ലണ്ടന്‍: കഴിഞ്ഞവര്‍ഷം കോപ്പന്‍ഹേഗില്‍ ചേര്‍ന്ന യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ വിവിധരാജ്യങ്ങളെ സ്വാധീനിക്കാന്‍ അമേരിക്ക അവിഹിതമാര്‍ഗങ്ങള്‍ സ്വീകരിച്ചതായി വിക്കിലീക്ക്സ് വെളിപ്പെടുത്തല്‍. ദുര്‍ബലരാജ്യങ്ങള്‍ക്ക് ഫണ്ട് വാഗ്ദാനം ചെയ്ത് പ്രലോഭനം, രാഷ്ട്രീയഭീഷണികള്‍, പിന്‍വാതില്‍ നയതന്ത്രസമ്മര്‍ദങ്ങള്‍, ചാരവൃത്തി, സൈബര്‍ ആക്രമണം എന്നിവ വഴി രാജ്യങ്ങളെ വരുതിയിലാക്കാന്‍ അമേരിക്ക ശ്രമിച്ചെന്ന് വ്യക്തമാക്കുന്ന രേഖകളാണ് വിക്കിലീക്ക്സ് പുറത്തുവിട്ടത്. അമേരിക്കയുടെ പ്രതിരോധ-വിദേശവകുപ്പുകളുടെ സംയുക്ത ഇന്റര്‍നെറ്റ് സംവിധാനത്തില്‍നിന്ന് ചോര്‍ത്തിയ രേഖകളാണ് ഇവ.
വികസിതരാഷ്ട്രങ്ങളുടെ വ്യാവസായികതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഉതകുന്ന കരാറിന് രൂപംനല്‍കുന്നതിനെതിരായി ഉച്ചകോടിയില്‍ മൂന്നാംലോകരാജ്യങ്ങള്‍ ശക്തമായ ചെറുത്തുനില്‍പ്പ് സൃഷ്ടിച്ചിരുന്നു. ആഗോളതാപനത്തിന് ഉത്തരവാദികളായ സമ്പന്നരാഷ്ട്രങ്ങള്‍തന്നെ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ബഹുഭൂരിപക്ഷംവരുന്ന വികസ്വരരാജ്യങ്ങള്‍ വാദിച്ചു. ഇതേതുടര്‍ന്ന് ഉച്ചകോടി പരാജയത്തിലേക്ക് നീങ്ങുന്ന സ്ഥിതിവന്നപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ മുഖംരക്ഷിക്കാനായി അനൌപചാരികധാരണയ്ക്ക് ശ്രമിച്ചു. ഇതിന് പശ്ചാത്തലമൊരുക്കാന്‍ അമേരിക്ക കുത്സിതമാര്‍ഗങ്ങള്‍ അവലംബിച്ചതായാണ് വിക്കിലീക്ക്സ് പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നത്.
ഇപ്പോള്‍ മെക്സികോയിലെ കാന്‍കൂണില്‍ വീണ്ടും കാലാവസ്ഥാ ഉച്ചകോടിനടക്കുന്ന സാഹചര്യത്തില്‍ പുറത്തുവന്ന ഈ രേഖകള്‍ അമേരിക്കയെ ദുര്‍ഘടസന്ധിയില്‍ എത്തിച്ചിരിക്കയാണ്. ദരിദ്രരാജ്യങ്ങളെ സ്വാധീനിക്കാന്‍ അമേരിക്ക 3000 കോടി ഡോളറിന്റെ ഫണ്ട് സമാഹരിച്ചു. ഇതില്‍നിന്ന് അഞ്ച് കോടി ഡോളര്‍ വാഗ്ദാനം ചെയ്തതിനെതുടര്‍ന്ന് മാലദ്വീപ് വിദേശമന്ത്രി അഹ്മദ് ഷഹീദ് അമേരിക്കന്‍ നിലപാടിന് പിന്തുണ വാഗ്ദാനം ചെയ്ത് വിദേശസെക്രട്ടറി ഹിലരി ക്ളിന്റണ് കത്തെഴുതി. ഉച്ചകോടിയില്‍ നിര്‍ണായകനിലപാട് എടുത്ത രാജ്യങ്ങളുടെ പ്രതിനിധികളുടെ വ്യക്തിപരവും ജീവശാസ്ത്രപരവുമായ വിവരങ്ങള്‍ ശേഖരിച്ച് നല്‍കാന്‍ സിഐഎ അമേരിക്കന്‍ നയതന്ത്രജ്ഞര്‍ക്ക് നിര്‍ദേശം നല്‍കി. ചൈന, ഇന്ത്യ, ബ്രസീല്‍, ഫ്രാന്‍സ്, ജപ്പാന്‍, മെക്സികോ, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുടെ പ്രതിനിധികളാണ് ഇത്തരത്തില്‍ നിരീക്ഷണവിധേയരായത്. ഇവരുടെ ക്രഡിറ്റ് കാര്‍ഡ് നമ്പരുകള്‍, യാത്രാവിവരങ്ങള്‍, ഡിഎന്‍എ സവിശേഷതകള്‍ എന്നിവ ലഭ്യമാക്കാനാണ് സിഐഎ ആവശ്യപ്പെട്ടത്. 