Sunday, December 5, 2010

ലാളിത്യം വാക്കില്‍ മാത്രം പോര

പൊതുജീവിതത്തിലെ ലാളിത്യം ഏതാനും മാസം മുമ്പ് ദേശീയതലത്തില്‍ തന്നെ ചൂടേറിയ ചര്‍ച്ചയ്ക്കു വിഷയമായിരുന്നു. യു പി എ സര്‍ക്കാര്‍ ചെലവുചുരുക്കല്‍ പ്രഖ്യാപിച്ചപ്പോഴായിരുന്നു ഇത്. പൊതു ചടങ്ങുകളിലെ മന്ത്രിമാരുടെ എണ്ണം കുറയ്ക്കല്‍, ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്യല്‍ തുടങ്ങിയവയൊക്കെയായിരുന്നു, ഏറെ പ്രചാരണ കോലാഹലങ്ങളുണ്ടാക്കിയ ചെലവുചുരുക്കലിലെ മുഖ്യ ഇനങ്ങള്‍. എന്നാല്‍ ഇതെല്ലാം കേവലം മാധ്യമ പിത്തലാട്ടങ്ങള്‍ക്കുള്ള വക മാത്രമായിരുന്നെന്ന് അധികം വൈകാതെ വ്യക്തമായി. ചെലവുചുരുക്കല്‍ മാമാങ്കം അരങ്ങേറുമ്പോള്‍ തന്നെ വിദേശകാര്യമന്ത്രിയും സഹമന്ത്രിയും പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു താമസം. ഇക്കണോമി ക്ലാസ് കന്നാലി ക്ലാസാണെന്നാണ് അന്നു മന്ത്രിയായിരുന്ന ഒരാള്‍ പ്രതികരിച്ചത്. പൊതുജീവിതത്തിലെ ലാളിത്യത്തിന്റെ ഉള്ളറിയാനുള്ള വിശാലതയോ അതു പരത്തുന്ന സന്ദേശത്തെക്കുറിച്ചുള്ള ബോധ്യമോ ഇല്ലാത്തതുകൊണ്ടുതന്നെ യു പി എ സര്‍ക്കാരിന്റെ ചെലവുചുരുക്കല്‍ യത്‌നം ചാപിള്ളയായി മാറുകയും ചെയ്തു. അന്നു യു പി എയെ വിമര്‍ശിച്ചതില്‍ മുന്‍നിരയില്‍ ബി ജെ പിയും ആര്‍ എസ് എസുമൊക്കെയുണ്ടായിരുന്നു. ആ ബി ജെ പിയുടെ അധ്യക്ഷനും അടിയുറച്ച ആര്‍ എസ് എസുകാരനുമായ നിതിന്‍ ഗഡ്കരിയുടെ മകന്റെ ആര്‍ഭാടം നിറഞ്ഞ വിവാഹത്തിന്റെ വാര്‍ത്ത ആരെയും അമ്പരപ്പിക്കുന്നതാണ്. ലളിതജീവിതം നയിക്കുന്നവര്‍ എന്നു പ്രചരിപ്പിക്കുന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പോലും എത്രമാത്രം ആഢംബരത്തിനും ആര്‍ഭാടത്തിനും വശംവദരായിരിക്കുന്നുവെന്നതിന്റെ ദൃഷ്ടാന്തമാണിത്.

വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ വച്ചു നടന്ന വിവാഹം നാലു ദിവസമാണ് നീണ്ടത്. ഇരുപതിനായിരം വി വി ഐ പികളാണ് വിവാഹത്തിനെത്തിയത്. മുംബൈയില്‍ നിന്നും ഡല്‍ഹിയില്‍നിന്നും ഇവരെ പ്രത്യേക വിമാനത്തില്‍ നാഗ്പുരിലെത്തിക്കുകയായിരുന്നു. ഇരുപതു വിമാനങ്ങളാണ് ഇത്തരത്തില്‍ പ്രത്യേക സര്‍വീസ് നടത്തിയത്. രണ്ടായിരം അടുത്ത ബന്ധുക്കള്‍ പങ്കെടുത്ത വിവാഹ ചടങ്ങള്‍ക്കു പിന്നാലെയായിരുന്നു, രാഷ്ട്രീയ നേതാക്കളും വ്യവസായ പ്രമുഖരും ചലച്ചിത്രരംഗത്തുനിന്നുള്ളവരും ഉള്‍പ്പെടെ ഇരുപതിനായിരം പേര്‍ പങ്കെടുത്ത വിരുന്ന്. ഇതിനു പിന്നാലെ ഒരു ലക്ഷത്തിലധികം പേര്‍ക്കായി മറ്റൊരു കല്യാണ വിരുന്നും നടത്തി ഗഡ്കരി. ആര്‍ഭാടത്തിന്റെ പുതിയ നിര്‍വചനമായിരുന്നു, ദശ കോടികള്‍ പൊടിച്ചുനടത്തിയ ഈ വിവാഹം. സ്വയംസേവകന്‍ എന്നവകാശപ്പെടുന്ന ഒരാള്‍ക്കു തന്നെയല്ല, പൊതുപ്രവര്‍ത്തകരില്‍ ആരും തന്നെ പിന്തുടരേണ്ട മാതൃകയല്ല ഇത്.

