Tuesday, December 7, 2010

വിദ്യാഭ്യാസം: കേന്ദ്രം ഉണരണം

വിദ്യാഭ്യാസമേഖലയെ തകര്‍ക്കുന്ന നയങ്ങള്‍ മാറ്റിയേ തീരൂ എന്ന സന്ദേശമാണ് കഴിഞ്ഞദിവസം പാര്‍ലമെന്റിനുമുന്നില്‍ അലയടിച്ച ജനകീയമാര്‍ച്ച് യുപിഎ സര്‍ക്കാരിന് നല്‍കുന്നത്. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, സര്‍വകലാശാലാജീവനക്കാര്‍, രക്ഷിതാക്കള്‍, യുവജനങ്ങള്‍ തുടങ്ങി ആബാലവൃദ്ധം അണിനിരന്ന മാര്‍ച്ചിന് 15 സംഘടനയുടെ സംയുക്തവേദിയായ നാഷണല്‍ ഫോറം ഇന്‍ ഡിഫന്‍സ് ഓഫ് എഡ്യൂക്കേഷ (ദേശീയ വിദ്യാഭ്യാസ സംരക്ഷണസമിതി) നാണ് നേതൃത്വം നല്‍കിയത്.

ഒന്നാം യുപിഎ സര്‍ക്കാരിന്റെ പൊതുമിനിമം പരിപാടിയില്‍ ഉറപ്പുനല്‍കിയതുപോലെ വിദ്യാഭ്യാസത്തിനായി ജിഡിപിയുടെ ആറു ശതമാനം അനുവദിക്കുക എന്നതാണ് മാര്‍ച്ചില്‍ ഉയര്‍ത്തിയ പ്രധാന മുദ്രാവാക്യം. പ്രീ പ്രൈമറിമുതല്‍ സീനിയര്‍ സെക്കന്‍ഡറിവരെയുള്ള വിദ്യാഭ്യാസം വിദ്യാഭ്യാസാവകാശ നിയമത്തിന്റെ കീഴിലാക്കുക, വിദ്യാഭ്യാസാവകാശ നിയമം നടപ്പാക്കാനുള്ള ചെലവു മുഴുവന്‍ കേന്ദ്രസര്‍ക്കാര്‍ വഹിക്കുക, ശക്തമായ സാമൂഹ്യ നിരീക്ഷണ സംവിധാനംഉറപ്പാക്കി സ്കൂളുകളുടെ എണ്ണം വര്‍ധിപ്പിക്കുക, നിലവാരമുള്ള അധ്യാപകരെ നിയമിക്കുക, അധ്യാപക-അനധ്യാപക തസ്തികകളിലെ നിയമനം മരവിപ്പിച്ചത് റദ്ദാക്കുക, കരാര്‍ വ്യവസ്ഥയില്‍ നിയമിക്കപ്പെട്ട അധ്യാപകരെയും ഉദ്യോഗസ്ഥരെയും സ്ഥിരപ്പെടുത്തുക, പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ പേരില്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെയും മാനേജ്മെന്റുകളെയും സ്വകാര്യ മേഖലയിലേക്ക് കൈമാറുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മാര്‍ച്ചില്‍ മുഴങ്ങിയത്.

നിയന്ത്രണമില്ലാതെ ഫീസ് വര്‍ധിപ്പിക്കുന്ന പ്രവണത തടയണം എന്നത് മറ്റൊരാവശ്യമാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണമായും സബ്സിഡി നല്‍കുക, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എസ്സി/എസ്ടി/ഒബിസി വിഭാഗങ്ങള്‍ക്ക് സംവരണം നടപ്പാക്കുക എന്നിങ്ങനെയുള്ള സുപ്രധാന ആവശ്യങ്ങള്‍ ഉയര്‍ത്തുന്നതിനൊപ്പം വിദ്യാഭ്യാസരംഗത്ത് നേരിട്ടുള്ള വിദേശ നിക്ഷേപത്തെ (എഫ്ഡിഐ) എതിര്‍ക്കുമെന്ന പ്രഖ്യാപനവും മാര്‍ച്ചില്‍ ഉണ്ടായി. വിദ്യാഭ്യാസം രാജ്യത്തിന്റെ മുന്നോട്ടേക്കുള്ള വഴിയാണ്. അത് നിര്‍വിഘ്നം തുറക്കപ്പെടണമെങ്കില്‍ ഗവമെന്റ് മനസ്സുവച്ചേ മതിയാകൂ. മാര്‍ച്ചില്‍ ഉയര്‍ത്തിയ ആവശ്യങ്ങള്‍ അവധാനതയോടെ പരിശോധിക്കാനും നടപടിയിലേക്ക് നീങ്ങാനും യുപിഎ സര്‍ക്കാര്‍ ഒട്ടും അമാന്തം കാണിക്കരുത്.

ദേശാഭിമാനി 071210

1 comment:

  1. ഒന്നാം യുപിഎ സര്‍ക്കാരിന്റെ പൊതുമിനിമം പരിപാടിയില്‍ ഉറപ്പുനല്‍കിയതുപോലെ വിദ്യാഭ്യാസത്തിനായി ജിഡിപിയുടെ ആറു ശതമാനം അനുവദിക്കുക എന്നതാണ് മാര്‍ച്ചില്‍ ഉയര്‍ത്തിയ പ്രധാന മുദ്രാവാക്യം. പ്രീ പ്രൈമറിമുതല്‍ സീനിയര്‍ സെക്കന്‍ഡറിവരെയുള്ള വിദ്യാഭ്യാസം വിദ്യാഭ്യാസാവകാശ നിയമത്തിന്റെ കീഴിലാക്കുക, വിദ്യാഭ്യാസാവകാശ നിയമം നടപ്പാക്കാനുള്ള ചെലവു മുഴുവന്‍ കേന്ദ്രസര്‍ക്കാര്‍ വഹിക്കുക, ശക്തമായ സാമൂഹ്യ നിരീക്ഷണ സംവിധാനംഉറപ്പാക്കി സ്കൂളുകളുടെ എണ്ണം വര്‍ധിപ്പിക്കുക, നിലവാരമുള്ള അധ്യാപകരെ നിയമിക്കുക, അധ്യാപക-അനധ്യാപക തസ്തികകളിലെ നിയമനം മരവിപ്പിച്ചത് റദ്ദാക്കുക, കരാര്‍ വ്യവസ്ഥയില്‍ നിയമിക്കപ്പെട്ട അധ്യാപകരെയും ഉദ്യോഗസ്ഥരെയും സ്ഥിരപ്പെടുത്തുക, പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ പേരില്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെയും മാനേജ്മെന്റുകളെയും സ്വകാര്യ മേഖലയിലേക്ക് കൈമാറുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മാര്‍ച്ചില്‍ മുഴങ്ങിയത്.

    ReplyDelete