Thursday, August 19, 2010

യുഡിഎഫ് പയറ്റുന്ന ലോട്ടറി രാഷ്ട്രീയം

അന്യസംസ്ഥാന ലോട്ടറികളുടെ നിയമലംഘനം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നതാണ് യുഡിഎഫ് നേതാക്കളുടെ ആവശ്യം. അന്വേഷണത്തെ ധനമന്ത്രി എതിര്‍ക്കുന്നത് എന്തിനാണെന്നും അവര്‍ ചോദിക്കുന്നു. അന്യസംസ്ഥാന ലോട്ടറികള്‍ നിയമം ലംഘിക്കുന്നു എന്നതില്‍ ഞങ്ങള്‍ക്ക് ഒരു സംശയവുമില്ല. ലോട്ടറി മാഫിയയുടെ നിയമലംഘനം വെളിപ്പെടുത്തിയത് ഈ സര്‍ക്കാര്‍ നടത്തിയ വിജിലന്‍സ് അന്വേഷണമാണ്. ഈ അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളാണ് ഉമ്മന്‍ചാണ്ടി മുതല്‍ പി ടി തോമസ് വരെയുളളവര്‍ പൊക്കിപ്പിടിക്കുന്നത്. ഇവരെല്ലാം കൂടി എന്തോ കണ്ടുപിടിച്ചുവെന്ന മട്ടിലാണ് നാടകം മുന്നേറുന്നത്. അന്വേഷിച്ചതും കണ്ടെത്തിയതും ഈ സര്‍ക്കാരാണ്. ഇനിയൊരു അന്വേഷണവും ആവശ്യമില്ലാത്തവിധം അന്യസംസ്ഥാന ലോട്ടറികളുടെ നിയമലംഘനം വ്യക്തവുമാണ്.

ഇനി ആവശ്യം നടപടികളാണ്. ഈ നിയമലംഘനത്തിനെതിരെ നടപടിയെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് കേരള ഹൈക്കോടതിയും സുപ്രീംകോടതിയും ആവര്‍ത്തിച്ചുറപ്പിച്ചിട്ടുണ്ട്. വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് നല്‍കിയിട്ട് കൊല്ലം മൂന്നായി. അതിന്റെ അടിസ്ഥാനത്തില്‍ കേരളം നല്‍കിയ സര്‍വകക്ഷി നിവേദനത്തിലും ഈ ആവശ്യം ശക്തമായി ഉന്നയിച്ചിട്ടുണ്ട്. സുവ്യക്തവും സംശയാതീതവുമായ അനേകം തെളിവുകള്‍ ഉണ്ടായിട്ടും നിയമംലംഘിക്കുന്ന സംസ്ഥാനങ്ങളോട് വിശദീകരണം ആവശ്യപ്പെടാന്‍പോലും കേന്ദ്രം ഇതുവരെ തയ്യാറായിട്ടില്ല. ഇക്കാര്യം മറച്ചുവച്ചാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും ഉരുണ്ടുകളിക്കുന്നത്.

ലോട്ടറി മാഫിയയെ നിലയ്ക്കു നിര്‍ത്താന്‍ എന്തുനടപടി സ്വീകരിച്ചു എന്ന ചോദ്യത്തിന് കോണ്‍ഗ്രസിനും കേന്ദ്രസര്‍ക്കാരിനും ഉത്തരമില്ല. സിക്കിം, ഭൂട്ടാന്‍ ലോട്ടറികള്‍ കേന്ദ്ര ലോട്ടറി നിയന്ത്രണ നിയമം നഗ്നമായി ലംഘിച്ചാണ് നടത്തുന്നത്. അത്രയ്ക്ക് ശക്തമാണ് സംസ്ഥാന വിജിലന്‍സ് സമാഹരിച്ച തെളിവുകള്‍. അവയുടെ അടിസ്ഥാനത്തില്‍ അന്യസംസ്ഥാന ലോട്ടറികളെ നിരോധിക്കുകയാണ് വേണ്ടത്. ഈ നടപടി നീട്ടിക്കൊണ്ടുപോകുന്നതിന് ഒരു ന്യായീകരണവുമില്ല. ഇതിനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനാണ്. ഒന്നുകില്‍ അവര്‍ ആ അധികാരം ഉപയോഗിക്കണം. അല്ലെങ്കില്‍ അത് സംസ്ഥാനത്തിന് കൈമാറണം.

