ദുര്‍ലഭവും അമൂല്യവുമായ സ്പെക്ട്രം കോര്‍പറേറ്റുകള്‍ക്ക് കാണിക്കവെച്ച് കമ്മീഷനടിച്ച മുന്‍ മന്ത്രി രാജയും അതിനു കൂട്ടുനിന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും കേന്ദ്രഗവണ്‍മെന്റ് ആകെത്തന്നെയും അനുദിനം സുപ്രീംകോടതിയുടെ നിശിതമായ വിമര്‍ശനങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുകയാണ്. ബൂര്‍ഷ്വാ ഭരണകക്ഷി രാഷ്ട്രീയക്കാരും കോര്‍പറേറ്റുകളും ബ്യൂറോക്രാറ്റുകളും ഒത്തുചേര്‍ന്ന് ഇന്ത്യയിലെ 117 കോടി ജനങ്ങളെ കൊള്ളയടിച്ച്, തങ്ങളുടെ ആസ്തി പര്‍വതീകരിക്കുന്ന ഈ ചങ്ങാത്ത മുതലാളിത്തത്തിലെ ബ്യൂറോക്രാറ്റുകളുടെ പങ്കാളിത്തത്തിന്റെ പ്രതീകമായി ഉയര്‍ന്നിരിക്കുകയാണ്, കേന്ദ്ര വിജിലന്‍സ് കമ്മീഷണറായ പി ജെ തോമസ്.
കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ച് അഴിമതിയും ക്രമക്കേടുകളും കണ്ടുപിടിക്കുന്നതിന് നിയുക്തമായ ഉന്നത ഭരണഘടനാ സ്ഥാപനമാണ് വിജിലന്‍സ് കമ്മീഷന്‍. സിബിഐയുടെ പ്രവര്‍ത്തനങ്ങളെപ്പോലും നിയന്ത്രിക്കുന്നതിനും അതില്‍ സ്വാധീനം ചെലുത്തുന്നതിനും അധികാരമുള്ള പരമോന്നത സ്ഥാപനം. അതിന്റെ തലവനായി സംശയത്തിന്റെ കളങ്കലേശമില്ലാത്ത, സത്യസന്ധനായ, എല്ലാവര്‍ക്കും സ്വീകാര്യനായ വ്യക്തി വരണമെന്ന ഉദ്ദേശത്തോടുകൂടിയാണ്, അദ്ദേഹത്തിന്റെ നിയമനകാര്യത്തില്‍ സര്‍കാര്‍ പ്രതിപക്ഷ നേതാവിന്റെ അഭിപ്രായംകൂടി പരിഗണിക്കണം എന്ന് വ്യവസ്ഥചെയ്തിട്ടുള്ളത്. എന്നിട്ടും പാമോയില്‍ കേസിലെ പ്രതിയും മറ്റ് പല ആരോപണങ്ങള്‍ക്കും വിധേയനും മുന്‍ മന്ത്രി രാജയുടെ സ്പെക്ട്രം അഴിമതിയെ ശക്തമായി ന്യായീകരിച്ചുവന്ന ടെലകോം സെക്രട്ടറിയും ആയ പി ജെ തോമസിനെത്തന്നെ, പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവിന്റെ എതിരഭിപ്രായത്തെ തള്ളിക്കളഞ്ഞുകൊണ്ട് സര്‍ക്കാര്‍, പരമോന്നതമായ കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ സ്ഥാനത്ത് പ്രതിഷ്ഠിക്കുകയാണുണ്ടായത്. സ്പെക്ട്രം അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നുവന്ന ഘട്ടത്തില്‍, ടെലകോം സെക്രട്ടറിയായിരുന്ന അദ്ദേഹത്തെ ഈ സ്ഥാനത്ത് വാഴിച്ചതിനെ സിപിഐ (എം) അന്നുതന്നെ ശക്തിയായി എതിര്‍ത്തിരുന്നു. എന്നിട്ടും നിര്‍ബന്ധബുദ്ധിയോടെ കേന്ദ്ര ഗവണ്‍മെന്റ് നടത്തിയ, അവിഹിതമായ ഈ നിയമനം ഇപ്പോള്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്.