മഹാരാഷ്ട്രയിലെ പ്രമുഖമായ ബിസിനസ് ഗ്രൂപ്പിന്റെ ഉടമകളിലൊരാളാണ് ഗഡ്കരി. പൂര്‍ത്തി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചുമതല അദ്ദേഹത്തിന്റെ മകന്‍ നിഖിലിനാണ്. ഇത്തരമൊരാളുടെ വിവാഹം ധൂര്‍ത്തായാലെന്താണെന്നാണ് ഉയരാവുന്ന ചോദ്യം. വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലെത്തിയ പ്രമുഖരുടെ നിര തന്നെ അതിനു മറുപടി പറയുന്നുണ്ട്. കേവലം ഒരു പൂര്‍ത്തി ഗ്രൂപ്പ് തലവന്റെ വിവാഹത്തിനല്ല, കേന്ദ്രത്തിലെയും വിവിധ സംസ്ഥാനങ്ങളിലെയും ഭരണാധികാരികളും വ്യവസായ പ്രമുഖരുമെല്ലാം നാഗ്പുരിലെത്തിയത്. അത് ഇന്ത്യയിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ബി ജെ പിയുടെ ദേശീയ അധ്യക്ഷന്റെ മകന്റെ വിവാഹമായതിനാലാണ്. ഒരു ബിസിനസുകാരന്റെ വിവാഹമല്ല, ഇന്ത്യയിലെ പ്രമുഖനായ ഒരു രാഷ്ട്രീയ നേതാവിന്റെ മകന്റെ വിവാഹമാണ് രാജ്യത്തെ തന്നെ അമ്പരപ്പിക്കും വിധം കോടികള്‍ പൊടിച്ചു നടത്തിയത്. ഏതു വിധത്തില്‍ സമ്പാദിച്ച പണമാണെങ്കിലും പൊതുപ്രവര്‍ത്തനത്തില്‍ പാലിക്കേണ്ട ചുരുങ്ങിയ സാമൂഹ്യബോധമെങ്കിലും ഇല്ലാത്ത പ്രവൃത്തിയാണിതെന്നു തന്നെ പറയേണ്ടതുണ്ട്.

ഏതാണ്ട് ഇതേ ഗണത്തില്‍ തന്നെയാണ് ഡി എം കെ നേതാവായ എം കെ അഴഗിരിയുടെ മകന്റെ വിവാഹം ഏതാനും ദിവസം മുമ്പ് മധുരയില്‍ വച്ച് നടത്തിയത്. വിവാഹത്തെ പണക്കൊഴുപ്പിലൂടെ നാടിന്റെ ഉത്സവമാക്കി മാറ്റുകയായിരുന്നു അവിടെ. കേന്ദ്രസര്‍ക്കാരിന്റെ ഭാഗമായ ഡി എം കെയുടെ നേതാവും  കേന്ദ്രമന്ത്രിയുമാണ് അഴഗിരി. അതിലുപരി തമിഴ്‌നാട് മുഖ്യമന്ത്രി എം കരുണാനിധിയുടെ മകനാണ് അദ്ദേഹം. തമിഴ്ജനതയ്ക്ക് മുമ്പില്‍ ഒട്ടേറെ പുരോഗമനപരമായ ആശയങ്ങള്‍ മുന്നോട്ടുവയ്ക്കുകയും അവയില്‍ കുറെയൊക്കെ പ്രയോഗപഥത്തിലെത്തിക്കാന്‍ മുന്‍പന്തിയില്‍ നില്‍ക്കുകയും ചെയ്ത പ്രസ്ഥാനമാണ് ഡി എം കെ. പ്രായോഗിക രാഷ്ട്രീയത്തില്‍ എന്തൊക്കെ പിന്തിരിപ്പന്‍ നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും സമൂഹത്തിനു മുന്നില്‍ ഇത്തരമൊരു പ്രതിലോമകരമായ ആശയം മുന്നോട്ടുവയ്ക്കാന്‍ ഡി എം കെ നേതാക്കള്‍ തയ്യാറാവരുതായിരുന്നു.