തങ്ങളുടെ അധികാരപരിധിയില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്തോ എന്നത് പ്രസക്തമായ ചോദ്യംതന്നെയാണ്. ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ചെയ്തതും നടന്നതുമായ കാര്യങ്ങള്‍ ഇവയാണ്.

1. അന്യസംസ്ഥാന ലോട്ടറികളുടെ നടത്തിപ്പിനെ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം ഏര്‍പ്പെടുത്തി. കേന്ദ്ര ലോട്ടറി നിയന്ത്രണ നിയമത്തിന്റെ 4-ാം വകുപ്പ് നഗ്നമായി ലംഘിച്ചാണ് ഇവ നടത്തുന്നതെന്ന് ആ അന്വേഷണം വെളിപ്പെടുത്തി.

2. ഈ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്യ സംസ്ഥാന ലോട്ടറികളുടെ കേരളത്തിലുളള രജിസ്ട്രേഷന്‍ റദ്ദാക്കുന്നതിന് നോട്ടീസ് നല്‍കി.

3. ലോട്ടറി നടത്തിപ്പുകാര്‍ നോട്ടീസ് കേരള ഹൈക്കോടതിയില്‍ ചോദ്യംചെയ്തു. സിക്കിം സര്‍ക്കാരിന്റെ നിയമലംഘനത്തിനെതിരെ നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനാണ് അധികാരമെന്ന് കണ്ടെത്തിയ ഹൈക്കോടതി, നടപടി സ്വീകരിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി. ഭൂട്ടാന്‍ ലോട്ടറികളുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് നടപടി തുടരാമെന്നും വിധിച്ചു. ഈ വിധിക്കെതിരെ കേരളവും ഭൂട്ടാന്‍ ലോട്ടറി നടത്തിപ്പുകാരും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ ഫയല്‍ചെയ്തു. നിയമലംഘനത്തിനെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേരളത്തിന്റെ അപ്പീല്‍.

4. കേസില്‍ കേന്ദ്രസര്‍ക്കാരിനു വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരായി. കേന്ദ്ര ലോട്ടറി നിയന്ത്രണ നിയമത്തിന്റെ ലംഘനത്തിനെതിരെ നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനാണ് അധികാരമെന്ന് വാദിച്ചു. മാത്രമല്ല നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കോടതി നല്‍കിയ നിര്‍ദേശം റദ്ദാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. ഇതിന്റെയടിസ്ഥാനത്തില്‍ ഡിവിഷന്‍ബെഞ്ച് കേരളം നല്‍കിയ നോട്ടീസ് റദ്ദാക്കി.

5. ഈ വിധിക്കെതിരെ സംസ്ഥാനം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. ഈ അപ്പീലില്‍ ഇനിയും തീര്‍പ്പാക്കിയിട്ടില്ല.

അന്യ സംസ്ഥാന ലോട്ടറി നടത്തിപ്പുകാര്‍ക്കെതിരായി സ്വീകരിച്ച നടപടികളെല്ലാം പിന്‍വലിക്കുമെന്നും ഒരു നടപടിയും സ്വീകരിക്കില്ലായെന്നും സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ്. ലോട്ടറി മാഫിയക്കെതിരെ ഒരു നടപടിയും തങ്ങള്‍ സ്വീകരിക്കില്ലെന്ന് സുപ്രീംകോടതിയുടെ മുന്നില്‍ ഏത്തമിട്ടതിന് കാരണമെന്തെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണം.

