1998 - ല്‍ ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യമാക്കിക്കൊണ്ട് ആരംഭിച്ച കുടുംബശ്രീ സ്ത്രീശാക്തീകരണത്തിന്റെയും സ്വയം പര്യാപ്തതയുടെയും ഉദാത്ത മാതൃകയായി ഉയര്‍ന്നിരിക്കുന്നു.
ചരിത്രം സൃഷ്ടിച്ച ഈ നൂതനവികസന പരിപാടി കഴിഞ്ഞ 12 വര്‍ഷം കൊണ്ട് കേരളത്തിലങ്ങോളമിങ്ങോളമുള്ള സ്ത്രീജനതയുടെ കൂട്ടായ്മകളില്‍ നിന്നുയര്‍ന്ന സംഘശക്തിയുടെ വിജയഗാഥയായി മാറുകയായിരുന്നു. കുടുംബശ്രീയുടെ അച്ചാര്‍ മുതല്‍ ഐടി വരെയുള്ള വിവിധങ്ങളായ 130 ഓളം വ്യവസായസംരംഭങ്ങളുടെ ഉത്പന്നങ്ങള്‍ കേരളത്തിലെ ഉപഭോക്തൃമേഖലയിലെ അനിവാര്യമായ ഘടകമായിത്തീര്‍ന്നിരിക്കുന്നു.
ഉയര്‍ന്ന സ്ത്രീപദവി
പല ഗ്രാമപ്രദേശങ്ങളിലും പട്ടിണിയും പരിവട്ടവുമായാലും അതുസഹിച്ച് വീട്ടിനുള്ളില്‍ ഒതുങ്ങിക്കൂടിയിരുന്ന സ്ത്രീകള്‍ ഇന്ന് അര്‍ത്ഥവത്തായ അധ്വാനത്തിന്റെയും ഊര്‍ജ്ജസ്വലതയുടെയും നേര്‍രൂപങ്ങളായിത്തീര്‍ന്നിരിക്കുന്നു. തിരിച്ചറിവിന്റെയും ഇടം കണ്ടെത്തലിന്റെയും പുത്തന്‍ സ്ഥലികളില്‍ പെണ്‍ശക്തി ഒരു പൂര്‍ണവിജയമായി എന്ന് ഒരോ കുടുംബശ്രീ യൂണിറ്റുകള്‍ക്കും അഭിമാനത്തോടെ പറയാന്‍ കഴിയും.
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള സ്ത്രീകള്‍ക്ക് മാസം 1500 രൂപ മുതല്‍ 5000 രൂപവരെ കണ്ടെത്താന്‍ കഴിയുന്ന സ്ഥിതി ഇപ്പോഴുണ്ട്. തരിശുനിലങ്ങളില്‍ പൊന്നുവിളയിച്ചും സമൃദ്ധമായ പച്ചക്കറിത്തോട്ടങ്ങള്‍ ഉണ്ടാക്കിയും അയല്‍ക്കൂട്ട സഹോദരിമാര്‍ സ്ത്രീശാക്തീകരണത്തിലൂടെ ദാരിദ്ര്യനിര്‍മാര്‍ജനത്തിലേക്ക് എന്ന ലക്ഷ്യം പ്രാവര്‍ത്തികമാക്കുക തന്നെ ചെയ്തു. സ്വന്തം ജീവിതത്തെ അപഗ്രഥിച്ചുകൊണ്ട് ലിംഗപരമായ വിവേചനം തിരിച്ചറിയുന്നതിനും വിലയിരുത്തുന്നതിനുമായി സഹായിക്കുന്ന നൂതന പദ്ധതിയായ "സ്ത്രീപദവി സ്വയം പഠന പ്രക്രിയ'' ചെറിയ രീതിയില്‍ തുടങ്ങി വളരെ പെട്ടെന്നുതന്നെ സംസ്ഥാനവ്യാപകമായി മാറുകയും ഇപ്പോള്‍ അതൊരു തുടര്‍ പ്രിക്രിയയായിത്തീര്‍ന്നിരിക്കുകയും ചെയ്തിരിക്കുന്നു.
