജേണലിസ്റ്റ്സ് ഡ്രിവണ്‍ ചാനല്‍ എന്ന നിലയ്ക്ക് ഉള്ളടക്കത്തില്‍ ഇടപെടേണ്ട എന്ന നിലപാടാണ് സ്വീകരിക്കുന്നത്. അന്നും ഇന്നും. ഞാന്‍ കൂടുതലും മാനേജ്മെന്റ് കാര്യങ്ങളാണ് ശ്രദ്ധിക്കുന്നത്. പക്ഷേ സ്വാതന്ത്ര്യം ജേണലിസ്റ്റുകള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് അവരാണ് തീരുമാനിക്കേണ്ടത്. വാര്‍ത്തകളില്‍ മാനേജ്മെന്റല്ല, എഡിറ്ററാണ് വിവേചനാധികാരം ഉപയോഗിക്കേണ്ടത്.

മുനീറിന് കഴിഞ്ഞകാലത്ത് നടന്ന കാര്യങ്ങളോട് പൂര്‍ണമായും തൃപ്തിയില്ല, ചില നിയന്ത്രണങ്ങള്‍ വേണ്ടിയിരുന്നു എന്ന ചിന്തയാണ് ഉള്ളത് എന്നാണ് എന്റെ അനുമാനം. അതു ശരിയല്ലേ?

ഞാന്‍ പറഞ്ഞില്ലേ പൂര്‍ണമായും ആ എഡിറ്റര്‍ ചെയ്തത് ശരിയാണോ എന്ന് മാനേജ്മെന്റിന് തോന്നിക്കൊള്ളണമെന്നില്ല.

വാര്‍ത്തകളുടെ തെരഞ്ഞെടുപ്പിലാണ് ഒരു ചാനലിന്റെ നയം പ്രതിഫലിക്കുന്നത്. അത് ഒരു എഡിറ്റര്‍ക്കോ രണ്ടോ മൂന്നോ പത്രപ്രവര്‍ത്തകര്‍ക്കോ വിട്ടുകൊടുക്കേണ്ടതല്ല. ചെയര്‍മാന്‍ ഉള്‍ക്കൊള്ളുന്ന മാനേജ്മെന്റിന്റെ വേദിയിലാണ് നയം രൂപം കൊള്ളുന്നത്. ആ ഉത്തരവാദിത്തം മുനീര്‍ നിര്‍വിഹിച്ചിരുന്നോ?

ചാനലിന് വിശാലമായ നയം ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്. ചില വ്യക്തികളെക്കുറിച്ച് വാര്‍ത്ത പാടുണ്ട് ചിലരെക്കുറിച്ച് പാടില്ല എന്നൊന്നും നിശ്ചയിച്ചിട്ടില്ല.

മോറല്‍ സൈഡ് വീക്കായ ഒരു പെണ്‍കുട്ടി ഇന്ന് ഒരു രാഷ്ട്രീയ നേതാവിനെക്കുറിച്ച് എന്തെങ്കിലും വിളിച്ചു പറഞ്ഞാല്‍ അത് പരിപൂര്‍ണമായും കൊടുക്കണമെന്ന് മുനീര്‍ പറയുമോ?

നമ്മള്‍ ആ പറയുന്ന ആളുടെ വിശ്വാസ്യത പരിശോധിക്കണം. അന്ന് ഇന്ത്യാ വിഷനില്‍ ലൈവായി കൊടുത്തിരുന്നില്ലെങ്കില്‍ മറ്റ് ചാനലുകളില്‍ വരില്ല എന്ന് തോന്നുന്നുണ്ടോ. മറ്റു ചാനലുകള്‍ അത് വേണ്ട എന്ന് വച്ചിരുന്നോ. ഞങ്ങളുടെ ചാനലിലല്ല ആ കുട്ടി വന്നത്. ഏഷ്യാനെറ്റിലാണ്.

