Tuesday, August 17, 2010

വിഴിഞ്ഞത്ത് തുറക്കുന്ന വികസന കവാടം

എല്ലാത്തരം എതിര്‍പ്പുകളെയും തടസ്സങ്ങളെയും മറികടന്ന് വിഴിഞ്ഞത്ത് അന്താരാഷ്ട്ര കണ്ടെയ്നര്‍ തുറമുഖത്തിന്റെ പ്രാരംഭ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയാണ്. തിങ്കളാഴ്ച മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ഉദ്ഘാടനംചെയ്തത് കേരളത്തിന്റെ പുതിയ കുതിപ്പുകൂടിയാണ്. ലോകവാണിജ്യ ഭൂപടത്തില്‍ വിഴിഞ്ഞത്തെയും കേരളത്തെയും കൈപിടിച്ചുയര്‍ത്തുന്ന; നഷ്ടപ്പെട്ട വാണിജ്യ പ്രതാപം കേരളത്തിന് തിരിച്ചുനല്‍കുന്ന; നാടിന്റെയും ജനങ്ങളുടെയും ചിരകാലാഭിലാഷമായ പദ്ധതിയാണ് യാഥാര്‍ഥ്യമാകാന്‍ പോകുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തിന് എന്തുചെയ്തു എന്ന ചോദ്യത്തിനുള്ള അനേകം ഉത്തരങ്ങളില്‍ തിളങ്ങിനില്‍ക്കുന്ന ഒന്നാണ് വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടെയ്നര്‍ തുറമുഖ പദ്ധതിയുടെ ഒന്നാംഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍.

അന്തര്‍ദേശീയ കപ്പല്‍പ്പാതയില്‍നിന്ന് രണ്ട് നോട്ടിക്കല്‍ മൈല്‍മാത്രം അകലത്തിലാണ് നിര്‍ദിഷ്ട തുറമുഖം. നിരവധി സവിശേഷതകളുള്ളതും അന്താരാഷ്ട്ര നിലവാരമുള്ളതുമായ ഈ തുറമുഖം യാഥാര്‍ഥ്യമായാല്‍ സോയൂസ് കനാല്‍വഴി ഓരോ വര്‍ഷവും കടന്നുപോകുന്ന 20,000 കൂറ്റന്‍ കപ്പലുകളില്‍ പകുതിയിലധികവും വിഴിഞ്ഞത്താകും നങ്കൂരമിടുക. തീരത്തോടു തൊട്ടുതന്നെ 23 മുതല്‍ 27 മീറ്റര്‍വരെ ആഴമുണ്ട് വിഴിഞ്ഞത്തെ കടലിന്. ലോകത്തെ ഏത് വന്‍കിട കപ്പലുകള്‍ക്കും നങ്കൂരമിടാന്‍ പര്യാപ്തമാണിത്. മണ്ണുമാറ്റാതെ തുറമുഖം പണിയാം എന്നതാണ് മറ്റൊരു പ്രത്യേകത. മൂന്നു കിലോമീറ്ററോളം കടല്‍നികത്തി 150 മീറ്ററിലധികം വീതിയിലാണ് തുറമുഖം നിര്‍മിക്കപ്പെടുക. കരപ്രദേശങ്ങള്‍ നഷ്ടപ്പെടുത്താതെ നിര്‍മാണം പൂര്‍ത്തിയാക്കാനാകും. ആറ് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തുറമുഖത്ത് വന്‍കിട കപ്പലുകള്‍ അടുപ്പിക്കാനാകുന്ന 30 ബര്‍ത്താണ് സജ്ജീകരിക്കുക. അന്താരാഷ്ട്ര കപ്പല്‍ച്ചാലില്‍നിന്ന് ഒന്നരമണിക്കൂറിനുള്ളില്‍ വിഴിഞ്ഞത്തെത്താം. കൊളംബോ, സിംഗപ്പൂര്‍, ദുബായ്, സലാല എന്നീ തുറമുഖങ്ങള്‍ വഴിയാണ് ഇന്ത്യയുടെ ഇറക്കുമതി-കയറ്റുമതിയുടെ 70 ശതമാനവും കടന്നുപോകുന്നത്. വലിയ കപ്പലുകളില്‍ വരുന്ന കണ്ടെയ്നറുകള്‍ ഈ തുറമുഖങ്ങളില്‍ ഇറക്കി ചെറുകപ്പലുകളിലാക്കിയാണ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. ഇതിനായി പ്രതിവര്‍ഷം 1000 കോടിയിലധികം രൂപയാണ് ചെലവാകുന്നത്. വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ ഈ നഷ്ടം ഒഴിവാകും.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യവും അശ്രാന്ത പരിശ്രമവുമാണ് നിര്‍മാണപ്രവര്‍ത്തനം തുടങ്ങുന്നതിലേക്ക് നയിച്ചത്. ആദ്യഘട്ടത്തിലെ അടിസ്ഥാന സൌകര്യ വികസനത്തിന് 450 കോടിയാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നത്. 350 കോടി സ്ഥലം ഏറ്റെടുക്കുന്നതിനാണ്. തുറമുഖത്തേക്കുള്ള റോഡിന്റെ വികസനം ആറുമാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. തുറമുഖത്തേക്കുള്ള പത്തു കിലോമീറ്റര്‍ റെയില്‍പ്പാത, ശുദ്ധജല വിതരണ പദ്ധതി, വൈദ്യുതീകരണം എന്നിവയുടെ പ്രവര്‍ത്തനം പുരോഗമിക്കുന്നു.

