Wednesday, December 8, 2010

കര്‍ണാടകത്തിലെ ജനകീയ പ്രക്ഷോഭം

ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് നിറഞ്ഞ പ്രതീക്ഷകളുള്ള ഏക സംസ്ഥാനമായ കര്‍ണാടകത്തെ ഗുജറാത്തിനു സമാനമായ അന്തരീക്ഷത്തിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ അവിരാമം തുടരുകയാണ്. മാംഗളൂരുവിലെ പബ് ആക്രമണവും ശ്രീരാമസേനയുടെ വാലന്റൈന്‍സ് ഡേ വിരോധവും അതിന്റെ ലക്ഷണം. കര്‍ണാടകത്തിന്റെ ഗ്രാമങ്ങളില്‍ മാട്ടിറച്ചി വില്‍ക്കാന്‍ സമ്മതിക്കുന്നില്ല. ജനങ്ങളുടെ കൂട്ടായ എതിര്‍പ്പിനെ അവഗണിച്ച് നിയമസഭയില്‍ പാസാക്കിയ ഗോവധ നിരോധന നിയമം രാഷ്ട്രപതിയുടെ അംഗീകാരം കാത്തുകിടക്കുന്നു. അതു കിട്ടുംമുമ്പുതന്നെ ഗുണ്ടായിസത്തിലൂടെ ഗോവധ നിരോധം നടപ്പാക്കുകയാണ് സംഘപരിവാര്‍. സംഘപരിവാര്‍ സ്വയം പൊലീസായി, നാട്ടിന്‍പുറങ്ങളെ നിയന്ത്രിക്കുന്നു. 'ഓപ്പറേഷന്‍ താമര' എന്നത് കര്‍ണാടകത്തിന്റെ മണ്ണിലും മനസ്സിലും വര്‍ഗീയവിഷം കുത്തിവയ്ക്കാനുള്ള ആസൂത്രിത പദ്ധതിതന്നെ. ഗുജറാത്തില്‍ ന്യൂനപക്ഷങ്ങളെ കൂട്ടക്കൊല ചെയ്യുകയും വ്യാജ ഏറ്റുമുട്ടലുകള്‍ സൃഷ്ടിച്ച് നിരപരാധികളെ കൊന്നൊടുക്കുകയും ചെയ്തവര്‍ കര്‍ണാടകത്തിലും സമാന വഴികളാണ് സ്വീകരിക്കുന്നത്. വര്‍ഗീയ അജന്‍ഡ അതിന്റെ പാരമ്യത്തിലെത്തിനില്‍ക്കുന്ന ഘട്ടത്തിലാണ്, ബിജെപി സര്‍ക്കാരിന്റെ പര്‍വതസമാനമായ അഴിമതികള്‍ ഒന്നൊന്നായി പുറത്തുവരുന്നത്. കോണ്‍ഗ്രസിനെ ലജ്ജിപ്പിക്കുന്ന അഴിമതി ബിജെപി നേതൃത്വം നടത്തുന്നു. അത് തെളിവുസഹിതം പുറത്തുവരുമ്പോള്‍, കേന്ദ്ര നേതൃത്വത്തെ ബന്ദിയാക്കി സുരക്ഷിതമായി തുടരാന്‍ സംസ്ഥാന മുഖ്യമന്ത്രിക്ക് കഴിയുന്നു. ബിജെപി സര്‍ക്കാരിന്റെ അഴിമതിക്കും സ്വജനപക്ഷപാതിത്വത്തിനുമെതിരെ ഇടതുപക്ഷ പാര്‍ടികള്‍ കര്‍ണാടകത്തില്‍ ഹര്‍ത്താലടക്കമുള്ള പ്രക്ഷോഭ പ്രചാരണ പരിപാടികള്‍ ആസൂത്രണംചെയ്തിരിക്കയാണ്. ആദ്യഘട്ടമായി ഡിസംബര്‍ ഒമ്പതിന് കര്‍ണാടക ഹര്‍ത്താല്‍ നടത്തുന്നു. സിപിഐ എം, സിപിഐ, ഫോര്‍വേഡ് ബ്ളോക്ക്, കര്‍ണാടക ദളിത് സംഘര്‍ഷണ സമിതി, വിവിധ പിന്നോക്ക സമുദായസംഘടനകള്‍ എന്നിവ സംയുക്തമായാണ് ഹര്‍ത്താല്‍ സംഘടിപ്പിക്കുന്നത്. റിപ്പബ്ളിക്കന്‍ പാര്‍ടി ഓഫ് ഇന്ത്യ, ടിപ്പുസുല്‍ത്താന്‍ യുണൈറ്റഡ് ഫ്രണ്ട് തുടങ്ങിയ സംഘടനകളും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

