Saturday, December 4, 2010

ധനബില്ലുകള്‍ ചര്‍ച്ചയില്ലാതെ; സര്‍ക്കാരിനു പിടിവാശി

അതിപ്രധാനമായ ധനബില്ലുകള്‍ ചര്‍ച്ചകൂടാതെ പാസാക്കേണ്ടിവരുന്ന സാഹചര്യത്തിലും, സ്‌പെക്ട്രം ഇടപാടില്‍ ജെ പി സി വേണ്ടെന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പിടിവാശിയില്‍ തന്നെ. ശീതകാല സമ്മേളനം തുടങ്ങി രണ്ടാഴ്ചയായിട്ടും പാര്‍ലമെന്റിന്റെ ഇരുസഭകള്‍ക്കും നടപടിക്രമങ്ങളിലേയ്ക്കു കടക്കാനാവാത്ത സാഹചര്യത്തില്‍, ഭരണ സ്തംഭനം ഒഴിവാക്കാന്‍ ധനബില്ലുകള്‍ ചര്‍ച്ചകൂടാതെ പാസാക്കുകയായിരുന്നു സര്‍ക്കാര്‍. റയില്‍വേയുടെ ഉപധനാഭ്യര്‍ഥകള്‍ ഇന്നലെ സഭ ചര്‍ച്ചയില്ലാതെ പാസാക്കി. പൊതു ധനാഭ്യര്‍ഥനകള്‍ കഴിഞ്ഞ ദിവസം പാസാക്കിയിരുന്നു. ജെ പി സി അന്വേഷണ ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ചു പ്രഖ്യാപിച്ച സാഹചര്യത്തില്‍ ശീതകാല സമ്മേളനം വെട്ടിച്ചുരുക്കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ തലത്തില്‍ ആലോചന നടക്കുന്നുണ്ട്. അതേസമയം ജെ പി സി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്ത പക്ഷം ബജറ്റ് സമ്മേളനത്തിലും സമാന സ്ഥിതിയുണ്ടാവുമെന്ന സൂചനകള്‍ പ്രതിപക്ഷം നല്‍കിക്കഴിഞ്ഞു.

സ്‌പെക്ട്രം ഇടപാടിലെ അഴിമതി അനുദിനം കൂടുതല്‍ കൂടുതല്‍ പുറത്തുവന്നിട്ടും ജെ പി സി അന്വേഷണ ആവശ്യത്തോടു മുഖം തിരിച്ചുനില്‍ക്കുകയാണ് സര്‍ക്കാര്‍. ഇതിനിടെ സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍നിന്ന് നിരന്തരമായ വിമര്‍ശനം ഏറ്റുവാങ്ങുകയും ചെയ്തു. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പി എ സി) പരിഗണനയ്‌ക്കെടുക്കുന്നത് സഭയുടെ നടപടിക്രമം മാത്രമാണെന്നിരിക്കെ, ഇക്കാര്യം ചൂണ്ടിക്കാട്ടി ജെ പി സി അന്വേഷണ ആവശ്യത്തെ തള്ളുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. സ്‌പെക്ട്രം അഴിമതിയുടെ വേരുകള്‍ രാജ്യത്തെ വന്‍കിട കോര്‍പ്പറേറ്റുകളിലേയ്ക്കുവരെ നീണ്ടിട്ടുണ്ടെന്ന് നീരാ റാഡിയ ടേപ്പുകളിലൂടെ വ്യക്തമായിട്ടുണ്ട്. ഏതാനും മാധ്യമ പ്രവര്‍ത്തകരും ഇതില്‍ ഭാഗഭാക്കാണെന്ന് പുറത്തുവന്ന ടേപ്പുകളില്‍ വ്യക്തമായിരുന്നു. ഇതുകൂടി പരിഗണിച്ചുള്ള വിശാലമായ അന്വേഷണത്തിന് പി എ സിക്കു കഴിയില്ലെന്ന പ്രതിപക്ഷ വാദത്തെ നേരിടാന്‍ സര്‍ക്കാര്‍ യുക്തിഭദ്രമായ വിശദീകരണങ്ങളൊന്നും മുന്നോട്ടുവച്ചിട്ടില്ല. ജെ പി സിയില്‍ എല്ലാ പാര്‍ട്ടികളെയും ഉള്‍ക്കൊള്ളിക്കാനാവില്ലെന്ന മുടന്തന്‍ ന്യായമാണ് പാര്‍ലമെന്ററികാര്യമന്ത്രി പവന്‍ കുമാര്‍ ബന്‍സാല്‍ കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്. കോണ്‍ഗ്രസിന്റെ ഭരണകാലത്തുതന്നെ നടന്ന രണ്ടു കുംഭകോണങ്ങളെക്കുറിച്ച് നേരത്തെ ജെ പി സി അന്വേഷിച്ചിരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷത്തിന്റെ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്ന് എന്‍ ഡി എ ഭരണകാലത്തും ഓഹരി കുംഭകോണത്തെക്കുറിച്ച് ജെ പി സി അന്വേഷണം നടത്തി. ഇതെല്ലാം മറന്നാണ് കോണ്‍ഗ്രസ് ഇപ്പോല്‍ തൊടുന്യായങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്.