ഏഷ്യാനെറ്റ് വാര്‍ത്ത കൊടുത്തിരുന്നില്ല. മണിക്കൂറുകള്‍ക്കു ശേഷം മറ്റു ചാനലുകള്‍ കൊടുത്ത ശേഷമാണ് അവര്‍ കൊടുക്കാന്‍’ നിര്‍ബന്ധിതരായത്.

ഏഷ്യാനെറ്റിന് കൊടുത്ത എക്സ്ക്ളൂസീവ് അഭിമുഖമായിരുന്നു. ദീപ എന്ന ലേഖികയാണ് മറ്റുള്ളവരെ അങ്ങോട്ടു ക്ഷണിച്ചത്. ഏഷ്യാനെറ്റ് ഓഫീസില്‍ നിന്നാണ് ഇത് ഷൂട്ട് ചെയ്തത്. ആ കാലഘട്ടത്തില്‍ ആ രീതിയിലേ ഏതു ചാനലും അത് കൈകാര്യം ചെയ്യുമായിരുന്നുള്ളൂ. നിര്‍ഭാഗ്യത്തിന് അത് ആദ്യം കൊടുത്തത് ഇന്ത്യാവിഷനായിരുന്നു.

ഇന്ത്യാവിഷന്‍ കൊടുത്തില്ലായിരുന്നില്ലെങ്കില്‍ മറ്റു ചാനലുകള്‍ നിയന്ത്രണം പാലിക്കുമായിരുന്നു. ഇന്ത്യാവിഷന്‍ വാര്‍ത്ത നല്‍കി എത്രയോ കഴിഞ്ഞാണ് മറ്റ് ചാനലുകള്‍ വാര്‍ത്ത നല്‍കിയത്.

മുനീറിന് ഇന്ത്യാവിഷന്‍കൊണ്ട് ലാഭമോ നഷ്ടമോ.

ഇന്ത്യാവിഷന്‍ എന്ന പ്രസ്ഥാനം ഇവിടെ ആവശ്യമാണ്. എനിക്ക് രാഷ്ട്രീയമായും വ്യക്തിപരമായും നഷ്ട ങ്ങളാ ണുണ്ടായത്.

ലീഗില്‍ മുനീറിന്റെ വിശ്വാസ്യത പരിപൂര്‍ണമായും നഷ്ടപ്പെടുത്തിയത് ഇന്ത്യാവിഷനായിരുന്നോ?

ലീഗിലുള്ള ആളുകള്‍ക്ക് എന്നോട് പ്രയാസമുണ്ടായിട്ടുണ്ട്. അത് മുനീറിന്റെ നേതൃത്വത്തിലുള്ള ചാനലില്‍ വരരുതായിരുന്നു എന്ന് മനസ്സുകൊണ്ട് വേദനിക്കുന്ന ധാരാളമാളുകള്‍ പാര്‍ടിയിലുണ്ട്.

മുനീറിന് എത്ര ഷെയറുണ്ട്. പെയ്ഡ് അപ് കാപ്പിറ്റലായ നാല്‍പ്പതു കോടിയില്‍

എനിക്ക് കിട്ടിയത് വിയര്‍പ്പ് ഓഹരി. അത് എജിഎമ്മില്‍ തീരുമാനിച്ചതാണ്. ഏഴു ലക്ഷം രൂപയാണ് വിയര്‍പ്പ് ഓഹരി. മാനേജ്മെന്റ് സംബന്ധിച്ച സംശയം വന്ന സാഹചര്യത്തില്‍ എജിഎമ്മിലെ ഭൂരിപക്ഷംപേരും ആവശ്യപ്പെട്ടതാണ് ഒരു നിയന്ത്രണത്തിനുവേണ്ടി എന്നോട് എട്ടു കോടിയുടെ സ്വെറ്റ് ഇക്വിറ്റി സ്വീകരിക്കണമെന്ന്. സമയം കഴിഞ്ഞതിനാല്‍ ആ പ്രൊപ്പോസല്‍ ഇപ്പോള്‍ ഇല്ലാതായിട്ടുണ്ടാവും. ടി വി നയന്‍ പോലുള്ളവര്‍ക്ക് ഷെയറുണ്ട്.