2006ലെ നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് യുഡിഎഫ് സര്‍ക്കാര്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വിഴിഞ്ഞത്തിന്റെ പേര് ഉപയോഗിച്ചതാണ്. അടിസ്ഥാന സൌകര്യങ്ങളെക്കുറിച്ചോ സാധ്യതകളെക്കുറിച്ചോ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചോ ചിന്തിക്കാതെ തറക്കല്ലിടല്‍ മാമാങ്കം നടത്തി ജനപ്രീതി നേടാനായിരുന്നു ശ്രമം. എന്നാല്‍, ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാന്‍ യുഡിഎഫിന് കഴിഞ്ഞില്ല. 2006ല്‍ എല്‍ഡിഎഫ് അധികാരത്തിലെത്തിയതോടെയാണ് വിഴിഞ്ഞം തുറമുഖസ്വപ്നം യാഥാര്‍ഥ്യമാക്കാനുള്ള നടപടിയാരംഭിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ മുട്ടാപ്പോക്ക് പക്ഷേ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. സുരക്ഷയുടെ പേരുപറഞ്ഞ് ചൈനീസ് കമ്പനിയടങ്ങിയ കസോര്‍ഷ്യത്തെ നിര്‍മാണപ്രക്രിയയില്‍നിന്ന് ഒഴിവാക്കി. ധാരണപത്രം സമര്‍പ്പണംവരെ എത്തിയ നടപടികള്‍ കോടതി ഇടപെടലുകളിലൂടെ നിര്‍ത്തിവയ്ക്കേണ്ടിവന്നു. ഭൂമി ഏറ്റെടുക്കാന്‍ ആരംഭിച്ചപ്പോള്‍ അന്തര്‍ദേശീയ തുറമുഖലോബികളുടെ പിന്‍ബലത്തില്‍ ചില രാഷ്ട്രീയകക്ഷികളടക്കം രംഗത്തെത്തി കുടിയൊഴിപ്പിക്കുന്നു എന്ന് വിലപിച്ച് സമരപരമ്പര സംഘടിപ്പിച്ചു. ഇത്തരം ഇടങ്കോലിടലുകളെ വകവയ്ക്കാതെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വാഗ്ദാനം നിറവേറ്റാന്‍ ബജറ്റില്‍തന്നെ 450 കോടി രൂപ മാറ്റിവച്ചത്. ഭൂമി ഏറ്റെടുക്കല്‍നടപടി അതിവേഗം പൂര്‍ത്തിയാക്കി. ജനങ്ങളെ വിശ്വാസത്തിലെടുത്തും എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞുമുള്ള സര്‍ക്കാരിന്റെ സമീപനം മൂലമാണ്, ഇപ്പോഴെങ്കിലും ഒന്നാംഘട്ട നിര്‍മാണം ആരംഭിക്കാന്‍ കാരണമായത്. സമയബന്ധിതമായി നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. കേരളത്തിന്റെ മുഖച്ഛായ മാറ്റുന്നതും ഇന്ത്യക്ക് അഭിമാനമായി മാറുന്നതുമായ ഈ പദ്ധതിയുടെ അതിവേഗപൂര്‍ത്തീകരണം നാടിന്റെയാകെ ആവശ്യമാണ്.

