Sunday, August 15, 2010

പാകിസ്ഥാനിലേക്ക് പോയവരുടെ സ്വത്ത്

പാകിസ്ഥാനിലേക്ക് പോയവരുടെ സ്വത്ത് : ബില്ലിനെതിരെ പ്രതിഷേധം നിയമഭേദഗതി മാറ്റുന്നു

വിഭജനത്തിന് ശേഷം പാകിസ്ഥാനിലേക്ക് പോയവരുടെ സ്വത്ത് കണ്ടുകെട്ടാന്‍ കേന്ദ്രം കൊണ്ടുവന്ന നിയമഭേദഗതിയില്‍ മാറ്റം വരുത്തും. ആഗസ്ത് രണ്ടിന് ലോക്സഭയില്‍ അവതരിപ്പിച്ച ബില്ലിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണിത്. കേന്ദ്രമന്ത്രിസഭയിലും ഈ ഭേദഗതിയില്‍ പ്രതിഷേധം ശക്തമായിരുന്നു. 1968ലെ ശത്രുസ്വത്ത് നിയമ(ഭേദഗതി)മനുസരിച്ച് പാകിസ്ഥാനിലേക്ക് പോയവരുടെ സ്വത്ത് സര്‍ക്കാര്‍ കണ്ടുകെട്ടിയാല്‍ അതില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമില്ല. സ്വത്തുടമ പാകിസ്ഥാനിലേക്ക് പോയാല്‍ ഇന്ത്യയില്‍ താമസിക്കാന്‍ തീരുമാനിച്ച ബന്ധുക്കള്‍ക്ക് ഈ സ്വത്തില്‍ അവകാശം ലഭിക്കില്ല. വിഭജനവേളയില്‍ ഇന്ത്യയില്‍ ജീവിക്കാന്‍ നിശ്ചയിച്ചവരെ ശത്രുക്കളായി പ്രഖ്യാപിച്ച് അവരുടെ സ്വത്ത് പിടിച്ചുപറിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്. കേന്ദ്രമന്ത്രിമാരും എംപിമാരും രാജ്യസഭാ ഉപാധ്യക്ഷന്‍ റഹ്മാന്‍ ഖാന്റെ വീട്ടില്‍ യോഗം ചേര്‍ന്നാണ് ഭേദഗതിനീക്കത്തെ എതിര്‍ക്കാന്‍ തീരീമാനിച്ചത്. ഇവര്‍ പ്രധാനമന്ത്രിയെ കണ്ട് അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് ആഗസ്ത് നാലിന് തന്നെ പാസാക്കാന്‍ നിശ്ചയിച്ചിരുന്ന ബില്‍ തല്‍ക്കാലം മാറ്റിവച്ചത്.

പുതിയ ഭേദഗതിയനുസരിച്ച് സ്വത്തവകാശം അന്തിമമായി കോടതികളായിരിക്കും നിശ്ചയിക്കുക. സ്വാതന്ത്യ്രാനന്തരം പാകിസ്ഥാനിലേക്ക് പോയവരുടെ 2186 സ്വത്തുക്കള്‍ ഇന്ത്യയിലുണ്ടെന്നാണ് കണക്ക്. ഉത്തര്‍പ്രദേശില്‍ മാത്രം 1468 സ്ഥാവര-ജംഗമ സ്വത്തുണ്ട്. പശ്ചിമബംഗാളില്‍ 351 ഉം കേരളത്തില്‍ 24 ഉം. ബിഹാര്‍, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും ഇത്തരം സ്വത്തുണ്ട്. 1968 ലെ നിയമപ്രകാരം ഭൂരിപക്ഷം സ്വത്തുക്കളും സര്‍ക്കാര്‍ പിടിച്ചെടുത്തിരുന്നു.