പി കെ കുഞ്ഞാലിക്കുട്ടിയോട് സഹായമഭ്യര്‍ഥിച്ചാല്‍ ചാനലിന്റെ പ്രതിസന്ധി പരിഹരിക്കാമെന്ന് ഹസന്‍ ചേളാരിയെപ്പോലുള്ളവര്‍ പറഞ്ഞിരുന്നു. അന്ന് മുനീര്‍ പറഞ്ഞത് കുഞ്ഞാലിക്കുട്ടിയുണ്ടെങ്കില്‍ ഞാനുണ്ടാവില്ല എന്നും ഹസന്‍ ചേളാരി എഴുതിയിരുന്നു.

അതിനൊന്നും ഞാന്‍ മറുപടി പറയുന്നില്ല. പി കെ കുഞ്ഞാലിക്കുട്ടി എന്നയാളെ നശിപ്പിക്കാന്‍ ഈ വ്യക്തിയെ സമീപിച്ചു എന്ന് പറയുന്നതുതന്നെ പരിഹാസ്യമാണ്. പലരും പല രീതിയിലും ഈ സന്ദര്‍ഭത്തെ ഉപയോഗപ്പെടുത്തുകയാണ്. പിന്നീട് ചാനല്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയില്‍ പലരും ഡയറക്ടര്‍ ബോഡില്‍ എടുത്തിട്ടുണ്ട്. ടി വി നയനും എത്തി. ഇനി ഷെയര്‍ ഹോള്‍ഡര്‍ കടന്നുവരണമെങ്കില്‍ ബോഡ് അംഗങ്ങള്‍ എല്ലാവരും കൂടിയാലോചന നടത്തണം. നാല്‍പ്പതു കോടിയില്‍ ലോക്ക് ചെയ്തിരിക്കയാണ് ഇപ്പോള്‍. ഷെയര്‍പാറ്റേണില്‍ എനിക്ക് മാത്രമായി തീരുമാനമെടുക്കാന്‍ പറ്റില്ല.

മുനീറിന്റെ ചാനല്‍ കൊടുക്കുന്നോ എന്ന് ചോദിച്ച് പലരും വന്നിരുന്നില്ലേ. എത്ര കോടിയാണ് പ്രതീക്ഷിക്കുന്നത്?

അതൊക്കെ സാധാരണയായുണ്ടാവും. എത്ര കിട്ടിയാലും മതിയാവില്ല. കാരണം വ്യക്തിപരമായി അത്രയും നഷ്ടമുണ്ടായിട്ടുണ്ട്. എന്റെ ഹൃദയം ഞാന്‍ അത്രയും കൊടുത്തിട്ടുണ്ട്. മാനഹാനിയും. എത്ര പണം തന്നാലാണ് മാനഹാനിയില്‍ നിന്ന് ഒഴിവാകുക.

ഈ ചാനല്‍ കാരണമാണോ മുനീര്‍ ഒരുപാട് വണ്ടിച്ചെക്ക് കേസുകളില്‍ പെട്ടത്?

സത്യത്തില്‍ വ്യക്തിപരമായി ഞാന്‍ ആരില്‍നിന്നും കടം വാങ്ങിയിട്ടില്ല. ഇന്ത്യാവിഷന്‍ സംബന്ധമായി പല സുഹൃത്തുക്കളില്‍ നിന്നും കടം വാങ്ങി. അവര്‍ ഇന്ത്യാവിഷന്‍ നല്‍കുന്ന ചെക്കിനെക്കാള്‍ വിലമതിക്കുന്നത് എന്റെ ചെക്കിനെയാണ്. അതിലേ അവര്‍ക്ക് പിടിക്കാന്‍ പറ്റൂ. സത്യത്തില്‍ മറ്റ് ഡയറക്ടര്‍മാരെയും ഇന്ത്യാവിഷനെയും രക്ഷിക്കാന്‍വേണ്ടി ഞാന്‍ സ്വന്തം റിസ്കില്‍ കൊടുത്തതാണ് ഗ്യാരണ്ടി ചെക്കുകള്‍.

