Tuesday, November 2, 2010

ദാരിദ്ര്യമാണ് വലിയ മനുഷ്യാവകാശ ലംഘനം: സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ദാരിദ്ര്യമാണ് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയ പറഞ്ഞു. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ തൊണ്ണൂറ്റിയാറാം ജന്മദിനത്തില്‍ ശാരദ കൃഷ്ണ സദ്ഗമയ ഫൌണ്ടേഷന്‍ ഫോര്‍ ലോ ആന്‍ഡ് ജസ്റ്റിസ് സംഘടിപ്പിച്ച ജസ്റ്റിസ് കൃഷ്ണയ്യര്‍ പ്രഭാഷണ പരമ്പര ഹോട്ടല്‍ താജ് ഗേറ്റ്വേ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജസ്റ്റിസ് കപാഡിയ.

പാവങ്ങളുടെയും സമൂഹം പൊതുധാരയില്‍നിന്ന് മാറ്റിനിര്‍ത്തുന്ന അടിസ്ഥാന ജനവിഭാഗത്തിന്റെയും അവകാശങ്ങള്‍ക്കായിരിക്കണം മുന്‍ഗണന കിട്ടേണ്ടത്. 20 ശതമാനം സമ്പന്നരുടെ കൈയിലാണ് ഇന്ത്യയുടെ സാമ്പത്തികവരുമാനത്തിന്റെ 85 ശതമാനവും. അതിലാകട്ടെ നികുതി കൃത്യമായി നല്‍കുന്നവര്‍ മൂന്നു ശതമാനം മാത്രമാണ്. ഈ സാമ്പത്തിക വിവേചനം നിലനില്‍ക്കുമ്പോള്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്ന പൌരാവകാശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് പറയാനാവില്ല.

സാമൂഹ്യക്ഷേമം ഉറപ്പുവരുത്തുന്നതിന് നിയമത്തില്‍ പൊളിച്ചെഴുത്തുകള്‍ വേണം. അപ്പോള്‍ മുന്‍ഗണന പാവപ്പെട്ടവര്‍ക്കായിരിക്കണം. അതിനായിരിക്കണം ജഡ്ജിമാരും കോടതികളും പ്രാധാന്യം നല്‍കേണ്ടത്. വരുമാനത്തിന്റെ കുറവു പറഞ്ഞ് പാവങ്ങളെ പട്ടിണിക്കിടുന്നത് മനുഷ്യാവകാശ ലംഘനത്തില്‍പ്പെടും. ഇത് അനുവദിക്കാനാകില്ലെന്നും ഇത്തരം വിഷയങ്ങളില്‍ സാമൂഹ്യപ്രതിബദ്ധതയുള്ള നിയമപണ്ഡിതരുടെ സേവനം അത്യാവശ്യമാണെന്നും ജസ്റ്റിസ് കപാഡിയ പറഞ്ഞു.

ഭരണഘടന വാഗ്ദാനം ചെയ്യുന്ന ജനാധിപത്യം എന്നത് ഇന്ത്യയില്‍ നിലവിലുണ്ടോ എന്ന് സംശയം ജനിപ്പിക്കുന്നതാണ് ഇപ്പോഴത്തെ സ്ഥിതിഗതികളെന്ന് ചടങ്ങില്‍ അധ്യക്ഷനായ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് എം എന്‍ വെങ്കിടചലയ്യ പറഞ്ഞു. ജനങ്ങളുടെ ആധിപത്യമെന്നത് ഇപ്പോള്‍ ഭരണഘടനാരേഖകളില്‍ മാത്രമായി ഒതുങ്ങിക്കിടക്കുകയാണെന്നും ജ. വെങ്കിടചലയ്യ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ നീതിന്യായക്കോടതിയുടെ മാന്യത കാത്തുസൂക്ഷിക്കാനും അഴിമതി വിമുക്തമാക്കാനുമായി ബാര്‍-ബെഞ്ച് ബന്ധം ആരോഗ്യകരമായി നിലനിര്‍ത്തണമെന്ന് ജ. കൃഷ്ണയ്യര്‍ മറുപടി പ്രസംഗത്തില്‍ വ്യക്തമാക്കി. ഇതിനായി ജഡ്ജിമാരും അഭിഭാഷകരും തമ്മിലുള്ള സഹകരണം, ഇന്ത്യന്‍ ജനതയുടെ മുഴവന്‍ നീതിന്യായ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സുപ്രീം കോടതിയുടെ ക്രിയാത്മകമായ ഇടപെടല്‍, നീതി നടപ്പാക്കുന്നതില്‍ വര്‍ഗ വിവേചനത്തിന്റെ അടിസ്ഥാനത്തിലുള്ള മുന്‍വിധികള്‍ ഒഴിവാക്കല്‍, ജഡ്ജിമാരുടെ വരുമാനത്തില്‍ സുതാര്യത ഉറപ്പുവരുത്തല്‍, ജുഡീഷ്യറിക്കായി പെര്‍ഫോര്‍മന്‍സ് കമീഷന്‍ രൂപീകരിക്കല്‍ എന്നീ നിര്‍ദേശങ്ങള്‍ താന്‍ മുന്നോട്ടുവയ്ക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജസ്റ്റിസ് കൃഷ്ണയ്യര്‍ എഴുതിയ 'സ്പീക്കിങ് ഫോര്‍ ദി ബെഞ്ച് ' എന്ന പുസ്തകം കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്തി ചലമേശ്വര്‍ പ്രകാശനം ചെയ്തു. എല്‍എല്‍എബി, എല്‍എല്‍എം പരീക്ഷകളില്‍ കൂടുതല്‍ മാര്‍ക്ക് നേടിയവര്‍ക്കുള്ള പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. ഫൌണ്ടേഷന്‍ സെക്രട്ടറി അഡ്വ. പി ബി സഹസ്രനാമന്‍ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി 02112010

No comments:

Post a Comment