Tuesday, November 2, 2010

യുഡിഎഫ് വിജയം രാഷ്ട്രീയബാഹ്യശക്തികളുടേത്: പിണറായി

തദ്ദേശതെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയം രാഷ്ട്രീയത്തിനുപുറത്തുള്ള വര്‍ഗീയശക്തികളുടെ ബലത്തില്‍ നേടിയതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വര്‍ഗീയശക്തികളുടെ പിന്തുണയോടെയാണ് യുഡിഎഫ് ജയിച്ചത്. അതിന് തെളിവുണ്ട്. ബിജെപി, എസ്‌ഡിപിഐ തുടങ്ങിയവരുമായി കൂട്ടുചേരുന്നതിന് യുഡിഎഫിന് ഒരു മടിയുമുണ്ടായില്ല.

കൈവെട്ടുകേസിലെ പ്രതി അനസിനെ (എസ്‌ഡിപിഐ സ്ഥാനാര്‍ഥി) വിജയിപ്പിച്ചത് യുഡിഎഫാണ്. എറണാകുളം ജില്ലയിലെ വാഴക്കുളം ബ്ളോക്കിലെ വഞ്ചിനാട് ഡിവിഷനിലാണ് അനസ് മത്സരിച്ചത്. ഈ ബ്ളോക്ക് ഡിവിഷനു കീഴിലുള്ള എട്ടു ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ ഏഴിലും ജയിച്ചത് യുഡിഎഫാണ്. ഒരു വാര്‍ഡില്‍മാത്രമാണ് എല്‍ഡിഎഫ് വിജയിച്ചത്. അതുതന്നെ മൂന്ന് വോട്ടിന്. യുഡിഎഫിന് ഈ ബ്ളോക്ക് ഡിവിഷനില്‍ മൊത്തത്തില്‍ 4309 വോട്ടുണ്ട്. എന്നാല്‍, ബ്ളോക്ക് അടിസ്ഥാനത്തിലേക്ക് വരുമ്പോള്‍ യുഡിഎഫിന്റെ വോട്ട് 2089 ആയി കുറഞ്ഞു. എസ്‌ഡിപിഐയുടെ വോട്ട് 3992 ആയി വര്‍ധിച്ചു. കൈവെട്ടുകേസിലെ പ്രതിയെപ്പോലും വിജയിപ്പിക്കുന്നതിന് യുഡിഎഫ് വോട്ട് മറിച്ചെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

കണ്ണൂര്‍ നഗരസഭയിലെ ഒരു വാര്‍ഡില്‍ എസ്‌ഡിപിഐക്കുണ്ടായ വിജയത്തിന് കാരണം എല്‍ഡിഎഫ് വോട്ട് നല്‍കിയതാണെന്ന പ്രചാരണം വസ്തുതയല്ല. 2005ല്‍ ഐഎന്‍എലായിരുന്നു മത്സരിച്ചത്. അന്ന് 560 വോട്ട് ലഭിച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 140 വോട്ടാണ് എല്‍ഡിഎഫിന് ലഭിച്ചത്. നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ അത് 133 ആയി. ഇപ്പോള്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അത് 169 ആയി വര്‍ധിച്ചു. എന്നാല്‍, ലീഗിന്റെ വോട്ടില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 459 വോട്ട് കിട്ടിയ സ്ഥാനത്ത് ഉപതെരഞ്ഞെടുപ്പില്‍ 381ഉം. ഇപ്പോള്‍ അത് 290 ആയി. ഇവിടെയാണ് 325 വോട്ട് നേടി എസ്‌ഡിപിഐ വിജയിച്ചത്. എല്‍ഡിഎഫിന്റെ വോട്ടിലല്ല കുറവുവന്നത്. മറിച്ച് ലീഗിന്റെ വോട്ടിലാണ്.

തൃശൂര്‍ ജില്ലയിലെ വല്ലച്ചിറ, വരവൂര്‍ പഞ്ചായത്തുകളില്‍ യുഡിഎഫും ബിജെപിയും തമ്മില്‍ പരസ്യമായ കൂട്ടുകെട്ടിലായിരുന്നു. അവിടെ ബിജെപിക്കും യുഡിഎഫിനും ഒരേസ്ഥാനാര്‍ഥികളായിരുന്നു. കണ്ണാടി, എലപ്പുള്ളി എന്നിവിടങ്ങളിലും ഇതേനില ആയിരുന്നു ഉണ്ടായിരുന്നത്. വര്‍ഗീയ ഇടപെടല്‍ യുഡിഎഫിനുവേണ്ടി അതിരുകവിഞ്ഞനിലയിലുണ്ടായി. ഇത്രത്തോളം വര്‍ഗീയ ഇടപെടല്‍ ഉണ്ടായിട്ടും എല്‍ഡിഎഫ് വോട്ടിന്റെ എണ്ണത്തില്‍ കാര്യമായ കുറവ് ഉണ്ടായില്ല. ആത്മവിശ്വാസം പകരുന്ന മത്സരവും വിജയവുമാണ് ഉണ്ടായത്.

