Tuesday, August 31, 2010

വെളിയം പറഞ്ഞതും ചാനലുകള്‍ പ്രചരിപ്പിച്ചതും

ഇതാണ് പുതിയകാലത്തെ മാധ്യമപ്രവര്‍ത്തനം. മാധ്യമസംസ്‌കാരത്തെകുറിച്ച് തിരിച്ചറിവുള്ളവരെയാകെ അന്ധാളിപ്പിക്കുന്ന വിധത്തിലാണ് ഇക്കഴിഞ്ഞ ദിവസം ചില മാധ്യമങ്ങള്‍ വെളിയം ഭാര്‍ഗവന്റെ വാക്കുകളെ തങ്ങള്‍ക്ക് ആവശ്യമായ വിധത്തിലും ആഗ്രഹിച്ച നിലയിലും അവതരിപ്പിച്ചത്.

1939 ല്‍ പിണറായിയിലെ പാറപ്പുറത്തുവെച്ച് രൂപീകരിക്കപ്പെട്ട ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരള ഘടകം ചരിത്രത്തിന്റെ ഭാഗമാണ്. കയ്യൂരിലെയും പുന്നപ്ര-വയലാറിലെയും അന്തിക്കാട്ടെയും ശൂരനാട്ടെയും ഒഞ്ചിയത്തെയും കാവുമ്പായിയിലെയും ഐതിഹാസിക സമരങ്ങളും രക്തസാക്ഷിത്വങ്ങളും ചെറുത്തുനില്‍പ്പുകളും രക്തരൂക്ഷിത സമരങ്ങളും ചരിത്രത്തിന്റെ അനിഷേധ്യ അധ്യായങ്ങളാണ്. ഈ ചരിത്രത്തിന്റെ പിന്തുടര്‍ച്ച അവകാശപ്പെടാന്‍ അര്‍ഹതയുള്ള ജീവിച്ചിരിക്കുന്ന വ്യക്തിത്വങ്ങളുടെ ഉടമയാണ് കെ ആര്‍ ഗൗരിയമ്മയും വെളിയവും. ഏതാണ്ട് രണ്ടു പതിറ്റാണ്ടിനുമുന്‍പ്, സ്വന്തം പാര്‍ട്ടിയിലെ സംഘടനാ നടപടികളുടെ പേരില്‍ പുറത്തായ ഗൗരിയമ്മ രാഷ്ട്രീയ വിദ്വേഷം തീര്‍ക്കുന്നതിനായി സ്വന്തമായി പാര്‍ട്ടി രൂപീകരിച്ച് യു ഡി എഫില്‍ ചേക്കേറുകയായിരുന്നു. ഒന്നര പതിറ്റാണ്ടുകാലത്തിനു ശേഷം യു ഡി എഫില്‍ അനുഭവിക്കേണ്ടിവന്ന പീഡനങ്ങളുടെ പശ്ചാത്തലത്തില്‍ ഗൗരിയമ്മ പൊട്ടിത്തെറിക്കുന്ന സാഹചര്യം സംജാതമായി. ഒളിവു ജീവിതത്തിന്റെയും കമ്മ്യൂണിസ്റ്റുകാര്‍ക്കു നേരെയുള്ള പീഡനങ്ങളുടെയും കാലത്ത് ഒപ്പം ഉണ്ടായിരുന്ന ഒരു നേതാവ്, റിബലുകളെ നിര്‍ത്തി തന്നെയും തന്റെ പാര്‍ട്ടി പ്രതിനിധികളെയും കോണ്‍ഗ്രസും ഐക്യജനാധിപത്യ മുന്നണിയും തോല്‍പിച്ചുവെന്നും വേറൊരു വഴി നോക്കേണ്ടിവരുമെന്നും പ്രതികരിച്ചപ്പോഴാണ് വെളിയത്തിന്റെ പ്രതികരണം ഉണ്ടായത്. ആ പ്രതികരണം തന്നെ പത്ര പ്രതിനിധികളെ വിളിച്ചുവരുത്തി വെളിയം ഭാര്‍ഗവന്‍ നടത്തിയതായിരുന്നില്ല. ദൃശ്യമാധ്യമ പ്രതിനിധികള്‍ അദ്ദേഹത്തെ സമീപിച്ച് അഭിപ്രായം ആരാഞ്ഞപ്പോഴാണ് അദ്ദേഹം അഭിപ്രായ പ്രകടനം നടത്തിയത്.