സ്ത്രീപദവി സ്വയംപഠന പ്രക്രിയയുടെ ഭാഗമായി സ്വയം ശാക്തീകരിക്കപ്പെട്ട സ്ത്രീകള്‍ മുമ്പത്തെക്കാളധികമായി രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയും സാമൂഹ്യമായ ഇടം കണ്ടെത്തുകയും ചെയ്തു. സ്ത്രീപദവിയും ശാക്തീകരണവും സിദ്ധാന്തത്തില്‍ നിന്നും പ്രയോഗത്തിലെത്തിച്ച ലക്ഷ്യസാക്ഷാത്കാരത്തിന്റെ നിറവിലാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍,
സ്വന്തം അനുഭവങ്ങളുടെ പങ്കുവെക്കലുകള്‍, വിശകലനങ്ങള്‍, സംവാദങ്ങള്‍, ചര്‍ച്ചകള്‍ എന്നിവയിലൂടെ സ്വയം തിരിച്ചറിയുകയും സ്വയം ആര്‍ജ്ജിച്ചെടുക്കേണ്ട കരുത്തിനെക്കുറിച്ചും, അറിവിനെക്കുറിച്ചും ബോധവതികളാക്കാന്‍ സ്വയം പഠനപ്രക്രിയയിലൂടെ രണ്ടു ലക്ഷം വരുന്ന റിസോഴ്സ് പേഴ്സണ്‍ ശ്യംഖലയാണ് കേരളത്തിലുടനീളം പ്രവര്‍ത്തിക്കുന്നത്. വളരെ ഊര്‍ജ്ജസ്വലമായി മുന്നേറിക്കൊണ്ടിരിക്കുന്ന കുടുംബശ്രീയുടെ ഈ നൂതനവിദ്യാഭ്യാസപദ്ധതി സ്ത്രീകളുടെ സൂക്ഷ്മവും സവിശേഷവുമായ പ്രശ്നങ്ങളെ കണ്ടെത്തി അതിനുള്ള പരിഹാര നിര്‍ദ്ദേശങ്ങള്‍ ആരായുവാനുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുവാനും സഹായകമാവുന്നു.
തരിശില്‍ പൊന്നുവിളയിച്ച സംഘകൃഷി
കൃഷിഭൂമിയില്ലാത്ത, എന്നാല്‍ കൃഷിയില്‍ താല്പര്യമുള്ള അയല്‍കൂട്ട കുടുംബങ്ങള്‍ക്ക് വാക്കാല്‍ പാട്ടത്തിന് കൃഷി ചെയ്യാനുള്ള അവസരമുണ്ടാക്കിയത് സംഘകൃഷിയുടെ പ്രധാന നേട്ടമാണ്. മികച്ച ഉല്‍പാദ ക്ഷമത കൈവരിച്ചവര്‍ക്ക് കൃഷി വിസ്തൃതിയ്ക്കനുപാതികമായി ഇന്‍സെന്റീവുകള്‍ക്കു പുറമേ ഉല്പാദനബോണസും നല്‍കി വരുന്നു. പച്ചക്കറി, നെല്ല്, വാഴ, മരിച്ചീനി തുടങ്ങി പലതരം ഹ്രസ്വകാല വിളകള്‍ ഈ രീതിയില്‍ കൃഷി ചെയ്തു വരുന്നുണ്ട്. 870 പഞ്ചായത്തുകളിലായി 44833 ഗ്രൂപ്പുകള്‍ 72915 ഏക്കര്‍ സ്ഥലത്ത് സംഘകൃഷിയില്‍ ഏര്‍പ്പെട്ടുവരുന്നു. കേരളത്തിന്റെ ഭക്ഷ്യസുരക്ഷയിലും കാര്‍ഷികവിഭവങ്ങളുടെ ഉല്‍പാദന വര്‍ദ്ധനവിലും നിസ്തൂലമായ പങ്കുവഹിക്കുന്ന സംഘകൃഷി ഒരു പുത്തന്‍ കാര്‍ഷിക സംസ്കൃതിക്കാണ് വിത്തു പാകിയത്.
