കൊച്ചി: വ്യാജരേഖയുണ്ടാക്കി ജോലി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ജോയിന്റ് കൌസില്‍ നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ മറുപടി പറയേണ്ടത് ജോയിന്റ് കൌസില്‍ നേതാക്കളാണെന്ന് റവന്യൂമന്ത്രി കെപി രാജേന്ദ്രന്‍ പറഞ്ഞു. കേസില്‍ ലാന്റ് റവന്യൂ കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തും. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ തന്നെ എഡിഎമ്മിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ആലുവ പ്രസ് ഫോറം സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കലക്ടറെ മാറ്റി ക്രൈംബ്രാഞ്ച് അന്വേഷിക്കണം: ഡിവൈഎഫ്ഐ
തിരു: വയനാട്ടിലെ നിയമന തട്ടിപ്പിനെക്കുറിച്ച് ജില്ലാകലക്ടറെ മാറ്റി നിര്‍ത്തി ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തട്ടിപ്പിനു പിന്നില്‍ വന്‍ഗൂഢാലോചന ഉണ്ടെന്നു സംശയിക്കുന്ന സാഹചര്യത്തില്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷിച്ച് എല്ലാ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. അന്വേഷണപരിധിയില്‍ വയനാട് കലക്ടറും എഡിഎമ്മും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തണം. വയനാട്ടിലെ നിയമനം കലക്ടര്‍ അറിഞ്ഞില്ലെന്നു പറയുന്നത് വിശ്വസിക്കാനാവില്ല. തട്ടിപ്പ് പുറത്തുവന്ന ദിവസം രാവിലെ തന്നെ കലക്ടര്‍ക്ക് വിവരം ലഭിച്ചിട്ടും രാത്രി ഏഴിനാണ് പൊലീസിന് പരാതി നല്‍കിയത്. ഈദിവസം വൈകിട്ട് അഞ്ചുവരെ സംഭവത്തിലെ സൂത്രധാരനെന്നു കരുതുന്ന അഭിലാഷ് പിള്ള ഓഫീസിലുണ്ടായിരുന്നു. കലക്ടര്‍ നേരത്തെ പരാതി നല്‍കിയിരുന്നെങ്കില്‍ അന്നുതന്നെ അഭിലാഷിനെ അറസ്റുചെയ്യാമായിരുന്നു.
വ്യാജന്മാര്‍ കയറിപ്പറ്റിയതുമൂലം ജോലി നഷ്ടപ്പെട്ട അര്‍ഹരായവര്‍ക്ക് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കണം. ഭാവിയില്‍ ഇത്തരം തട്ടിപ്പുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കുറ്റമറ്റ സംവിധാനം ഏര്‍പ്പെടുത്തണം. അന്വേഷണത്തെ ബാധിക്കാതിരിക്കാനും തെളിവുകള്‍ നശിപ്പിക്കാതിരിക്കാനും കലക്ടര്‍ ഉള്‍പ്പെടെയുള്ളവരെ മാറ്റിനിര്‍ത്തണം. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കിയതായും രാജേഷ് പറഞ്ഞു. സംസ്ഥാന ട്രഷറര്‍ വി വി രമേശനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ സംസ്ഥാനത്ത് നടന്ന നിയമനങ്ങള്‍ പരിശോധിക്കണമെന്ന് ജോയിന്റ് കൌണ്‍സില്‍ ചെയര്‍മാന്‍ കെ എല്‍ സുധാകരനും ജനറല്‍ സെക്രട്ടറി സി ആര്‍ ജോസ്പ്രകാശും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പിഎസ്സി നിയമനങ്ങള്‍ക്കെല്ലാം സര്‍ക്കാര്‍ ഓഡിറ്റ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി കെ രാജന്‍ ആവശ്യപ്പെട്ടു.
