Saturday, August 28, 2010

വന്‍കിടക്കാര്‍ക്ക് കോടികളുടെ സൌജന്യം

സാധാരണക്കാരെ പിഴിയുകയും സമ്പന്നരോട് മൃദുസമീപനം സ്വീകരിക്കുകയും ചെയ്യുന്നതാണ് 50 വര്‍ഷത്തിനുശേഷം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുന്ന പ്രത്യക്ഷ നികുതിചട്ടം. 1961 ലെ പ്രത്യക്ഷനികുതി നിയമത്തിന് ബദലായി പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍പോകുന്ന പ്രത്യക്ഷ നികുതിചട്ട ബില്‍ കോര്‍പറേറ്റുകള്‍ക്ക് സൌജന്യങ്ങള്‍ വാരിനല്‍കുന്നു. നവ ഉദാരവല്‍ക്കരണനയം ശക്തമാക്കുന്ന രണ്ടാംയുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ വന്‍കിടക്കാര്‍ക്കും കോര്‍പറേറ്റുകള്‍ക്കും നല്‍കിവരുന്ന ലക്ഷക്കണക്കിന് കോടി രൂപയുടെ സൌജന്യത്തിന്റെ തുടര്‍ച്ചയാണിത്. കോര്‍പറേറ്റ് നികുതിക്കുള്ള സര്‍ചാര്‍ജും സെസ്സും ഒഴിവാക്കണമെന്നാണ് പുതിയ ചട്ടം അനുശാസിക്കുന്നത്. ആയിരക്കണക്കിന് കോടിരൂപ ആസ്തിയുള്ള കമ്പനിയെ സംബന്ധിച്ച് ഇത് കോടികളുടെ സൌജന്യമാണ്. ആദായനികുതി സ്ളാബും വന്‍കിടക്കാര്‍ക്ക് അനുകൂലമാണ്. 10 ലക്ഷം രൂപവരെ വരുമാനമുള്ളവരെ തട്ടുകളിലായി നിര്‍ത്തി പിഴിയുമ്പോള്‍ പത്ത് ലക്ഷത്തിന് മുകളിലുള്ളവര്‍ക്ക് അവരുടെ വരുമാനം ആയിരക്കണക്കിന് കോടിയായാലും 30 ശതമാനം മാത്രം നല്‍കിയാല്‍ മതി. ഇടതുപക്ഷത്തിന്റെയും മറ്റും എതിര്‍പ്പിനെ തുടര്‍ന്നാണ് ഇത് 25 ശതമാനമാക്കി ചുരുക്കാനുള്ള നീക്കം തടഞ്ഞത്. അതോടൊപ്പം സ്വത്ത് നികുതിയിലും പുതിയ ചട്ടം ഇളവ് നല്‍കുകയാണ്. 30 കോടിക്ക് മുകളിലുള്ളവര്‍ ഒരു ശതമാനം സ്വത്ത് നികുതി നല്‍കണമെന്നതാണ് നിലവിലുള്ള രീതി. പുതിയ ചട്ടമനുസരിച്ച് 50 കോടി രൂപയ്ക്ക് മുകളിലുള്ളവര്‍ 0.25 ശതമാനം മാത്രം നികുതി നല്‍കിയാല്‍ മതി.