ഈ സത്യവാങ്മൂലം സൃഷ്ടിച്ച തടസ്സം നീക്കാന്‍ സുപ്രീംകോടതിയില്‍ ഇടതുമുന്നണി സര്‍ക്കാര്‍ ഇപ്പോഴും കേസ് നടത്തുകയാണ്. ലോട്ടറി മാഫിയക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം വേണമെന്നതടക്കം കേരളം ഉന്നയിക്കുന്ന വാദങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ സുപ്രീംകോടതി, നിയമലംഘനത്തിനെതിരെ എഫ്ഐആര്‍ രജിസ്റര്‍ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം നല്‍കി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍, നിലവിലുള്ള നിയമത്തില്‍നിന്ന് അപ്പുറം പോകരുതെന്നും പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്. അധികാരപ്പെട്ട കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ ആരെയെങ്കിലും അറസ്റ് ചെയ്യുകയോ ലോട്ടറി വില്‍പ്പന കേന്ദ്രങ്ങള്‍ റെയ്ഡ് ചെയ്യുകയോ അരുതെന്നും സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. ഈ വിധിയുടെ അടിസ്ഥാനത്തില്‍ ലോട്ടറി മാഫിയക്കെതിരെ 41 കേസ് രജിസ്റര്‍ ചെയ്തുകഴിഞ്ഞു.

6. അന്യസംസ്ഥാന ലോട്ടറികളുടെ നിയമലംഘനത്തിന്റെ വ്യാപ്തി സുപ്രീംകോടതിയില്‍ വീണ്ടും വീണ്ടും ഉയര്‍ത്തിയതിന്റെ ഫലമായി 2010 മാര്‍ച്ച് 12ന് സുപ്രീംകോടതി വീണ്ടും ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. കേന്ദ്ര ലോട്ടറി നിയന്ത്രണ നിയമത്തിന്റെ ലംഘനത്തിന്മേല്‍ നടപടിയെടുക്കേണ്ടത് കേന്ദ്രമാണെന്നും അന്യസംസ്ഥാന ലോട്ടറിക്കെതിരെ കേരളം ഉയര്‍ത്തുന്ന പരാതികള്‍ ഗൌരവമായി പരിഗണിക്കണമെന്നും സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി. 5 മാസം കഴിഞ്ഞിട്ടും കേന്ദ്രസര്‍ക്കാര്‍ ഒരു വിശദീകരണംപോലും ആരോടും ആവശ്യപ്പെട്ടിട്ടില്ല.

7. നിലവിലുളള കേസ് സുപ്രീംകോടതിയില്‍ അന്തിമവാദം കേള്‍ക്കാനിരിക്കുന്ന ഘട്ടത്തിലാണ് മേല്‍പ്പറഞ്ഞ രണ്ട് ഇടക്കാല ഉത്തരവും വന്നത്. ഈ കേസിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രത്തോട് രണ്ടുകാര്യങ്ങള്‍ കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. നിയമലംഘനത്തിനെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രം ചുമതലപ്പെടുത്തണം. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന് അനുകൂലമായ സമീപനം സുപ്രീംകോടതിയില്‍ കേന്ദ്രം കൈക്കൊള്ളണം.

ലോട്ടറി മാഫിയയുടെ നിയമലംഘനത്തിനെതിരായ സുപ്രീംകോടതിയുടെ മനോഭാവം പ്രതിഫലിക്കുന്നതാണ് രണ്ട് ഇടക്കാല ഉത്തരവുകളും. എന്നാല്‍, കാറ്റു വീശുന്നത് എങ്ങോട്ടാണെന്ന് മനസിലാക്കിയ കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം കൊലച്ചതിയായിരുന്നു. ലോട്ടറി മാഫിയയെ സഹായിക്കാന്‍ കേന്ദ്രം ഒരു ചട്ടം തട്ടിക്കൂട്ടി. ലോട്ടറി മാഫിയക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം വേണമെന്ന കേരള സര്‍ക്കാരിന്റെ ആവശ്യം സമ്പൂര്‍ണമായി തിരസ്കരിച്ചു. പകരം നിയമലംഘനത്തിനെതിരെ പരാതിപ്പെടാനുള്ള പരിമിതമായ അധികാരംമാത്രം നിലനിര്‍ത്തി. സംസ്ഥാന സര്‍ക്കാര്‍ നിയമംമൂലം നിരോധിച്ച ഓണ്‍ലൈന്‍ ലോട്ടറിയെ ചൂതാട്ടത്തിന്റെ നിര്‍വചനത്തില്‍നിന്ന് മോചിപ്പിച്ചു. ഒരു ദിവസം 24 നറുക്കെടുപ്പുകള്‍വരെ അനുവദിക്കുന്ന വിചിത്രമായ വ്യവസ്ഥകളും ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തി.

