Wednesday, August 25, 2010

കേന്ദ്രസര്‍ക്കാരിന് സംശയം ആനന്ദ് ഇന്ത്യക്കാരനോ

ലോക ചെസ് ചാമ്പ്യനും രാജ്യംകണ്ട ഏറ്റവും വിഖ്യാത കായികതാരവുമായ വിശ്വനാഥന്‍ ആനന്ദ് ഇന്ത്യന്‍ പൌരനാണോ എന്നതില്‍ കേന്ദ്രസര്‍ക്കാരിന് സംശയം. കേന്ദ്ര മാനവശേഷി മന്ത്രാലയം പൌരത്വം സംബന്ധിച്ച സംശയം ഉന്നയിച്ചതിനെത്തുടര്‍ന്ന്, ഹൈദരാബാദ് സര്‍വകലാശാല ആനന്ദിന് ഡോക്ടറേറ്റ് സമ്മാനിക്കാനായി തിങ്കളാഴ്ച നിശ്ചയിച്ചിരുന്ന ചടങ്ങ് മാറ്റിവയ്ക്കേണ്ടിവന്നു. സംഭവം വിവാദമായപ്പോള്‍ മാനവശേഷി മന്ത്രി കപില്‍ സിബല്‍ മാപ്പപേക്ഷയുമായി രംഗത്തെത്തിയിട്ടുണ്ട്. ഹൈദരാബാദില്‍ നടക്കുന്ന ഗണിതശാസ്ത്ര കോണ്‍ഗ്രസിന്റെ ഭാഗമായാണ് ആനന്ദിന് ഡോക്ടറേറ്റ് സമ്മാനിക്കുന്ന ചടങ്ങും സംഘടിപ്പിച്ചിരുന്നത്. എന്നാല്‍, ആനന്ദ് ഇപ്പോള്‍ സ്പെയിനിലാണ് സ്ഥിരതാമസമെന്ന വിചിത്രമായ വാദം ഉയര്‍ത്തി സര്‍വകലാശാലയുടെ അപേക്ഷ രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയക്കാന്‍ മാനവശേഷിമന്ത്രാലയം തയ്യാറായില്ല. പൌരത്വം തെളിയിക്കാന്‍ ആനന്ദിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇന്ത്യക്കുവേണ്ടി, നാലുതവണ ലോക ചെസ് കിരീടം നേടിയ താരത്തിനാണ് കേന്ദ്രസര്‍ക്കാരില്‍നിന്ന് ഈ കൊടിയ അപമാനം ഏല്‍ക്കേണ്ടിവന്നത്.

2009ലാണ് ആനന്ദിന് ഡോക്ടറേറ്റ് നല്‍കാന്‍ ഹൈദരാബാദ് സര്‍വകലാശാല തീരുമാനിച്ചത്. എന്നാല്‍, സമീപകാലത്താണ് ഇതു സംബന്ധിച്ച അപേക്ഷ മാനവശേഷി മന്ത്രാലയത്തിന് നല്‍കിയത്. എന്നാല്‍, ആനന്ദ് ഇന്ത്യന്‍ പൌരനാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന മറുപടിയാണ് ജൂലൈയില്‍ മന്ത്രാലയത്തില്‍നിന്ന് ലഭിച്ചത്. ആനന്ദിന്റെ ഇന്ത്യന്‍ പൌരത്വം തെളിയിക്കുന്നതു സംബന്ധിച്ച രേഖകള്‍ സര്‍ക്കാരിന് നല്‍കിയെങ്കിലും മുന്‍നിലപാടില്‍ മാനവശേഷി മന്ത്രാലയം ഉറച്ചുനില്‍ക്കുകയായിരുന്നെന്ന് സര്‍വകലാശാല അധികൃതര്‍ പറഞ്ഞു. സംഭവം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് മന്ത്രി കപില്‍ സിബല്‍ ആനന്ദിനെ ടെലഫോണില്‍ വിളിച്ച് ഖേദം പ്രകടിപ്പിച്ചു. സാങ്കേതികമായ ചില പ്രശ്നങ്ങള്‍ മാത്രമാണ് ഉണ്ടായതെന്ന് ആനന്ദിനെ ധരിപ്പിച്ചതായും ഡോക്ടറേറ്റ് ഏറ്റുവാങ്ങാമെന്ന് ആനന്ദ് സമ്മതിച്ചതായും സിബല്‍ പറഞ്ഞു. വിവാദം തുടരാന്‍ താല്‍പര്യമില്ലെന്ന് ഒരു ടി വി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആനന്ദും വ്യക്തമാക്കി.