കര്‍ണാടകത്തില്‍ ഇന്ന് ഏറ്റവും വിലകുറഞ്ഞ ഒന്നായി ജനാധിപത്യമൂല്യങ്ങള്‍ മാറിയിരിക്കുന്നു. നിയമസഭയില്‍ സര്‍ക്കാരിന് കേവലഭൂരിപക്ഷമില്ല. 11 വിമത എംഎല്‍എമാരെയും അഞ്ച് സ്വതന്ത്ര എംഎല്‍എമാരെയും അയോഗ്യരാക്കിയതുമൂലം കിട്ടിയ സാങ്കേതിക മുന്‍തൂക്കത്തിന്റെ ബലത്തിലാണ് യെദ്യൂരപ്പ ഭരിക്കുന്നത്. വന്‍കിട മുതലാളിമാരും നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ ഒഴുകുന്ന പണവുമാണ് ഭരണം നിയന്ത്രിക്കുന്നത്. പൊതുസ്ഥലം മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും പാര്‍ശ്വവര്‍ത്തികളും വീതിച്ചെടുത്ത് സ്വന്തമാക്കിയ നാണംകെട്ട അഴിമതി പുറത്തുവന്നിട്ടും ആ മുഖ്യമന്ത്രിയെ ഒന്നു തൊടാന്‍ കഴിയാത്തത്, ബിജെപി നേതൃത്വം അഴിമതിയുടെ ആഴങ്ങളിലാണ് വാസം എന്നതുകൊണ്ടാണ്. വിമതപ്രശ്നങ്ങളില്‍ ഉലയുന്ന ആ പാര്‍ടിക്ക് ഭരണം നിലനിര്‍ത്താന്‍ എംഎല്‍എമാരെ വിലയ്ക്കെടുത്തേ തീരൂ. അതിനുള്ള പണം അഴിമതിഖനിയില്‍നിന്ന് കണ്ടെത്തണം. സര്‍ക്കാര്‍ സംവിധാനത്തെയും സ്പീക്കര്‍ പദവിയെയുംവരെ ദുരുപയോഗപ്പെടുത്തിയാണ് ബിജെപി അധികാരത്തില്‍ കടിച്ചുതൂങ്ങുന്നത്. ദക്ഷിണേന്ത്യയില്‍ ആദ്യ ബിജെപി സര്‍ക്കാരെന്ന് അഹങ്കരിക്കുന്ന യെദ്യൂരപ്പയും സംഘവും കര്‍ണാടകം കണ്ട ഏറ്റവും മോശം സര്‍ക്കാരായി മാറിയിരിക്കുന്നു.

ഭൂമിവിവാദവും ഖനിവിവാദവും പുകയുമ്പോഴും തങ്ങളുടെ ഇഷ്ടക്കാരെ സംരക്ഷിക്കാന്‍ കച്ച മുറുക്കിയിരിക്കുകയാണ് സര്‍ക്കാര്‍. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ലോകായുക്ത ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാന്‍ തയ്യാറായില്ല. മുഖ്യമന്ത്രിയെക്കൂടാതെ ഒമ്പതോളം മന്ത്രിമാര്‍ക്കെതിരെ തെളിവുസഹിതമുള്ള അഴിമതി ആരോപണം നിലനില്‍ക്കുന്നു. ഇതുവരെ 27 മന്ത്രിമാര്‍ ഗുരുതരമായ ആരോപണങ്ങള്‍ക്ക് വിധേയരായി. നാലുപേര്‍ക്ക് രാജിവച്ചൊഴിയേണ്ടിവന്നു. ഇതിനെല്ലാം പുറമെ കര്‍ണാടകത്തിലെ സാധാരണ ജനങ്ങള്‍ ഏറ്റവും ദുരിതപൂര്‍ണമായ കാലത്തിലൂടെയാണ് കടന്നുപോകുന്നത്. അവര്‍ക്കുള്ള ക്ഷേമപദ്ധതികളാകെ മരവിപ്പിച്ചിരിക്കുന്നു. പാവങ്ങള്‍ക്ക് കിലോയ്ക്ക് രണ്ടുരൂപ നിരക്കില്‍ 35 കിലോ അരി നല്‍കുമെന്നത് തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. അധികാരമേറ്റ് രണ്ടരക്കൊല്ലമായിട്ടും അരി കൊടുത്തിട്ടില്ല. ജില്ലാ താലൂക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സംവരണം ഏര്‍പ്പെടുത്തുന്നതിലും സര്‍ക്കാര്‍ വഞ്ചനാപരമായ നിലപാടാണ് കൈക്കൊള്ളുന്നത്. തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ താല്‍പ്പര്യം കാട്ടുന്നില്ല.