മുനീറിനെപ്പോലുള്ള രാഷ്ട്രീയക്കാരന്‍, മുന്‍മന്ത്രി, ലീഗിന്റെ സമുന്നതനായ നേതാവ് ഇത്തരം കേസുകളില്‍പെടുക-അലക്സ് വെള്ളാപ്പള്ളിക്ക് 20 ലക്ഷം, ശിഹാബ് തങ്ങളുടെ മരുമകന് 40 ലക്ഷം. മുനീര്‍ എന്ന രാഷ്ട്രീയക്കാരന്‍ ഇടറുകയാണോ?

കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ല. വസ്തുതാപരമായ സാംഗത്യം ഓരോ കേസിനും എത്രയുണ്ടെന്നത് കോടതിയിലെ കാര്യമാണ്. എല്ലാ പ്രതിബന്ധങ്ങളുമുണ്ടാകുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ ഞാന്‍ ക്ഷണിച്ചുവരുത്തിയ ഡയറക്ടര്‍മാര്‍ക്ക് ഒരുപോറലുമേല്‍ക്കരുതെന്ന് കരുതി ഞാന്‍ എടുത്ത റിസ്കാണത്. പലര്‍ക്കും അത് വലിയ വിഡ്ഢിത്തമാവാം. പക്ഷേ എന്റെ മനഃസാക്ഷി പറയുന്നത് ഇത്ര ചീത്തപ്പേര് ഉണ്ടായിട്ടുണ്ടെങ്കിലും നീ ചെയ്തത് ശരിയാണെന്നാണ്.

ഇമ്മാതിരി കുരുത്തക്കേടുകള്‍ ഉണ്ടാവരുതെന്ന് ലീഗ് നേതാക്കള്‍ പറഞ്ഞിരുന്നോ?

അവര്‍ പറഞ്ഞിരുന്നു. എന്നോട് സ്നേഹമുള്ളതുകൊണ്ടാണ് അങ്ങനെ പറയുന്നത്. തങ്ങളുടെ മരുമകനുമായി ബന്ധപ്പെട്ട കേസില്‍ വസ്തുത ഞാന്‍ ഹൈദരലി ശിഹാബ് തങ്ങളെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

എം കെ മുനീര്‍/ ജോണ്‍ ബ്രിട്ടാസ് (കൈരളി -പീപ്പിള്‍ ചാനലിനോട് കടപ്പാട്)
ദേശാഭിമാനി വാരിക 22082010 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.

1 comment:

  1. ഈ അഭിമുഖത്തില്‍ മുനീര്‍ എങ്ങനെ പ്രതികരിക്കുമെന്ന് എനിക്ക് സംശയമുണ്ട്. മുനീര്‍ മനസ്സിലുള്ള കാര്യങ്ങള്‍ അതുപോലെ പ്രതിഫലിപ്പിക്കുമോ?

    അടിസ്ഥാനപരമായി രാഷ്ട്രീയക്കാരനാണ് ഞാന്‍. എന്റെ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ ചട്ടക്കൂടില്‍ നിന്നുകൊണ്ടാണ് സംസാരിക്കുക. സത്യസന്ധമായി കാര്യങ്ങള്‍ തുറന്നു പറയാന്‍ സൌകര്യമുള്ള ഒരു പ്രസ്ഥാനത്തിലാണ് ഞാനെന്ന് ഉറച്ചുവിശ്വസിക്കുന്നു.

    ReplyDelete