1969ല്‍ തമിഴ്നാടിലെ മൈലാടുതുറൈ ഗ്രാമത്തിലാണ് ആനന്ദിന്റെ ജനനം. ദക്ഷിണറെയില്‍വേ ജനറല്‍ മാനേജരായിരുന്ന വിശ്വനാഥന്‍ അയ്യരാണ് പിതാവ്. ചെന്നൈയിലെ ഡോ ബോസ്കോ സ്കൂളിലും ലയോള കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ആനന്ദ് ചെസില്‍ കീഴടക്കാത്ത കൊടുമുടികളില്ല. ലോക ചെസ് സംഘടനകള്‍ രണ്ടായി പിരിഞ്ഞുനില്‍ക്കെ 2000ല്‍ ആദ്യമായി ചെസ് ചാമ്പ്യനായി. 2007, 08, 2010 വര്‍ഷങ്ങളില്‍ ഏകീകൃത ചെസ് സംഘടനയുടെ കീഴിലും ആനന്ദ് ലോക ചാമ്പ്യന്‍പട്ടം സ്വന്തമാക്കി. 2003ല്‍ ലോക റാപ്പിഡ് ചെസിലും ജേതാവായി. ലോക ചെസിലെ ഏറ്റവും വലിയ ബഹുമതിയായ ചെസ് ഓസ്കാര്‍ 1997നും 2008നുമിടയില്‍ ആറു തവണ സ്വന്തമാക്കുകയും ചെയ്തു. ഇന്ത്യന്‍ പാസ്പോര്‍ട്ട് സ്വന്തമായുള്ള ആനന്ദ് ഭാര്യ അരുണയുമൊത്ത് ഏതാനും നാളായി സ്പെയിനിലാണ് താമസം. ഇക്കാരണം പറഞ്ഞാണ് ആനന്ദ് ഇന്ത്യന്‍ പൌരനല്ലെന്ന് മാനവേശേഷി മന്ത്രാലയം 'കണ്ടെത്തിയത്'. ഈ മാനദണ്ഡംവച്ചു നോക്കിയാല്‍ ദുബായിയില്‍ സ്ഥിരതാമസമാക്കിയ ടെന്നീസ് താരം സാനിയ മിര്‍സയും ഇന്ത്യക്കാരിയല്ലെന്ന് പറയേണ്ടിവരും. രാജ്യത്തെ പരമോന്നത കായികബഹുമതിയായ ഖേല്‍ രത്നയും ഏറ്റവും വലിയ രണ്ടാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണും നേടിയിട്ടുള്ള അഭിമാനതാരത്തിനാണ് കേന്ദ്രസര്‍ക്കാരില്‍നിന്ന് ഈ അപമാനം നേരിടേണ്ടിവന്നത്. അര്‍ജുന, പത്മഭൂഷ, പത്മശ്രീ അവാര്‍ഡുകളും ആനന്ദ് നേടിയിട്ടുണ്ട്.

എന്നും ഇന്ത്യക്കാരന്‍: ആനന്ദ്

എന്നും ഇന്ത്യക്കുവേണ്ടിയാണ് താന്‍ കളിച്ചിട്ടുള്ളതെന്നും എന്നും ഇന്ത്യക്കാരനായിരിക്കുമെന്നും വിശ്വനാഥന്‍ ആനന്ദ്. തന്റെ പൌരത്വം സംബന്ധിച്ച് കേന്ദ്ര മാനവശേഷി മന്ത്രലായം സംശയം ഉന്നയിച്ചെന്ന റിപ്പോര്‍ട്ടുകളോട് ഹൈദാരബാദില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അങ്ങേയറ്റം അസ്വസ്ഥതയുളവാക്കുന്ന കാര്യങ്ങളാണ് നടന്നതെന്ന് ആനന്ദിന്റെ ഭാര്യ അരുണ പറഞ്ഞു. എന്തുകൊണ്ടാണ് ആനന്ദിന്റെ പൌരത്വം സംബന്ധിച്ച് ഇപ്പോള്‍ ഇങ്ങനെ സംശയം ഉയര്‍ന്നതെന്ന് മനസ്സിലാകുന്നില്ല. ആനന്ദ് കളിക്കുമ്പോഴെല്ലാം പിന്നില്‍ ഇന്ത്യന്‍ ദേശീയ പതാക എല്ലാവരും കാണുന്നതല്ലേ. ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉള്ള വ്യക്തിയായതുകൊണ്ടാണ് അത്. ആനന്ദിന്റെ പാസ്പോര്‍ട്ടിന്റെ പ്രതി കേന്ദ്രസര്‍ക്കാരിന് നേരത്തെതന്നെ അയച്ചുകൊടുത്തിരുന്നതായും അരുണ വ്യക്തമാക്കി.

ദേശാഭിമാനി 25082010

3 comments:

  1. ലോക ചെസ് ചാമ്പ്യനും രാജ്യംകണ്ട ഏറ്റവും വിഖ്യാത കായികതാരവുമായ വിശ്വനാഥന്‍ ആനന്ദ് ഇന്ത്യന്‍ പൌരനാണോ എന്നതില്‍ കേന്ദ്രസര്‍ക്കാരിന് സംശയം. കേന്ദ്ര മാനവശേഷി മന്ത്രാലയം പൌരത്വം സംബന്ധിച്ച സംശയം ഉന്നയിച്ചതിനെത്തുടര്‍ന്ന്, ഹൈദരാബാദ് സര്‍വകലാശാല ആനന്ദിന് ഡോക്ടറേറ്റ് സമ്മാനിക്കാനായി തിങ്കളാഴ്ച നിശ്ചയിച്ചിരുന്ന ചടങ്ങ് മാറ്റിവയ്ക്കേണ്ടിവന്നു. സംഭവം വിവാദമായപ്പോള്‍ മാനവശേഷി മന്ത്രി കപില്‍ സിബല്‍ മാപ്പപേക്ഷയുമായി രംഗത്തെത്തിയിട്ടുണ്ട്.

    ReplyDelete
  2. അല്ലപ്പാ... ഒരു സംശയം... ആനന്ദിന്റെ പൌരത്വം സംബന്ധിച്ച് ഇങ്ങനെ ഒരു സംശയം പെട്ടെന്ന് ‘പൊട്ടി മുളച്ചോ?’ ഇന്ത്യന്‍ സിവിലിയന്‍ ബഹുമതികള്‍ ഒക്കെ നല്‍കിയത് ഇന്ത്യന്‍ പൌരനല്ലാത്തയാള്‍ക്കായിരുന്നെന്നാണോ സര്‍ക്കാര്‍ പറയുന്നത്?

    ReplyDelete
  3. ഒഴിവാക്കേണ്ടിയിരുന്ന ഒരു വിവാദം,അല്ല സംഭവം.

    ReplyDelete