കേരളത്തിന് വളരാനുള്ള സാഹചര്യങ്ങള്‍ നിരവധിയുണ്ട്. അവ വേണ്ടുംവണ്ണം പ്രയോജനപ്പെടുത്താനുള്ള പരിശ്രമങ്ങള്‍ ഉണ്ടാകുന്നില്ല എന്നതാണ് പലപ്പോഴും നമ്മെ പുറകോട്ടടിപ്പിക്കുന്നത്. വികസനംമുടക്കികളും മുട്ടുന്യായക്കാരും പരിസ്ഥിതി മൌലിക വാദികളും നാടിന്റെ പുരോഗതിക്കുമുന്നില്‍ ചാടിവീണ് തടസ്സം സൃഷ്ടിക്കുകയും അത്തരം അപസ്മാരബാധ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുകയുംചെയ്യുന്ന അനാശാസ്യമായ അവസ്ഥ ഇവിടെ നിലനില്‍ക്കുന്നുണ്ട്. റോഡ് വേണ്ട; പാലം വേണ്ട; വ്യവസായം വേണ്ട എന്ന് കൊട്ടിഘോഷിക്കുന്നിടംവരെ അത് എത്തിനില്‍ക്കുന്നു. രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയും മറ്റുചില താല്‍പ്പര്യങ്ങളോടെയും വിഴിഞ്ഞം പദ്ധതിക്ക് തുരങ്കം വയ്ക്കാനുള്ള നിരവധി ശ്രമങ്ങളുണ്ടായി. അവയെയെല്ലാം തട്ടിമാറ്റിയാണ് ഒന്നാംഘട്ട നിര്‍മാണപ്രവര്‍ത്തനം ആരംഭിച്ചത് എന്ന യാഥാര്‍ഥ്യം എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടത്തിന്റെ മാറ്റ് വര്‍ധിപ്പിക്കുന്നു.

ദേശാഭിമാനി മുഖപ്രസംഗം 17082010

1 comment:

  1. എല്ലാത്തരം എതിര്‍പ്പുകളെയും തടസ്സങ്ങളെയും മറികടന്ന് വിഴിഞ്ഞത്ത് അന്താരാഷ്ട്ര കണ്ടെയ്നര്‍ തുറമുഖത്തിന്റെ പ്രാരംഭ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയാണ്. തിങ്കളാഴ്ച മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ഉദ്ഘാടനംചെയ്തത് കേരളത്തിന്റെ പുതിയ കുതിപ്പുകൂടിയാണ്. ലോകവാണിജ്യ ഭൂപടത്തില്‍ വിഴിഞ്ഞത്തെയും കേരളത്തെയും കൈപിടിച്ചുയര്‍ത്തുന്ന; നഷ്ടപ്പെട്ട വാണിജ്യ പ്രതാപം കേരളത്തിന് തിരിച്ചുനല്‍കുന്ന; നാടിന്റെയും ജനങ്ങളുടെയും ചിരകാലാഭിലാഷമായ പദ്ധതിയാണ് യാഥാര്‍ഥ്യമാകാന്‍ പോകുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തിന് എന്തുചെയ്തു എന്ന ചോദ്യത്തിനുള്ള അനേകം ഉത്തരങ്ങളില്‍ തിളങ്ങിനില്‍ക്കുന്ന ഒന്നാണ് വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടെയ്നര്‍ തുറമുഖ പദ്ധതിയുടെ ഒന്നാംഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍.

    ReplyDelete