എന്തായിരുന്നു... ഹൈക്കോടതി ബെഞ്ച്, വിഴിഞ്ഞം തുറമുഖം, ബാഴ്സലോണയുടെ ഇരട്ടനഗരം...ശശി തരൂര്‍ എംപിയായാല്‍ ഈ പദ്ധതികളെല്ലാം ഉറപ്പെന്നായിരുന്നു കോണ്‍ഗ്രസ് അംഗങ്ങളും ചില മാധ്യമങ്ങളും പ്രചരിപ്പിച്ചത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍നിന്ന് പണംകൊയ്യാന്‍ ബാറ്റുമായിറങ്ങി, കൈയില്‍കിട്ടിയ മന്ത്രിസ്ഥാനം കളഞ്ഞപ്പോഴും സ്തുതിപാഠകര്‍ കുലുങ്ങിയില്ല. മന്ത്രിപദവിയുടെ തിരക്കില്ലാത്ത എംപി ഇനി മണ്ഡലത്തിന്റെ വികസനക്കുതിപ്പിന് മുഴുവന്‍സമയവും ചെലവിടും എന്നായിരുന്നു അവര്‍ പറഞ്ഞു നടന്നത്. എന്നാല്‍, പ്രണയിനിയുമൊത്ത് സുഖവാസ കേന്ദ്രങ്ങളും തീര്‍ഥാടന കേന്ദ്രങ്ങളും ചുറ്റിക്കറങ്ങുന്ന തിരക്കിനിടെ മണ്ഡലത്തിന്റെ നാലയലത്തുപോലും എംപിയെ കണികാണാനില്ല. തരൂരിനെ തങ്ങള്‍ കണ്ടിട്ടുതന്നെ നാളേറെയായെന്ന് കോണ്‍ഗ്രസ് നേതാക്കളും പറയുന്നു. എംപിയെക്കണ്ട് സാധിക്കേണ്ട കാര്യങ്ങള്‍ നടത്താനാകാതെ വോട്ടര്‍മാര്‍ നെട്ടോട്ടത്തിലാണ്. പ്രധാനമന്ത്രിയുടെ ചികിത്സാ സഹായത്തിനായുള്ള നൂറുകണക്കിന് അപേക്ഷയാണ് എംപിയുടെ ഒപ്പു പതിയാത്തതിനാല്‍ പെരുവഴിയിലായത്. തലസ്ഥാനനഗരിക്കു വേണ്ടി പാര്‍ലമെന്റില്‍ നാവനക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്. ഔദ്യോഗിക പരിപാടികളിലും അനൌദ്യോഗിക ചടങ്ങുകളിലും എംപി പങ്കെടുത്തിട്ട് നാളേറെയായി.
കോണ്‍ഗ്രസ് നേതാക്കള്‍ക്കും തരൂരിനെ സ്തുതിച്ച മാധ്യമങ്ങള്‍ക്കും ഇതേക്കുറിച്ച് മിണ്ടാട്ടമില്ല. പ്രണയതീരത്ത് ഉല്ലാസപ്പറവകളായി പാറിനടക്കുന്ന തരൂരിന്റെയും സുനന്ദയുടെയും വര്‍ണചിത്രങ്ങള്‍ നല്‍കി നിര്‍വൃതി അടയുകയാണ് ചില മാധ്യമങ്ങള്‍. തരൂരിന്റെ അപദാനങ്ങള്‍ പാടിയ സാമൂഹ്യപ്രവര്‍ത്തകര്‍ക്കും പൊതുകാര്യ തല്‍പ്പരര്‍ക്കും മൌനംതന്നെ രക്ഷ.
