Wednesday, August 25, 2010

'എന്റെ മകനെ തിരിച്ചു തരൂ'

കൃപാല്‍പുര്‍ (അലിഗഢ്): കസ്തൂരി മുത്തശ്ശി ഇന്ന് മൂകയാണ്. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ ചെറുമകന്‍ മൊഹിത്സിങ്ങിനെ പൊലീസ് വെടിവച്ച് കൊന്നതുമുതല്‍ ഈ 80കാരി വീടിന്റെ പുറംവരാന്തയില്‍ ഒറ്റ ഇരിപ്പാണ്. 'എന്റെ മകനെ തിരിച്ചുതരൂ' എന്നതാണ് അവര്‍ അവസാനം പറഞ്ഞ വാക്കുകള്‍. അഖിലേന്ത്യാ കിസാന്‍സഭ പ്രസിഡന്റ് എസ് രാമചന്ദ്രന്‍പിള്ളയും സംഘവും വീട്ടിലേക്ക് കയറിച്ചെന്നപ്പോള്‍ മുത്തശ്ശിയുടെ കണ്ണുകള്‍ പരതി. തന്റെ മൊഹിത് അവരോടൊപ്പമുണ്ടോയെന്ന്. മായാവതിയെ പിന്തുണച്ച ഗ്രാമമായിരുന്നു കൃപാല്‍പുര്‍. മൊഹിത്സിങ്ങിന്റെ വീടിന് മുമ്പില്‍ 'ജയ് ഭീം' (ഭീമറാവു അംബേദ്ക്കര്‍) എന്നെഴുതിവച്ചിട്ടുമുണ്ട്. മായാവതി ദളിതരെ ആകര്‍ഷിച്ചത് ഈ മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു.