എന്നാല്‍, സര്‍ക്കാര്‍ ബലപ്രയോഗത്തിലൂടെ സ്വത്ത് പിടിച്ചെടുത്തതിനെതിരെ പല ബന്ധുക്കളും കോടതിയെ സമീപിച്ചു. ഉത്തര്‍പ്രദേശിലെ സീതാപുര്‍ ജില്ലയിലെ മഹ്മൂദാബാദ് രാജാവ് അമീര്‍ അലി ഖാന്റെ മകന്‍ അമീര്‍ മുഹമ്മദ് ഖാന്‍ സുപ്രിംകോടതിയെ സമീപിച്ചു. അമീര്‍ അലി ഖാന്‍ മുഹമ്മദലി ജിന്നയുടെ അടുത്തയാളായതിനാല്‍ പാകിസ്ഥാന്‍ രൂപംകൊണ്ടപ്പോള്‍ അദ്ദേഹവും പാകിസ്ഥാനിലേക്ക് പോയി. എന്നാല്‍, മകന്‍ ഇന്ത്യയിലായിരുന്നു. കോഗ്രസ് നേതാവായിരുന്ന ഖാന്റെ സ്വത്തും സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. അദ്ദേഹം കോടതിയിലെത്തി. നീണ്ട 32 വര്‍ഷത്തെ നിയമയുദ്ധത്തിന് ശേഷം ഖാന് പിതാവിന്റെ മുപ്പതിനായിരം കോടിയുടെ എല്ലാ സ്വത്തും സുപ്രിംകോടതി തിരിച്ചുനല്‍കി. ഇതോടെയാണ് പാകിസ്ഥാനിലേക്ക് പോയവരുടെ ബന്ധുക്കള്‍ പലരും കോടതിയിലെത്തിയത്. കോടതിയുടെ ഇടപെടല്‍ പലയിടത്തും വന്നതോടെ അത് മറികടകാന്‍ യുപിഎ സര്‍ക്കാര്‍ കണ്ടെത്തിയ എളുപ്പവഴിയായിരുന്നു നിയമനിര്‍മാണം. ജൂലൈ രണ്ടിന് ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സും പുറത്തിറക്കി. ഇതോടെ എല്ലാ കോടതിവിധികളും അസാധുവായി. മുസ്ളിങ്ങള്‍ക്കെതിരെയുള്ള ഗൂഢാലോചനയാണ് ഈ ഭേദഗതിയെന്ന് ഖാന്റെ മകന്‍ അമീര്‍ നഖില്‍ ഖാന്‍ പ്രതികരിച്ചു.
(വി ബി പരമേശ്വരന്‍)

ദേശാഭിമാനി 15082010

1 comment:

  1. വിഭജനത്തിന് ശേഷം പാകിസ്ഥാനിലേക്ക് പോയവരുടെ സ്വത്ത് കണ്ടുകെട്ടാന്‍ കേന്ദ്രം കൊണ്ടുവന്ന നിയമഭേദഗതിയില്‍ മാറ്റം വരുത്തും. ആഗസ്ത് രണ്ടിന് ലോക്സഭയില്‍ അവതരിപ്പിച്ച ബില്ലിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണിത്. കേന്ദ്രമന്ത്രിസഭയിലും ഈ ഭേദഗതിയില്‍ പ്രതിഷേധം ശക്തമായിരുന്നു. 1968ലെ ശത്രുസ്വത്ത് നിയമ(ഭേദഗതി)മനുസരിച്ച് പാകിസ്ഥാനിലേക്ക് പോയവരുടെ സ്വത്ത് സര്‍ക്കാര്‍ കണ്ടുകെട്ടിയാല്‍ അതില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമില്ല. സ്വത്തുടമ പാകിസ്ഥാനിലേക്ക് പോയാല്‍ ഇന്ത്യയില്‍ താമസിക്കാന്‍ തീരുമാനിച്ച ബന്ധുക്കള്‍ക്ക് ഈ സ്വത്തില്‍ അവകാശം ലഭിക്കില്ല. വിഭജനവേളയില്‍ ഇന്ത്യയില്‍ ജീവിക്കാന്‍ നിശ്ചയിച്ചവരെ ശത്രുക്കളായി പ്രഖ്യാപിച്ച് അവരുടെ സ്വത്ത് പിടിച്ചുപറിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്. കേന്ദ്രമന്ത്രിമാരും എംപിമാരും രാജ്യസഭാ ഉപാധ്യക്ഷന്‍ റഹ്മാന്‍ ഖാന്റെ വീട്ടില്‍ യോഗം ചേര്‍ന്നാണ് ഭേദഗതിനീക്കത്തെ എതിര്‍ക്കാന്‍ തീരീമാനിച്ചത്. ഇവര്‍ പ്രധാനമന്ത്രിയെ കണ്ട് അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് ആഗസ്ത് നാലിന് തന്നെ പാസാക്കാന്‍ നിശ്ചയിച്ചിരുന്ന ബില്‍ തല്‍ക്കാലം മാറ്റിവച്ചത്.

    ReplyDelete