സംഘകൃഷി പദ്ധതിപ്രകാരം 74301 ഏക്കര്‍ സ്ഥലത്ത് കൃഷി വ്യാപിച്ചു. ഏകദേശം 310098 കുടുംബങ്ങള്‍ ഇതില്‍ പങ്കാളികളായിത്തീര്‍ന്നിരിക്കുന്നു. സംഘകൃഷിക്ക് ഒരു മാതൃകയായി എടുത്തു പറയാന്‍ കഴിയുന്നത് തൃശൂര്‍ ജില്ലയിലെ നടത്തറ ഗ്രാമപഞ്ചായത്താണ്. ഇവിടെ പതിനാറു വാര്‍ഡുകളിലായി ഓരോ ഗ്രൂപ്പും 3 മുതല്‍ 15 ഏക്കര്‍ വരെ ഭൂമിയില്‍ പച്ചക്കറി, വാഴ, നെല്ല്, കിഴങ്ങ് വര്‍ഗങ്ങള്‍ എന്നിവ കൃഷി ചെയ്തുവരുന്നു. നടത്തറ കൃഷിഭവന്റെ സഹായത്തോടെ 12 ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് വിവിധയിനം കൃഷി നടത്തുന്ന ത്രിവേണി കുടുംബശ്രീ ആക്ടിവിറ്റി ഗ്രൂപ്പിന്റെ പ്രവര്‍ത്തനം തികച്ചും മാതൃകാപരം തന്നെ. നടത്തറ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സംരംഭങ്ങള്‍ക്കായി 20 ലക്ഷം രൂപ ചെലവാക്കി ഒരു ഉല്‍പാദന വിപണനകേന്ദ്രം ആരംഭിച്ചു. ഇവിടെയൊക്കെതന്നെ പ്രാദേശിക വികസനത്തിന് സ്ത്രീശക്തിയുടെ പ്രസക്തി വിളിച്ചോതുന്ന പ്രവര്‍ത്തനങ്ങളാണ് സംഘകൃഷി പ്രവര്‍ത്തകര്‍ കാഴ്ചവെച്ചത്.
സൂക്ഷ്മ സംരംഭ വികസനം
സൂക്ഷ്മ സംരംഭങ്ങളായ കാന്റീന്‍, കാറ്ററിംഗ് യൂണിറ്റുകള്‍, ന്യൂട്രിമിക്സ് യൂണിറ്റുകള്‍ തുടങ്ങിയ ഉല്പാദന യൂണിറ്റുകളുടെ വികസനത്തിനായി സര്‍ക്കാര്‍ ധനസഹായം നല്‍കുന്നുണ്ട്. ക്രൈസിസ് മാനേജ്മെന്റ് ഫണ്ട്, റിവോള്‍വിംഗ് ഫണ്ട്, ഇന്നവേഷന്‍ ഫണ്ട്, ടെക്നോളജി ഫണ്ട്, രണ്ടാംഘട്ട സഹായം തുടങ്ങിയ ധനസഹായങ്ങളാണ് സൂക്ഷ്മസംരംഭങ്ങള്‍ക്ക് നല്‍കുന്നത്.

മൂലധനത്തിന്റെ അപര്യാപ്തത നേരിടുന്ന മൈക്രോസംരംഭങ്ങള്‍ക്ക് താല്‍ക്കാലിക സാമ്പത്തികസഹായം എന്ന നിലയ്ക്കാണ് ക്രൈസിസ് മാനേജ്മെന്റ് ഫണ്ട് നല്‍കുന്നത്. സൂക്ഷ്മ സംരംഭകരെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റുകയെന്നതാണ് ക്രൈസിസ് മാനേജ്മെന്റ് ഫണ്ടിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി ഹ്രസ്വകാല പലിശരഹിത വായ്പകള്‍ നല്‍കുന്നു. പ്രകൃതിക്ഷോഭം തുടങ്ങിയ പ്രതിസന്ധികള്‍ നേരിടുമ്പോള്‍ തിരിച്ചടയ്ക്കേണ്ടാത്ത ധനസഹായമായി 25000 രൂപവരെ നല്‍കുന്നു.
രണ്ടാംഘട്ട ധനസഹായം
അപ്രതീക്ഷിതമായ വിപണി ഇടിവ്, അസംസ്കൃത വസ്തുക്കളുടെ ലഭ്യതയില്ലായ്മ തുടങ്ങി പ്രതിസന്ധിഘട്ടങ്ങളില്‍ രണ്ടരലക്ഷം രൂപവരെ രണ്ടാംഘട്ട ധനസഹായമായി ലഭിക്കും. നിലവിലുള്ള അംഗങ്ങളുടെ എണ്ണത്തിന് ആനുപാതികമായിട്ടാണ് ധനസഹായം അനുവദിക്കുന്നത്. ഒരു കുടുംബത്തിന് 25,000 മുതല്‍ രണ്ടരലക്ഷം രൂപവരെയാണ് അനുവദിക്കുന്നത്.
