Sunday, August 8, 2010

പാലക്കാട് ആറ് ക്ഷേത്രങ്ങള്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൈയേറി

പാലക്കാട് ജില്ലയില്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ആറ് ക്ഷേത്രങ്ങള്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ കൈയേറി. ക്ഷേത്രങ്ങളിലെ ദേവസ്വം ബോര്‍ഡ് ജീവനക്കാരെ ബലം പ്രയോഗിച്ച് ഇറക്കിവിട്ട് ക്ഷേത്രം പിടിച്ചെടുത്തതായി ബോര്‍ഡ് സ്ഥാപിക്കുകയും വി എച്ച് പിയുടെ കൊടി നാട്ടുകയും ചെയ്തു. മണപ്പുള്ളിക്കാവ് ഭഗവതി ക്ഷേത്രം, മൂത്താന്‍തറ കാച്ചനാംകുളം ഭഗവതി ക്ഷേത്രം, വടക്കന്തറ തിരുപുരായ്ക്കല്‍ ഭഗവതി ക്ഷേത്രം, വലിയങ്ങാടിയിലെ രണ്ടു കര്‍ണകിയമ്മന്‍ ക്ഷേത്രങ്ങള്‍, കല്ലേക്കുളങ്ങര കര്‍ണകിയമ്മന്‍ ക്ഷേത്രം എന്നിവയാണ് ഇന്നലെ ഉച്ചക്ക് 12 മണിയോടെ കൈയേറിയത്.

ഹൈക്കോടതി വിധിയെത്തുടര്‍ന്ന് പാലക്കാട്‌കോട്ടയിലെ ഹനുമാന്‍ ക്ഷേത്രം ദേവസ്വം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് സൂപ്രണ്ട് ഇ ദിവാകരന്റെ സാന്നിധ്യത്തില്‍ സംഘ്പരിവാര്‍ സംഘടനകള്‍ ദേവസ്വം അധികൃതരുമായി ചര്‍ച്ച നടത്തുന്നതിടെയായിരുന്നു കയ്യേറ്റം. ക്ഷേത്രം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ 12 ലേക്ക് മാറ്റി വെച്ചു. കോടതി വിധിയെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടിന് ക്ഷേത്രമേറ്റെടുക്കാനെത്തിയ ദേവസ്വം അധികൃതരെ സംഘ്പരിവാര്‍ തടഞ്ഞതിനാലാണ് ചര്‍ച്ച ഇന്നലത്തേക്കു മാറ്റിയത്. ഇനി ദേവസ്വം കമ്മീഷണറുടെയും പ്രസിഡണ്ടിന്റെയും സാന്നിധ്യത്തില്‍ 12 ന് കോഴിക്കോട്ടായിരിക്കും ചര്‍ച്ച.

കോടതിവിധി ദുര്‍ബലപ്പെടുത്താനുള്ള നിയമനടപടികള്‍ സ്വീകരിക്കാതെ കോടതി നടപടികളെ അക്രമത്തിലൂടെ തടസ്സപ്പെടുത്തുകയാണ് സംഘ്പരിവാര്‍ ചെയ്യുന്നതെന്നും ദേവസ്വം അധികൃതര്‍ പറഞ്ഞു. 2009 ല്‍ കോട്ടയിലെ ക്ഷേത്രം ദേവസ്വം ഏറ്റെടുക്കണമെന്ന ഉത്തരവിനോടൊപ്പം ക്ഷേത്രഭരണത്തിന് ആഞ്ജനേയ സേവാസമിതി, ദേവസ്വം ബോര്‍ഡ്, പുരാവസ്തു വകുപ്പ് എന്നിവയില്‍നിന്നു രണ്ടു പേര്‍ വീതമുള്ള സമിതിയെയും കോടതി നിര്‍ദേശിച്ചിരുന്നു. ക്ഷേത്രത്തിന്റെ ഫണ്ടുകള്‍ ആര്‍ക്കിയോളജി വകുപ്പിന്റെയും ദേവസ്വം വകുപ്പിന്റെയും പ്രതിനിധികള്‍ ബാങ്കില്‍ ക്ഷേത്രത്തിന്റെ പേരില്‍ ജോയിന്റ് അക്കൗണ്ട് തുടങ്ങി നിക്ഷേപിക്കാനും നിര്‍ദേശമുണ്ടായിരുന്നു. സീല്‍ ചെയ്യുന്ന ഭണ്ഡാരം ആഞ്ജനേയ സമിതി അംഗങ്ങളുടെ മുന്നില്‍ എണ്ണിത്തിട്ടപ്പെടുത്തി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. എന്നാല്‍ ആറംഗ സമിതിയെ അംഗീകരിക്കാമെന്നും ഫണ്ട് കൈകാര്യം ചെയ്യാന്‍ സമ്മതിക്കില്ലെന്നുമാണ് സംഘ്പരിവാര്‍ സംഘടനകള്‍ പറയുന്നത്.