2009 ജൂലൈ 31നാണ് അമേരിക്കന്‍ നയതന്ത്രജ്ഞര്‍ക്ക് സിഐഎ ഇതിനുള്ള നിര്‍ദേശം നല്‍കിയത്. ബേസിക് ഗ്രൂപ്പ് (ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ഇന്ത്യ, ചൈന) രാജ്യങ്ങളെയാണ് അമേരിക്ക ഏറ്റവും കൂടുതല്‍ നിരീക്ഷിക്കുകയും സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്തത്. ഉച്ചകോടിക്ക് മുമ്പും ശേഷവും ബ്രസീല്‍ സംഘത്തിന്റെ തലവനെ അമേരിക്ക സമീപിച്ചതായി രേഖകള്‍ വ്യക്തമാക്കുന്നു.
2009 ജൂണ്‍ 19ന് അമേരിക്കയുടെ കാലാവസ്ഥാ പ്രതിനിധി ടോഡ് സ്റ്റേ ബീജിങ്ങില്‍ ചര്‍ച്ച നടത്തവെ അവിടത്തെ കംപ്യൂട്ടറുകളില്‍ നുഴഞ്ഞുകയറ്റമുണ്ടായി. അമേരിക്കന്‍ വിദേശവകുപ്പിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഈ സൈബര്‍ ആക്രമണം. എന്നാല്‍, ബീജിങ് ചര്‍ച്ചകൊണ്ടും അമേരിക്ക ലക്ഷ്യമിട്ടത് നേടാനായില്ല. വ്യത്യസ്ത താല്‍പ്പര്യങ്ങള്‍ പുലര്‍ത്തുന്ന രാജ്യങ്ങളായിട്ടും ബേസിക് ഗ്രൂപ്പ് ഉച്ചകോടിയില്‍ ഒത്തൊരുമയോടെ നിലകൊണ്ടത് മാതൃകാപരമാണെന്ന് അമേരിക്കയുടെ സഹദേശീയസുരക്ഷാ ഉപദേഷ്ടാവ് മൈക്കിള്‍ ഫ്രോമന്‍ വിലയിരുത്തുന്നു. അമേരിക്കയും യൂറോപ്യന്‍ യൂണിയനും ബേസിക് കൂട്ടായ്മയില്‍നിന്ന് പാഠം ഉള്‍ക്കൊള്ളണമെന്നും ഫ്രോമന്‍ വാഷിങ്ടണിലേക്ക് അയച്ച സന്ദേശത്തില്‍ പറയുന്നു.
വധഭീഷണിയുണ്ടെന്ന് അസാഞ്ചെ
ലണ്ടന്‍: അമേരിക്കന്‍ രഹസ്യരേഖകള്‍ പുറത്തുകൊണ്ടുവന്നതിനെതുടര്‍ന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് വിക്കിലീക്ക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെ. ബ്രിട്ടീഷ് പത്രം ഗാര്‍ഡിയന്റെ വെബ്സൈറ്റില്‍ വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയിലാണ് അസാഞ്ചെ വധഭീഷണി സ്ഥിരീകരിച്ചത്. രഹസ്യരേഖകള്‍ ചോര്‍ത്തിയത് അമേരിക്കന്‍ സൈനികന്‍ ബ്രാഡ്ലി മാനിങ് ആണെന്ന പെന്റഗണിന്റെ ആരോപണം ശരിയാണെങ്കില്‍ അദ്ദേഹം അതുല്യവീരനായകനാണെന്നും അസാഞ്ചെ പറഞ്ഞു. അതിനിടെ, വിക്കിലീക്ക്സ് വെളിപ്പെടുത്തിയ വിവരങ്ങള്‍ ഔദ്യോഗിക കംപ്യൂട്ടര്‍ശൃംഖലയില്‍ ലഭ്യമാകുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്ന് രാജ്യത്തെ വിവിധ ഏജന്‍സികള്‍ക്ക് അമേരിക്ക നിര്‍ദേശം നല്‍കി. അമേരിക്കന്‍ കോണ്‍ഗ്രസ് ലൈബ്രറി, വിദ്യാഭ്യാസ-വാണിജ്യ വകുപ്പുകളുടെ വെബ്സൈറ്റ് എന്നിവയില്‍ വിക്കിലീക്ക്സ് തടഞ്ഞു. രഹസ്യവിവരങ്ങള്‍ വായിക്കുകയോ ഡൌലോഡുചെയ്യുകയോ പ്രിന്റ് എടുക്കുകയോ ചെയ്യരുതെന്ന് ജീവനക്കാര്‍ക്ക് ഉത്തരവ് നല്‍കി.