ഗൗരിയമ്മയെ ഇടതുമുന്നണിയിലേയ്ക്ക് സ്വീകരിക്കുമോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അവര്‍ അങ്ങനെ ഒരു ആഗ്രഹം പ്രകടിപ്പിക്കട്ടെ, അപ്പോള്‍ ആലോചിക്കാമെന്ന് വെളിയം മറുപടി നല്‍കി. സി പി ഐയിലേയ്ക്കുള്ള മടക്കത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സി പി ഐ അവരുടെ കുടുംബമാണെന്നും ഏത് നിമിഷവും കുടുംബത്തിലേയ്ക്ക് മടങ്ങിവരാമെന്നും വെളിയം പറഞ്ഞു. ഇതിനെ എന്തിനാണ് വിവാദമാക്കുന്നത്? യു ഡി എഫ് പോലെ ഒരു മുന്നണിയ്ക്കകത്ത് വീര്‍പ്പുമുട്ടുന്ന ഗൗരിയമ്മയോട് മാതൃ പ്രസ്ഥാനത്തിന്റെ വാതിലുകള്‍ തുറന്നുകിടക്കുന്നു എന്ന സന്ദേശം നല്‍കുന്നത് അവരോടുള്ള ബഹുമാനം കൊണ്ടും ഇന്നവര്‍ക്കുണ്ടായിരിക്കുന്ന അവസ്ഥയിലെ സഹതാപംകൊണ്ടും കൂടിയാണ്. അവര്‍ വരുന്നെങ്കില്‍തന്നെ അവര്‍ക്കൊപ്പമുള്ളവരെയാകെ സ്വീകരിക്കും എന്ന് കരുതേണ്ടെന്നും ദൃശ്യമാധ്യമങ്ങളോട് വെളിയം ഭാര്‍ഗവന്‍ വ്യക്തതയോടെ പറഞ്ഞിരുന്നു. അവരെ അങ്ങോട്ടുപോയി ക്ഷണിക്കണമെന്നല്ല വെളിയം പറഞ്ഞത്. സി പി ഐ ഓഫീസിലേയ്ക്ക് ഏതു നിമിഷവും വരാമെന്നാണ്.

പാര്‍ട്ടിയിലേയ്ക്ക് വരണമെന്ന് അവര്‍ ആഗ്രഹം പ്രകടിപ്പിച്ചാല്‍ പാര്‍ട്ടി ചര്‍ച്ചചെയ്യും എന്നു മാത്രമേ വെളിയം പറഞ്ഞിട്ടുള്ളൂ. ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്കും ആഗ്രഹം പ്രകടിപ്പിച്ചാല്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നാണ് വെളിയം ആവര്‍ത്തിച്ചത്. ഗൗരിയമ്മ ഒരു പോരാളിയാണെന്നും ഭരണ പരിചയമുള്ളയാളാണെന്നും വെളിയം തന്നെ സമീപിച്ച മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞതുപോലും ചര്‍ച്ചാ വിഷയമായി. യു ഡി എഫിനാല്‍ അവഹേളിക്കപ്പെടുന്ന ഗൗരിയമ്മയുടെ ഇപ്പോഴത്തെ സ്ഥിതിവിശേഷം തിരിച്ചറിഞ്ഞാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുത്തരമായി വെളിയം ഇങ്ങനെ പ്രതികരിച്ചത്.

ഗൗരിയമ്മ സി പി ഐ യില്‍ ചേരുമെന്നോ ഗൗരിയമ്മയുടെ ജെ എസ് എസ്, എല്‍ ഡി എഫില്‍ ചേരുന്നതുകൊണ്ട് എല്‍ ഡി എഫിന് എന്തെങ്കിലും മെച്ചമുണ്ടാകുമെന്നോ കരുതിയല്ല വെളിയം പ്രതികരിച്ചത്. യു ഡി എഫ് ഗൗരിയമ്മയെപോലെ ഒരു നേതാവിനെ നിരന്തരം അവഹേളിക്കുന്ന സന്ദര്‍ഭമാണിത്. ഗൗരിയമ്മ ഇനിയും മത്സരിക്കുന്നുവെങ്കില്‍ ആംബുലന്‍സ് കൂടി കൊണ്ടുവരേണ്ടി വരുമെന്ന് ഒരു യു ഡി എഫ് നേതാവ് പരസ്യമായി പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇത്തരമൊരു അപഹാസ്യമായ നിലയില്‍ ഗൗരിയമ്മ പെട്ടുപോയ സാഹചര്യത്തിലാണ് പത്രപ്രവര്‍ത്തകരുടെ ചോദ്യത്തോട് വെളിയം പ്രതികരിച്ചത്. കോണ്‍ഗ്രസിന്റെയോ യു ഡി എഫിന്റെയോ ഒരു നേതാവും ഗൗരിയമ്മയ്ക്കു വേണ്ടി രംഗത്തു വരുന്നതിനോ, ആംബുലന്‍സ് വേണ്ടിവരുമെന്ന യു ഡി എഫ് നേതാവിന്റെ പ്രസ്താവനയ്‌ക്കെതിരായി പ്രതികരിക്കുന്നതിനോ പ്രത്യക്ഷപ്പെട്ടില്ല. ഗൗരിയമ്മയുടെ നിസ്സഹായാവസ്ഥയുടെ സന്ദര്‍ഭത്തിലാണ് പത്രവര്‍ത്തകര്‍ വെളിയത്തോട് ചോദ്യം ഉന്നയിച്ചത്. ഗൗരിയമ്മയ്ക്ക് ഏതു സമയത്തും സി പി ഐയിലേയ്ക്ക് വരാമെന്നും സി പി ഐ ഓഫീസ് അവര്‍ക്ക് നന്നായി അറിയാമെന്നും വെളിയം പറഞ്ഞു.

