കല്‍മാഡിയെ തൊടില്ല; അഴിമതി പ്രധാനമന്ത്രി സമ്മതിച്ചു
കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടനത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തുറന്നു സമ്മതിച്ചു. എന്നാല്‍, അഴിമതി പരമ്പരയ്ക്ക് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് എംപിയും സംഘാടകസമിതി ചെയര്‍മാനുമായ സുരേഷ് കല്‍മാഡിക്കെതിരെ നടപടിയെടുക്കാന്‍ അദ്ദേഹം തയ്യാറായില്ല. അഴിമതിയില്‍ വഴിമുട്ടിയ ഗെയിംസിനെ രക്ഷിക്കാന്‍ പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതലയോഗം ചില പൊടിക്കൈകള്‍ നിര്‍ദേശിച്ച് പിരിഞ്ഞു. കല്‍മാഡിയെ എല്ലാ ചുമതലയിലും തുടരാന്‍ അനുവദിച്ച പ്രധാനമന്ത്രി ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അവലോകനസമിതിയെ പ്രഖ്യാപിച്ച് കൈകഴുകി. ക്രമക്കേട് സംബന്ധിച്ച് അന്വേഷിക്കാന്‍ അതത് മന്ത്രാലയങ്ങളോട് നിര്‍ദേശിക്കുകയുംചെയ്തു. ഗെയിംസിന്റെ വിജയകരമായ നടത്തിപ്പിന് ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ശേഷിക്കുന്ന നിര്‍മാണപ്രവര്‍ത്തനം വേഗം പൂര്‍ത്തിയാക്കാനും ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കാനും നിര്‍ദേശിച്ചു.
ഗെയിംസിന്റെ മേല്‍നോട്ടത്തിനായി എസ് ജയ്പാല്‍റെഡ്ഡിയുടെ നേതൃത്വത്തില്‍ രൂപീകരിച്ചിരുന്ന മന്ത്രിതലസമിതി നിര്‍ജീവമാണെന്ന് പ്രധാനമന്ത്രിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നു. ഈ സമിതിയോട് ഉടന്‍ യോഗം ചേരാനാണ് മന്‍മോഹന്‍സിങ് നിര്‍ദേശിച്ചത്. ഗെയിംസിന്റെ പ്രവര്‍ത്തനം ചിട്ടപ്പെടുത്താന്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സമിതികളുടെയും ഏകോപനത്തിനായി പ്രവര്‍ത്തിക്കാനാണ് ക്യാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ സെക്രട്ടറിമാരുടെ സമിതി രൂപീകരിച്ചത്. ആഴ്ചയിലൊരിക്കല്‍ കേന്ദ്രമന്ത്രിസഭ ഗെയിംസിന്റെ തയ്യാറെടുപ്പ് വിലയിരുത്തും. ആഗസ്ത് അവസാനം ഗെയിംസ് വേദികള്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വെള്ളിയാഴ്ച സോണിയ ഗാന്ധിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍ഗ്രൂപ്പ് യോഗതീരുമാനങ്ങളാണ് മന്‍മോഹന്‍സിങ് ശനിയാഴ്ച വൈകിട്ട് തന്റെ വസതിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പ്രഖ്യാപിച്ചത്.
കായികമന്ത്രി എം എസ് ഗില്‍, നഗരവികസന മന്ത്രി എസ് ജയ്പാല്‍റെഡ്ഡി, ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, ഗവര്‍ണര്‍ തേജേന്ദര്‍ ഖന്ന, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ എ നായര്‍, ക്യാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖര്‍, സുരേഷ് കല്‍മാഡി എന്നിവരാണ് പങ്കെടുത്തത്. യോഗത്തില്‍ കല്‍മാഡിയെ വാക്കുകള്‍ കൊണ്ടുപോലും പ്രധാനമന്ത്രി നോവിച്ചില്ല. നിര്‍മാണത്തിന്റെ സമയക്രമം പാലിക്കുന്നതില്‍ വീഴ്ച പറ്റിയെന്നും ചില പ്രവൃത്തികളില്‍ അപര്യാപ്തതയുണ്ടെന്നും പറഞ്ഞ പ്രധാനമന്ത്രി കൂടുതല്‍ വിശദീകരണത്തിന് തയ്യാറായില്ല. പ്രധാനമന്ത്രിയോ കോണ്‍ഗ്രസ് അധ്യക്ഷയോ ആവശ്യപ്പെട്ടാല്‍ രാജിവയ്ക്കാമെന്ന് സുരേഷ് കല്‍മാഡി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഗെയിംസിന്റെ തയ്യാറെടുപ്പ് പൂര്‍ത്തിയാക്കാനുള്ള ചുമതല കല്‍മാഡിയെ തന്നെയാണ് പ്രധാനമന്ത്രി ഏല്‍പ്പിച്ചത്. സംഘാടകസമിതിയുടെ സീനിയര്‍ മാനേജിങ് കമ്മിറ്റി എല്ലാദിവസവും കല്‍മാഡിയുടെ അധ്യക്ഷതയില്‍ ചേരാനാണ് നിര്‍ദേശം. കല്‍മാഡിയെയും സംഘത്തെയും സഹായിക്കാന്‍ സര്‍ക്കാര്‍ പ്രതിനിധികളെ നിയോഗിക്കാമെന്നും പ്രധാനമന്ത്രി വാഗ്ദാനംചെയ്തു.
