Monday, August 30, 2010

മനോരമയ്ക്ക് വേണ്ടത് അമേരിക്കന്‍ മോഡല്‍

പൊങ്ങച്ചത്തിന്റെ കേരളമോഡല്‍ എന്ന പേരില്‍ മലയാള മനോരമ പ്രസിദ്ധീകരിച്ച മുഖപ്രസംഗം ആ പത്രത്തിന്റെ തനിസ്വരൂപം വായനക്കാര്‍ക്ക് തിരിച്ചറിയാന്‍ വേണ്ടുവോളം പര്യാപ്തമാണ്. കേരളം സ്വീകരിച്ച ബദല്‍ സാമ്പത്തികനയം മനോരമയ്ക്ക് പൊരുത്തപ്പെടാന്‍ കഴിയാത്തതാണ്. ആഗോളവല്‍ക്കരണനയമെന്നും പുത്തന്‍ സാമ്പത്തികനയമെന്നും ഓമനപ്പേരിട്ട് വിളിക്കുന്ന സാമ്രാജ്യത്വ സാമ്പത്തികനയത്തിന്റെ പ്രചാരണവും സംരക്ഷണവുമാണ് മനോരമ ഏറ്റെടുത്തിട്ടുള്ളത്. അതാണ് അതിന്റെ വര്‍ഗനയം .പുതിയ സാമ്പത്തികനയവുമായി പൊരുത്തപ്പെട്ടുകൊണ്ട് വന്‍തോതില്‍ നിക്ഷേപത്തിന് വഴിയൊരുക്കുകയാണ് കേരളത്തിന്റെ ഇന്നത്തെ ആവശ്യമെന്നാണ് മനോരമയുടെ ഉപദേശം. ഭൂപരിഷ്കരണം സാമൂഹികക്രമത്തില്‍ ഗുണപരമായ മാറ്റം സൃഷ്ടിച്ചെങ്കിലും തുണ്ടുഭൂമികള്‍ കാര്‍ഷികവിപ്ളവത്തെ അസാധ്യമാക്കിയെന്നാണ് അവരുടെ അഭിപ്രായം. അതായത് വന്‍തോതിലുള്ള ഭൂമിയുടെ കേന്ദ്രീകരണവും മുതലാളിത്ത കൃഷിസമ്പ്രദായവുമാണ് മനോരമയുടെ പഥ്യമെന്ന് ചുരുക്കം.

കാര്‍ഷികമേഖലയില്‍ മാത്രമല്ല വ്യവസായരംഗത്തും ഇതേ കാഴ്ച്ചപ്പാടുതന്നെ. പൊതുമേഖലയോടുള്ള അമിതാരാധന ഉപേക്ഷിക്കണമെന്നാണ് വിദഗ്ധമായ ചര്‍ച്ചയുടെ ഫലമായി ഉയര്‍ത്തിക്കൊണ്ടുവന്ന ആശയം. ബന്ദും ഹര്‍ത്താലും വേണ്ടെന്നും പ്രത്യയശാസ്ത്ര പ്രതിബദ്ധത ഉപേക്ഷിക്കണമെന്നും പറയുന്നു. ഓണം-റമദാന്‍ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും ജനങ്ങള്‍ക്കിടയില്‍ കാണാനിടയായ നവോന്മേഷവും ഉണര്‍വും ആവേശവും ആഹ്ളാദവുമാണ് മനോരമയ്ക്ക് അമ്പരപ്പുണ്ടാക്കിയത്.