പാമോയില്‍ക്കേസിലെ പ്രതിയായ ഒരാള്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷണറായി അധികാരമേറ്റതിലെ അധാര്‍മികതയേക്കാള്‍ കടുത്ത അപരാധമാണ് സ്പെക്ട്രം അഴിമതിയെ ന്യായീകരിച്ചുവന്ന മുന്‍ ടെലകോം സെക്രട്ടറി, ആ കേസിനെക്കുറിച്ച് അന്വേഷിക്കുന്ന സിബിഐയെത്തന്നെ നിയന്ത്രിക്കുന്നതിനും സ്വാധീനിക്കുന്നതിനും അധികാരമുള്ള സിവിസി പദവിയില്‍ ഇരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച സുപ്രീംകോടതി നിശിതമായി വിമര്‍ശിച്ചപ്പോഴെങ്കിലും ആര്‍ജവത്തോടെ അദ്ദേഹം സിവിസി സ്ഥാനം രാജിവെക്കേണ്ടതായിരുന്നു.
അതിന് തയ്യാറാവാതെ, സ്വയം ന്യായീകരിക്കാനാണ്, "യഥാ രാജാ, തഥാ തോമസ്'' എന്ന പക്ഷക്കാരനായ അദ്ദേഹം തുനിയുന്നത്. 2008 ജനുവരി 10ന് രണ്ടുമണിക്കൂര്‍കൊണ്ട് 1,76,000 കോടിയില്‍പരം രൂപയുടെ അഴിമതി നടത്തുന്ന സമയത്ത് അദ്ദേഹം ടെലകോം സെക്രട്ടറിയായിരുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ വാദം. അത് ശരിയെങ്കില്‍ത്തന്നെ, പിന്നീട് ടെലകോം സെക്രട്ടറിയായി വന്ന അദ്ദേഹം ആ ക്രമക്കേട് തിരുത്തേണ്ടതായിരുന്നില്ലേ? 2007 ഡിസംബര്‍ 31 വരെ സെക്രട്ടറിയായിരുന്ന മാഥൂര്‍ ഈ ഇടപാടിനെ എതിര്‍ത്തിരുന്നുവെന്നും അദ്ദേഹം റിട്ടയര്‍ചെയ്ത് പുതിയ സെക്രട്ടറി ചാര്‍ജ് എടുത്തപ്പോഴാണ് രാജ ഈ അഴിമതി നടത്തിച്ചതെന്നും ഫയലുകളില്‍ നിന്ന് വ്യക്തമാകുന്നുണ്ടല്ലോ. അന്ന് നടപടിയെടുത്തില്ല എന്നു മാത്രമല്ല, ഈ അഴിമതിയെ ഇത്രനാളും സിവിസി ന്യായീകരിച്ചിരുന്നു; ഇപ്പോഴും ന്യായീകരിക്കുന്നു. ഈ കേസ് അന്വേഷിക്കുന്ന സിബിഐയെ നിയന്ത്രിക്കാന്‍ കഴിവുള്ള അത്തരമൊരാള്‍ സിവിസി സ്ഥാനത്ത് തുടരുന്നത് തികച്ചും അധാര്‍മികമാണ്; അനീതിയാണ്. സിബിഐ നടത്തുന്ന അന്വേഷണം നിരീക്ഷിക്കുന്നതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാമെന്ന സൌജന്യപ്രകടനംകൊണ്ടൊന്നും അദ്ദേഹം നിഷ്പക്ഷനും സത്യസന്ധനും ആണെന്ന് വരുന്നില്ല. അദ്ദേഹത്തെ സിവിസി സ്ഥാനത്തു നിലനിര്‍ത്താനുള്ള മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ വ്യഗ്രതയും വാശിയും, ഭരണകക്ഷി-ബ്യൂറോക്രാറ്റ്-കോര്‍പ്പറേറ്റ് ചങ്ങാത്ത മുതലാളിത്തത്തിന്റെ മറ്റൊരു പ്രകടനം കൂടിയാണ്.
ചിന്ത വാരിക മുഖപ്രസംഗം 101210
No comments:
Post a Comment