ക്ഷേത്രത്തിന്റെ പേരില്‍ നിക്ഷേപിക്കുന്ന പണം ക്ഷേത്രത്തിനു വേണ്ടി തന്നെ വിനിയോഗിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. സംഘര്‍ഷം ഒഴിവാക്കി കോടതി വിധിയുമായി മുന്നോട്ടുപോകുമെന്നും ദേവസ്വം അതികൃതര്‍ പറഞ്ഞു. ഇന്നലെ ക്ഷേത്രം കയ്യേറിയവര്‍ തങ്ങളുടെ പ്രവര്‍ത്തകരല്ലെന്നാണ് വി എച്ച് പി നേതാക്കള്‍ പറയുന്നത്. അതേസമയം കയ്യേറിയ ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ നടത്താന്‍ രജിസ്റ്റര്‍ ചെയ്യേണ്ടെന്നും ഭക്തര്‍ക്ക് ഇഷ്ടം പോലെ ചെയ്യാമെന്നും ബി ജെ പി നേതാവ് സി കൃഷ്ണകുമാര്‍ പറഞ്ഞു. ദേവസ്വം ഏറ്റെടുത്ത ജില്ലയിലെ മുഴുവന്‍ ക്ഷേത്രങ്ങളും തിരിച്ചുപിടിക്കുമെന്നും ബി ജെ പി നേതാക്കള്‍ ഭീഷണി മുഴക്കി.

ഇന്നലെ എസ് പി ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണര്‍ എ വിലാസിനി, എക്‌സിക്യൂട്ടീവ് ഓഫിസര്‍ കെ വേണുഗോപാല്‍, ബോര്‍ഡ് അംഗം ഇ ശങ്കരന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി കെ കണ്ണന്‍, ജില്ലാ സെക്രട്ടറി ശശി കൊളയക്കോട്, ആര്‍ എസ് എസ് വിഭാഗ് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കെ സുധീര്‍ എന്നിവര്‍ പങ്കെടുത്തു.

ജനയുഗം 08082010

1 comment:

  1. പാലക്കാട് ജില്ലയില്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ആറ് ക്ഷേത്രങ്ങള്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ കൈയേറി. ക്ഷേത്രങ്ങളിലെ ദേവസ്വം ബോര്‍ഡ് ജീവനക്കാരെ ബലം പ്രയോഗിച്ച് ഇറക്കിവിട്ട് ക്ഷേത്രം പിടിച്ചെടുത്തതായി ബോര്‍ഡ് സ്ഥാപിക്കുകയും വി എച്ച് പിയുടെ കൊടി നാട്ടുകയും ചെയ്തു. മണപ്പുള്ളിക്കാവ് ഭഗവതി ക്ഷേത്രം, മൂത്താന്‍തറ കാച്ചനാംകുളം ഭഗവതി ക്ഷേത്രം, വടക്കന്തറ തിരുപുരായ്ക്കല്‍ ഭഗവതി ക്ഷേത്രം, വലിയങ്ങാടിയിലെ രണ്ടു കര്‍ണകിയമ്മന്‍ ക്ഷേത്രങ്ങള്‍, കല്ലേക്കുളങ്ങര കര്‍ണകിയമ്മന്‍ ക്ഷേത്രം എന്നിവയാണ് ഇന്നലെ ഉച്ചക്ക് 12 മണിയോടെ കൈയേറിയത്.

    ReplyDelete