Friday, December 3, 2010

കേരളത്തിന്റെ പ്രതീക്ഷകള്‍ക്കു തിരിച്ചടി

കേരളത്തിന്റെ വൈദ്യുതി പ്രതീക്ഷകള്‍ക്കു തിരിച്ചടി

പെട്രോനെറ്റ് എല്‍എന്‍ജിയുടെ കൊച്ചി ടെര്‍മിനലിന് വേണ്ടി ഇറക്കുമതി ചെയ്യുന്ന പ്രകൃതിവാതകത്തിന് നാലിരട്ടി വില. പ്രകൃതി വാതകം ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്ന കേരളത്തിലെ വൈദ്യുതിനിലയങ്ങള്‍ക്ക് ഇത് തിരിച്ചടിയാകും. ഉയര്‍ന്ന വിലയ്ക്കുള്ള പ്രകൃതിവാതകം ഉപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിച്ചാല്‍ യൂണിറ്റിന് എട്ടുരൂപയോളം ചെലവുവരും. എല്‍എന്‍ജി (ദ്രവീകൃത പ്രകൃതി വാതകം) മുന്നില്‍ കണ്ടാണ് നിലവിലുള്ള താപനിലയങ്ങള്‍ പ്രകൃതിവാതകത്തിലേക്ക് മാറ്റുന്നതിനും പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതിനും കേരളം ഒരുങ്ങുന്നത്. ചീമേനി, ബ്രഹ്മപുരം എന്നിവയാണ് പുതിയ പദ്ധതികള്‍. കായംകുളത്ത് നിലവിലുള്ള 350 മെഗാവാട്ടിന്റെ പദ്ധതിക്ക് പുറമേ 1050 മെഗാവാട്ടിന്റെ പുതിയ നിലയംകൂടി നിര്‍മിക്കും. കായംകുളത്തെ നിലവിലുള്ള നാഫ്താ നിലയവും കൊച്ചിയിലെ 150 മെഗാവാട്ടിന്റെ ബിഎസ്ഇഎസ് നിലയവും പ്രകൃതിവാതകത്തിലേക്ക് മാറ്റി നേട്ടമുണ്ടാക്കാമെന്നും കണക്കുകൂട്ടലുണ്ട്.

ഇന്ത്യയില്‍ ലഭിക്കുന്ന പ്രകൃതിവാതകത്തേക്കാള്‍ നാലിരട്ടി വിലയ്ക്കാണ് ഓസ്ട്രേലിയയിലെ ഗോര്‍ഗണിലുള്ള എക്സോ മൊബില്‍ കോര്‍പറേഷനുമായി പെട്രോനെറ്റ് എല്‍എന്‍ജി കരാറുണ്ടാക്കിയത്. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ്ഓയില്‍ വിലയുടെ 14.5 ശതമാനമാണ് പ്രകൃതി വാതകത്തിന് ഓസ്ട്രേലിയന്‍ കമ്പനി നിശ്ചയിച്ച നിരക്ക്. ക്രൂഡ്ഓയില്‍ വില ഉയരുന്നതിനനുസരിച്ച് പ്രകൃതി വാതകത്തിന്റെ വിലയും കൂടും. ബാരല്‍ ക്രൂഡ്ഓയിലിന് 85 ഡോളറാണ് ഇപ്പോഴത്തെ വില. അതനുസരിച്ച്, ഒരു ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റ് (എംഎംബിടിയു) പ്രകൃതി വാതകത്തിന് 12.5 ഡോളര്‍ വിലവരും. പെട്രോനെറ്റും എന്‍ടിപിസിയും തമ്മിലുള്ള കരാറിലാണ് വില വ്യക്തമാക്കിയിട്ടുള്ളത്.

