Friday, December 3, 2010

സഹകരണ മേഖലയിലൂടെ നല്‍കിയത് 3850 കോടിയുടെ ഇളവ്

എല്‍ഡിഎഫ് അധികാരത്തില്‍വന്നശേഷം സഹകരണവകുപ്പ് മുഖേന 3850 കോടിയിലേറെ രൂപയുടെ ഇളവ് അനുവദിച്ചതായി മന്ത്രി ജി സുധാകരന്‍ പ്രസ്താവനയില്‍ പറഞ്ഞു. പലിശയിനത്തില്‍ മാത്രം അറുപതുകോടി രൂപയുടെ ഇളവ് സഹകരണവകുപ്പ് കേരളത്തിലെ കടലോര- ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് അനുവദിച്ചു. പിഴപ്പലിശ എട്ടുകോടി പൂര്‍ണമായും ഉപേക്ഷിച്ചു. വ്യവസ്ഥാപിത പലിശയായ 80 കോടി രൂപയില്‍ 60 കോടി രൂപയും ഉപേക്ഷിച്ചു. പട്ടികജാതി- വര്‍ഗ വിഭാഗങ്ങളുടെ 25,000 രൂപവരെയുള്ള വായ്പ എഴുതിത്തള്ളുന്നതിന്റെ ഭാഗമായി 100 കോടിയോളം രൂപ മുതലും പലിശയുമായി സഹകരണവകുപ്പ് എഴുതിത്തള്ളി.

വ്യവസായവകുപ്പിന്റെ കണ്ണൂര്‍, തൃശൂര്‍, കായംകുളം സഹകരണ സ്പിന്നിങ് മില്ലുകളും ഹാന്‍ടെക്സും എടുത്ത വായ്പകള്‍ പലിശ കയറി മുതലിന്റെ മൂന്നും നാലും ഇരട്ടിയായിരുന്നു. മുതലും കുറഞ്ഞ പലിശയും വാങ്ങി ഈ വായ്പ ഒത്തുതീര്‍പ്പാക്കി ഏതാണ്ട് 50 കോടി രൂപ ഈ ഇനത്തില്‍ സഹകരണവകുപ്പ് ഉപേക്ഷിച്ചു. ഇനിയും വിവിധ പൊതുമേഖലാസ്ഥാപനങ്ങളില്‍നിന്നും അപ്പെക്സ് ബോഡികളില്‍നിന്നും ഏതാണ്ട് 500 കോടി രൂപയിലേറെ സഹകരണമേഖലയ്ക്ക് കിട്ടാനുണ്ട്. രണ്ടുപതിറ്റാണ്ടിലേറെ പഴക്കമുള്ള വായ്പകളാണ് ഇവയില്‍ പലതും. എന്നാല്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ ജപ്തിചെയ്യാന്‍ സഹകരണവകുപ്പ് ഉദ്ദേശിക്കുന്നില്ല. എന്നാല്‍, അടിയന്തരപരിഹാരം കാണാന്‍ ഈ സ്ഥാപനങ്ങളുടെ മേലധികാരികള്‍ മുന്‍കൈയെടുക്കണമെന്ന് മന്ത്രി പ്രസ്താവനയില്‍ സൂചിപ്പിച്ചു.

കണ്‍സ്യൂമര്‍ഫെഡ് വഴി നടത്തിയ 57,000 വിലക്കയറ്റവിരുദ്ധ ചന്തകള്‍ വഴി 300 കോടിയിലേറെ രൂപയുടെ വിലക്കിഴിവാണ് കേരളീയര്‍ക്ക് നല്‍കിയത്. ഈ സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ പലിശ നയപ്രകാരം അഞ്ചുലക്ഷം വരെയുള്ള എല്ലാ വായ്പയ്ക്കും കുടിശ്ശികയായശേഷം പലിശ മുതലിനുതുല്യം മാത്രമേ ഈടാക്കുന്നുള്ളൂ. ആ ഇനത്തില്‍ 500 കോടിയിലേറെ രൂപ പലിശ സഹകരണബാങ്കുകള്‍ ഉപേക്ഷിച്ചു. കൂടാതെ മുന്‍വര്‍ഷങ്ങളിലെ ഫെബ്രുവരി മാസങ്ങളില്‍ നടത്തിയ കുടിശ്ശികനിവാരണം കേരളീയം പദ്ധതിവഴി 400 കോടിയില്‍പ്പരം രൂപയും പലിശയിനത്തില്‍ ഉപേക്ഷിച്ചിട്ടുണ്ട്. നബാര്‍ഡിന്റെ കാര്‍ഷികവായ്പ സബ്സിഡി പൂര്‍ണമായും നിര്‍ത്തലാക്കിയ കേരളത്തിന് ഏഴ് ശതമാനം പലിശയ്ക്ക് കാര്‍ഷികവായ്പയും നെല്‍ക്കൃഷിക്കാര്‍ക്ക് പലിശരഹിതവായ്പയും നല്‍കി. ഇങ്ങനെ പതിനായിരം കോടിയോളം രൂപ കാര്‍ഷികവായ്പ നല്‍കിയ ഇനത്തില്‍ 1500 കോടിയാണ് സഹകരണവകുപ്പ് കൃഷിക്കാര്‍ക്ക് നേരിട്ട് നല്‍കിയ പലിശ സബ്സിഡി.

ദേശാഭിമാനി 031210

1 comment:

  1. എല്‍ഡിഎഫ് അധികാരത്തില്‍വന്നശേഷം സഹകരണവകുപ്പ് മുഖേന 3850 കോടിയിലേറെ രൂപയുടെ ഇളവ് അനുവദിച്ചതായി മന്ത്രി ജി സുധാകരന്‍ പ്രസ്താവനയില്‍ പറഞ്ഞു. പലിശയിനത്തില്‍ മാത്രം അറുപതുകോടി രൂപയുടെ ഇളവ് സഹകരണവകുപ്പ് കേരളത്തിലെ കടലോര- ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് അനുവദിച്ചു. പിഴപ്പലിശ എട്ടുകോടി പൂര്‍ണമായും ഉപേക്ഷിച്ചു. വ്യവസ്ഥാപിത പലിശയായ 80 കോടി രൂപയില്‍ 60 കോടി രൂപയും ഉപേക്ഷിച്ചു. പട്ടികജാതി- വര്‍ഗ വിഭാഗങ്ങളുടെ 25,000 രൂപവരെയുള്ള വായ്പ എഴുതിത്തള്ളുന്നതിന്റെ ഭാഗമായി 100 കോടിയോളം രൂപ മുതലും പലിശയുമായി സഹകരണവകുപ്പ് എഴുതിത്തള്ളി.

    ReplyDelete