പൊതുവിതരണ സമ്പ്രദായം മെച്ചപ്പെടുത്താന്‍ സോഫ്റ്റ്‌വെയര്‍ വരുന്നു; ആദ്യം ആലപ്പുഴ ജില്ലയില്‍
പൊതുവിതരണ സമ്പ്രദായത്തിലെ അഴിമതി കുറയ്ക്കാനും നടപടികള്‍ സുതാര്യമാക്കാനും ലക്ഷ്യംവച്ച് ഹൈടെക് സംവിധാനം ഏര്‍പ്പെടുത്തുന്നു. നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയറിലൂടെയാണ് ഇത് സാധ്യമാക്കുന്നത്.
എഫ്‌സിഐ ഗോഡൗണുകളില്‍ നിന്നും മൊത്ത വിതരണകേന്ദ്രത്തിലേക്ക് ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള റേഷന്‍ സാധനങ്ങള്‍ കൃത്യമായി എത്തുന്നുണ്ടോ എന്നതും അവ പിന്നീട് റേഷന്‍കടകള്‍ വഴി നിശ്ചിത അളവില്‍ സാധാരണക്കാര്‍ക്ക് ലഭിക്കുന്നുണ്ടോ എന്നതും ഓണ്‍ലൈനായി പരിശോധിക്കാന്‍ സോഫ്റ്റ്‌വെയറിലൂടെ കഴിയും. എഫ്‌സിഐയുടെ ഗോഡൗണില്‍ നിന്നും ലോറികളില്‍ കയറ്റുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവ് അവിടെവച്ചുതന്നെ സോഫ്റ്റ്‌വെയറിലാക്കുമ്പോള്‍ അത് കലക്ടര്‍ക്ക് മുതല്‍ സാധാരണക്കാരന് വരെ പരിശോധിക്കാവുന്ന തരത്തില്‍ ലഭ്യമാകും. തുടര്‍ന്ന് മൊത്ത കച്ചവടക്കാരുടെ അടുത്ത് ഭക്ഷ്യധാന്യങ്ങള്‍ എത്തുമ്പോള്‍ ആ വിവരവും ലഭ്യമാകും. എഫ്‌സിഐ വിതരണം ചെയ്ത ഭക്ഷ്യധാന്യങ്ങളുടെ വിവരവും തങ്ങള്‍ക്ക് ലഭിക്കുന്ന റേഷന്റെ കൃത്യമായ അളവും സ്റ്റോക്ക് സംബന്ധിച്ച വിവരവും സാധാരണക്കാരന് പരിശോധിക്കാന്‍ സാധിക്കുമെന്നത് തന്നെയാണ് സോഫ്റ്റ്‌വെയറിന്റെ പ്രധാന സവിശേഷതയെന്ന് എന്‍ഐസി ടെക്കിനിക്കല്‍ ഡയറക്ടര്‍ അജിത്ത് ബ്രഹ്മാനന്ദന്‍ പറഞ്ഞു. ഇതിനായി വേണ്ടത് എഫ്‌സിഐ മുതല്‍ റേഷന്‍കട വരെയുള്ള വിപുലമായ കമ്പ്യൂട്ടര്‍ ശൃംഖലയും ഇന്റര്‍നെറ്റ് സൗകര്യം മാത്രമാണെന്നും അദ്ദേഹം അറിയിച്ചു. കേരളം ഒഴികെയുള്ള മിക്ക സംസ്ഥാനങ്ങളിലും പൊതുവിതരണ സമ്പ്രദായത്തില്‍ കമ്പ്യൂട്ടര്‍ വല്‍ക്കരണം നടപ്പാക്കിയിട്ടുണ്ട്. ഛത്തീസ്ഗഡില്‍ ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് സുതാര്യവും അഴിമതി വിമുക്തവുമായി പൊതുവിതരണം നടപ്പാക്കിയതിന് ദേശീയ അംഗീകാരം ലഭിച്ചിട്ടുണ്ട്.
ആദ്യഘട്ടമെന്ന നിലയില്‍ ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, ചെങ്ങന്നൂര്‍ താലൂക്കുകളില്‍ കമ്പ്യൂട്ടര്‍ ശൃംഖല സ്ഥാപിക്കും. ഇവിടുത്തെ റേഷന്‍ മൊത്ത വിതരണക്കാരെയാണ് ആദ്യം പദ്ധതിയില്‍ പങ്കാളികളാക്കുന്നത്. തുടര്‍ന്ന് എല്ലാ താലൂക്കുകളിലേക്കും കമ്പ്യൂട്ടര്‍ വല്‍ക്കരണം വ്യാപിപ്പിക്കും. സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ച് റീട്ടെയില്‍ റേഷന്‍ വ്യാപാരികളെ താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ ബോധവല്‍ക്കരിക്കും. ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥരുടെ അഭിപ്രായമാരായാന്‍ ഇന്നലെ ആലപ്പുഴ കലക്‌ട്രേറ്റില്‍ കലക്ടര്‍ പി വേണുഗോപാലിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. കംപ്യൂട്ടര്‍വത്ക്കരണവും സോഫ്റ്റ്‌വെയര്‍ സംവിധാനവും പൊതുവിതരണ രംഗത്തെ വ്യാപകമായ അഴിമതി കുറയ്ക്കാന്‍ ഇടയാക്കുമെന്ന് കലക്ടര്‍ പറഞ്ഞു. ഈ രംഗത്ത് എന്ത് നടക്കുന്നുവെന്നത് അറിയാന്‍ ജനങ്ങള്‍ക്ക് ഇതിലൂടെ അവസരമൊരുക്കുകയാണെന്നും കമ്പ്യൂട്ടര്‍വത്ക്കരണത്തിന് വിമുഖത കാട്ടുന്ന റേഷന്‍ വ്യാപാരികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിവില്‍ സപ്ലൈസ് സൂപ്രണ്ടുമാരായ എന്‍ ഗോപി, പി കെ മായാമണി, എന്‍ഐസി ജില്ലാ ഓഫീസര്‍ പാര്‍വ്വതീദേവി, എന്‍ഐസി പ്രിന്‍സിപ്പല്‍ സിസ്റ്റം അനലൈസര്‍ ഷാറ്റിരാജ, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ജനയുഗം 041210
പൊതുവിതരണ സമ്പ്രദായത്തിലെ അഴിമതി കുറയ്ക്കാനും നടപടികള്‍ സുതാര്യമാക്കാനും ലക്ഷ്യംവച്ച് ഹൈടെക് സംവിധാനം ഏര്‍പ്പെടുത്തുന്നു. നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയറിലൂടെയാണ് ഇത് സാധ്യമാക്കുന്നത്.
ReplyDelete