പൊതുജീവിതത്തിലെ ലാളിത്യത്തിന് ലോകത്തുതന്നെ ഏറ്റവും ഉദാത്തമായ മാതൃക, ഐന്‍സ്റ്റയിന്റെ ഭാഷയില്‍ മജ്ജയും മാംസവുമുള്ള ഒരു അവിശ്വസനീയ മാതൃക ജീവിച്ചു കടന്നുപോയ നാടാണിത്. ആ ഗാന്ധിജിയുടെ നാട്ടില്‍ പൊതുപ്രവര്‍ത്തകര്‍ നടത്തുന്ന ഇത്തരം കഥയില്ലാക്കൂത്തുകള്‍ നമ്മുടെ പൊതുജീവിതം എത്രമാത്രം തനിമയില്ലാത്തതാണെന്നാണ് വെളിവാക്കുന്നത്.

ജനയുഗം മുഖപ്രസംഗം 051210

1 comment:

  1. പൊതുജീവിതത്തിലെ ലാളിത്യം ഏതാനും മാസം മുമ്പ് ദേശീയതലത്തില്‍ തന്നെ ചൂടേറിയ ചര്‍ച്ചയ്ക്കു വിഷയമായിരുന്നു. യു പി എ സര്‍ക്കാര്‍ ചെലവുചുരുക്കല്‍ പ്രഖ്യാപിച്ചപ്പോഴായിരുന്നു ഇത്. പൊതു ചടങ്ങുകളിലെ മന്ത്രിമാരുടെ എണ്ണം കുറയ്ക്കല്‍, ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്യല്‍ തുടങ്ങിയവയൊക്കെയായിരുന്നു, ഏറെ പ്രചാരണ കോലാഹലങ്ങളുണ്ടാക്കിയ ചെലവുചുരുക്കലിലെ മുഖ്യ ഇനങ്ങള്‍. എന്നാല്‍ ഇതെല്ലാം കേവലം മാധ്യമ പിത്തലാട്ടങ്ങള്‍ക്കുള്ള വക മാത്രമായിരുന്നെന്ന് അധികം വൈകാതെ വ്യക്തമായി. ചെലവുചുരുക്കല്‍ മാമാങ്കം അരങ്ങേറുമ്പോള്‍ തന്നെ വിദേശകാര്യമന്ത്രിയും സഹമന്ത്രിയും പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു താമസം. ഇക്കണോമി ക്ലാസ് കന്നാലി ക്ലാസാണെന്നാണ് അന്നു മന്ത്രിയായിരുന്ന ഒരാള്‍ പ്രതികരിച്ചത്. പൊതുജീവിതത്തിലെ ലാളിത്യത്തിന്റെ ഉള്ളറിയാനുള്ള വിശാലതയോ അതു പരത്തുന്ന സന്ദേശത്തെക്കുറിച്ചുള്ള ബോധ്യമോ ഇല്ലാത്തതുകൊണ്ടുതന്നെ യു പി എ സര്‍ക്കാരിന്റെ ചെലവുചുരുക്കല്‍ യത്‌നം ചാപിള്ളയായി മാറുകയും ചെയ്തു. അന്നു യു പി എയെ വിമര്‍ശിച്ചതില്‍ മുന്‍നിരയില്‍ ബി ജെ പിയും ആര്‍ എസ് എസുമൊക്കെയുണ്ടായിരുന്നു. ആ ബി ജെ പിയുടെ അധ്യക്ഷനും അടിയുറച്ച ആര്‍ എസ് എസുകാരനുമായ നിതിന്‍ ഗഡ്കരിയുടെ മകന്റെ ആര്‍ഭാടം നിറഞ്ഞ വിവാഹത്തിന്റെ വാര്‍ത്ത ആരെയും അമ്പരപ്പിക്കുന്നതാണ്. ലളിതജീവിതം നയിക്കുന്നവര്‍ എന്നു പ്രചരിപ്പിക്കുന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പോലും എത്രമാത്രം ആഢംബരത്തിനും ആര്‍ഭാടത്തിനും വശംവദരായിരിക്കുന്നുവെന്നതിന്റെ ദൃഷ്ടാന്തമാണിത്.

    ReplyDelete