ബിജെപിയുടെ തണലില്‍ അഴിമതിയും ഭൂമികുംഭകോണവും വിവാദമാകുമ്പോള്‍ കോണ്‍ഗ്രസ് മൌനത്തിലാണ്. തങ്ങളുടെ സര്‍ക്കാരിന്റെ കാലത്ത് അനധികൃതമായി ഭൂമി പതിച്ചുനല്‍കിയ സംഭവങ്ങള്‍ തിരിച്ചടിയാകുമെന്ന ഭീതിയാണവര്‍ക്ക്. ഭരണകക്ഷിയുടെയും മുഖ്യ പ്രതിപക്ഷകക്ഷിയായ കോണ്‍ഗ്രസിന്റെയും വികൃതമുഖം തുറന്നുകാട്ടിയുള്ള പ്രചാരണ പരിപാടികള്‍ക്ക് കര്‍ണാടകത്തിലെങ്ങും വമ്പിച്ച ജനപിന്തുണ ലഭിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇടതുപക്ഷ കക്ഷികളുടെ കൂട്ടായ്മ നിര്‍ണായകമായ രാഷ്ട്രീയ ശക്തിയായി വളരുന്നു. കോണ്‍ഗ്രസായാലും ബിജെപിയായാലും അഴിമതിയുടെയും രാഷ്ട്രീയ നെറികേടുകളുടെയും കാര്യത്തില്‍ വ്യത്യാസമില്ല എന്നാണ് കര്‍ണാടകത്തിലെ വാര്‍ത്തകള്‍ തെളിയിക്കുന്നത്.

ദേശാഭിമാനി മുഖപ്രസംഗം 081210

1 comment:

  1. ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് നിറഞ്ഞ പ്രതീക്ഷകളുള്ള ഏക സംസ്ഥാനമായ കര്‍ണാടകത്തെ ഗുജറാത്തിനു സമാനമായ അന്തരീക്ഷത്തിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ അവിരാമം തുടരുകയാണ്. മാംഗളൂരുവിലെ പബ് ആക്രമണവും ശ്രീരാമസേനയുടെ വാലന്റൈന്‍സ് ഡേ വിരോധവും അതിന്റെ ലക്ഷണം. കര്‍ണാടകത്തിന്റെ ഗ്രാമങ്ങളില്‍ മാട്ടിറച്ചി വില്‍ക്കാന്‍ സമ്മതിക്കുന്നില്ല. ജനങ്ങളുടെ കൂട്ടായ എതിര്‍പ്പിനെ അവഗണിച്ച് നിയമസഭയില്‍ പാസാക്കിയ ഗോവധ നിരോധന നിയമം രാഷ്ട്രപതിയുടെ അംഗീകാരം കാത്തുകിടക്കുന്നു. അതു കിട്ടുംമുമ്പുതന്നെ ഗുണ്ടായിസത്തിലൂടെ ഗോവധ നിരോധം നടപ്പാക്കുകയാണ് സംഘപരിവാര്‍. സംഘപരിവാര്‍ സ്വയം പൊലീസായി, നാട്ടിന്‍പുറങ്ങളെ നിയന്ത്രിക്കുന്നു. 'ഓപ്പറേഷന്‍ താമര' എന്നത് കര്‍ണാടകത്തിന്റെ മണ്ണിലും മനസ്സിലും വര്‍ഗീയവിഷം കുത്തിവയ്ക്കാനുള്ള ആസൂത്രിത പദ്ധതിതന്നെ. ഗുജറാത്തില്‍ ന്യൂനപക്ഷങ്ങളെ കൂട്ടക്കൊല ചെയ്യുകയും വ്യാജ ഏറ്റുമുട്ടലുകള്‍ സൃഷ്ടിച്ച് നിരപരാധികളെ കൊന്നൊടുക്കുകയും ചെയ്തവര്‍ കര്‍ണാടകത്തിലും സമാന വഴികളാണ് സ്വീകരിക്കുന്നത്. വര്‍ഗീയ അജന്‍ഡ അതിന്റെ പാരമ്യത്തിലെത്തിനില്‍ക്കുന്ന ഘട്ടത്തിലാണ്, ബിജെപി സര്‍ക്കാരിന്റെ പര്‍വതസമാനമായ അഴിമതികള്‍ ഒന്നൊന്നായി പുറത്തുവരുന്നത്.

    ReplyDelete