യുഡിഎഫിന് സംസ്ഥാനത്ത് പലപ്പോഴും വല്ലാതെ വോട്ട് കുറഞ്ഞ അവസ്ഥ ഉണ്ടായിട്ടുണ്ട്. എല്‍ഡിഎഫിന് അത് സംഭവിച്ചിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ എല്‍ഡിഎഫ് ദുര്‍ബലമായിട്ടില്ലെന്ന് വ്യക്തം. 2005ലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 49.22 ശതമാനം വോട്ടാണ് എല്‍ഡിഎഫിന് ലഭിച്ചത്. ഇത്തവണ അത് 42.32 ശതമാനമായി കുറഞ്ഞു. അതായത് 6.90 ശതമാനം വോട്ടിന്റെ കുറവ്. എന്നാല്‍, 2005ലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പം ഉണ്ടായിരുന്ന ഡിഐസി, ജനതാദള്‍, ഐഎന്‍എല്‍, കേരള കോൺഗ്രസ് (ജോസഫ്) എന്നിവയില്‍ ഒരു വിഭാഗം ഇത്തവണ എല്‍ഡിഎഫിനൊപ്പം ഉണ്ടായിരുന്നില്ല. അവര്‍ക്ക് ഓരോരുത്തര്‍ക്കും 2005ല്‍ ലഭിച്ച വോട്ടിന്റെ കണക്ക് ഇങ്ങനെയാണ്. ഡിഐസി- 4.67, ജനതാദള്‍ (എസ്)- 2.37, കേരള കോൺഗ്രസ് (ജോസഫ്)- 1.79, ഐഎന്‍എല്‍- 0.35. ഇവയെല്ലാം ചേര്‍ത്താല്‍ 9.18 ശതമാനം വോട്ട് വരും. ഈ വോട്ട് 2005ല്‍ കിട്ടിയ വോട്ടില്‍നിന്ന് കുറച്ചാല്‍ എല്‍ഡിഎഫിന്റെ വോട്ട് 40.04 ശതമാനമാണ്. എന്നാല്‍, ഇപ്പോഴാകട്ടെ അത് 42.32 ശതമാനമാണ്. അതായത് 2.28 ശതമാനത്തിന്റെ വര്‍ധന.

രണ്ടായിരത്തിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് 42.64 ശതമാനം വോട്ടാണ്. അതുമായി താരതമ്യപ്പെടുത്തിയാല്‍ എല്‍ഡിഎഫിന് ഇത്തവണ 0.32 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. മുന്നണിസംവിധാനത്തില്‍ വന്ന മാറ്റംകൂടി പരിഗണിച്ചാല്‍ എല്‍ഡിഎഫിലെ കക്ഷികളുടെ ശക്തി ദുര്‍ബലപ്പെട്ടിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എല്‍ഡിഎഫിന് 0.37 ശതമാനം വോട്ട് വര്‍ധിച്ചു.

1995 മുതല്‍ നടന്ന 11 തെരഞ്ഞെടുപ്പ് പരിശോധിച്ചാല്‍ എല്‍ഡിഎഫിന്റെ ഇപ്പോള്‍ ലഭിച്ച 42.32 ശതമാനം വോട്ടിനേക്കാള്‍ കുറവ് വോട്ട്, യുഡിഎഫിന് പല തെരഞ്ഞെടുപ്പിലും ലഭിച്ചിട്ടുണ്ട്. അതിന്റെ കണക്ക് ഇപ്രകാരമാണ്: 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 38.45 ശതമാനം, 2005ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 40.21 ശതമാനം, 2000ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 41.48 ശതമാനം. അതായത് മൂന്നുതവണ ഇപ്പോള്‍ എല്‍ഡിഎഫിന് ലഭിച്ചതിനേക്കാള്‍ കുറഞ്ഞ വോട്ട് യുഡിഎഫിന് ലഭിച്ചിട്ടുണ്ട്.