(വിജേഷ് ചൂടല്‍)
അഴിമതി അനുവദിക്കരുത്: രാഷ്ട്രപതി
അഴിമതി വച്ചുപൊറുപ്പിക്കരുതെന്ന് രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ രാഷ്ട്രത്തോട് ആഹ്വാനം ചെയ്തു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വന്‍ അഴിമതി നടന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോഴാണ് രാഷ്ട്രപതിയുടെ ഈ പരാമര്‍ശം. 64-ാം സ്വാതന്ത്യ്രദിനത്തിന്റെ ഭാഗമായി ശനിയാഴ്ച രാഷ്ട്രത്തോടു നടത്തിയ അഭിസംബോധനയിലാണ് അഴിമതിക്കും മൂല്യശോഷണത്തിനുമെതിരെ രാഷ്ട്രപതി ശബ്ദിച്ചത്. ധാര്‍മികമായ ഉന്നതി വര്‍ധിപ്പിക്കാന്‍ എല്ലാ പൌരന്മാരും തയ്യാറാകണം. ശക്തമായ കുടുംബബന്ധങ്ങള്‍ ദുര്‍ബലമായി വരികയാണെന്നും സാമൂഹ്യ അനാചാരങ്ങള്‍ ഇന്നും തുടരുകയാണെന്നും രാഷ്ട്രപതി പരിതപിച്ചു.
വഴിയോരത്ത് ഉറങ്ങാന്‍ ആര്‍ക്കും ഇടവരാതിരിക്കുകയും വിശപ്പ് ആരെയും വേട്ടയാടുകയും ചെയ്യാത്ത സാഹചര്യം സംജാതമായാല്‍ മാത്രമേ സമഗ്ര വികസനമെന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കാനാകൂ. അതോടൊപ്പം എല്ലാ കുട്ടികളും സ്കൂളില്‍ പോകുന്നുണ്ടെന്നും ഉറപ്പുവരുത്തണം. പ്രാഥമിക വിദ്യാഭ്യാസം സൌജന്യമാക്കിയെങ്കിലും സെക്കന്‍ഡറി വിദ്യാഭ്യാസവും സാര്‍വത്രികമാകണം. രണ്ടാം ഹരിതവിപ്ളവം ആരംഭിക്കുന്നതിനുള്ള പുതിയ ആശയങ്ങള്‍ മുന്നോട്ടുവയ്ക്കപ്പെടണം. എങ്കില്‍ മാത്രമേ കാര്‍ഷിക ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും ലാഭവും വര്‍ധിപ്പിക്കാനാകൂ. വിലക്കയറ്റം പിടിച്ചുനിര്‍ത്താനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും ഇതാവശ്യമാണ്. അതോടൊപ്പം വ്യവസായത്തെ കാര്‍ഷികമേഖലയുമായി ബന്ധിപ്പിക്കുകയും വേണം. കാര്‍ഷിക ബിസിനസ് ഗ്രാമീണ മേഖലയിലേക്കും വ്യാപിപ്പിക്കണം. മാവോയിസ്റ്റുകളോട് ആക്രമണത്തിന്റെ പാത ഉപേക്ഷിച്ച് വികസനവും വളര്‍ച്ചയും നേടാനുള്ള രാഷ്ട്രത്തിന്റെ ശ്രമത്തില്‍ ഭാഗഭാക്കാകാന്‍ രാഷ്ട്രപതി അഭ്യര്‍ഥിച്ചു. ഈ മേഖലകളില്‍ തുടര്‍ച്ചയായ വികസനപ്രവര്‍ത്തനം ആവശ്യമാണ്. ഭീകരവാദം ആഗോളസമാധാനത്തിനും സുസ്ഥിരതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാണ്. ഈ ഭീഷണി നേരിടാന്‍ ലോകരാജ്യങ്ങള്‍ യോജിച്ചു പ്രവര്‍ത്തിക്കണമെന്നും രാഷ്ട്രപതി ആഹ്വാനം ചെയ്തു.
ദേശാഭിമാനി 15082010
കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടനത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തുറന്നു സമ്മതിച്ചു. എന്നാല്‍, അഴിമതി പരമ്പരയ്ക്ക് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് എംപിയും സംഘാടകസമിതി ചെയര്‍മാനുമായ സുരേഷ് കല്‍മാഡിക്കെതിരെ നടപടിയെടുക്കാന്‍ അദ്ദേഹം തയ്യാറായില്ല. അഴിമതിയില്‍ വഴിമുട്ടിയ ഗെയിംസിനെ രക്ഷിക്കാന്‍ പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതലയോഗം ചില പൊടിക്കൈകള്‍ നിര്‍ദേശിച്ച് പിരിഞ്ഞു.
ReplyDeleteഅഴിമതി വച്ചുപൊറുപ്പിക്കരുതെന്ന് രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ രാഷ്ട്രത്തോട് ആഹ്വാനം ചെയ്തു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വന്‍ അഴിമതി നടന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോഴാണ് രാഷ്ട്രപതിയുടെ ഈ പരാമര്‍ശം. 64-ാം സ്വാതന്ത്യ്രദിനത്തിന്റെ ഭാഗമായി ശനിയാഴ്ച രാഷ്ട്രത്തോടു നടത്തിയ അഭിസംബോധനയിലാണ് അഴിമതിക്കും മൂല്യശോഷണത്തിനുമെതിരെ രാഷ്ട്രപതി ശബ്ദിച്ചത്