ഏപ്രിലില്‍ ഐപിഎല്‍ വിവാദത്തോടെയാണ് തരൂരിന്റെ മനംകവര്‍ന്ന സുനന്ദപുഷ്കറിനെ പുറംലോകം അറിഞ്ഞത്. സുനന്ദയുടെ പേരില്‍ തരൂര്‍ ഐപിഎല്ലില്‍ കോടികള്‍ നിക്ഷേപിച്ചെന്ന വാര്‍ത്ത തെളിവുസഹിതം പുറത്തുവന്നെങ്കിലും തരൂര്‍പ്രേമം മൂത്തവര്‍ വിശ്വസിച്ചില്ല. മന്ത്രിസ്ഥാനം തെറിച്ചപ്പോഴാണ് പലര്‍ക്കും കാര്യങ്ങളുടെ പോക്ക് പിടികിട്ടിയത്.
കേന്ദ്രമന്ത്രിയല്ലാതായപ്പോള്‍ ഇനി 'കേരളമെന്ന് കേട്ടാല്‍ തിളയ്ക്കണം...' എന്നൊക്കെ തരൂര്‍ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. തിളപ്പ് പോയിട്ട് ചെറു ചൂടുപോലും അനുഭവപ്പെടുന്നില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. തെരഞ്ഞെടുക്കപ്പെട്ട ശേഷം തരൂര്‍ മാസത്തിലൊരിക്കല്‍പോലും മണ്ഡലത്തില്‍ കാല് കുത്തിയിട്ടില്ല. തലസ്ഥാനത്തെ ചില മുന്തിയ ചടങ്ങുകളില്‍ തലകാണിച്ച് മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാന്‍ മറന്നതുമില്ല. ഓഫീസില്‍ അന്വേഷിച്ചുചെന്ന പാവങ്ങളെ ജീവനക്കാര്‍ തുരത്തി. ഇ- മെയില്‍ വിലാസം, റോമിങ്ങുള്ള മൊബൈല്‍ നമ്പര്‍, ഡല്‍ഹിയിലെ വിലാസം എന്നിവ നല്‍കി പാവങ്ങളെ പേടിപ്പിക്കുകയുംചെയ്തു.
തിരുവനന്തപുരം രാജ്യന്തര വിമാനത്താവളത്തിന്റെ രണ്ടാമത്തെ ടെര്‍മിനലിന്റെ പണി പൂര്‍ത്തിയായിട്ട് മാസങ്ങളായെങ്കിലും എംപിയുടെ തിരക്ക് മൂലം തുറക്കാനാകുന്നില്ല. മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ളോക്ക് ഉദ്ഘാടനം കാത്ത് കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഈ രണ്ട് പദ്ധതിക്കും പ്രധാനമന്ത്രിയുടെ സമയം വാങ്ങാന്‍ എംപി കൂട്ടാക്കുന്നില്ല. ഹൈക്കോടതി ബെഞ്ച് എംപിയും മറന്നു. വിഴിഞ്ഞം തുറമുഖം സംസ്ഥാന സര്‍ക്കാരിന്റെ താല്‍പ്പര്യം ഒന്നുകൊണ്ടുമാത്രം ജീവനോടെ മുന്നോട്ടുപോകുന്നു. തലസ്ഥാനത്തെ റോഡ് വികസനം, ഐഎസ്ആര്‍ഒ വികസനം, ഐസര്‍...എംപിയുടെ സമയക്കുറവ് മൂലം അനിശ്ചിതത്വത്തിലായ പദ്ധതികള്‍ നിരവധി.
ഉത്രാടത്തിന് എംപിയും സുനന്ദയും വിവാഹിതരാകും. പിന്നെ മധുവിധു. എല്ലാം കഴിയുമ്പോള്‍ അടുത്ത തെരഞ്ഞെടുപ്പിന് സമയമാകും.
ദേശാഭിമാനി 11082010
എന്തായിരുന്നു... ഹൈക്കോടതി ബെഞ്ച്, വിഴിഞ്ഞം തുറമുഖം, ബാഴ്സലോണയുടെ ഇരട്ടനഗരം...
ReplyDeleteഅവസാനം പവനായി ശവമായി...