എഡിഎമ്മിനും ശിരസ്തദാര്‍ക്കും സസ്പെന്‍ഷന്‍
തിരു/കല്‍പറ്റ: വയനാട്ടിലെ നിയമനത്തട്ടിപ്പ് സംബന്ധിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്ത്രേട്ടിന്റെ ചുമതലയുള്ള ഡപ്യൂട്ടി കലക്ടര്‍ (ജനറല്‍) കെ വിജയന്‍, ഹുസൂര്‍ ശിരസ്തദാര്‍ പി കെ പ്രഭാവതി എന്നിവരെ സര്‍ക്കാര്‍ സസ്പെന്റ് ചെയതു. വ്യാജ ഉത്തരവുമായി ജോലിയില്‍ പ്രവേശിച്ച എട്ട് പേരെയും പുറത്താക്കാനും ഇവര്‍ക്കെതിരെ സിവില്‍ -ക്രിമിനല്‍ ചട്ടങ്ങളനുസരിച്ച് നടപടിയെടുക്കാനും സര്‍ക്കാരിനുണ്ടായ സാമ്പത്തിക നഷ്ടം ഈടാക്കാനും ഉത്തരവായി. വയനാട്ടിലെ അഞ്ചുകുന്ന് വില്ലേജ് അസിസ്റ്റന്റ് ശബരിനാഥ്, ബത്തേരി താലൂക്ക് ഓഫീസിലെ എല്‍ഡി ക്ളാര്‍ക്ക് കണ്ണന്‍, മാനന്തവാടി താലൂക്ക് ഓഫീസിലെ എല്‍ഡി ക്ളാര്‍ക്ക് ജ്യോതി (മൂവരും സഹോദരങ്ങള്‍), വാളാട് വില്ലേജ് അസിസ്റ്റന്റ് കെ വി വിമല്‍, പനമരം വില്ലേജ് അസിസ്റ്റന്റ പ്രേംജിത്ത്, മാനന്താവാടി റിസര്‍വ്വേ അസി. ഡയറക്ടര്‍ ഓഫിസിലെ ഗോപകുമാര്‍, ബത്തേരി സര്‍വ്വേ സൂപണ്ട്ര് ഓഫീസിലെ സൂരജ് എസ് കൃഷ്ണ, ബത്തേരി താലൂക്ക് ഓഫീസിലെ കെ വി ഷംസീറ എന്നിവരെയാണ് പുറത്താക്കിയത്.
സംഭവത്തെപറ്റി അന്വേഷിക്കാന്‍ ലാന്റ് റവന്യൂ കമ്മീഷണര്‍ കെ ആര്‍ മുരളീധരനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. ഇദ്ദേഹം വയനാട് കലക്ടറേറ്റിലെത്തി നേരിട്ട് അന്വേഷണം നടത്തി നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡപ്യൂട്ടി കലക്ടറെയും ശിരസ്തദാറെയും സസ്പന്റ് ചെയ്തത്. അതിനിടെ, വ്യാജമായി സര്‍ക്കാര്‍ ജോലി സമ്പാദിച്ച പരവൂര്‍ പൂതക്കുളം വലിയവിള പുത്തന്‍വീട്ടില്‍ ദിനേശ്കുമാറിന്റെ ഭാര്യ എ ആര്‍ ജ്യോതിയെ വയനാട് പൊലീസ് തിങ്കളാഴ്ച കസ്റ്റഡിയിലെടുത്തു. കൂടുതല്‍ അന്വേഷണത്തിന് അവരെ വയനാട്ടിലേക്ക് കൊണ്ടുപോയി. ജ്യോതിയുടെ സഹോദരങ്ങളും വ്യാജനിയമനം ലഭിച്ചവരുമായ അഞ്ചല്‍ കമലവിലാസത്തില്‍ കണ്ണന്‍, ശബരിനാഥ് എന്നിവര്‍ ഒളിവിലാണ്. വയനാട്ടില്‍നിന്നുള്ള പൊലീസ് സംഘം നിയമനത്തട്ടിപ്പിലെ സൂത്രധാരനെന്നു കരുതുന്ന അഭിലാഷ് എസ് പിള്ളയെ അന്വേഷിച്ച് നെടുമങ്ങാട്ട് എത്തി. ഇയാളുടെ കൂട്ടാളികളെന്ന് കരുതുന്ന അഞ്ചല്‍ പനയഞ്ചേരി പ്ളാവേലിവീട്ടില്‍ അജിത്, സഹായി ചന്ദ്രചൂഡന്‍ എന്നിവര്‍ക്കുവേണ്ടിയും തെരച്ചില്‍ ഊര്‍ജിതമാക്കി.