സി പി എമ്മില്‍ നിന്ന് ഗൗരിയമ്മ പുറത്താക്കപ്പെട്ടപ്പോള്‍ പി കെ വിയെയും വെളിയത്തെയും കാണണമെന്ന് ദൂതന്‍ വഴി ഗൗരിയമ്മ അറിയിച്ച കാര്യവും പാര്‍ട്ടി ഓഫീസിലേയ്ക്കുള്ള വഴി അവര്‍ക്കറിയാമല്ലോ എന്ന് ഇരുവരും മറുപടി പറഞ്ഞതും വെളിയം അനുസ്മരിച്ചിട്ടുണ്ട്. ഗൗരിയമ്മയെ സ്വീകരിക്കുവാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മോഹിച്ചുനില്‍ക്കുകയായിരുന്നെങ്കില്‍ അന്നുതന്നെ അവരെ സന്ദര്‍ശിക്കാമായിരുന്നതല്ലേ? ചാനലുകാര്‍ കേള്‍ക്കുന്നത് മുഴുവന്‍ ശ്രദ്ധയോടെ ഗ്രഹിക്കുകയും പറഞ്ഞതുതന്നെ പ്രേക്ഷകര്‍ക്ക് പകര്‍ന്നുകൊടുക്കുകയും വേണം. അതാണ് മാധ്യമ ധര്‍മ്മം.
പറയുന്ന വാക്കുകള്‍ ആ അര്‍ഥത്തില്‍ പരിഗണിക്കുവാനും മനസ്സിലാക്കുവാനും എല്ലാവര്‍ക്കും കഴിയണം. വെളിയത്തെ രാഷ്ട്രീയം പഠിപ്പിക്കുവാന്‍ പുത്തന്‍ രാഷ്ട്രീയക്കാര്‍ മുതിരുന്നത് സാഹസമാണ്. അവര്‍ രാഷ്ട്രീയ ചരിത്രത്തിലേയ്ക്ക് ഒന്നു തിരിഞ്ഞു നോക്കുവാനുള്ള സന്മനസ്സെങ്കിലും കാണിക്കണം. ഗൗരിയമ്മ വന്നതു കൊണ്ട് സി പി ഐയ്ക്ക് ഒരു നേട്ടവുമില്ല, എല്‍ ഡി എഫിനുമില്ല. അത് വെളിയത്തിന് നിശ്ചയമുള്ളതുപോലെ, അനുഭവ സമ്പന്നതകൊണ്ട് അറിയുന്ന നേതാക്കള്‍ അപൂര്‍വ്വമാണുതാനും. ആ വലിയ സത്യം തിരിച്ചറിയാന്‍ മാധ്യമ ചര്‍ച്ചാ പ്രഭുക്കള്‍ തയ്യാറാവണം.

ജനയുഗം 31082010

2 comments:

  1. ഇതാണ് പുതിയകാലത്തെ മാധ്യമപ്രവര്‍ത്തനം. മാധ്യമസംസ്‌കാരത്തെകുറിച്ച് തിരിച്ചറിവുള്ളവരെയാകെ അന്ധാളിപ്പിക്കുന്ന വിധത്തിലാണ് ഇക്കഴിഞ്ഞ ദിവസം ചില മാധ്യമങ്ങള്‍ വെളിയം ഭാര്‍ഗവന്റെ വാക്കുകളെ തങ്ങള്‍ക്ക് ആവശ്യമായ വിധത്തിലും ആഗ്രഹിച്ച നിലയിലും അവതരിപ്പിച്ചത്.

    ReplyDelete
  2. ഇന്നത്തെ മാധ്യമ പ്രവര്‍ത്തനം വിലയിരുത്തിയാല്‍ കാണാന്‍ കഴിയുന്നത്‌ കുറച്ചു മര മണ്ടന്മാരുടെ കാസര്ത്താണ്.
    ഒരു പത്ര പ്രവര്‍ത്തകന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് അച്ഛന്‍ മരണ പ്പെട്ടുപോയ ഒരാളിനോടു അയാളുടെ അമ്മയുടെ ഗര്‍ഭത്തെ പറ്റി തിരക്കുന്നു.
    പത്ര പ്രവര്ത്തകന് മറുപടി പറഞ്ഞാല്‍ ഒന്നുകില്‍ 'ഇല്ല'എന്ന മറുപടി ആണെങ്കില്‍ അയാള്‍ അമ്മയുടെ അവിഹിത ഗര്‍ഭം നിഷേദിച്ചു എന്ന് എഴുതാം.
    ഉണ്ട് എന്ന് പറഞ്ഞാല്‍ അമ്മ അഭിസരികയും ആയി.
    ഇതാണ് ഇന്നത്തെ പത്ര പ്രവര്‍ത്തന രീതി.

    ReplyDelete