Friday, December 3, 2010

കോനാരത്ത് ഹമീദിനെ കൊന്നതാര്?

പത്രങ്ങളില്‍ നിറയുന്ന വ്യാജവാര്‍ത്തകളുടെ ചരിത്രം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. 1957ല്‍ ഇടതുപക്ഷസര്‍ക്കാരിനെതിരെ “ഭരിച്ചാലും ജയിക്കില്ല” എന്ന മുദ്രാവാക്യവുമായി പ്രചരണത്തിനിറങ്ങിയ പ്രതിപക്ഷത്തിന്റെ ആവനാഴിയിലെ അസ്ത്രങ്ങളില്‍ ഇത്തരം വ്യാജവാര്‍ത്തകളും പ്രധാനപ്പെട്ട ഒന്നായിരുന്നു..1957-59 വാര്‍ത്തകള്‍ക്കപ്പുറം എന്ന പുസ്തകത്തില്‍ നിന്നൊരല്പം ചരിത്രം.

സംസ്ഥാനത്തെ ക്രമസമാധാന നിലയില്‍ ആശങ്കപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം ഘോരഘോരം പ്രസംഗിച്ചതിനു തൊട്ടടുത്ത ദിവസം മാതൃഭൂമി ദിനപത്രത്തില്‍ വന്ന വാര്‍ത്ത മാത്രം മതിയാകും ക്രമസമാധാനപാലനത്തില്‍ പ്രതിപക്ഷം വഹിച്ചിരുന്ന പങ്ക് മനസ്സിലാക്കാന്‍. നാലു ദിവസം മുന്‍പ് പത്രം പ്രസിദ്ധീകരിച്ച സ്തോഭജനകമായ ഒരു വാര്‍ത്തയുടെ തിരുത്തലായിരുന്നു അത്. ‘ഭരിച്ചാലും ജയിക്കില്ലെ‘ന്ന മുദ്രാവാക്യക്കാര്‍ എത്ര സമര്‍ത്ഥമായാണ് തങ്ങളുടെ പണി ചെയ്തു തുടങ്ങിയെന്നത് തിരുത്ത് വെളിവാക്കുന്നു. മേയ് 7 ചൊവ്വാഴ്ചത്തെ പത്രത്തില്‍ മൂന്നാം പേജില്‍ വന്ന വാര്‍ത്ത ഇങ്ങനെയാണ്.

കോഴിക്കോട്: മെയ് 6 തിരുവത്രയിലെ കൊലപാതകം

മെയ് 3ന് കോണ്‍ഗ്രസുകാ‍രനെ വെട്ടിക്കൊന്നു എന്ന തലക്കെട്ടില്‍ പ്രസിദ്ധപ്പെടുത്തിയ വര്‍ത്തമാനം മുഴുവന്‍ കളവാണെന്ന് ബോധ്യപ്പെട്ടിരിക്കുന്നു. വ്യാജവാര്‍ത്ത പ്രസിദ്ധം ചെയ്യാനിടയായതില്‍ നിര്‍വ്യാജം ഖേദിക്കുന്നു. ഒപ്പം ഹമീദിനോടും ബന്ധുക്കളോടും മാപ്പു ചോദിക്കുന്നു. പൊന്നാനി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ കത്തുകടലാസില്‍ അധ്യക്ഷന്‍ എം.വി. അബൂബക്കറിന്റെ പേരും ഒപ്പുമുള്ള ഒരു കടലാസിലാണ് വാര്‍ത്ത അയച്ചു കിട്ടിയത്. അത്രയും വിശ്വസിക്കാവുന്ന രീതിയിലായിരുന്നതു കൊണ്ടാണ് ഈ വ്യാജവാര്‍ത്ത പ്രസിദ്ധീകരിക്കാനിടയായത്.

വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ ഹേതുവായ കത്തിന്റെ പൂര്‍ണ്ണരൂപം പകര്‍പ്പായി തിരുത്തിന്റെ ഒപ്പം പ്രസിദ്ധീകരിച്ചിരുന്നു. ഏറെ അക്ഷരത്തെറ്റുള്ള കത്തിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്.

