Friday, August 13, 2010

ക്ഷേമപെന്‍ഷനുകള്‍ മുന്‍കൂര്‍ നല്‍കുന്നു,

സാമൂഹ്യക്ഷേമ വകുപ്പ് തദ്ദേശഭരണ സ്ഥാപനങ്ങള്‍ മുഖേന നല്‍കുന്ന വിവിധ സാമൂഹ്യ സുരക്ഷിതത്വ പെന്‍ഷനുകള്‍ അടുത്ത മാസം വരെയുള്ളത് മുന്‍കൂര്‍ നല്‍കുന്നതിന് 54 കോടി രൂപ അനുവദിച്ച് ഉത്തരവായി. സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യമായാണ് ക്ഷേമപെന്‍ഷനുകള്‍ മുന്‍കൂര്‍ അനുവദിക്കുന്നത്. വികലാംഗ പെന്‍ഷന്‍, വിധവാപെന്‍ഷന്‍, വയോജനപെന്‍ഷന്‍, 50 വയസ്സിന് മുകളിലുള്ള അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ എന്നിവയാണ് മുന്‍കൂറായി നല്‍കുന്നത്. അടുത്ത മാസത്തേത് നല്‍കുന്നതിനുള്‍പ്പെടെയുള്ള പെന്‍ഷന്‍ തുക തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് കൈമാറും. ഇതിനാവശ്യമായ ഫണ്ട് കലക്ടറേറ്റുകളില്‍ നിന്നും കൈപ്പറ്റി ഓണത്തിന് മുമ്പ് വിതരണം ചെയ്യാന്‍ ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കണമെന്ന് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി പി കെ ശ്രീമതി അഭ്യര്‍ത്ഥിച്ചു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ് വിവിധ ക്ഷേമ പെന്‍ഷനുകള്‍ 300 രൂപയായി ഉയര്‍ത്തിയത്. 8.33 ലക്ഷം ഗുണഭോക്താക്കള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. ബുദ്ധിമാന്ദ്യം സംഭവിച്ചവരുടെ പെന്‍ഷന്‍ 1982 ല്‍ ആരംഭിച്ചതാണ്. അന്ന് 75 രൂപയായിരുന്നത് 23 വര്‍ഷത്തിനിടയില്‍ വിവിധ ഘട്ടങ്ങളിലായി 140 രൂപയായി ഉയര്‍ത്തിയപ്പോള്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാല് വര്‍ഷത്തിനകം 300 രൂപയായി ഉയര്‍ത്തി. വിധവാ പെന്‍ഷന്‍ 1973 ല്‍ തുടങ്ങിയപ്പോള്‍ പ്രതിമാസ പെന്‍ഷന്‍ തുക 55 രൂപയായിരുന്നു. 2006 വരെയുള്ള കാലയളവില്‍ ഇത് 110 രൂപയായിരുന്നത് നാല് വര്‍ഷത്തിനുള്ളിലാണ് 300 രൂപയായി ഉയര്‍ത്തിയത്. 2001 ല്‍ തുടങ്ങിയ 50 വയസിന് മുകളില്‍ പ്രായമുള്ള അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി പ്രകാരം പ്രതിമാസം 110 രൂപയാണ് നല്‍കിയിരുന്നത്. ഇത് കഴിഞ്ഞ നാല് വര്‍ഷത്തിനകം 300 രൂപയാക്കി. പെന്‍ഷന്‍ ഉപഭോക്താക്കളുടെ വരുമാന പരിധി നേരത്തെ 3,600 മുതല്‍ 6,000 രൂപ വരെയായിരുന്നു. ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നശേഷം വരുമാന പരിധി ഗ്രാമപ്രദേശങ്ങളില്‍ 20,000 രൂപയായും നഗരങ്ങളില്‍ 22,375 രൂപയായും ഉയര്‍ത്തി. ഇതോടെ ഗുണഭോക്താക്കളുടെ എണ്ണം 5.90 ലക്ഷത്തില്‍ നിന്നും 8.33 ലക്ഷമായി വര്‍ധിച്ചു. കുറഞ്ഞ വരുമാന പരിധിയായതിനാല്‍ പെന്‍ഷന്‍ ലഭിക്കാതിരുന്ന രണ്ടര ലക്ഷത്തോളം പേര്‍ക്കാണ് അധികമായി പെന്‍ഷന്‍ നല്‍കുന്നത്.

ഇതിന് പുറമേ നൂതനമായ നിരവധി ക്ഷേമ പദ്ധതികളും സാമൂഹ്യക്ഷേമ വകുപ്പ് മുഖേന ആരംഭിച്ചു. ശാരീരികവും മാനസികവുമായി ശയ്യാവലംബരായവരുടെ കെയര്‍ടേക്കര്‍മാര്‍ക്ക് പ്രതിമാസം 300 രൂപ അലവന്‍സ്, അവിവാഹിതരായ ആദിവാസി അമ്മമാര്‍ക്ക് പ്രതിമാസം 300 രൂപ ധനസഹായം തുടങ്ങിയ നൂതനമായ പദ്ധതികളാണ് സാമൂഹ്യക്ഷേമ വകുപ്പ് ആരംഭിച്ചത്. ഈ സാമ്പത്തിക വര്‍ഷം ഇതിനകം 220 കോടി രൂപ ക്ഷേമപെന്‍ഷന്‍ നല്‍കുന്നതിന് അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമെയാണ് ഇപ്പോള്‍ 54 കോടി രൂപ അനുവദിക്കുന്നത്.