വ്യാജനിയമനതട്ടിപ്പിന്റെ കേന്ദ്രം മാനന്തവാടിയും കൊല്ലവുമാണെന്ന് സൂചന ലഭിച്ചു. കൊല്ലം കേന്ദ്രീകരിച്ചാണ് തട്ടിപ്പുസംഘം പ്രവര്‍ത്തിച്ചത്. രേഖകള്‍ കൃത്രിമമായി സൃഷ്ടിച്ചത് മാനന്തവാടിയിലാണെന്നാണ് വിവരം. തട്ടിപ്പ് പുറത്തായ ശേഷം അഭിലാഷ് എസ് പിള്ളയ്ക്ക് രക്ഷപ്പെടാന്‍ ചില ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചതായും ആരോപണമുയര്‍ന്നു. വെള്ളിയാഴ്ച വൈകിട്ട് സസ്പന്‍ഡ് ചെയ്യപ്പെട്ട ഇദ്ദേഹത്തെ വാഹനത്തില്‍ രക്ഷപ്പെടുത്തിയ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. നിയമന തട്ടിപ്പ് പുറത്തായതോടെ പണം നല്‍കിയവരോട് രക്ഷപ്പെടാന്‍ അഭിലാഷ് പിള്ള മൊബൈലിലൂടെ സന്ദേശമയച്ചതായി കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ 2.30നാണ് മൊബൈല്‍ ഫോണിലൂടെ 'നമ്മുടെ പദ്ധതി പൊളിഞ്ഞു. ഉടന്‍ രക്ഷപ്പെടുക' എന്ന സന്ദേശം അയച്ചത്. അതേസമയം അഭിലാഷും പിഎസ്സി രേഖയില്‍ കൃത്രിമം കാട്ടിയാണ് നിയമനം നേടിയതെന്ന് സംശയമുയര്‍ന്നിട്ടുണ്ട്.
എല്ലാ ജില്ലയിലെയും നിയമനം പരിശോധിക്കണം: പിഎസ്സി
വ്യാജരേഖകള്‍ നിര്‍മിച്ച് വയനാട്ടില്‍ ഏതാനുംപേര്‍ സര്‍ക്കാര്‍ജോലി നേടിയതുപോലുള്ള കൃത്രിമം മറ്റു ജില്ലയിലും മറ്റ് വകുപ്പുകളിലും ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് പിഎസ്സി യോഗം സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. ഏതുവര്‍ഷം മുതലുള്ള നിയമനങ്ങള്‍ പരിശോധിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കണം. സര്‍ക്കാര്‍ സര്‍വീസിലേക്കുള്ള നിയമനം ചട്ടപ്രകാരം നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ വാര്‍ഷിക ഓഡിറ്റ് നടത്താന്‍ പിഎസ്സിക്ക് അനുമതി നല്‍കണം. ഭരണഘടനാസ്ഥാപനമെന്ന നിലയില്‍ ഓഡിറ്റിങ്ങിന്റെ ചുമതല പിഎസ്സിക്ക് നിര്‍വഹിക്കാനാകുമെന്ന് ചെയര്‍മാന്‍ കെ വി സലാഹുദീന്‍ യോഗത്തിനുശേഷം വാര്‍ത്താലേഖകരോട് പറഞ്ഞു.
നിലവിലുള്ള വ്യവസ്ഥയനുസരിച്ച് പിഎസ്സി നിയമനോപദേശം (അഡ്വൈസ്) നല്‍കിയവരെതന്നെയാണ് അതത് വകുപ്പിന്റെ നിയമനാധികാരികള്‍ നിയമിച്ചിട്ടുള്ളതെന്ന് ഉറപ്പുവരുത്താന്‍ കമീഷന് മാര്‍ഗങ്ങളില്ല. ഇതു പരിഹരിക്കാന്‍ പ്രത്യേക ഓഡിറ്റിങ് വേണം. ഒഴിവ് റിപ്പോര്‍ട്ടുചെയ്യല്‍, താല്‍ക്കാലികനിയമനം തുടങ്ങിയവയടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ ഈ സംവിധാനത്തിന് കഴിയും. പിഎസ്സി നല്‍കിയ നിയമനോപദേശക്കത്ത് (അഡ്വൈസ് മെമ്മോ) മാറ്റിയാണ് പുതിയ പേരുകള്‍ വയനാട് കലക്ടറേറ്റില്‍ കൂട്ടിച്ചേര്‍ത്തത്. ജില്ലാ പിഎസ്സി ഓഫീസറുടെ ഒപ്പുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നിയമനോപദേശം നല്‍കുന്നതുവരെയുള്ള കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനും നടപടി സ്വീകരിക്കുന്നതിനും മാത്രമേ നിലവിലുള്ള ചട്ടപ്രകാരം പിഎസ്സിക്ക് കഴിയൂ. ഈ കാര്യങ്ങള്‍ പരിശോധിക്കുന്നതിന് പ്രത്യേക വിഭാഗം പിഎസ്സിക്കുണ്ട്. വയനാട് സംഭവത്തില്‍ പിഎസ്സിയുടെ ഭാഗത്തുനിന്ന് ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. സംഭവത്തിന്റെ പേരില്‍ കോഴിക്കോട് പിഎസ്സി ഓഫീസില്‍ ഒരു വിഭാഗം നടത്തിയ ആക്രമണം അങ്ങേയറ്റം അപലപനീയമാണെന്ന് ചെയര്‍മാന്‍ പറഞ്ഞു. യഥാര്‍ഥ കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമമാണോ ഇതെന്ന് സംശയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അഭിലാഷും വ്യാജനെന്ന് സംശയം
കല്‍പ്പറ്റ: നിയമനതട്ടിപ്പിന്റെ മുഖ്യസൂത്രധാരനായ അഭിലാഷ് എസ് പിള്ളയും ജോലിനേടിയത് തട്ടിപ്പിലൂടെയാണെന്ന് സൂചന. തട്ടിപ്പിനെപ്പറ്റിയുള്ള അന്വേഷണത്തില്‍ വ്യാജ സര്‍ക്കാരുദ്യോഗസ്ഥരെ സൃഷ്ടിച്ച അഭിലാഷും വ്യാജനാണെന്ന് സംശയമുയരുന്നു. കലക്ടറേറ്റില്‍ അഭിലാഷിന്റെ നിയമനം സംബന്ധിച്ച രേഖകളില്ല. സര്‍വ്വീസ് ബുക്ക് പരിശോധിച്ചപ്പോഴാണ് ഇക്കാര്യം പുറത്തു വന്നത്. സര്‍വ്വീസ്ബുക്കില്‍ ആദ്യപേജില്‍ പിഎസ്സി ഹാള്‍ടിക്കറ്റ്പതിക്കണം. ഫോട്ടോപതിച്ച ഹാള്‍ടിക്കറ്റില്‍ അഭിലാഷിന്റെ പടം കീറിയെടുത്തതായി കണ്ടെത്തി. കൂടുതല്‍ അന്വേഷണത്തിന് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്നാണ് അധികൃതരുടെ നിലപാട്. ബികോം ബിരുദധാരിയായ അഭിലാഷ് 2004-ല്‍ നെടുമങ്ങാട് റവന്യുറിക്കവറി ഓഫീസില്‍ എല്‍ഡിക്ളര്‍ക്കായാണ് ജോലിക്ക് ചേര്‍ന്നത്. മൂന്ന്വര്‍ഷത്തിന്ശേഷം വയനാട്ടില്‍ യുഡിക്ളര്‍ക്കായി. ഉന്നതങ്ങളിലെ സ്വാധീനവും ഇടപെടലും വഴി കലക്ടറേറ്റിലെ പ്രധാനപ്പെട്ട എ വസെക്ഷനിലേക്ക് മാറ്റംകിട്ടി. സെക്ഷനില്‍ നിയമനകാര്യങ്ങള്‍ സംബന്ധിച്ച എല്ലാകാര്യങ്ങളും തന്റെ അധീനതയിലാക്കിയാണ് അഭിലാഷ് തട്ടിപ്പിന് കളമൊരുക്കിയത്.
കലക്ടര്‍ അറിയാതെ നിയമനം അംഗീകരിച്ചത് എഡിഎം
കല്‍പ്പറ്റ: വയനാട്ടില്‍ തട്ടിപ്പിലൂടെ ജോലിനേടിയ കൊല്ലം അഞ്ചല്‍ സ്വദേശി കെ കണ്ണന്റെ നിയമനം അംഗീകരിച്ച് ഉത്തരവിറക്കിയത് വയനാട് ഡപ്യൂട്ടി കലക്ടര്‍ ജനറല്‍ (എഡിഎം) കെ വിജയന്‍. ജില്ലാകലക്ടര്‍ ഇറക്കേണ്ട ഉത്തരവാണ് എഡിഎം കെ വിജയന്‍ വഴിവിട്ട് ഇറക്കിയത്. കഴിഞ്ഞ ജൂലൈ 13നാണ് കണ്ണന്റെ നിയമനം അംഗീകരിച്ച് എഡിഎം സ്വന്തം നിലയ്ക്ക് ഒപ്പിട്ട് ഉത്തരവിറക്കിയത്. കണ്ണന്റെ നിയമനത്തിനുള്ള രേഖ പരിശോധിച്ച് ജോലിയില്‍ പ്രവേശിപ്പിച്ചതായി 2010/04/12/എ 1 എന്ന നമ്പറിലുള്ള ഉത്തരവില്‍ പറയുന്നു. സര്‍വീസ് ചട്ടപ്രകാരം വയനാട് ജില്ലാകലക്ടര്‍ നടപടിക്രമം (ഹാജര്‍ ടി ഭാസ്കരന്‍) എന്നെഴുതി കലക്ടറാണ് ഉത്തരവിറക്കേണ്ടത്. അതേസമയം, കലക്ടര്‍ സ്വന്തംപേരില്‍ ഇറക്കി അതില്‍ ഉത്തരവിന്‍പ്രകാരം എന്നെഴുതിയാല്‍ എഡിഎമ്മിന് ഉത്തരവിറക്കാം. എന്നാല്‍ എഡിഎം ഉത്തരവിറക്കിയത് ഡപ്യൂട്ടികലക്ടര്‍ ജനറല്‍ (ഹാജര്‍: കെ വിജയന്‍) എന്ന പേരിലാണ്. സര്‍വീസ് നിയമങ്ങളുടെയും ചട്ടങ്ങളുടെയും നഗ്നമായ ലംഘനമാണിത്.