സ്‌പെക്ട്രം അഴിമതിയുടെ കേന്ദ്രസ്ഥാനത്തുള്ള ഡി എം കെ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണത്തോട് എതിര്‍പ്പില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. യു പി എ ഘടകകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും ജെ പി സി അന്വേഷണത്തെ അനുകൂലിച്ച് പരസ്യമായി രംഗത്തുവന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഇടപെട്ട് ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു. പാര്‍ലമെന്റ് സ്തംഭനം ഒഴിവാക്കാന്‍ സ്പീക്കര്‍ കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിനു മുമ്പായി കോണ്‍ഗ്രസ് യു പി എ ഘടകകക്ഷികളെ വിളിച്ചുകൂട്ടി ജെ പി സിക്കെതിരെ നിലപാടെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

ജെ പി സി വിഷയത്തില്‍ കോണ്‍ഗ്രസില്‍ തന്നെ രൂക്ഷമായ ഭിന്നതയുണ്ടായ സാഹചര്യത്തില്‍ പലവട്ടം പാര്‍ട്ടി കോര്‍കമ്മിറ്റി യോഗം ചേര്‍ന്ന് ഇക്കാര്യം ചര്‍ച്ചചെയ്തിരുന്നു. ഒരു ഘട്ടത്തില്‍ ജെ പി സിയാവാം എന്ന തീരുമാനത്തില്‍ പാര്‍ട്ടി എത്തുകയും ചെയ്തു. എന്നാല്‍ പൊടുന്നനെ നിലാപാടു മാറ്റിയ പാര്‍ട്ടി തുടര്‍ച്ചയായ പാര്‍ലമെന്റു സ്തംഭനത്തിനു വഴിയൊരുക്കുകയാണ് ചെയ്തത്.
 
ജനയുഗം 041210

1 comment:

  1. അതിപ്രധാനമായ ധനബില്ലുകള്‍ ചര്‍ച്ചകൂടാതെ പാസാക്കേണ്ടിവരുന്ന സാഹചര്യത്തിലും, സ്‌പെക്ട്രം ഇടപാടില്‍ ജെ പി സി വേണ്ടെന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പിടിവാശിയില്‍ തന്നെ. ശീതകാല സമ്മേളനം തുടങ്ങി രണ്ടാഴ്ചയായിട്ടും പാര്‍ലമെന്റിന്റെ ഇരുസഭകള്‍ക്കും നടപടിക്രമങ്ങളിലേയ്ക്കു കടക്കാനാവാത്ത സാഹചര്യത്തില്‍, ഭരണ സ്തംഭനം ഒഴിവാക്കാന്‍ ധനബില്ലുകള്‍ ചര്‍ച്ചകൂടാതെ പാസാക്കുകയായിരുന്നു സര്‍ക്കാര്‍. റയില്‍വേയുടെ ഉപധനാഭ്യര്‍ഥകള്‍ ഇന്നലെ സഭ ചര്‍ച്ചയില്ലാതെ പാസാക്കി. പൊതു ധനാഭ്യര്‍ഥനകള്‍ കഴിഞ്ഞ ദിവസം പാസാക്കിയിരുന്നു. ജെ പി സി അന്വേഷണ ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ചു പ്രഖ്യാപിച്ച സാഹചര്യത്തില്‍ ശീതകാല സമ്മേളനം വെട്ടിച്ചുരുക്കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ തലത്തില്‍ ആലോചന നടക്കുന്നുണ്ട്. അതേസമയം ജെ പി സി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്ത പക്ഷം ബജറ്റ് സമ്മേളനത്തിലും സമാന സ്ഥിതിയുണ്ടാവുമെന്ന സൂചനകള്‍ പ്രതിപക്ഷം നല്‍കിക്കഴിഞ്ഞു.

    ReplyDelete