വന്‍കിടക്കാരുടെ മൂലധനലാഭത്തിന്മേലുള്ള നികുതിയിലും പുതിയ ചട്ടം ഇളവ് നല്‍കുന്നുണ്ട്. മൂലധന ലാഭനികുതി കണക്കാക്കുന്നതിനുള്ള അടിസ്ഥാനവര്‍ഷം 1981 എന്നത് 2000 ആക്കി മാറ്റിയത് ഈ വര്‍ഷത്തിനിടയില്‍ ഉണ്ടാക്കിയ മൂലധനത്തെ നികുതിയില്‍നിന്ന് ഒഴിവാക്കാന്‍ സഹായിക്കുന്നു. ഇരട്ടനികുതി ഒഴിവാക്കുമെന്ന പ്രഖ്യാപനവും വന്‍കിടക്കാരെയാണ് സഹായിക്കുക. മൌറീഷ്യസ് പോലുള്ള നികുതി കുറഞ്ഞ രാജ്യങ്ങളില്‍ നികുതി നല്‍കിയെന്ന് പറഞ്ഞ് ഇന്ത്യയില്‍ നികുതി നല്‍കുന്നത് ഒഴിവാക്കാന്‍ ഇത് സഹായകമാകും. 75 രാഷ്ട്രങ്ങളുമായി ഇന്ത്യക്ക് ഇരട്ടനികുതി ഒഴിവാക്കുന്ന കരാര്‍ ഉണ്ട്. പുതിയ നികുതിചട്ടംവന്നാല്‍ ലക്ഷക്കണക്കിന് കോടിയുടെ സൌജന്യമാണ് വന്‍കിടക്കാര്‍ക്ക് ലഭിക്കുക. കഴിഞ്ഞ ബജറ്റിലൂടെ സമ്പന്നര്‍ക്ക് നല്‍കിയ നികുതിയിളവ് അഞ്ച് ലക്ഷം കോടി രൂപയായിരുന്നു. സാമ്പത്തികമാന്ദ്യം മറികടക്കാനെന്നപേരില്‍ 1.85 ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ വന്‍കിടക്കാര്‍ക്ക് നല്‍കിയത്. കഴിഞ്ഞാഴ്ച പോലും 1,052 കോടി രൂപയാണ് കയറ്റുമതിമേഖലയ്ക്ക് നല്‍കിയത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം മാത്രം കോര്‍പറേറ്ററുകളുടെ ഒരു ലക്ഷം നികുതി കുടിശ്ശിക എഴുതിത്തള്ളുകയും ചെയ്തു. കിട്ടാക്കടമായി 18,000 കോടി രൂപയും എഴുതിത്തള്ളി. ഇന്ധനവില വര്‍ധിപ്പിച്ചും വിലക്കയറ്റം തടയാന്‍ നടപടിയെടുക്കാതെയും സാധാരണക്കാരുടെ ജീവിതം വഴിമുട്ടിക്കുന്ന കേന്ദ്രസര്‍ക്കാര്‍ മൊത്തം ബജറ്റിന്റെ പകുതിയലധികം തുകയുടെ സൌജന്യങ്ങളാണ് വന്‍കിടക്കാര്‍ക്ക് നല്‍കിയത്.
(വി ബി പരമേശ്വരന്‍)

deshabhimani 28082010

1 comment:

  1. സാധാരണക്കാരെ പിഴിയുകയും സമ്പന്നരോട് മൃദുസമീപനം സ്വീകരിക്കുകയും ചെയ്യുന്നതാണ് 50 വര്‍ഷത്തിനുശേഷം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുന്ന പ്രത്യക്ഷ നികുതിചട്ടം. 1961 ലെ പ്രത്യക്ഷനികുതി നിയമത്തിന് ബദലായി പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍പോകുന്ന പ്രത്യക്ഷ നികുതിചട്ട ബില്‍ കോര്‍പറേറ്റുകള്‍ക്ക് സൌജന്യങ്ങള്‍ വാരിനല്‍കുന്നു. നവ ഉദാരവല്‍ക്കരണനയം ശക്തമാക്കുന്ന രണ്ടാംയുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ വന്‍കിടക്കാര്‍ക്കും കോര്‍പറേറ്റുകള്‍ക്കും നല്‍കിവരുന്ന ലക്ഷക്കണക്കിന് കോടി രൂപയുടെ സൌജന്യത്തിന്റെ തുടര്‍ച്ചയാണിത്. കോര്‍പറേറ്റ് നികുതിക്കുള്ള സര്‍ചാര്‍ജും സെസ്സും ഒഴിവാക്കണമെന്നാണ് പുതിയ ചട്ടം അനുശാസിക്കുന്നത്. ആയിരക്കണക്കിന് കോടിരൂപ ആസ്തിയുള്ള കമ്പനിയെ സംബന്ധിച്ച് ഇത് കോടികളുടെ സൌജന്യമാണ്

    ReplyDelete