ഗെയില്‍, ഒഎന്‍ജിസി, ഐഒസിഎല്‍, ബിപിസിഎല്‍ എന്നീ കേന്ദ്ര പൊതുമേഖലാ കമ്പനികളുടെ സംയുക്ത സംരംഭമാണ് പെട്രോനെറ്റ് എല്‍എന്‍ജി. ഓസ്ട്രേലിയയില്‍ നിന്ന് ഈ പ്രകൃതിവാതകം കൊച്ചിയില്‍ എത്തുമ്പോള്‍ ദ്രവീകരണനിരക്കും കടത്തുകൂലിയും വീണ്ടും വാതകമാക്കാനുള്ള ചെലവും അടക്കം വില യൂണിറ്റിന് 15 ഡോളറിലെത്തും. ഈ നിരക്കില്‍ കിട്ടുന്ന പ്രകൃതിവാതകം ഉപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുമ്പോള്‍ വരുന്ന ചെലവ് യൂണിറ്റിന് എട്ടു രൂപയോളം വരും. നാഫ്ത ഉപയോഗിച്ച് ഒരു യൂണിറ്റ് വൈദ്യുതി ഉണ്ടാക്കാന്‍ ഇപ്പോള്‍ ഒമ്പതു രൂപ വേണം. പ്രകൃതി വാതകത്തിലേക്ക് മാറിയാലും കാര്യമായ ലാഭമുണ്ടാകില്ലെന്നാണ് സൂചന.

ഗുജാത്തിലെ എല്‍എന്‍ജി ടെര്‍മിനലിന് 2.4 ഡോളര്‍ നിരക്കിലാണ് ഇറാഖില്‍ നിന്ന് പ്രകൃതി വാതകം ലഭിക്കുന്നത്. 2012 വരെയുള്ള കരാറുള്ളതിനാലാണ് ഈ നിരക്കെന്നും അതിനുശേഷം അവിടെയും വര്‍ധന വരുമെന്നുമാണ് പെട്രോനെറ്റ് എല്‍എന്‍ജി അധികൃതര്‍ പറയുന്നത്. ആഭ്യന്തരമായി ഒഎന്‍ജിസിക്കും റിലയന്‍സ് അടക്കമുള്ള ചില കുത്തകകള്‍ക്കും ഇന്ത്യയില്‍ പ്രകൃതിവാതക പ്ളാന്റുകളുണ്ട്. അവിടെനിന്നുള്ള വാതകത്തിന് 4.2 ഡോളര്‍ മാത്രം വിലയുള്ളപ്പോഴാണ്് സംസ്ഥാനത്തിന് വന്‍വിലയ്ക്ക് പ്രകൃതിവാതകം വാങ്ങേണ്ടിവരുന്നത്്. ഈ വിലയ്ക്ക് പ്രകൃതിവാതകം വാങ്ങി ഉപയോഗിച്ചാല്‍ വൈദ്യുതി ഉല്‍പ്പാദനച്ചെലവ് കുതിച്ചുയരുമെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്ന നിരക്കില്‍ വൈദ്യുതി നല്‍കാന്‍ കഴിയാത്ത സ്ഥിതിവരും- അദ്ദേഹം പറഞ്ഞു.
(ആര്‍ സാംബന്‍)

സംസ്ഥാനത്തിന്റെ പദ്ധതി കേന്ദ്രം തള്ളി


വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ റേഷന്‍കട വഴി നിത്യോപയോഗസാധനം വിതരണം ചെയ്യാനുള്ള സംസ്ഥാനസര്‍ക്കാര്‍ പദ്ധതി കേന്ദ്രം തള്ളി. 337 കോടി ചെലവുള്ള പദ്ധതിയില്‍ 84.25 കോടിയുടെ കേന്ദ്രസഹായമാണ് സംസ്ഥാനം ചോദിച്ചത്. എന്നാല്‍ കൂടുതല്‍ അരിയും ഗോതമ്പും അനുവദിച്ചിട്ടുണ്ടെന്നും കൂടുതലായി ഒന്നും തരാന്‍ കഴിയില്ലെന്നുമുള്ള മറുപടിയാണ് കേന്ദ്രമന്ത്രിയില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന് ലഭിച്ചത്. പയര്‍വര്‍ഗങ്ങളം വറ്റല്‍മുളകും അടക്കമുള്ള നിത്യോപയോഗസാധനങ്ങള്‍ റേഷന്‍കട വഴി വിതരണം ചെയ്യുന്നതിനാണ് കേരളം പദ്ധതി തയാറാക്കിയിരുന്നത്. ഇതില്‍ 75 ശതമാനവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. ഇതിനായി സംസ്ഥാന ആസൂത്രണ ബോര്‍ഡിനെ സമീപിച്ചിട്ടുണ്ട്. ബാക്കി തുകയ്ക്ക് കേന്ദ്രസഹായം ലഭിക്കണമെന്നാണ് ആവശ്യപ്പെട്ടത്.