ഒരാളെ വെട്ടിനുറുക്കി:

തിരുവത്ര ഏപ്രില്‍ 28: ഇവിടത്തെ ഒരു പ്രധാന കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കോനാരത്ത് ഹമീദ് എന്ന ഒരു യുവാവിന്റെ ജഡം നാല് സ്ഥലങ്ങളില്‍ നിന്നായി കിട്ടിയിരിക്കുന്നു. എന്നിട്ട് മുഴുവനായില്ല. ഇടത്തെ കൈപ്പടം ഇനിയും അജ്ഞാതമാണ്. ചാവക്കാട് ആശുപത്രിയില്‍ നിന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം ശവം ഉടമകള്‍ക്ക് വിട്ടുകൊടുത്തു. പരേതന്‍ എന്തു തന്നെ ധീരകൃത്യവും ചെയ്യാന്‍ മടിയില്ലാത്ത ഒരാളായിരുന്നു. പോലീസ് കേസന്വേഷിച്ചു വരുന്നു.

വാര്‍ത്തയുടെ പൂച്ച് പുറത്തായപ്പോള്‍ പത്രത്തിനു വാര്‍ത്തയയച്ച കടലാസ് കമ്മിറ്റിയുടേതായിരുന്നുവെന്ന് കോണ്‍ഗ്രസിനു സമ്മതിക്കേണ്ടിവന്നു. പക്ഷേ, ഒപ്പ് തന്റേതല്ലെന്ന് നിഷേധിച്ച് ഒഴിഞ്ഞുമാറുവാ‍നായിരുന്നു അബൂബക്കറുടെ ശ്രമം.

പത്രങ്ങള്‍ക്ക് പ്രാദേശിക ബ്യൂറോകളും ലേഖകരും സജീവമല്ലാതിരുന്ന ഒരു കാലത്ത് ഉത്തരവാദിത്വപ്പെട്ട ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ലെറ്റര്‍ഹെഡ്ഡില്‍ സെക്രട്ടറിയുടെ ഒപ്പോടുകൂടി അയച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചത് ന്യായീകരിക്കാവുന്നതായിരുന്നു. അത് തെറ്റാണെന്ന് ബോധ്യപ്പെട്ടപ്പൊള്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ തിരുത്തുകൊടുക്കുവാന്‍ അന്ന് മാതൃഭൂമി പത്രം തയ്യാറായി. എന്നാലും ഈ ചെറു സംഭവം വരാന്‍ പോകുന്നവയുടെ നാന്ദിയായിരുന്നു. കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ പ്രതിപക്ഷം എങ്ങനെ കൈകാര്യം ചെയ്യാനാണുദ്ദേശ്യിക്കുന്നതെന്നതിന്റെ സൂചനയുമായിരുന്നു. ക്രമസമാധാന പ്രശ്നത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ വാര്‍ത്തകളുടെ രൂപത്തില്‍ പിന്നെയും വന്നുകൊണ്ടിരുന്നു. ഐഷാഭായി നിയമസഭയില്‍ പറഞ്ഞതുപോലെ കായംകുളത്ത് കുട കൊണ്ട് അടികൂടിയെന്ന വാര്‍ത്ത അച്ചടിച്ചുവരുമ്പോള്‍ മിക്കവാറും കോടാലികൊണ്ട് വെട്ടും കുത്തും എന്ന നിലയ്ക്കായി.

എം.എസ്. ശ്രീകല 1957-59 വാര്‍ത്തകള്‍ക്കപ്പുറം പേജ് 22-23

1 comment:

  1. പത്രങ്ങളില്‍ നിറയുന്ന വ്യാജവാര്‍ത്തകളുടെ ചരിത്രം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. 1957ല്‍ ഇടതുപക്ഷസര്‍ക്കാരിനെതിരെ “ഭരിച്ചാലും ജയിക്കില്ല” എന്ന മുദ്രാവാക്യവുമായി പ്രചരണത്തിനിറങ്ങിയ പ്രതിപക്ഷത്തിന്റെ ആവനാഴിയിലെ അസ്ത്രങ്ങളില്‍ ഇത്തരം വ്യാജവാര്‍ത്തകളും പ്രധാനപ്പെട്ട ഒന്നായിരുന്നു..1957-59 വാര്‍ത്തകള്‍ക്കപ്പുറം എന്ന പുസ്തകത്തില്‍ നിന്നൊരല്പം ചരിത്രം.

    ReplyDelete