യുഡിഎഫിന് ലഭിച്ചതരത്തില്‍ വോട്ട് കുറയുന്ന നില ഒരു തെരഞ്ഞെടുപ്പിലും എല്‍ഡിഎഫിന് ഉണ്ടായിട്ടില്ല. ഇത് കാണിക്കുന്നത് യുഡിഎഫിനേക്കാള്‍ കരുത്തുറ്റ രാഷ്ട്രീയ അടിത്തറയിലാണ് എല്‍ഡിഎഫ് നിലകൊള്ളുന്നത് എന്നാണ്. യുഡിഎഫിന് വോട്ട് വര്‍ധിക്കുന്നത്, അവരുടെ രാഷ്ട്രീയ അടിത്തറയ്ക്ക് ബാഹ്യമായ ഘടകങ്ങളുടെ അതായത്, വര്‍ഗീയ പിന്തിരിപ്പന്‍ ഭീകരവാദ സംഘടനകളുടെ പിന്തുണകൊണ്ടാണ്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ലഭിച്ചത് 67,17,438 വോട്ടാണ്. എന്നാല്‍, ഇപ്പോള്‍ ലഭിച്ചത് 77,81,671 വോട്ടാണ്. ഇതു കാണിക്കുന്നത് 10,64,233 വോട്ട് ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ ഇക്കുറി ലഭിച്ചെന്നാണ്. ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ മികവുറ്റ പ്രകടനം എല്‍ഡിഎഫ് കാഴ്ചവച്ചു. ഇത് ഓരോ ജില്ലയിലെയും കണക്കില്‍ വ്യക്തമാണ്. തിരുവനന്തപുരം- 1,65,523, കൊല്ലം- 1,25,653, പത്തനംതിട്ട- 51,632, ആലപ്പുഴ- 72,795, കോട്ടയം- 50,488, ഇടുക്കി- 21,342, എറണാകുളം- 94,049, തൃശൂര്‍- 89,176, പാലക്കാട്- 84,288, മലപ്പുറം- 23,813, കോഴിക്കോട്- 1,19,101, വയനാട്- 63,421, കണ്ണൂര്‍- 85,504, കാസര്‍കോട്- 17,447. ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കണ്ണൂരിലും ആലപ്പുഴയിലും യുഡിഎഫിന് വോട്ട് കുറഞ്ഞെന്നും പിണറായി ചൂണ്ടിക്കാട്ടി.

യുഡിഎഫിന് 84,55,193 വോട്ടും (46.01 ശതമാനം) എല്‍ഡിഎഫിന് 77,67,888 വോട്ടുമാ (42.64 ശതമാനം)ണ് ഇത്തവണ ലഭിച്ചത്. 6,87,305 വോട്ടിന്റെ വ്യത്യാസം നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നികത്തും.

തെരഞ്ഞെടുപ്പില്‍ ഉയര്‍ന്നുകേട്ട മറ്റൊരു വാദം സോഷ്യലിസ്റ് ജനതയുടെ ശക്തിയെക്കുറിച്ചുള്ളതായിരുന്നു. പെരിങ്ങളം, വടകര, ചിറ്റൂര്‍ എന്നിവിടങ്ങളിലാണ് സംസ്ഥാനത്ത് കുറച്ചെങ്കിലും ശക്തിയുള്ളത്. അതില്‍ ചിറ്റൂര്‍ മുമ്പുതന്നെ യുഡിഎഫ് ശക്തികേന്ദ്രമാണ്. പിന്നെയുള്ളത് പെരിങ്ങളവും വടകരയുമാണ്. പെരിങ്ങളത്തെ രണ്ടു ജില്ലാപഞ്ചായത്ത് ഡിവിഷനില്‍ ജയിച്ചത് എല്‍ഡിഎഫാണ്. വടകര നഗരസഭയില്‍ എല്‍ഡിഎഫ് നല്ല വിജയം നേടി. അതുപോലെ ഐഎന്‍എല്ലിന് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് സ്വാധീനമുള്ളത്. എന്നാല്‍, ഈ മൂന്നു ജില്ലയിലും എല്‍ഡിഎഫ് നല്ല പ്രകടനമാണ് കാഴ്ചവച്ചത്.

സംസ്ഥാനത്ത് പ്രതീക്ഷിച്ച വിജയം എല്‍ഡിഎഫിന് നേടാനായില്ല. ഇനിയുള്ള ഘട്ടം ഉപയോഗിച്ച് കുറവുകള്‍ തീര്‍ത്ത് തങ്ങള്‍ മുന്നേറുമെന്നും യുഡിഎഫുമായുള്ള വോട്ടുവ്യത്യാസം നികത്തുമെന്നും പിണറായി പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ പലേടത്തും അതിരുകവിഞ്ഞ പണ സ്വാധീനം പ്രകടമായി. പണത്തിന്റെ കുത്തൊഴുക്കായിരുന്നു. അതിനെയെല്ലാം നേരിട്ടാണ് എല്‍ഡിഎഫ് നല്ല വിജയം നേടിയത്. സംസ്ഥാനകമ്മിറ്റി തെരഞ്ഞെടുപ്പുറിവ്യൂ പ്രാഥമികമായി നടത്തി. ഐ വി ദാസിന്റെ നിര്യാണം കാരണം കമ്മിറ്റി നിര്‍ത്തിവയ്ക്കേണ്ടിവന്നു. അതുകൊണ്ടാണ് അപ്പോള്‍ത്തന്നെ തെരഞ്ഞെടുപ്പുഫലത്തെ സംബന്ധിച്ച പാര്‍ടി പ്രതികരണം നടത്താതിരുന്നത്. വിശദമായ റിവ്യൂവിനുശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്ന് പിണറായി വ്യക്തമാക്കി.

ദേശാഭിമാനി 02112010

No comments:

Post a Comment