താലൂക്കുതലത്തില്‍ 55 ഗോഡൌണുകള്‍ വാടകയക്കെടുത്ത് പായ്ക്കിങ്ങ് നടത്തി സാധനങ്ങള്‍ റേഷന്‍കടയിലെത്തിക്കും. പായ്ക്കിങ്ങ് ചുമതല സ്ത്രീകളുടെ സ്വാശ്രയ സംഘങ്ങള്‍ക്ക് നല്‍കാനും പദ്ധതി വിഭാവനം ചെയ്തിരുന്നു. ഗോഡൌണ്‍ വാടകയിനത്തില്‍ 13 ലക്ഷവും പാക്കിങ്ങ് ഇനത്തില്‍ രണ്ടു കോടിയും നിത്യോപയോഗസാധനങ്ങള്‍ സമാഹരിക്കുന്നതിന് 328 കോടിയും ചെലവും കണക്കാക്കി. ഗോഡൌണുകളില്‍ നിന്നുള്ള വിതരണം സുഗമമാക്കാന്‍ 110 ജീവനക്കാരെ പുതുതായി നിയമിക്കാന്‍ തീരുമാനിച്ചിരുന്നു. പൊതു വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാന്‍ ഈ ഇടപെടലിലൂടെ കഴിയുമെന്ന് സംസ്ഥാന ഭക്ഷ്യ വകുപ്പ് കേന്ദ്രത്തെ അറിയിച്ചിരുന്നു. ഭക്ഷ്യക്കമ്മിയുള്ള കേരളം 75 ശതമാനം നിത്യോപയോഗ സാധനങ്ങള്‍ക്കും അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കുകയാണെന്ന് ഭക്ഷ്യമന്ത്രി സി ദിവാകരന്‍ കേന്ദ്രമന്ത്രി ശരദ്പവാറിന് നല്‍കിയ നിവേദനത്തില്‍ പറഞ്ഞിരുന്നു.

ദേശാഭിമാനി 031210

1 comment:

  1. പെട്രോനെറ്റ് എല്‍എന്‍ജിയുടെ കൊച്ചി ടെര്‍മിനലിന് വേണ്ടി ഇറക്കുമതി ചെയ്യുന്ന പ്രകൃതിവാതകത്തിന് നാലിരട്ടി വില. പ്രകൃതി വാതകം ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്ന കേരളത്തിലെ വൈദ്യുതിനിലയങ്ങള്‍ക്ക് ഇത് തിരിച്ചടിയാകും. ഉയര്‍ന്ന വിലയ്ക്കുള്ള പ്രകൃതിവാതകം ഉപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിച്ചാല്‍ യൂണിറ്റിന് എട്ടുരൂപയോളം ചെലവുവരും. എല്‍എന്‍ജി (ദ്രവീകൃത പ്രകൃതി വാതകം) മുന്നില്‍ കണ്ടാണ് നിലവിലുള്ള താപനിലയങ്ങള്‍ പ്രകൃതിവാതകത്തിലേക്ക് മാറ്റുന്നതിനും പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതിനും കേരളം ഒരുങ്ങുന്നത്. ചീമേനി, ബ്രഹ്മപുരം എന്നിവയാണ് പുതിയ പദ്ധതികള്‍. കായംകുളത്ത് നിലവിലുള്ള 350 മെഗാവാട്ടിന്റെ പദ്ധതിക്ക് പുറമേ 1050 മെഗാവാട്ടിന്റെ പുതിയ നിലയംകൂടി നിര്‍മിക്കും. കായംകുളത്തെ നിലവിലുള്ള നാഫ്താ നിലയവും കൊച്ചിയിലെ 150 മെഗാവാട്ടിന്റെ ബിഎസ്ഇഎസ് നിലയവും പ്രകൃതിവാതകത്തിലേക്ക് മാറ്റി നേട്ടമുണ്ടാക്കാമെന്നും കണക്കുകൂട്ടലുണ്ട്.

    ReplyDelete