ഇന്നവേഷന്‍ ഫണ്ട്
സൂക്ഷ്മ സംരംഭങ്ങളുടെ അടിസ്ഥാനസൌകര്യങ്ങള്‍ മെച്ചപ്പെടുത്തുക, അവയുടെ വിപുലീകരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി കാര്യങ്ങള്‍ക്കായാണ് ഇന്നവേഷന്‍ ഫണ്ട് നല്‍കുന്നത്. ഇതും മേല്‍സൂചിപ്പിച്ചപോലെ ഒരു കുടുംബത്തിന് 25000 മുതല്‍ രണ്ടരലക്ഷം രൂപ വരെയാണ് നല്‍കി വരുന്നത്.
ടെക്നോളജി ഫണ്ട്
വിജയകരമായി പ്രവര്‍ത്തിച്ചുവരുന്ന സൂക്ഷ്മ സംരംഭങ്ങള്‍ക്ക് അവയുടെ പ്രവര്‍ത്തനങ്ങള്‍ ഗുണപരമായും ഗണപരമായും മെച്ചപ്പെടുത്തുന്നതിനായി നല്‍കുന്ന അധികധനസഹായമാണ് ടെക്നോളജി ഫണ്ടുകൊണ്ടുദ്ദേശിക്കുന്നത്.
റിവോള്‍വിംഗ് ഫണ്ട്
സൂക്ഷ്മ സംരംഭങ്ങളുടെ അധികപ്രവര്‍ത്തനത്തിനായുള്ള മൂലധനം ലഭ്യമാക്കുന്നതിനായി നിലവിലുള്ള ഗ്രൂപ്പ് സംരംഭങ്ങള്‍ക്കായി നല്‍കുന്നതാണ് റിവോള്‍വിംഗ് ഫണ്ട്. പരമാവധി 35000 രൂപയാണ് ഈ ഫണ്ടിലൂടെ നല്‍കുന്നത്.
നഗരശുചിത്വത്തിന്റെ 'തെളിമ'
രാജ്യത്തെ രണ്ടാമത്തെ ശുചിത്യനഗരമെന്ന ബഹുമതി നേടിക്കൊടുത്ത കുടുംബശ്രീയുടെ 'തെളിമ' യൂണിറ്റുകള്‍ക്ക് നഗരസഭ 50 ലക്ഷം രൂപ സഹായപദ്ധതി പ്രഖ്യാപിച്ചു. മാലിന്യമുക്തകേരളത്തിനായി പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന ഈ ഗവണ്‍മെന്റ് നിരവധി പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നുണ്ട്.
തിരുവനന്തപുരം നഗരത്തിലെ ഖരമാലിന്യശേഖരണത്തിനായി നൂതനവും ഫലപ്രദവുമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ യൂണിറ്റുകളുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാംവിധം തന്നെ മുന്നോട്ടുപോവുന്നു. ശുചിത്വത്തിന്റെ മാലാഖമാരായി പ്രവര്‍ത്തിക്കുന്ന അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആശ്വാസമായി ചെലവിന്റെ 50% നഗരസഭ തന്നെ വഹിക്കുന്നു. 67 യൂണിറ്റുകളുള്ള 861 അംഗങ്ങള്‍ക്ക് നഗരസഭയുടെ സഹായം ലഭിക്കുന്നുണ്ട്.