ഇടതുപക്ഷജനാധിപത്യമുന്നണി ഭരണത്തില്‍ നാലുവര്‍ഷത്തെ ജനോപകാരപ്രദമായ നടപടികള്‍ ജനങ്ങളില്‍ വലിയതോതില്‍ സ്വാധീനം ചെലുത്താനിടയായിട്ടുണ്ടെന്ന് ഏതൊരാള്‍ക്കും മനസ്സിലാക്കാന്‍ കഴിയും. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം ആവര്‍ത്തിക്കുമെന്ന സ്വപ്നം യാഥാര്‍ഥ്യമാകുകയില്ലെന്ന് ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞു. ആ നിരാശയുടെ പ്രതിഫലനമാണ് മനോരമയുടെ മുഖപ്രസംഗം. കേരള മോഡല്‍ വികസനം സംസ്ഥാനത്തിനത്തിന്റെഅതിര്‍ത്തികടന്നും ഇടതുപക്ഷ ജനാധിപത്യമുന്നണിക്കനുകൂലമായ പ്രതികരണം സൃഷ്ടിക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. അതാണ് കേരളമോഡലിനെ താറടിച്ചുകാണിക്കാനുള്ള വൃഥാശ്രമത്തിന് പ്രേരണ.

"2010-2011ലെ കേരള ബജറ്റ് അവതരിപ്പിക്കുകയാണ്. ഞാനവതരിപ്പിക്കുന്ന അഞ്ചാമത്തെ ബജറ്റാണിത്. കേരളത്തിന്റെ ക്ഷേമ പൈതൃകത്തെ സംരക്ഷിച്ചുവേണം ദ്രുതഗതിയിലുള്ള സാമ്പത്തികവളര്‍ച്ചയുടെയും ആധുനികവല്‍ക്കരണത്തിന്റെയും ഭാവിയിലേക്ക് നീങ്ങേണ്ടത് എന്നതായിരുന്നു അവയുടെയെല്ലാം കാഴ്ചപ്പാട്. ഇതാണ് പുരോഗതിയുടെ മാര്‍ഗം.''

ബജറ്റ് പ്രസംഗത്തിന്റെ തുടക്കമാണിവിടെ ഉദ്ധരിച്ചത്. തുടര്‍ന്ന് നീതിയുടെ പൈതൃകം ശക്തിപ്പെടുത്താന്‍ എന്ന ഭാഗത്തില്‍ വിവരിക്കുന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.

"ഈ സര്‍ക്കാര്‍ ഓരോ ബജറ്റും വികസന മുന്‍ഗണനകളെ കീഴ്മേല്‍ മറിച്ചിട്ടുണ്ട്. ചെലവെല്ലാം കഴിഞ്ഞ് മിച്ചംവരുന്നത് ദരിദ്രര്‍ക്ക് എന്ന കീഴ്വഴക്കം പൊളിച്ചെഴുതി. പാവങ്ങള്‍ക്ക് കൊടുക്കാനുള്ളത് കൊടുത്തിട്ട് ബാക്കികാര്യം എന്ന നിലപാട് കൈക്കൊണ്ടു. സര്‍, കഴിഞ്ഞ ബജറ്റില്‍ മുന്നോട്ടുവച്ച ക്ഷേമ നടപടികളെ പൂര്‍വാധികം ശക്തിയോടെ മുന്നോട്ടുകൊണ്ടുപോകുന്നതായിരിക്കും ഈ ബജറ്റ്''.

ബജറ്റില്‍ വിവരിച്ചത് അക്ഷരംപ്രതി ആത്മാര്‍ഥതയോടെ നടപ്പില്‍വരുത്തുകയാണ് ധനമന്ത്രിയും കേരള സര്‍ക്കാരും ചെയ്തത്. 2001 മുതല്‍ 2006 വരെ ഭരിച്ച യുഡിഎഫ് സര്‍ക്കാര്‍ ക്ഷേമപെന്‍ഷന്‍ ഒരു രൂപപോലും വര്‍ധിപ്പിച്ചില്ല. മാത്രമല്ല 25 മാസത്തിലധികം തുച്ഛമായ തുകപോലും കൊടുക്കാതെ കുടിശ്ശികവരുത്തുകയും ചെയ്തു. അതായിരുന്നു പാവങ്ങളോടുള്ള യുഡിഎഫിന്റെ സമീപനം.