മൊഹിത്സിങ്ങിന്റെ അച്ഛന്‍ ശ്രീപാല്‍സിങ് (45) കര്‍ഷകനായിരുന്നു. ആകെയുണ്ടായിരുന്ന രണ്ട് ഏക്കര്‍ ഭൂമി മായാവതിയുടെ നോയിഡ-ആഗ്ര അതിവേഗപ്പാതയ്ക്ക് നല്‍കേണ്ടിവന്നതോടെ കര്‍ഷകത്തൊഴിലാളിയായി മാറി. അതിവേഗപാതയ്ക്ക് നല്‍കിയ ഭൂമിക്ക് ഒരു ചതുരശ്ര മീറ്ററിന് 360 രൂപ മാത്രമാണ് ലഭിച്ചത്. ഇപ്പോള്‍ അതിവേഗ പാതയ്ക്ക് ഇരുവശത്തുനിന്നുമായി 500 മീറ്റര്‍ ഭൂമികൂടി ചതുരശ്രമീറ്ററിന് 449 രൂപയ്ക്ക് ഏറ്റെടുക്കാനാണ് മായാവതിയും ജെപി ഗ്രൂപ്പ് എന്ന കരാര്‍കമ്പനിയും ശ്രമിക്കുന്നത്. നഗരങ്ങളും കച്ചടവടകേന്ദ്രങ്ങളും പണിയാന്‍ തുച്ഛമായ പണം നല്‍കി ഭൂമി ഏറ്റെടുക്കുന്നതാണ് കര്‍ഷകരെ പ്രകോപിപ്പിച്ചത്. ഈ അനീതിക്കെതിരെയാണ് കര്‍ഷകര്‍ ജൂലൈ 27 മുതല്‍ സക്കര്‍പുരില്‍ ധര്‍ണ ആരംഭിച്ചത്. ഈ ധര്‍ണ കാണാന്‍ കൂട്ടുകാരോടൊപ്പം പോയപ്പോഴാണ് മൊഹിത്സിങ്ങിന് പൊലീസിന്റെ വെടിയേറ്റത്. മൂന്ന് വെടിയേറ്റ മൊഹിത് സംഭവസ്ഥലത്ത് തന്നെ മരിച്ചു. മകന്‍ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടിട്ടും സംസ്ഥാന ഭരണകക്ഷിയായ ബിഎസ്പിയുടെയോ കേന്ദ്ര ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെയോ പ്രതിനിധികളോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ വീട്ടില്‍ എത്തിയിട്ടില്ലെന്ന് നിറകണ്ണുകളോടെ ശ്രീപാല്‍സിങ് പറഞ്ഞു.
മൊഹിത്സിങ് മാത്രമല്ല കര്‍ഷകസമരത്തിനിടെ പൊലീസിന്റെ വകതിരിവില്ലായ്മക്ക് ഇരയായത്. ജഹന്‍ഗഢ് ഗ്രാമത്തില്‍ വിദ്യാര്‍ഥിയായ പ്രശാന്ത്ശര്‍മയും പൊലീസ് വെടിവയ്പിലാണ് കൊല്ലപ്പെട്ടത്. പശ്ചിമ യുപിയിലെ കര്‍ഷകപ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ട നാലുപേരില്‍ രണ്ട് പേരും വിദ്യാര്‍ഥികളായിരുന്നു. 'അറുപത്തിനാലാം സ്വാതന്ത്ര്യദിനത്തില്‍ ദേശഭക്തിഗാനം പാടാന്‍ പ്രശാന്ത് ശര്‍മ എറെ കൊതിച്ചിരുന്നു. ആഗസ്ത് 14ന് അവന്‍ സ്കൂളില്‍നിന്ന് വന്നത് ആവേശത്തോടെയായിരുന്നു. വന്നയുടന്‍ പിറ്റേന്ന് പോകാനുള്ള ഉടുപ്പുകള്‍ സ്വയം ഇസ്തിരിയിട്ടു'- ജഹന്‍ഗഢ് ഗ്രാമത്തിലെ കുടിലിന് മുമ്പില്‍ നിന്ന് അച്ഛന്‍ ചന്ദ്രപാല്‍ ഇതു പറയുമ്പോള്‍ വിതുമ്പി. സ്വാതന്ത്ര്യദിന തലേന്ന് കര്‍ഷക ധര്‍ണ കാണാനാണ് പ്രശാന്തും സുഹൃത്ത് വല്ലഭും പോയത്.
(വി ബി പരമേശ്വരന്‍)

deshabhimani 25082010

1 comment:

  1. കസ്തൂരി മുത്തശ്ശി ഇന്ന് മൂകയാണ്. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ ചെറുമകന്‍ മൊഹിത്സിങ്ങിനെ പൊലീസ് വെടിവച്ച് കൊന്നതുമുതല്‍ ഈ 80കാരി വീടിന്റെ പുറംവരാന്തയില്‍ ഒറ്റ ഇരിപ്പാണ്. 'എന്റെ മകനെ തിരിച്ചുതരൂ' എന്നതാണ് അവര്‍ അവസാനം പറഞ്ഞ വാക്കുകള്‍. അഖിലേന്ത്യാ കിസാന്‍സഭ പ്രസിഡന്റ് എസ് രാമചന്ദ്രന്‍പിള്ളയും സംഘവും വീട്ടിലേക്ക് കയറിച്ചെന്നപ്പോള്‍ മുത്തശ്ശിയുടെ കണ്ണുകള്‍ പരതി. തന്റെ മൊഹിത് അവരോടൊപ്പമുണ്ടോയെന്ന്. മായാവതിയെ പിന്തുണച്ച ഗ്രാമമായിരുന്നു കൃപാല്‍പുര്‍. മൊഹിത്സിങ്ങിന്റെ വീടിന് മുമ്പില്‍ 'ജയ് ഭീം' (ഭീമറാവു അംബേദ്ക്കര്‍) എന്നെഴുതിവച്ചിട്ടുമുണ്ട്. മായാവതി ദളിതരെ ആകര്‍ഷിച്ചത് ഈ മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു.

    ReplyDelete