കുടുംബശ്രീയ്ക്ക് ചരിത്രനേട്ടം
ദാരിദ്ര്യ നിര്‍മാര്‍ജനം - സ്ത്രീ ശാക്തീകരണം എന്നീ ലക്ഷ്യങ്ങള്‍ ഉറപ്പാക്കി നടത്തിയ വികസന പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ ചരിത്രം സൃഷ്ടിച്ചു. 2009 - 2010 സാമ്പത്തിക വര്‍ഷത്തില്‍ 121.88 കോടി രൂപ ചെലവഴിച്ചുകൊണ്ടാണ് കുടുംബശ്രീ ചരിത്രം കുറിച്ചത്. തൊട്ടുമുമ്പത്തെ വര്‍ഷം ഇത് 50.48 കോടിയായിരുന്നു. 15.57 കോടി രൂപ ചെലവഴിച്ച എറണാകുളം ജില്ലയാണ് ഒന്നാമത്. ഇതില്‍ ഏറ്റവും വലിയ കുതിച്ചു ചാട്ടം നടത്തിയത് സൂക്ഷ്മ സംരംഭങ്ങളുടെ കാര്യത്തിലാണ്. 7649 സൂക്ഷ്മ സംരംഭങ്ങള്‍ക്ക് 26.02 കോടി രൂപയാണ് സബ്സിഡിയായി നല്‍കിയത്. ഇത് കുടുംബശ്രീയുടെ വന്‍ റെക്കോഡാണ്. കുടുംബശ്രീ സംരംഭകര്‍ പൊതുവിപണിയില്‍ എത്തിക്കുന്നത് 130 ലേറെ ഉല്‍പന്നങ്ങളാണ്. അച്ചാര്‍ മുതല്‍ ഐ.ടി വരെയുള്ള വ്യത്യസ്ത സംരംഭങ്ങള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ വിജയകരമായി നടപ്പിലാക്കുന്നു. 1500 രൂപ മുതല്‍ 5000 രൂപ വരെ മാസവരുമാനം ലഭിക്കുന്നതിന് ഈ സംരംഭങ്ങള്‍ ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള സ്ത്രീകളെ സഹായിക്കുന്നു.
കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലെ യുവാക്കള്‍ അംഗങ്ങളായി ആരംഭിച്ച യുവശ്രീ പദ്ധതിയിലും വന്‍ വര്‍ദ്ധനവാണ് ഉണ്ടായത്. വ്യക്തി സംരംഭങ്ങളും ഗ്രൂപ്പ് സംരംഭങ്ങള്‍ക്കുമായി 40.41 ലക്ഷം രൂപ ചെലവായി.
സൂക്ഷ്മ സംരംഭങ്ങളിലൂടെ ഉത്പാദിപ്പിക്കുന്ന വ്യത്യസ്തങ്ങളായ ഉത്പന്നങ്ങള്‍ക്ക് മാര്‍ക്കറ്റ് കണ്ടെത്തുന്നതിനു വേണ്ടി കുടുംബശ്രീ ആരംഭിച്ച മാസചന്തകള്‍, ഉത്സവചന്തകള്‍ എന്നിവയിലൂടെ 1.96 കോടി രൂപയുടെ വില്പന നടത്തി. കുടുംബശ്രീ കൂടുതല്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ച മേഖലയായിരുന്നു സംഘകൃഷി. ഭക്ഷ്യോത്പാദനം വളരെയധികം കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടിയുള്ള സ്ത്രീകളുടെ മുന്നേറ്റം സംഘകൃഷിയുടെ ഒരു നേട്ടമാണ്. മലിനജലം കയറി നാശോന്മുഖമായതും കൃഷിക്ക് അനുയോജ്യമല്ലാതായവയുമായ തരിശു നിലങ്ങളില്‍ പൊന്നു വിളയിച്ചതും ഇവരുടെ അദ്ധ്വാനത്തിന്റെ ഫലം കൊണ്ടാണ്. 6414.3 ഹെക്ടറില്‍ നെല്‍കൃഷിയും 2937.706 ഹെക്ടറില്‍ പച്ചക്കറി കൃഷിയും 15215.9 ഹെക്ടറില്‍ മറ്റു വാര്‍ഷിക, അര്‍ദ്ധവാര്‍ഷിക വിളകളും കൃഷി ചെയ്തു. ഈയിനത്തില്‍ ഏകദേശം 46000 ഗ്രൂപ്പുകള്‍ക്കും ചേര്‍ത്ത് 20.11 കോടി രൂപയാണ് ധനസഹായമായി നല്‍കിയത്. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിനിടയില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍ക്ക് 3.44 കോടി രൂപ റിവോള്‍വിംഗ് ഫണ്ടായി അനുവദിച്ചു. ബാലസഭ രൂപീകരണം - പരിശീലനം എന്ന നിലയ്ക്ക് 125.06 ലക്ഷം രൂപയും സ്ത്രീപദവി സ്വയം പഠന പ്രക്രിയയുടെ ഭാഗമായി നടന്ന പരിശീലനങ്ങള്‍ക്ക് 114.34 ലക്ഷം രൂപയുമാണ് ചെലവാക്കിയത്.