കണ്ണന്റെ രേഖകള്‍ പരിശോധിച്ച് ബത്തേരി താലൂക്ക് ഓഫീസില്‍ നിലവില്‍ ഒഴിവുള്ള എല്‍ഡിസി തസ്തികയില്‍ നിയമിച്ച് ഉത്തരവാകുന്നുവെന്നാണ് ഡപ്യൂട്ടി കലക്ടര്‍ (ജനറല്‍) പറഞ്ഞിരിക്കുന്നത്. വ്യാജനിയമനം സമ്പാദിച്ച മറ്റ് ഏഴുപേരുടെ കാര്യത്തിലും ഇതേപോലെയാണ് സംഭവിച്ചതെന്നാണ് സൂചന. വ്യാജനിയമനവുമായി ബന്ധപ്പെട്ട് കലക്ടറേറ്റിലെ ഉന്നതോദ്യോഗസ്ഥരുടെ പങ്ക് സ്ഥിരീകരിക്കുന്നതാണ് ഡപ്യൂട്ടി കലക്ടര്‍ ജനറല്‍(എഡിഎം) ഇറക്കിയ മാനദണ്ഡം മറികടന്നുള്ള ഉത്തരവ്. തട്ടിപ്പ് നിയമനത്തില്‍ ഉന്നതര്‍ക്ക് അറിവും പങ്കുമുണ്ടെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഈ തെളിവുകള്‍. എഡിഎമ്മിന് മുകളിലുള്ള ഉദ്യോഗസ്ഥന്റെ കാര്യക്ഷമതയില്ലായ്മയും ഈ സംഭവം വെളിവാക്കുന്നുണ്ട്.വ്യാജനിയമനങ്ങളുമായി ബന്ധപ്പെട്ട് ഉത്തരവാദപ്പെട്ടവര്‍ക്ക് വീഴ്ച പറ്റിയതായി ലാന്‍ഡ് റവന്യു ഡവലപ്മെന്റ് കമീഷണര്‍ കെ ആര്‍ മുരളീധരന്‍ പറഞ്ഞു. ഇവര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യും. തട്ടിപ്പിനെപ്പറ്റി ഇടക്കാല റിപ്പോര്‍ട്ട് തിങ്കളാഴ്ച തന്നെ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്‍കി- കലക്ടറേറ്റില്‍ പ്രാഥമിക അന്വേഷണശേഷം നടത്തിയശേഷം വാര്‍ത്താലേഖകരോട് അദ്ദേഹം പറഞ്ഞു. വ്യാജനിയമനം സംബന്ധിച്ച ഫയല്‍ കലക്ടറുടെ പരിഗണനക്കെത്തിയിട്ടില്ല. ഫയലുകള്‍ പൂര്‍ണവുമല്ല. പല പേജുകളും കാണാനില്ല. തട്ടിപ്പില്‍ മാഫിയയുണ്ടോയെന്നത് പൊലീസ് അന്വേഷിക്കണം. വ്യവസ്ഥാപിത മാര്‍ഗങ്ങളാകെ വയനാട്ടില്‍ ലംഘിക്കപ്പെട്ടു. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്.