ഓണ്‍ലൈന്‍ ലോട്ടറികള്‍ക്ക് തിരിച്ചുവരാനുളള കളമൊരുക്കുന്ന ലോട്ടറി ചട്ടങ്ങള്‍ക്കെതിരെ സംസ്ഥാനം സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്തു. മുഖ്യമന്ത്രിയും ധനമന്ത്രിയും പ്രതിപക്ഷ നേതാവും ഒപ്പിട്ട സര്‍വകക്ഷി നിവേദനം പ്രധാനമന്ത്രിക്ക് നല്‍കി. ഉമ്മന്‍ചാണ്ടി ഒപ്പിട്ട ഈ നിവേദനം മാത്രംമതി യുഡിഎഫ് നടത്തുന്ന പൊറാട്ടു നാടകത്തിന്റെ പൊരുളറിയാന്‍. ലോട്ടറി നിയന്ത്രണ നിയമലംഘനത്തിനെതിരായി നടപടി സ്വീകരിക്കാന്‍ സംസ്ഥാനത്തിന് അധികാരം നല്‍കണമെന്നതാണ് ഈ നിവേദനത്തിലെ പ്രധാന ആവശ്യം. സിക്കിം, ഭൂട്ടാന്‍ ലോട്ടറി നടത്തിപ്പുകാര്‍ നടത്തുന്ന നിയമലംഘനം വിജിലന്‍സ് അന്വേഷണം വെളിപ്പെടുത്തിയ കാര്യം ഈ നിവേദനത്തില്‍ വ്യക്തമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സ് എന്ന സ്ഥാപനം സിക്കിം, ഭൂട്ടാന്‍ സര്‍ക്കാരുകളുടെ ഔദ്യോഗിക ഏജന്റുകളല്ലെന്നും ഇവരെ സംസ്ഥാന സര്‍ക്കാര്‍ സഹായിക്കുന്നു എന്നുമാണ് ഇപ്പോഴത്തെ ആരോപണം. ഇതിന്റെ നിജസ്ഥിതിയറിയാന്‍ സംസ്ഥാനം സിക്കിം സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും കത്തയച്ചു. മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സ് തന്നെയാണ് ഈ ലോട്ടറികളുടെ ഔദ്യോഗിക ഏജന്റെന്ന് നാലേനാലു പ്രവൃത്തി ദിവസങ്ങള്‍ക്കുളളില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് മറുപടി നല്‍കി. വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കി മൂന്നുകൊല്ലം കഴിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിക്കാത്ത, ലോട്ടറി മാഫിയക്കെതിരെ നടപടിയെടുക്കണമെന്ന സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് വന്നിട്ട് അഞ്ചു മാസമായിട്ടും അനങ്ങാത്ത കേന്ദ്രസര്‍ക്കാരിന് മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സിന്റെ കാര്യത്തില്‍ എന്തൊരു വേഗം! ഈ അതിവേഗത്തിന്റെ നാനാര്‍ഥങ്ങളെക്കുറിച്ച് പ്രതിപക്ഷ നേതാവിന്റെ പ്രതികരണമെന്തെന്നറിയാന്‍ കേരളജനതയ്ക്ക് അവകാശമുണ്ട്.