വിവിധ സംരംഭങ്ങളുടെ വികസനത്തിനായി കമ്മ്യൂണിറ്റി ഡവലപ്മെന്റ് സൊസൈറ്റികള്‍ മുഖേന നടത്തിയ ജനറല്‍ ഓറിയന്റേഷന്‍ ട്രെയിനിങ്ങും, മികവുള്ള പരിശീലനം നടത്തിയതാണ് കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സഹായിച്ചത്. സിഡിഎസ് കര്‍മ്മ പദ്ധതി പ്രയോഗത്തില്‍ വന്നതും ബാങ്കുകളുടെ സഹായ സഹകരണവും ഗ്രാമപഞ്ചായത്ത് ഭരണ സമിതികളും സിഡിഎസും ചേര്‍ന്ന കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രിതമായി നടത്തിയതുമാണ് കുടുംബശ്രീയുടെ കുതിച്ചു ചാട്ടത്തിന് കാരണമായത്.
കുടുംബശ്രീ നേട്ടങ്ങള്‍
1. സംസ്ഥാനത്തെ മുഴുവന്‍ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിലും കുടുംബശ്രീ പരിപാടി നടപ്പാക്കുന്നു - 999 ഗ്രാമപഞ്ചായത്തുകള്‍, 53 മുനിസിപ്പാലിറ്റികള്‍, അഞ്ചു കോര്‍പറേഷനുകള്‍.
2. 37.32 ലക്ഷം സ്ത്രീകളെ ഉള്‍പെടുത്തി 2.03 ലക്ഷം അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ചു.
3. മിതവ്യയത്തിലൂടെ കുടുംബശ്രീ അംഗങ്ങളുടെ സമ്പാദ്യം 1373.64 കോടി രൂപ.
4. ആഭ്യന്തരമായി വായ്പ കൊടുത്ത തുക 3911.19 കോടി രൂപ.
5. 118666 അയല്‍ക്കൂട്ടങ്ങളെ ബാങ്കുകളുമായി ബന്ധപ്പെടുത്തി. അവയുടെ തിട്ടപ്പെടുത്തിയ നീക്കിയിരിപ്പ് 999.65 കോടി രൂപ.
6. 50220 ബാലസഭകളിലായി 8.66 ലക്ഷം കുട്ടികള്‍.
7. ഭവനശ്രീ സൂക്ഷ്മ ഭവനപദ്ധതി പ്രകാരം 46,749 വായ്പകള്‍ അനുവദിച്ചു - മൊത്തം വായ്പാ തുക 199.56 കോടി രൂപ.
8. 62655.2 ഏക്കര്‍ സ്ഥലത്ത് കൃഷിയിറക്കി. 46444 സംരംഭസംഘങ്ങള്‍ ഇതില്‍ പങ്കാളികളായി.
9. ഗ്രാമീണ സൂക്ഷ്മ സംരംഭ (ആര്‍എംഇ) പരിപാടി പ്രകാരം 9423 ഗ്രൂപ്പ് സംരംഭങ്ങളും 2716 വ്യക്തി സംരംഭങ്ങളും ആരംഭിച്ചു.
10. പതിനെട്ടിനും മുപ്പത്തിയഞ്ചിനും ഇടയ്ക്ക് പ്രായമുള്ളവരെ ലക്ഷ്യമാക്കിയുള്ള യുവശ്രീ പരിപാടി പ്രകാരം നവീനമായ 436 ഗ്രൂപ്പ് സംരംഭങ്ങളും 550 വ്യക്തിഗത സംരംഭങ്ങളും ആരംഭിച്ചു.
11. 883 തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളില്‍ 'ആശയ' (അഗതികളെ കണ്ടെത്തി പുനഃരധിവസിപ്പിക്കുന്ന പരിപാടി) ആരംഭിച്ചു.