ദേശാഭിമാനി 071210
വ്യാജരേഖയുണ്ടാക്കി ജോലി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ജോയിന്റ് കൌസില്‍ നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ മറുപടി പറയേണ്ടത് ജോയിന്റ് കൌസില്‍ നേതാക്കളാണെന്ന് റവന്യൂമന്ത്രി കെപി രാജേന്ദ്രന്‍ പറഞ്ഞു. കേസില്‍ ലാന്റ് റവന്യൂ കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തും. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ തന്നെ എഡിഎമ്മിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ആലുവ പ്രസ് ഫോറം സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ReplyDeleteവയനാട് സംഭവത്തിന്റെ പേരില്‍ മാധ്യമശ്രദ്ധ നേടിയെടുക്കുന്നതിനുവേണ്ടി എന്‍ ജി ഒ അസോസിയേഷന്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ വ്യാപകമായ ആക്രമണം നടത്തി. പബ്ലിക് ഓഫീസില്‍ പ്രകടനം നടത്തിയവര്‍, ഓഫീസര്‍മാരുടെ നെയിംബോര്‍ഡുകള്‍ വലിച്ചെറിയുകയും ജന്നല്‍ ഗ്ലാസുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കോട്ടാത്തല മോഹനന്റെ നേതൃത്വത്തിലാണ് സര്‍ക്കാര്‍ ഓഫീസുകള്‍ അടിച്ചുതകര്‍ത്തത്. അതിക്രമം നടത്തിയവര്‍ക്കെതിരെ മാതൃകാപരമായ നടപടിയെടുക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. കള്ളപ്രചാരണം നടത്തി ജീവനക്കാരെയും പൊതുസമൂഹത്തെയും തെറ്റിദ്ധരിപ്പിക്കാന്‍ തരംതാണ സംഘടനാ പ്രവര്‍ത്തനം നടത്തിയ അസോസിയേഷന്‍ ഇക്കാര്യത്തില്‍ മാപ്പു പറയണമെന്നും ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ എല്‍ സുധാകരന്‍ ആവശ്യപ്പെട്ടു. അക്രമത്തില്‍ പ്രതിഷേധിച്ച് നാളെ എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും പ്രധാന ഓഫീസ് സമുച്ചയങ്ങളിലും ജീവനക്കാര്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് സംഘടന അറിയിച്ചു.
ReplyDeleteവയനാട് ജില്ലയില്‍ വ്യാജ രേഖ ചമച്ച് ജോലി തട്ടിയെടുത്ത സംഭവത്തിന്റെ മറവില്‍ കോഴിക്കോട് മേഖലാ പി എസ് സി ഓഫീസ് ആക്രമിക്കുകയും പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തെ പി എസ് സി സ്റ്റാഫ് അസോസിയേഷന്‍ അപലപിച്ചു.
വ്യാജ രേഖ ചമച്ച് സര്‍ക്കാര്‍ ജോലി തട്ടിയെടുത്ത സംഭവത്തെപ്പറ്റിയുള്ള അന്വേഷണത്തില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ കരുതിക്കൂട്ടി നടത്തിയ ഈ ആക്രമണത്തിന് ഉത്തരവാദികളെ അടിയന്തരമായി കണ്ടുപിടിച്ച് മാതൃകാപരമായി ശിക്ഷിക്കണം എന്നും പി എസ് സി സ്റ്റാഫ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വിത്സണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു.(ജനയുഗം 071210)
അന്നത്തെ വയനാട് ജില്ലാകളക്‌ടർ ടി ഭാസ്ക്കരൻ യു ഡി എഫ് ഭരണത്തിൽ മലപ്പുറം ജില്ലാകളക്ടർ ആയി. ഇപ്പോൾ എൽ ഡി എഫ് അദ്ദേഹത്തെ ലാന്റ് ബോർഡ് സെക്രട്ടറി ആക്കി. അഭിലാഷ എസ് പിള്ളയെ ജോലിയിൽ തിരികെ എടുക്കാൻ യു ഡി എഫ് ശ്രമിച്ചിരുന്നു. എന്നാൽ പ്രതിഷേധത്തെ തുടർന്ന് അത് നടന്നില്ല. പോകും മുൻപ് ഉമ്മൻ ചാണ്ടി അഭിലാഷ് എസ് പിള്ളയേയും തിരികെ സർവ്വീസിൽ എടുത്തോ?
ReplyDeleteഈ നിയമനത്തട്ടിപ്പുകാർക്കെതിരെ ഈ സർക്കാരെങ്കിലും കർശനമായ നടപടി എടുക്കുമോ?
ReplyDelete