സിക്കിം ഭൂട്ടാന്‍ ലോട്ടറികള്‍ നിയമലംഘനം നടത്തുന്നു എന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു സംശയവുമില്ല. വിജിലന്‍സ് അന്വേഷണം ഇതു വ്യക്തമാക്കിയിട്ടുണ്ട്. ഇനി നടപടിയാണാവശ്യം. ഇതിനധികാരമുളള കേന്ദ്രസര്‍ക്കാര്‍ ഇവയെ നിരോധിക്കാന്‍ നടപടി സ്വീകരിക്കണം. അല്ലെങ്കില്‍ ഈ അധികാരം സംസ്ഥാന സര്‍ക്കാരിന് പകര്‍ന്നുനല്‍കണം. ലോട്ടറി മാഫിയയെ സംരക്ഷിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും നയം മറച്ചുവയ്ക്കാന്‍ ഉമ്മന്‍ചാണ്ടിയുടെയും സംഘത്തിന്റെയും രാഷ്ട്രീയനാടകംകൊണ്ട് കഴിയില്ലെന്ന് അവര്‍ ഓര്‍ക്കുന്നത് നന്ന്.

ഡോ. ടി എം തോമസ് ഐസക് ദേശാഭിമാനി 19082010

2 comments:

  1. അന്യസംസ്ഥാന ലോട്ടറികളുടെ നിയമലംഘനം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നതാണ് യുഡിഎഫ് നേതാക്കളുടെ ആവശ്യം. അന്വേഷണത്തെ ധനമന്ത്രി എതിര്‍ക്കുന്നത് എന്തിനാണെന്നും അവര്‍ ചോദിക്കുന്നു. അന്യസംസ്ഥാന ലോട്ടറികള്‍ നിയമം ലംഘിക്കുന്നു എന്നതില്‍ ഞങ്ങള്‍ക്ക് ഒരു സംശയവുമില്ല. ലോട്ടറി മാഫിയയുടെ നിയമലംഘനം വെളിപ്പെടുത്തിയത് ഈ സര്‍ക്കാര്‍ നടത്തിയ വിജിലന്‍സ് അന്വേഷണമാണ്. ഈ അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളാണ് ഉമ്മന്‍ചാണ്ടി മുതല്‍ പി ടി തോമസ് വരെയുളളവര്‍ പൊക്കിപ്പിടിക്കുന്നത്. ഇവരെല്ലാം കൂടി എന്തോ കണ്ടുപിടിച്ചുവെന്ന മട്ടിലാണ് നാടകം മുന്നേറുന്നത്. അന്വേഷിച്ചതും കണ്ടെത്തിയതും ഈ സര്‍ക്കാരാണ്. ഇനിയൊരു അന്വേഷണവും ആവശ്യമില്ലാത്തവിധം അന്യസംസ്ഥാന ലോട്ടറികളുടെ നിയമലംഘനം വ്യക്തവുമാണ്.

    ReplyDelete
  2. അന്യ സംസ്ഥാന ലോട്ടറിക്ക് അനുകൂലമായി സത്യവാങ്മൂലം നല്‍കിയ ഉമ്മന്‍ചാണ്ടിക്ക് ഇക്കാര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ അവകാശമില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. അന്യ സംസ്ഥാന ലോട്ടറി നിരോധിക്കാന്‍ ഒരു നടപടിയും സ്വീകരിക്കില്ലെന്നാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞത്. ഇത് ജനങ്ങളോട് തുറന്നു പറയാന്‍ ആര്‍ജവം കാണിക്കണം. അന്യ സംസ്ഥാന ലോട്ടറിക്കെതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാനത്തെ അനുവദിക്കണമെന്നാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. കേന്ദ്രത്തിന് മാത്രമേ ഇപ്പോള്‍ ഇതിന് അധികാരമുള്ളൂ. ഈ ആവശ്യമുന്നയിച്ച്് സര്‍വകക്ഷി നേതൃത്വത്തില്‍ കേന്ദ്രത്തിന് നിവേദനം നല്‍കിയിരുന്നു. ഇതൊക്കെ ഉമ്മന്‍ചാണ്ടിയും കൂട്ടരും മറച്ചുവയ്ക്കുകയാണ്. (deshabhimani news)

    ReplyDelete