12. നഗര സ്വയം തൊഴില്‍ പരിപാടിക്കു കീഴില്‍ വരുന്ന എസ്ജെഎസ്ആര്‍വൈ പ്രകാരം 27820 വ്യക്തിഗത സംരംഭങ്ങളും 2234 ഗ്രൂപ്പ് സംരംഭങ്ങളും തുടങ്ങി. 39307 പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നു.
13. വാത്മീകി അംബേദ്കര്‍ ആവാസ് യോജന അനുസരിച്ച് 54 നഗര പ്രാദേശിക സ്ഥാപനങ്ങളിലായി (യുഎല്‍ബി) 30,575 പാര്‍പ്പിടങ്ങള്‍ അനുവദിച്ചു.
പന്ത്രണ്ടുവര്‍ഷത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം
7848 അയല്‍ക്കൂട്ടങ്ങളും 616 എഡിഎസുകളും 58 സിഡിഎസുകളും മന്ത്രിമായി പന്ത്രണ്ടു വര്‍ഷംമുമ്പ് പ്രവര്‍ത്തനമാരംഭിച്ച കുടുംബശ്രീ ഇപ്പോള്‍ 1,90493 അയല്‍ക്കൂട്ടങ്ങളും 17,033 എഡിഎസുകളും 1,061 സിഡിഎസുകളുമായി വികസിച്ചിരിക്കുന്നു. കേരളത്തിലെ 37 ലക്ഷത്തോളം സാധാരണക്കാരായ സ്ത്രീകളില്‍ സംഘബോധത്തിന്റെ ശക്തിയുണര്‍ത്താനും ഒരു വ്യാഴവട്ടക്കാലം കൊണ്ട് സ്വയം പര്യാപ്തതയിലധിഷ്ഠമായ തദ്ദേശീയ വികസന സംസ്കാരത്തിന്റെ മുദ്രപതിപ്പിക്കാനും കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞു.
തികച്ചും ജനാധിപത്യപരവും സുതാര്യവുമായ ത്രിതല സംഘടനാ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ വികസനത്തിന്റെ പുത്തന്‍ സ്ത്രീ ഭാഷ്യം രചിച്ചിരിക്കുന്നു. സാമ്പത്തിക - സാമൂഹ്യ ശാക്തീകരണത്തിലധിഷ്ഠിതമായ വൈവിധ്യമാര്‍ന്ന പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനും നടപ്പാക്കുന്നതിനുമായുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. വികസനത്തിന്റെ വിവിധങ്ങളായ അര്‍ത്ഥതലങ്ങള്‍ കണ്ടെത്താന്‍ പര്യാപ്തമാംവിധം സ്ത്രീ സംഘശക്തിയും ബോധവും ഉണര്‍ന്നിരിക്കുന്നു.
കെ ആര്‍ മായ ചിന്ത 27082010
"മുമ്പൊക്കെ രാവിലെ ഞാന്‍ പൊകയാത്ത അടുപ്പിന്റെ ചോട്ടില് താടിക്ക് കൈയ്യും വച്ചിരിക്ക്വായിരുന്നു. ഇപ്പോ ചേച്ചി, രാവിലെ ഒന്നിനും സമയം തെകയണില്ല. അങ്ങേര് തന്നാലും തന്നിലേലും ഒന്നും ഒരു വെഷമവുമില്ല. എന്റെ മക്കള്‍ക്ക് മൂന്നു നേരവും വല്ലോം വെച്ചു വെളമ്പിക്കൊടുക്കാന്‍ കഴിയുംന്ന് ഇപ്പോ ധൈര്യൊണ്ട്.'' കുടുംബശ്രീ 'തെളിമ' യൂണിറ്റിലെ ഗിരിജയുടെ അഭിമാനവും തെല്ലൊരു ആത്മവിശ്വാസവും കലര്‍ന്ന വാക്കുകള്‍.
ReplyDelete1998 - ല്‍ ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യമാക്കിക്കൊണ്ട് ആരംഭിച്ച കുടുംബശ്രീ സ്ത്രീശാക്തീകരണത്തിന്റെയും സ്വയം പര്യാപ്തതയുടെയും ഉദാത്ത മാതൃകയായി ഉയര്‍ന്നിരിക്കുന്നു.