Thursday, November 4, 2010

വരള്‍ച്ചാ ദുരിതാശ്വാസം: സംസ്ഥാനത്തിന് വീണ്ടും കേന്ദ്ര അവഗണന

വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സഹായധനം അനുവദിക്കുന്നതില്‍ സംസ്ഥാനത്തിന് വീണ്ടും കേന്ദ്ര അവഗണന. വര്‍ള്‍ച്ചാ ദുരിതാശ്വാസത്തിനായി 164.87 കോടി രൂപ ആവശ്യപ്പെട്ടപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ 19.73 കോടി രൂപയാണ് അനുവദിച്ചത്. ദുരന്ത മേഖല സന്ദര്‍ശിച്ച വിദഗ്ധ സംഘം 30 കോടി രൂപയുടെ നഷ്ടമുണ്ടായതായി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ഈ തുക തന്നെ കുറവാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. എന്നാല്‍ കേന്ദ്ര സംഘം ശുപാര്‍ശ ചെയ്ത തുകപോലും അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യറായില്ല.

വരള്‍ച്ചാ ദുരിതാശ്വാസ കെടുതികളില്‍ സംസ്ഥാനത്ത് ആകെയുണ്ടായ  നഷ്ടം 650 കോടിയിലധികമാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ വികലമായ മാനദണ്ഡങ്ങളാണ് അര്‍ഹമായ സഹായം കേന്ദ്രം അനുവദിക്കുന്നില്ലെന്ന ആക്ഷേപം വളരെക്കാലമായി സംസ്ഥാനം ഉയര്‍ത്തുന്നതാണ്. കെടുതികളെക്കറിച്ച് പഠിക്കാന്‍ പഠിക്കാന്‍ കേന്ദ്ര സംഘങ്ങള്‍ സംസ്ഥാനത്ത് എത്താറുണ്ടെങ്കിലും അര്‍ഹമായ ഒരു ആനുകൂല്യവും സംസ്ഥാനത്തിന് ലഭിക്കാറില്ല. ഇത്തവണയും സ്ഥിതിയില്‍ മാറ്റമുണ്ടായില്ല എന്നതാണ് യാഥാര്‍ഥ്യം.

കേന്ദ്രം അനുവദിച്ച നാമമാത്രമായ തുകയില്‍ 12 ലക്ഷം രൂപ ഇടുക്കി ജില്ലയിലെ ആലിപ്പഴ വര്‍ഷത്തിലുണ്ടായ നഷ്ടത്തിന് നല്‍കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ആലിപ്പഴ വര്‍ഷത്തില്‍ 50 ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണുണ്ടായത്.

സംസ്ഥാന ദുരിതാശ്വാസ ഫണ്ടില്‍ വേണ്ടത്ര തുക ലഭ്യമാണെന്ന കാരണം പറഞ്ഞാണ് കേന്ദ്ര സര്‍ക്കാര്‍ അര്‍ഹമായ സഹായം നിഷേധിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം വാദങ്ങള്‍ തികച്ചും യുക്തിരഹിതമാണെന്നും റവന്യു മന്ത്രി കെ പി രാജേന്ദ്രന്‍ പറഞ്ഞു.

കേന്ദ്ര മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് നിവേദനം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ജനയുഗം വാര്‍ത്ത

No comments:

Post a Comment