ഇതില്‍നിന്ന് തികച്ചും വ്യത്യസ്തമായി എല്‍ഡിഎഫ് പാവങ്ങളുടെ പെന്‍ഷന്‍ 300 രൂപയാക്കി ഉയര്‍ത്തി. കേരളത്തിലെ 35 ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ട് രൂപയ്ക്ക് അരി നല്‍കാന്‍ 500 കോടി രൂപ നീക്കിവച്ചു. അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി നടപ്പാക്കാന്‍ 20 കോടിരൂപ വകയിരുത്തി. ആഗോള വ്യാപാരക്കരാറിനെ തുടര്‍ന്ന് കേരളത്തില്‍ നടമാടിയ പട്ടിണിമരണങ്ങളും കര്‍ഷക ആത്മഹത്യകളും നാലുവര്‍ഷംകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞു. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 11 ലക്ഷം കുടുംബങ്ങള്‍ക്ക് പുറമെ രണ്ട് രൂപയ്ക്ക് അരി ലഭിക്കുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും 30,000 രൂപയുടെ പൊതു ആരോഗ്യപരിരക്ഷ, ക്യാന്‍സര്‍, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ മാരകരോഗങ്ങളുടെ ചികിത്സക്ക് 70,000 രൂപയുടെ അധിക ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവയെല്ലാം ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം നടപ്പാക്കാന്‍ നടപടികള്‍ തുടങ്ങി. 1000 കോടി രൂപയുടെ ഹരിതഫണ്ടിന് രൂപം നല്‍കി. അടച്ചുപൂട്ടിയ പൊതുമേഖലാസ്ഥാപനങ്ങള്‍ മിക്കതും തുറന്നു പ്രവര്‍ത്തിപ്പിച്ചു. 32 പൊതുമേഖലാസ്ഥാപനങ്ങള്‍ ലാഭകരമാക്കി. എട്ട് പൊതുമേഖലാസ്ഥാപനങ്ങള്‍ പുതുതായി ആരംഭിക്കാന്‍ തീരുമാനിച്ചു. സ്ത്രീ പുരുഷ തുല്യതയുടെ പുതിയ പാരമ്പര്യം സൃഷ്ടിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി സ്ത്രീകള്‍ മാത്രം ഗുണഭോക്താക്കളായ സ്കീമുകള്‍ക്ക് പദ്ധതിയില്‍ 620 കോടി രൂപ നീക്കിവച്ചു. തദ്ദേശഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം നല്‍കി. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും നല്‍കിയ ആനുകൂല്യങ്ങളോരോന്നും എടുത്തുപറയേണ്ടതുണ്ട്.

ഈ ക്ഷേമപദ്ധതികളെയാണ് പൊങ്ങച്ചമെന്ന് മനോരമ പരിഹസിച്ചതെന്നോര്‍ക്കണം.

വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സേവനമേഖലകളില്‍ കേരളം വികസിത മുതലാളിത്ത രാജ്യങ്ങളുടെ നിലവാരത്തിലേക്കുയര്‍ന്നു എന്നുമാത്രമല്ല, കാര്‍ഷികമേഖലയിലും നെല്ലുല്‍പാദനം വര്‍ധിപ്പിക്കാനും തരിശുഭൂമി കൃഷിയോഗ്യമാക്കാനും വിവിധ കാര്‍ഷികപദ്ധതികള്‍ പ്രാവര്‍ത്തികമാക്കാനും ആത്മാര്‍ഥമായ ശ്രമമുണ്ടായി. സര്‍ക്കാര്‍ സര്‍വീസില്‍ ഒഴിവുകള്‍ നികത്തുന്നതിലും പുതിയ തൊഴിലവസരം സൃഷ്ടിക്കുന്നതിനും നേട്ടം കൈവരിക്കാന്‍ കഴിഞ്ഞു. 2010-2011ല്‍ പഞ്ചായത്തുകള്‍ക്ക് വികസനഫണ്ടായി 1714 കോടി രൂപയും ജനറല്‍ പര്‍പ്പസ് ഫണ്ടായി 351 കോടി രൂപയും മെയിന്റനന്‍സ് ഫണ്ടായി 360 കോടി രൂപയും നീക്കിവച്ചു. 2010-2011ലെ മൂലധനച്ചെലവ് 4145.38 കോടി രൂപയാണെന്നും ഇത് സര്‍വകാല റെക്കോഡാണെന്നതും ആര്‍ക്കും അവഗണിക്കാന്‍ കഴിയാത്ത വസ്തുതയാണ്.