അസെഞ്ചക്ക് വീണ്ടും വാറണ്ട്
ലണ്ടന്‍: അമേരിക്കന്‍ നയതന്ത്രരഹസ്യങ്ങള്‍ ചോര്‍ത്തിയ വിക്കിലീക്സിന്റെ സ്ഥാപകന്‍ ജൂലിയന്‍ അസഞ്ചക്കെതിരെ സ്വീഡന്‍ വീണ്ടും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ബ്രിട്ടീഷ് പൊലീസിന്റെ അഭ്യര്‍ത്ഥന പ്രകാരം നേരത്തെയുണ്ടായിരുന്ന ലൈംഗികാരോപണകേസില്‍ പുതിയ ചില വകുപ്പുകള്‍ കൂടി ചേര്‍ത്താണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. അസഞ്ചെയെ പത്തു ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്യാനാവുമെന്നാണ് ബ്രിട്ടീഷ് പൊലീസ് പറയുന്നത്. വിക്കിലീക്ക്സ് രജിസ്റ്റര്‍ ചെയ്തിരുന്ന അമേരിക്കന്‍ കമ്പനി പിന്‍മാറിയതിനെത്തുടര്‍ന്ന് വെബ്സൈറ്റിന് പുതിയ അഡ്രസ് നല്‍കിയിരുന്നു. ഫ്രാന്‍സും വിക്കിലീക്ക്സ് നിരോധിക്കാന്‍ നീക്കം നടത്തി. രാജ്യങ്ങളുടെ നയതന്ത്രരഹസ്യങ്ങള്‍ പുറത്താക്കുന്ന വെബ് സൈറ്റുകള്‍ രാജ്യത്ത് ലഭ്യമാവാതിരിക്കാന്‍ നടപടിയെടുക്കണമെന്ന് വ്യവസായമന്ത്രി എറിക് ബെന്‍സ നിര്‍ദേശിച്ചു. അസഞ്ചെയെ നിശബ്ദനാക്കാന്‍ കെട്ടിച്ചമച്ചുണ്ടാക്കിയതാണ് അറസ്റ്റ് വാറണ്ടെന്ന് അസഞ്ചെയുടെ അഭിഭാഷകന്‍ മാര്‍ക്ക് സ്റ്റീഫന്‍സന്‍ പറഞ്ഞു
ദേശാഭിമാനി 051210
കഴിഞ്ഞവര്‍ഷം കോപ്പന്‍ഹേഗില്‍ ചേര്‍ന്ന യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ വിവിധരാജ്യങ്ങളെ സ്വാധീനിക്കാന്‍ അമേരിക്ക അവിഹിതമാര്‍ഗങ്ങള്‍ സ്വീകരിച്ചതായി വിക്കിലീക്ക്സ് വെളിപ്പെടുത്തല്‍. ദുര്‍ബലരാജ്യങ്ങള്‍ക്ക് ഫണ്ട് വാഗ്ദാനം ചെയ്ത് പ്രലോഭനം, രാഷ്ട്രീയഭീഷണികള്‍, പിന്‍വാതില്‍ നയതന്ത്രസമ്മര്‍ദങ്ങള്‍, ചാരവൃത്തി, സൈബര്‍ ആക്രമണം എന്നിവ വഴി രാജ്യങ്ങളെ വരുതിയിലാക്കാന്‍ അമേരിക്ക ശ്രമിച്ചെന്ന് വ്യക്തമാക്കുന്ന രേഖകളാണ് വിക്കിലീക്ക്സ് പുറത്തുവിട്ടത്. അമേരിക്കയുടെ പ്രതിരോധ-വിദേശവകുപ്പുകളുടെ സംയുക്ത ഇന്റര്‍നെറ്റ് സംവിധാനത്തില്‍നിന്ന് ചോര്‍ത്തിയ രേഖകളാണ് ഇവ.
ReplyDelete