Sunday, November 21, 2010

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ഒഴുക്കുന്നത് കോടികള്‍

കോടികള്‍ ഒഴുക്കി സംഘടന പിടിക്കാന്‍ എ, ഐ ഗ്രൂപ്പുകള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയതോടെ യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് പണക്കൊഴുപ്പിന്റെ മാമാങ്കമായി. സംഘടനാതെരഞ്ഞെടുപ്പില്‍ സമുദായശക്തികള്‍ ഇടപെടുന്നതായുള്ള ആരോപണംകൂടി ഉയര്‍ന്നതോടെ തെരഞ്ഞെടുപ്പുസംഘര്‍ഷത്തിലേക്ക്.

ബൂത്തുകളിലേക്ക് നാമനിര്‍ദേശക പത്രിക 24നും 25നുമാണ് നല്‍കേണ്ടത്. ബൂത്തുതലത്തില്‍ മത്സരിക്കാന്‍ ഒരാള്‍ നൂറു രൂപയും മണ്ഡലംതലത്തില്‍ 500 രൂപയും ബ്ളോക്കുതലത്തില്‍ 1500 രൂപയും ലോക്സഭാ മണ്ഡലത്തിലേക്ക് 3000 രൂപയും സംസ്ഥാനതലത്തില്‍ 7500 രൂപയും കെട്ടിവയ്ക്കണം. പ്രസിഡന്റടക്കം അഞ്ചു ഭാരവാഹികളാണ് ബൂത്തുതലത്തിലുണ്ടാവുക. ഒരോ ഗ്രൂപ്പിനും ബൂത്തു തലത്തില്‍ത്തന്നെ കുറഞ്ഞത് 500 രൂപയെങ്കിലും ചെലവാകും. ഏകദേശം 35000 ബൂത്തിലായി ഒരോഗ്രൂപ്പിനും രണ്ടു കോടിയോളം ചെലവാകും. ഇതു കൂടാതെ സംഘടനാതെരഞ്ഞെടുപ്പ് തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള ചെലവ് വേറെ.

മണ്ഡലം കമ്മിറ്റികളിലേക്ക് പത്തും ബ്ളോക്ക് കമ്മിറ്റിയിലേക്ക് 10 ഭാരവാഹികളെയും 10 പ്രതിനിധികളെയും തെരഞ്ഞെടുക്കണം. പാര്‍ലമെന്റ് മണ്ഡലത്തിലും സംസ്ഥാനതലത്തിലും പത്തുവീതം ഭാരവാഹികള്‍ക്കായും തെരഞ്ഞെടുപ്പുനടക്കും. ഇതുകൂടാതെ തെരഞ്ഞെടുപ്പ് നടത്തിപ്പിനായി അന്യസംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവരുടെ ചെലവും തെരഞ്ഞെടുപ്പു ചെലവിനുമായി വന്‍തുക വേണ്ടിവരും. ബംഗളൂരു ആസ്ഥാനമായുള്ള ഒരു സ്ഥാപനത്തിനാണ് സംഘടനാ തെരഞ്ഞെടുപ്പിന്റെ ചുമതല.

സംഘടന പിടിക്കാനുള്ള നീക്കങ്ങളുമായി നേതാക്കള്‍ പരക്കംപായുകയാണ്. വന്‍ തോതില്‍ പണപ്പിരിവും നടക്കുന്നുണ്ട്. വിവിധ ഗ്രൂപ്പുകള്‍ക്ക് ആവശ്യമായ പണം ലഭ്യമാക്കാന്‍ ചിലര്‍ രംഗത്തിറങ്ങിയിട്ടുമുണ്ട്. എല്ലാ തലങ്ങളിലും ഗ്രൂപ്പ് യോഗം വിളിച്ചു ചേര്‍ക്കാന്‍ എ, ഐ വിഭാഗങ്ങളിലെ സംസ്ഥാന നേതാക്കള്‍തന്നെ രംഗത്തിറങ്ങി. കെ.എസ്.യു തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി മറികടക്കാന്‍ വിശാല ഐ ഗ്രൂപ്പ് മിക്കയിടത്തും പരസ്യ ഗ്രൂപ്പുയോഗങ്ങളാണ് ചേരുന്നത്. എ ഗ്രൂപ്പ് നടത്തുന്ന ഒളിപ്പോരിനെ നേരിടാന്‍ ഏതറ്റംവരെ പോകാനും അവര്‍ തയ്യാറെടുക്കുന്നു. കരുണാകര വിഭാഗത്തിന്റെ പിന്തുണയും വിശാല ഐ ഗ്രൂപ്പിനുണ്ട്. സംഘടനാ തെരഞ്ഞെടുപ്പില്‍ മുമ്പെങ്ങുമില്ലാത്ത വിധം ചില സമുദായശക്തികള്‍ ഇടപെടുന്നതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഐ വിഭാഗമാണ് ഈ ആരോപണത്തിന് പിന്നിലുള്ളത്.

ദേശാഭിമാനി 211110

1 comment:

  1. കോടികള്‍ ഒഴുക്കി സംഘടന പിടിക്കാന്‍ എ, ഐ ഗ്രൂപ്പുകള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയതോടെ യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് പണക്കൊഴുപ്പിന്റെ മാമാങ്കമായി. സംഘടനാതെരഞ്ഞെടുപ്പില്‍ സമുദായശക്തികള്‍ ഇടപെടുന്നതായുള്ള ആരോപണംകൂടി ഉയര്‍ന്നതോടെ തെരഞ്ഞെടുപ്പുസംഘര്‍ഷത്തിലേക്ക്.

    ReplyDelete