കേരളത്തിലെ ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിയെണ്ണിപ്പറയാന്‍ നിരവധി പേജുകള്‍ വേണ്ടിവരും. ഇത് പൊങ്ങച്ചത്തിന്റെ വികസനമല്ല ജനങ്ങളാഗ്രഹിക്കുന്ന, ജനങ്ങള്‍ക്കുവേണ്ടിയുള്ള, സംസ്ഥാനത്തെ അഭിവൃദ്ധിയിലേക്ക് നയിക്കാനുള്ള നടപടികളാണ്. ഇത് തുടരാന്‍ ഇടതുപക്ഷജനാധിപത്യമുന്നണിക്ക് തദ്ദേശഭരണസ്ഥാപനങ്ങളിലും സംസ്ഥാനഭരണത്തിലും തുടര്‍ച്ചയുണ്ടാകണം. അതില്‍ ആരും അസൂയപ്പെട്ടിട്ട് കാര്യമില്ല.

ദേശാഭിമാനി മുഖപ്രസംഗം 30082010

1 comment:

  1. പൊങ്ങച്ചത്തിന്റെ കേരളമോഡല്‍ എന്ന പേരില്‍ മലയാള മനോരമ പ്രസിദ്ധീകരിച്ച മുഖപ്രസംഗം ആ പത്രത്തിന്റെ തനിസ്വരൂപം വായനക്കാര്‍ക്ക് തിരിച്ചറിയാന്‍ വേണ്ടുവോളം പര്യാപ്തമാണ്. കേരളം സ്വീകരിച്ച ബദല്‍ സാമ്പത്തികനയം മനോരമയ്ക്ക് പൊരുത്തപ്പെടാന്‍ കഴിയാത്തതാണ്. ആഗോളവല്‍ക്കരണനയമെന്നും പുത്തന്‍ സാമ്പത്തികനയമെന്നും ഓമനപ്പേരിട്ട് വിളിക്കുന്ന സാമ്രാജ്യത്വ സാമ്പത്തികനയത്തിന്റെ പ്രചാരണവും സംരക്ഷണവുമാണ് മനോരമ ഏറ്റെടുത്തിട്ടുള്ളത്. അതാണ് അതിന്റെ വര്‍ഗനയം .പുതിയ സാമ്പത്തികനയവുമായി പൊരുത്തപ്പെട്ടുകൊണ്ട് വന്‍തോതില്‍ നിക്ഷേപത്തിന് വഴിയൊരുക്കുകയാണ് കേരളത്തിന്റെ ഇന്നത്തെ ആവശ്യമെന്നാണ് മനോരമയുടെ ഉപദേശം. ഭൂപരിഷ്കരണം സാമൂഹികക്രമത്തില്‍ ഗുണപരമായ മാറ്റം സൃഷ്ടിച്ചെങ്കിലും തുണ്ടുഭൂമികള്‍ കാര്‍ഷികവിപ്ളവത്തെ അസാധ്യമാക്കിയെന്നാണ് അവരുടെ അഭിപ്രായം. അതായത് വന്‍തോതിലുള്ള ഭൂമിയുടെ കേന്ദ്രീകരണവും മുതലാളിത്ത കൃഷിസമ്പ്രദായവുമാണ് മനോരമയുടെ പഥ്യമെന്ന് ചുരുക്കം

    ReplyDelete