Friday, December 10, 2010

തെരഞ്ഞെടുപ്പു പരിഷ്കരണം: കരട് ബില്‍ 5 മാസത്തിനകം

സമഗ്ര തെരഞ്ഞെടുപ്പു പരിഷ്കരണ ബില്ലിന്റെ കരടിന് അഞ്ചുമാസത്തിനകം രൂപം നല്‍കും. ദേശീയ, പ്രാദേശിക രാഷ്ട്രീയ കക്ഷികളുമായും പൊതുസമൂഹവുമായും ചര്‍ച്ച നടത്തിയായിരിക്കും കരടു ബില്ലിനു രൂപം നല്‍കുകയെന്ന് നിയമമന്ത്രി വീരപ്പമൊയ്ലി അറിയിച്ചു. ഏപ്രില്‍ രണ്ടിനും മൂന്നിനും ന്യൂഡല്‍ഹിയില്‍ ദേശീയ സംവാദം നടത്തും. ഇതിനുമുമ്പ് ഭോപാല്‍, കൊല്‍ക്കത്ത, ബംഗളൂരു, ഗുവാഹത്തി, മുംബൈ, ലഖ്നൌ, ചണ്ഡീഗഢ് എന്നിവിടങ്ങളില്‍ 12നും ഫെബ്രുവരി അഞ്ചിനും ഇടയില്‍ ചര്‍ച്ച സംഘടിപ്പിക്കും. ദേശീയ സമവായം ഉണ്ടാക്കുകയാണ് ലക്ഷ്യം. നിയമമന്ത്രിയും മുഖ്യതെരഞ്ഞെടുപ്പു കമീഷണറും സംവാദങ്ങളില്‍ പങ്കെടുക്കും.

പ്രധാന ഭരണഘടനാ ഭേദഗതിക്കാണ് അരങ്ങൊരുങ്ങുന്നതെന്ന് മുഖ്യതെരഞ്ഞെടുപ്പു കമീഷണര്‍ എസ് വൈ ഖുറേഷി പറഞ്ഞു. വിവേക്തങ്ക ചെയര്‍മാനായുള്ള കോര്‍കമ്മിറ്റി തയ്യാറാക്കിയ തെരഞ്ഞെടുപ്പു പരിഷ്കരണ നിര്‍ദേശങ്ങളും രാഷ്ട്രീയത്തിന്റെ ക്രിമിനല്‍വല്‍ക്കരണം ഉള്‍പ്പെടെ നിരവധി വിഷയങ്ങളും യോഗങ്ങളില്‍ പ്രധാനമായും ചര്‍ച്ചചെയ്യും. അഞ്ചുവര്‍ഷ കാലയളവിലധികം ശിക്ഷിക്കപ്പെടുന്ന ഒരാള്‍ മത്സരിക്കാന്‍ പാടില്ലെന്നതാണ് കോര്‍കമ്മിറ്റി മുന്നോട്ടുവയ്ക്കുന്ന പ്രധാന നിര്‍ദേശം. തെരഞ്ഞെടുപ്പു കമീഷന് സ്വതന്ത്രമായ ഒരു സെക്രട്ടറിയറ്റ് സംവിധാനം ഏര്‍പ്പെടുത്തുക, ഒരു രാഷ്ട്രീയപാര്‍ടിയെ അയോഗ്യരാക്കാനുള്ള അധികാരം തെരഞ്ഞെടുപ്പു കമീഷനില്‍ നിക്ഷിപ്തമാക്കുക എന്നിവ മുഖ്യനിര്‍ദേശങ്ങളാണ്.

പാര്‍ലമെന്റിന്റെ കാലാവധി തീരുന്നതിന് ആറുമാസംമുമ്പുതന്നെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരസ്യം നല്‍കുന്നത് നിര്‍ത്തിവയ്ക്കുക, ഒരു സ്ഥാനാര്‍ഥി ഒരു സീറ്റില്‍ മാത്രം മത്സരിക്കുക, കൃത്രിമം കാണിച്ചാല്‍ തോറ്റ സ്ഥാനാര്‍ഥിക്കെതിരെയും നടപടി സ്വീകരിക്കുക, അഭിപ്രായവോട്ടുെപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തുക, വോട്ടിങ് യന്ത്രത്തില്‍ പട്ടികയിലെ ആര്‍ക്കുമല്ല വോട്ട് എന്ന കോളംകൂടി ഉള്‍പ്പെടുത്തുക, തെറ്റായ കണക്കുകള്‍ ബോധിപ്പിക്കുന്ന പക്ഷം തടവുശിക്ഷ അഞ്ചു വര്‍ഷമായി ഉയര്‍ത്തുക, രാഷ്ട്രീയ പാര്‍ടികള്‍ അവരുടെ അക്കൌണ്ടുകള്‍ പരസ്യമാക്കുക, തെറ്റായ കണക്കുകള്‍ ബോധിപ്പിക്കുന്ന രാഷ്ട്രീയ പാര്‍ടികളെ നിരോധിക്കാനുള്ള അവകാശം തെരഞ്ഞെടുപ്പു കമീഷന് നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങളും കോര്‍കമ്മിറ്റി മുന്നോട്ട് വച്ചിട്ടുണ്ട്.

ദേശാഭിമാനി 101210

1 comment:

  1. സമഗ്ര തെരഞ്ഞെടുപ്പു പരിഷ്കരണ ബില്ലിന്റെ കരടിന് അഞ്ചുമാസത്തിനകം രൂപം നല്‍കും. ദേശീയ, പ്രാദേശിക രാഷ്ട്രീയ കക്ഷികളുമായും പൊതുസമൂഹവുമായും ചര്‍ച്ച നടത്തിയായിരിക്കും കരടു ബില്ലിനു രൂപം നല്‍കുകയെന്ന് നിയമമന്ത്രി വീരപ്പമൊയ്ലി അറിയിച്ചു. ഏപ്രില്‍ രണ്ടിനും മൂന്നിനും ന്യൂഡല്‍ഹിയില്‍ ദേശീയ സംവാദം നടത്തും. ഇതിനുമുമ്പ് ഭോപാല്‍, കൊല്‍ക്കത്ത, ബംഗളൂരു, ഗുവാഹത്തി, മുംബൈ, ലഖ്നൌ, ചണ്ഡീഗഢ് എന്നിവിടങ്ങളില്‍ 12നും ഫെബ്രുവരി അഞ്ചിനും ഇടയില്‍ ചര്‍ച്ച സംഘടിപ്പിക്കും. ദേശീയ സമവായം ഉണ്ടാക്കുകയാണ് ലക്ഷ്യം. നിയമമന്ത്രിയും മുഖ്യതെരഞ്ഞെടുപ്പു കമീഷണറും സംവാദങ്ങളില്‍ പങ്കെടുക്കും.

    ReplyDelete