ജനയുഗം 13082010

2 comments:

  1. സാമൂഹ്യക്ഷേമ വകുപ്പ് തദ്ദേശഭരണ സ്ഥാപനങ്ങള്‍ മുഖേന നല്‍കുന്ന വിവിധ സാമൂഹ്യ സുരക്ഷിതത്വ പെന്‍ഷനുകള്‍ അടുത്ത മാസം വരെയുള്ളത് മുന്‍കൂര്‍ നല്‍കുന്നതിന് 54 കോടി രൂപ അനുവദിച്ച് ഉത്തരവായി. സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യമായാണ് ക്ഷേമപെന്‍ഷനുകള്‍ മുന്‍കൂര്‍ അനുവദിക്കുന്നത്. വികലാംഗ പെന്‍ഷന്‍, വിധവാപെന്‍ഷന്‍, വയോജനപെന്‍ഷന്‍, 50 വയസ്സിന് മുകളിലുള്ള അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ എന്നിവയാണ് മുന്‍കൂറായി നല്‍കുന്നത്. അടുത്ത മാസത്തേത് നല്‍കുന്നതിനുള്‍പ്പെടെയുള്ള പെന്‍ഷന്‍ തുക തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് കൈമാറും. ഇതിനാവശ്യമായ ഫണ്ട് കലക്ടറേറ്റുകളില്‍ നിന്നും കൈപ്പറ്റി ഓണത്തിന് മുമ്പ് വിതരണം ചെയ്യാന്‍ ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കണമെന്ന് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി പി കെ ശ്രീമതി അഭ്യര്‍ത്ഥിച്ചു.

    ReplyDelete
  2. എല്ലാ ക്ഷേമ പെന്‍ഷന്‍ തുകയും ഇനിയും കൂട്ടുമെന്ന് മന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. മാത്രമല്ല പെന്‍ഷന്‍ മുന്‍കൂര്‍ നല്‍കും. സെപ്തംബര്‍വരെയുള്ള പെന്‍ഷനാണ് നേരത്തെ നല്‍കുക. ഇക്കാര്യത്തില്‍ സര്‍ക്കാരിന് പിശുക്കില്ല. പാവങ്ങളെ എങ്ങനെ ഒഴിവാക്കാമെന്നല്ല എങ്ങനെ സഹായിക്കാമെന്നാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ സമീപനം-വയനാട്ടില്‍ ചേകാടിപ്പാലത്തിന് തറക്കല്ലിട്ട് മന്ത്രി പറഞ്ഞു. അസംഘടിതരായ സ്ത്രീതൊഴിലാളികള്‍ക്ക് പ്രസവാവധി നല്‍കും. ഒക്ടോബര്‍ രണ്ടുമുതല്‍ ഈ ആനുകൂല്യം ലഭ്യമാക്കും. ഇതിനുള്ള തുക കര്‍ഷകതൊഴിലാളി ക്ഷേമബോര്‍ഡിന് സര്‍ക്കാര്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. 25 വര്‍ഷംകൊണ്ടാണ് ക്ഷേമപെന്‍ഷനുകള്‍ 100 രൂപയായത്. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷം രണ്ടുവര്‍ഷത്തിനകം ഇരട്ടിയായി. കര്‍ഷകതൊഴിലാളി പെന്‍ഷനൊക്കെ വീണ്ടും കൂട്ടാന്‍ തീരുമാനിക്കുമ്പോള്‍ ധനവകുപ്പിലെ ഉന്നതോദ്യോഗസ്ഥര്‍ക്ക് വല്ലാത്ത വിഷമമാണ്. സര്‍ക്കാര്‍ജീവനക്കാര്‍ക്ക് ഒരുഗഡു ഡി എ കൊടുക്കാന്‍ 300 കോടി രൂപ വേണം. പെന്‍ഷന്‍ ഉയര്‍ത്തുന്നതില്‍ പ്രയാസപ്പെടുന്ന ഉദ്യോഗസ്ഥരോട് ഞാന്‍ പറഞ്ഞിട്ടുണ്ട്, ഒരു ഗഡു ഡിഎ പ്രഖ്യാപിച്ചതായി കരുതിയാല്‍ മതിയെന്ന്്. പാവങ്ങളുടെ തൊഴിലും ജീവിതവും രക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ നയം. പട്ടിണികൂടാതെ പാവങ്ങള്‍ക്ക് കഴിയാനുള്ള അവസ്ഥയുണ്ടാക്കുകയാണ് സര്‍ക്കാര്‍- മന്ത്രി പറഞ്ഞു

    ReplyDelete