Friday, December 3, 2010

ഭൂരിപക്ഷത്തിനും പലിശയിളവില്ല

ബാങ്കുകളില്‍നിന്ന് വിദ്യാഭ്യാസ വായ്പയെടുത്ത 90 ശതമാനംപേര്‍ക്കും കേന്ദ്രസര്‍ക്കാര്‍ ഈയിടെ പ്രഖ്യാപിച്ച പലിശയിളവ് ലഭിക്കില്ല. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ഇറക്കിയ ഉത്തരവില്‍ പലിശയിളവ് 2009 ഏപ്രില്‍ ഒന്നുമുതല്‍ വായ്പയെടുത്തവര്‍ക്ക് മാത്രമാക്കി നിജപ്പെടുത്തിയതാണ് ഇതിനു കാരണം. വിദ്യാഭ്യാസവായ്പ വ്യാപകമായി അനുവദിച്ചത് 2002-2003, 2003-3004 കാലയളവിലാണ്. കോഴ്സ് കാലാവധി നാലരമുതല്‍ അഞ്ചുവര്‍ഷം വരെയുള്ള എംബിബിഎസ്, എന്‍ജിനിയറിങ്, ബിഡിഎസ്, ബിഎഎംഎസ്, നേഴ്സിങ് വിദ്യാര്‍ഥികള്‍ക്കാണ് പ്രധാനമായും വായ്പ അനുവദിച്ചത്. പലിശയടക്കം ഭാരിച്ച തുക തിരിച്ചടയ്ക്കാനാകാതെ വിഷമിച്ചപ്പോഴാണ് പലിശയിളവിന് കൂട്ടായ ആവശ്യമുയര്‍ന്നത്. തുടര്‍ന്നാണ് പലിശ കുടിശ്ശികയില്‍ ഇളവു നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

രാജ്യത്തിനകത്ത് പഠിക്കാന്‍ ചുരുങ്ങിയത് നാലുലക്ഷം രൂപയുംവിദേശപഠനത്തിന് ഏഴര ലക്ഷവുമാണ് ബാങ്ക് വായ്പ. 11.5 ശതമാനമാണ് പലിശനിരക്ക്. ഉയര്‍ന്ന പലിശനിരക്ക് കുറയ്ക്കണമെന്ന ആവശ്യം പരിഗണിച്ചില്ല. നാലരലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബത്തിലെ വിദ്യാര്‍ഥികള്‍ക്കാണ് ഇപ്പോള്‍ പലിശ ഇളവ്. വായ്പാ കുടിശ്ശികയുള്ളവരില്‍ ഭൂരിപക്ഷത്തിന്റെയും കോഴ്സ് തീര്‍ന്നത് 2009നു മുമ്പാണ്. അന്ന് നാലുലക്ഷം രൂപ വായ്പ അനുവദിച്ച വിദ്യാര്‍ഥിക്ക് ഓരോ വര്‍ഷവും പഠനച്ചെലവ് അനുസരിച്ചുള്ള തുക നല്‍കി. പഠനം പൂര്‍ത്തിയാക്കിയതോടെ പലിശ സഹിതം ചുരുങ്ങിയത് ആറു ലക്ഷത്തിലേറെ രൂപ തിരിച്ചടയ്ക്കണം. വിദേശ രാജ്യങ്ങളിലെ ഉന്നതപഠനത്തിന് വായ്പയെടുത്തവര്‍ക്ക് ഇതിലും ഭീമമായ സംഖ്യയാണ് തിരിച്ചടയ്ക്കേണ്ടത്.

ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനാണ് വായ്പ അനുവദിക്കുന്നതിനുള്ള നിബന്ധനകള്‍ അടങ്ങിയ നിര്‍ദേശം ക്രോഡീകരിച്ച് ബാങ്കുകള്‍ക്ക് നല്‍കിയത്. ബാങ്കുകള്‍ക്ക് പലിശയിളവ് നല്‍കുന്ന പദ്ധതിയനുസരിച്ച് കോഴ്സിന്റെ കാലാവധി പൂര്‍ത്തിയാക്കിയശേഷം ഒരുവര്‍ഷത്തിനുള്ളില്‍ തിരിച്ചടവ് തുടങ്ങണം. ജോലി ലഭിച്ചവര്‍ ആറുമാസത്തിനുള്ളിലോ ഒരു വര്‍ഷം വരെയോ ഏതാണ് ആദ്യം അതുവരെയാണ്് പലിശയിളവ് ലഭിക്കുക. സംസ്ഥാനത്ത് കനറാ ബാങ്ക്, എസ്ബിടി, എസ്ബിഐ, സൌത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവയെക്കൂടാതെ പുതുതലമുറ ബാങ്കുകളും വിദ്യാഭ്യാസവായ്പ നല്‍കിയിട്ടുണ്ട്. പക്ഷേ, സഹകരണബാങ്കുകളില്‍ നിന്നുള്ള വിദ്യാഭ്യാസ വായ്പയുടെ പലിശയിളവ് ഉത്തരവില്‍ പരാമര്‍ശിച്ചിട്ടില്ല.

ദേശാഭിമാനി 031210

1 comment:

  1. ബാങ്കുകളില്‍നിന്ന് വിദ്യാഭ്യാസ വായ്പയെടുത്ത 90 ശതമാനംപേര്‍ക്കും കേന്ദ്രസര്‍ക്കാര്‍ ഈയിടെ പ്രഖ്യാപിച്ച പലിശയിളവ് ലഭിക്കില്ല. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ഇറക്കിയ ഉത്തരവില്‍ പലിശയിളവ് 2009 ഏപ്രില്‍ ഒന്നുമുതല്‍ വായ്പയെടുത്തവര്‍ക്ക് മാത്രമാക്കി നിജപ്പെടുത്തിയതാണ് ഇതിനു കാരണം. വിദ്യാഭ്യാസവായ്പ വ്യാപകമായി അനുവദിച്ചത് 2002-2003, 2003-3004 കാലയളവിലാണ്. കോഴ്സ് കാലാവധി നാലരമുതല്‍ അഞ്ചുവര്‍ഷം വരെയുള്ള എംബിബിഎസ്, എന്‍ജിനിയറിങ്, ബിഡിഎസ്, ബിഎഎംഎസ്, നേഴ്സിങ് വിദ്യാര്‍ഥികള്‍ക്കാണ് പ്രധാനമായും വായ്പ അനുവദിച്ചത്. പലിശയടക്കം ഭാരിച്ച തുക തിരിച്ചടയ്ക്കാനാകാതെ വിഷമിച്ചപ്പോഴാണ് പലിശയിളവിന് കൂട്ടായ ആവശ്യമുയര്‍ന്നത്. തുടര്‍ന്നാണ് പലിശ കുടിശ്ശികയില്‍ ഇളവു നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

    ReplyDelete